നമ്മുടെ നദികൾ മരണമുഖത്ത്
എ.എം.എ. ചമ്പക്കുളം
Friday, August 30, 2024 12:29 AM IST
“പൂർവികർക്ക് പുഴകൾ അവരുടെ ജീവനാഡിയായിരുന്നു. ആദരവോടെ അവർ പുഴകളെ നോവറിയാതെ കരുതലോടെ സംരക്ഷിച്ചുപോന്നു. കാലം മാറി, ജനങ്ങളുടെ ചിന്താഗതി മാറി. വരും തലമുറയെക്കുറിച്ചോ പരിസ്ഥിതി സംതുലിതാവസ്ഥയെക്കുറിച്ചോ അവബോധമോ തത്വദീക്ഷയോ ഇല്ലാത്ത ചിലർ പ്രത്യക്ഷമായ ധനസമ്പാദനത്തിനുള്ള വ്യഗ്രതയിൽ നദിയിലെ വിഭവങ്ങൾ കവർന്നെടുക്കാൻ തുടങ്ങിയതും നദികളെ മാലിന്യങ്ങൾ തള്ളുന്നതിനുള്ള താവളങ്ങളാക്കി മാറ്റിയതും അവയെ മൃതാവസ്ഥയിൽ എത്തിച്ചു. വിഷലിപ്തമായ ജലം ജീവജാലങ്ങളുടെ നിലനില്പിനു ഭീഷണിയായിത്തീർന്നിരിക്കുന്നു.
മണൽമാഫിയകളുടെ ക്രൂരമായ കടന്നാക്രമണത്തിൽ നദീതീരങ്ങൾ കാലിടറി നിലംപൊത്തുന്നു. ഊർദ്ധശ്വാസം വലിച്ചു കിടക്കുന്ന നദികളുടെ ഇന്നത്തെ അവസ്ഥയ്ക്കുള്ള കാരണങ്ങൾ എന്താണെന്ന് അന്വേഷിക്കുകയും അവയ്ക്കുള്ള പരിഹാരമാർഗങ്ങൾ കണ്ടെത്തുകയും ചെയ്യേണ്ടത് ഇവയുടെ സംരക്ഷണത്തിന് ആവശ്യം ആണ്.’’13-ാം നിയമസഭയിൽ സി.പി. മുഹമ്മദ് അധ്യക്ഷനായ പരിസ്ഥിതി സംബന്ധിച്ച നിയമസഭാസമിതി 2013ൽ നിയമസഭയിൽ നൽകിയ കോഴിക്കോട് ജില്ലയിലെ നദികളെ സംബന്ധിച്ചുള്ള റിപ്പോർട്ടിലാണ് ഇപ്രകാരം പറഞ്ഞത്. കേരളത്തിലെ മൊത്തം നദികളെ സംബന്ധിച്ചും ഇതു സത്യമാണ്. ഒരു ദശാബ്ദത്തിനുശേഷം 2024ലും മേൽപ്പറഞ്ഞതിൽനിന്ന് അല്പം പിന്നോട്ടല്ലാതെ നാം മുന്പോട്ടു പോയിട്ടുണ്ടോ?
ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലും പ്രകൃതിദുരന്തങ്ങളും ഉണ്ടാകുമ്പോൾ മാത്രമല്ലേ നമ്മുടെ പരിസ്ഥിതിസ്നേഹം ഉയർന്നുവരുന്നത്. പ്രളയങ്ങളും വെള്ളപ്പൊക്കങ്ങളും നിത്യസന്ദർശകരായി മാറുന്ന നമ്മുടെ കേരളത്തിലെ നമ്മുടെ നദികളെ ആരു രക്ഷിക്കും? ആർക്കാണ് ഇതിന്റെ ഉത്തരവാദിത്വം?
2000 ചതുരശ്ര കിലോമീറ്ററിനും 20,000 ചതുരശ്ര കിലോമീറ്ററിനും ഇടയിൽ നീർവാർച്ചയുള്ള നദികളാണു കേരളത്തിലുള്ളത്. മഴക്കാലങ്ങളിൽ ഈ നദികളിലൂടെ ഒഴുകിയെത്തുന്ന വെള്ളം ദിവസങ്ങൾക്കകം അറബിക്കടലിൽ എത്തുന്നു. ഒഴുകും വഴി കൃഷിയെയും ജീവജാലങ്ങളെയും തഴുകിയും തലോടിയും ചിലപ്പോഴെങ്കിലും നശിപ്പിച്ചും അവ കടന്നുപോകുന്നു.
അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശത്ത് ഒഴികെ മറ്റു പ്രദേശങ്ങളിൽനിന്ന് ഒഴുകി നദിയിലേക്ക് എത്തുന്ന വലിയ അളവിലുള്ള വെള്ളം എങ്ങനെ അറബിക്കടലിൽ എത്തുംമുന്പ് പരമാവധി പ്രയോജനകരമായ രീതിയിൽ ഉപയോഗിക്കാമെന്നു നാം ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. ഗതാഗതയോഗ്യമല്ലാത്ത ചില നദികളിൽ തടയണ കെട്ടി സംരക്ഷിക്കുന്നതൊഴിച്ചാൽ ബാക്കി മഴയായി കിട്ടുന്ന വെള്ളം അഞ്ചോ ആറോ ദിവസംകൊണ്ട് അറബിക്കടലിൽ എത്തുന്നു. നമുക്ക് നഷ്ടങ്ങളല്ലാതെ നേട്ടങ്ങളൊന്നും നൽകാതെയാണ് അത് ഒഴുകി മാറുന്നത്.
പരിസ്ഥിതി സംബന്ധിച്ച നിയമസഭാ സമിതികൾ നിരവധി നിർദേശങ്ങൾ നമ്മുടെ നദികളുടെ സംരക്ഷണത്തിനായി പല കാലങ്ങളായി നിയമസഭയിൽ സമർപ്പിച്ചിട്ടുണ്ട്. അവയിൽ പ്രധാനമായും പറയുന്നത്:
1. കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുന്നു; നിയന്ത്രിക്കണം
ഇതിനായി ശാസ്ത്രീയ സെപ്ടിക് ടാങ്കുകൾ നിലവിൽ വരണം, മുനിസിപ്പൽ വേസ്റ്റ് ശാസ്ത്രീയുമായി സംസ്കരിക്കണം, മാലിന്യനിർമാർജനത്തിന് പുതിയ മാർഗങ്ങൾ കണ്ടെത്തണം. എന്നാൽ കേരളത്തിലെ മിക്ക നദികളിലും കോളിഫോം ബാക്ടീരിയ അളവ് ഓരോ ദിവസവും കൂടിവരുന്നതായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിശോധനയിൽ തെളിയുന്നു. വർഷകാലത്തൊഴികെ ചാലിയാർ, പമ്പ നദികളിലും മറ്റും കോളിഫോം ബാക്ടീരിയയുടെ അളവ് പതിൻമടങ്ങാണ്. നദികളിലെ കോളിഫോം ബാക്ടീരിയ സമീപപ്രദേശങ്ങളിലെ കിണർജലത്തെയും ബാധിക്കുന്നുണ്ട്. അങ്ങനെ നദിയിലെയും കിണറുകളിലെയും വെള്ളം ഉപയോഗയോഗ്യമല്ലാതായി മാറുന്നു.
2. മണൽവാരൽ തടയണം, ഡ്രഡ്ജിംഗ് നടത്തണം
കേരളത്തിലെ നദികളിൽ പൊടി മണൽ, ചൊരിമണൽ, ചെളി, ചരൽ, പാറക്കഷണം അങ്ങനെ വ്യത്യസ്ത തരത്തിലുള്ള മണ്ണിന്റെ വകഭേദങ്ങളാണു കാണുന്നത്. ഇവ വ്യത്യസ്ത ഉപയോഗങ്ങൾക്കായി വൻതോതിൽ കുഴിച്ചെടുക്കാറുണ്ട്. ഈ നൂറ്റാണ്ടിന്റെ ആദ്യദശകം വരെ കേരളത്തിലെ നദികളിൽനിന്ന് അമിതമായ രീതിയിൽ മണൽവാരൽ നടന്നിരുന്നു. നിയമം മൂലം അതിനു നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും പൂർണമായി വിജയിച്ചിട്ടില്ല. അതു ചില നദികളുടെയെങ്കിലും നാശത്തിനു കാരണമായിട്ടുണ്ട്.
മണൽവാരൽ നിരോധിച്ചതും യഥാസമയം ഡ്രഡ്ജിംഗ് നടത്താത്തതും മൂലം നദികളുടെ അടിത്തട്ട് ഉയരുന്നതു വലിയ ഒരു ഭീഷണിയാണ്. വെള്ളപ്പൊക്കത്തെ ത്വരിതപ്പെടുത്തുകയും അതോടൊപ്പംതന്നെ നദികളിലെ ജൈവവൈവിധ്യത്തിന് കോട്ടം വരുത്തുകയും ചെയ്യുന്നു.
വെള്ളം ഉൾക്കൊള്ളാനുള്ള നദികളുടെ ശേഷി കുറയുന്നതോടൊപ്പം കാലാകാലങ്ങളായി പല നദികളിലും ഉണ്ടായിരുന്ന മത്സ്യസമ്പത്തിന് ഗണ്യമായ കുറവ് സംഭവിച്ചിരിക്കുന്നു. ഇതു വെള്ളപ്പൊക്കത്തോടൊപ്പം തൊഴിൽനഷ്ടവുമുണ്ടാക്കുന്നു. കേരളത്തിലെ നദികളുടെയും കായലുകളുടെയും ആഴം മൂന്നിൽ രണ്ടായി കുറഞ്ഞിരിക്കുന്നുവെന്ന് ശാസ്ത്രീയപoനങ്ങൾ വ്യക്തമാക്കുന്നു. പ്ലാസ്റ്റിക്കും അനുബന്ധ സാധനങ്ങളും പുഴയുടെ അടിത്തട്ടിൽ ജീവന്റെ തുടിപ്പ് നിരോധിക്കുന്നു. ആഴം കുറയുകയും അടിത്തട്ടിൽ ജീവാംശം നശിക്കുകയും ചെയ്തിട്ടും ഡ്രഡ്ജിംഗ് ഇന്നും വാക്കുകളിൽ ഒതുങ്ങുന്നു. 2018 മുതൽ യഥാസമയം ഡ്രഡ്ജിംഗ് നടക്കാത്തതിന്റെ തിക്തഫലം വലിയ തോതിൽ അനുഭവപ്പെട്ടിട്ടും നമുക്ക് മാറ്റം വന്നിട്ടില്ല എന്നതാണ് അത്ഭുതകരം.
3. നദിയിലേക്കു മാലിന്യങ്ങൾ ഒഴുക്കുന്നത് തടയണം
മിക്ക നദികളിലേക്കും ആശുപത്രികൾ, വീടുകൾ, വ്യാപാരശാലകൾ എന്നിവിടങ്ങളിൽനിന്നുള്ള മാലിന്യങ്ങളും അറവുമാലിന്യങ്ങളും മുനിസിപ്പൽ വേസ്റ്റും പ്ലാസ്റ്റിക് മാലിന്യങ്ങളും പുറന്തള്ളുന്നത് തടയേണ്ടതാണ്. എന്നാൽ കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ സാഹചര്യത്തിൽ മേൽപ്പറഞ്ഞവ ശാസ്ത്രീയമായി സംസ്കരിക്കാൻ സൗകര്യം ഇപ്പോഴുമില്ല എന്ന യാഥാർഥ്യം നിലനിൽക്കുമ്പോൾ നദിയിലേക്ക് മാലിന്യങ്ങൾ എത്തിക്കൊണ്ടേയിരിക്കും.
പുഴയോരത്തെ വീടുകളുടെയും കെട്ടിടങ്ങളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും സെപ്റ്റിക് ടാങ്ക്, സോക്പിറ്റ് സംവിധാനങ്ങളിൽ മാറ്റം വരുത്തണം. പ്ലാസ്റ്റിക് നിരോധനം കാര്യക്ഷമമാകണം. ഇല്ലെങ്കിൽ കുടിക്കാൻ പോയിട്ട്, കൈകഴുകാൻ പോലും നദിയിലെ വെള്ളം ഉപയോഗിക്കാനാകാത്ത കാലം അതിവിദൂരമല്ല.
4. അനധികൃത നിർമാണങ്ങൾ നിരോധിക്കണം
നദീതീരത്തെ നിർമാണപ്രവർത്തനങ്ങൾ നദീമലിനീകരണത്തിനു വേഗം കൂട്ടുന്നു. നിയമം മൂലം നിർമാണങ്ങൾക്കു നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും പലപ്പോഴും നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് അവയെ മറികടക്കുന്നവർ നിരവധിയാണ്.
5. നദികളുടെ വിസ്തൃതി സംബന്ധിച്ചു വ്യക്തത ഉണ്ടാകണം
പല നദികളിലും വലിയതോതിലുള്ള കൈയേറ്റങ്ങൾ നടന്നിരിക്കുന്നു. അങ്ങനെയുള്ളവ തിരികെപ്പിടിക്കാനും നദിയുടേത് നദിക്കും കരയുടേത് കരയ്ക്കുമെന്നു വ്യക്തമായ ഒരു അതിര് നിശ്ചയിക്കാനുള്ള സർവേ നടത്തപ്പെടണം. നദിയുടെയും കായലുകളുടെയും വിസ്തൃതിയിൽ വലിയ കുറവ് സംഭവിച്ചിട്ടുണ്ട്. ഇപ്പോഴും അതു സംഭവിക്കുന്നു. നദികളുടെ വിസ്തൃതി കണ്ടെത്തുന്നതിനും നിലവിലുള്ളതെങ്കിലും സംരക്ഷിക്കപ്പെടുന്നതിനുമായി ഒരു പുതിയ സർവേ പദ്ധതി ആവിഷ്കരിക്കേണ്ടിയിരിക്കുന്നു. പൊതുനിർമാണങ്ങൾക്കും റോഡ് നിർമാണങ്ങൾക്കും നദികൾ കൈയേറുന്നത് ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്.
നദികൾ നിലനിൽക്കണം
നദികൾ നാടിന്റെ സമ്പത്താണ്. അവയാണു നാടിനു ജീവജലം നൽകുന്നത്. അവയുടെ തീരങ്ങൾ സാംസ്കാരിക കേന്ദ്രങ്ങളാണെന്നു നാം മറക്കരുത്. സംസ്കാരങ്ങളെല്ലാം രൂപപ്പെട്ടത് നദീതീരങ്ങളിലായിരുന്നു. നദികളെ മറന്നവർ ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലാണ്. എവിടെയൊക്കെ നദികൾ അവഗണിക്കപ്പെട്ടോ അവിടമെല്ലാം നാശത്തിലേക്കു നീങ്ങിയിട്ടുണ്ട്. നമ്മുടെ നദികളെ നാം രക്ഷിക്കണം. അതിനായി വികലമായ ആസൂത്രണങ്ങളും യുക്തിസഹമല്ലാത്ത വികസനനയങ്ങളും മാറ്റിവയ്ക്കാം.
കൂട്ടെഴുത്ത്: ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിൽ 2024ൽ മുൻവർഷങ്ങളെ അപേക്ഷിച്ചു വെള്ളപ്പൊക്കം കുറവായിരുന്നു. അപ്പർകുട്ടനാട്ടിൽ ചില ദുരിതങ്ങൾ ഉണ്ടായെങ്കിലും ലോവർ കുട്ടനാട്ടിൽ മുൻ വർഷങ്ങളിലേതുപോലെ ദിവസങ്ങളോളം വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടായില്ല. പ്രധാനമായും മൂന്നു കാരണങ്ങളാലാണ് ഇപ്രാവശ്യം ദുരിതം ഉണ്ടാകാതെ പോയത്.
1. പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മഴയുടെ അളവ് കുറഞ്ഞുനിന്നു. അതിനാൽ ഒഴുകിയെത്തിയ വെള്ളത്തിന്റെ അളവ് താരതമ്യേന കുറഞ്ഞു.
2. തോട്ടപ്പള്ളി സ്പിൽവേയുടെ അഴിമുഖത്തെ മണ്ണ് യഥാസമയം നീക്കം ചെയ്തുകൊണ്ടിരുന്നു. (കരിമണൽ ഖനനം ലക്ഷ്യംവച്ചിരുന്നുവെന്ന് പറയുന്നെങ്കിലും കുട്ടനാട്ടുകാർക്ക് ഇത് അനുഗ്രഹമായി). ഭാഗികമായെങ്കിലും കരുവാറ്റ ലീഡിംഗ് ചാനലിൽ ആഴം കൂട്ടി.
3. യഥാസമയം തണ്ണീർമുക്കം ബണ്ട് തുറന്നതിനാൽ ഒഴുകിയെത്തിയ കിഴക്കൻവെള്ളം യഥാവിധി കടലിലേക്ക് ഒഴുകിമാറി.