സഹതാപമല്ല, വേണ്ടത് അതിജീവനത്തിന്റെ വഴികള്‍
മാജൂഷ് മാത്യൂസ് മുത്യാപാറയിൽ
Thursday, August 29, 2024 1:28 AM IST
സമാനതകളില്ലാത്ത ഭീതിദമായ പ്രകൃതിദുരന്തമാണ് വയനാട് ജില്ലയിലെ മുണ്ടക്കൈ-ചൂരല്‍മല മേഖലയിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാടും ഉണ്ടായത്. കേരളത്തിന് ഇന്നോളം പരിചിതമല്ലാത്തവിധം ആള്‍നാശം വയനാട് ജില്ലയിലുണ്ടായി. ഏക്കർകണക്കിന് കൃഷിഭൂമിയും ആയുഷ്കാലത്തിന്റെ സമ്പാദ്യവും ഉരുള്‍പൊട്ടലില്‍ മണ്ണിലമര്‍ന്നു. സമാനമായ ദുരന്തമാണ് വിലങ്ങാടും സംഭവിച്ചത്. തലനാരിഴയ്ക്കാണ് നൂറുകണക്കിനാളുകളുടെ ജീവന് അവിടെ രക്ഷപ്പെട്ടത്. അവിടെയും മണ്ണിലമര്‍ന്നത് ആയുഷ്കാലത്തിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളുമായിരുന്നു.
ഈ രണ്ടു ദുരന്തമുഖങ്ങളിലും സമ്പാദ്യങ്ങളും ജീവനോപാധികളും മുഴുവനായും നഷ്ടപ്പെട്ട ഒരു ജനത, ഗതിയറിയാതെ വിറങ്ങലിച്ചു നില്‍ക്കുകയാണ്. അതിജീവനം സാധ്യമാകുന്ന വഴികളായേക്കാവുന്ന സര്‍ക്കാരുകളുടെ പാക്കേജുകളിലേക്കും സുമനസുകളുടെ സഹായഹസ്തങ്ങളിലേക്കും കണ്ണുനട്ടു, ഭാവി ചോദ്യചിഹ്നമാകില്ലെന്നു പ്രതീക്ഷിച്ചാണ് അവര്‍ നില്‍ക്കുന്നത്.
ഇക്കണ്ട കാലമത്രയും സ്വയാധ്വാനത്തില്നിന്നു സമ്പാദിച്ചതുകൊണ്ട് ജീവിച്ചിരുന്നവര്‍, ആ സ്വാതന്ത്ര്യത്തില്‍ അഭിമാനവും മഹിമയും കണ്ടിരുന്നവര്‍ ഇപ്പോള്‍ മറ്റൊരാളുടെ സഹായത്തിനായി കാത്തുനില്‍ക്കേണ്ട അവസ്ഥയിലാണ്. ആ സഹായഹസ്തങ്ങള്‍ സര്‍ക്കാരിന്റെയോ, സംഘടനകളുടെയോ വ്യക്തികളുടെയോ ആകട്ടെ, അതു സ്വീകരിക്കാന്‍ കാത്തിരിക്കുന്നതില്‍ ഭൂരിപക്ഷവും തങ്ങളുടെ ജീവിതത്തിന്റെ ഗതിയും താളവും ക്രമവും മാറുന്നതിന്റെ അരക്ഷിതാവസ്ഥയിലൂടെയാകും കടന്നുപോകുകയെന്നതു തീര്‍ച്ച.
ഉപജീവനമാർഗവും ഒരുക്കിക്കൊടുക്കണം
ഈയവസരത്തില്‍ നിരവധി വ്യക്തികളും രാഷ്ട്രീയ, മത, സാമൂഹിക, സാംസ്കാരിക, സന്നദ്ധ സംഘടനകളും ദുരന്തബാധിതരെ സഹായിക്കാന്‍ വാഗ്ദാനങ്ങള്‍ നൽകുന്നുണ്ട്. ഇതു സംബന്ധിച്ച പ്രസ്താവനകള്‍ നിരന്തരം വാര്ത്താമാധ്യമങ്ങള്വഴി നാമെല്ലാം അറിയുന്നുമുണ്ട്. ഒട്ടുമിക്ക സഹായവാഗ്ദാനങ്ങളും വീട്, വീട്ടുപകരണങ്ങള്‍, ഭക്ഷണം, വസ്ത്രം, മരുന്ന്, കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ പോലുള്ള അടിസ്ഥാന ആവശ്യങ്ങളിലേക്കാണ് എത്തിച്ചേരുന്നത്. ദുരന്തമുഖത്ത് സര്‍വതും നഷ്ടപ്പെട്ടവര്‍ക്കു കച്ചിത്തുരുമ്പാണ് ഈ സഹായങ്ങള്‍ എന്നതില്‍ തര്‍ക്കമില്ല. പക്ഷേ, മുന്നോട്ടു ജീവിക്കണമെങ്കില്‍ കൃഷിചെയ്ത് ഉപജീവനം കണ്ടെത്തിക്കൊണ്ടിരുന്നവര്ക്ക് അതിനുള്ള സാഹചര്യംകൂടി ഒരുക്കിനൽകേണ്ടതുണ്ട്. അതിനെക്കുറിച്ച് ചര്‍ച്ചകള്‍ എങ്ങും കണ്ടില്ല.
പുനരധിവാസ പദ്ധതികളില്‍ കൃഷി, കോഴി, കന്നുകാലി വളര്‍ത്തല്‍ പോലുള്ള തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് തുടര്‍ന്നും അതു ചെയ്യാനുള്ള ഭൗതികസാഹചര്യം ഉറപ്പുവരുത്തലാണ് ഭരണാധികാരികള്‍ ചെയ്യേണ്ടത്. ഒരു തുണ്ടുഭൂമിയില്‍ കൃഷി ചെയ്തിരുന്നവര്‍ മുതല്‍ ഏക്കര്‍കണക്കിനു ഭൂമിയിലും പാട്ടത്തിനെടുത്ത ഭൂമിയിലുമെല്ലാം കൃഷി ചെയ്തിരുന്നവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ഒന്നോ രണ്ടോ പശുക്കളെ വളര്‍ത്തിയിരുന്നവര്‍ മുതല്‍ ചെറുഫാമുകളുണ്ടായിരുന്നവരുമുണ്ട്. ഇവര്‍ക്കെല്ലാം തുടര്‍ന്നും ഇതേ തൊഴിലുകള്‍ ചെയ്യാനുള്ള സാഹചര്യമാണ് ഉണ്ടാക്കിക്കൊടുക്കേണ്ടത്. പെട്ടെന്നൊരു നിമിഷാര്ധത്തില് തകര്‍ന്നുപോയ സ്വപ്നങ്ങളെ ആത്മവിശ്വാസത്തോടെ കരുപ്പിടിപ്പിക്കാനുള്ള മാര്‍ഗമായി ഇതിനെ വിലയിരുത്താം.
ടൗണ്‍ഷിപ്പുകള്‍ വരട്ടെ, നല്ല വീടുകള്‍ വരട്ടെ, മികച്ച ഭൗതിക സാഹചര്യങ്ങള്‍ വരട്ടെ, അതിനോടൊപ്പം പ്രാധാന്യം കൽപ്പിക്കേണ്ട ഒന്നാണ് അവരവരുടെ ജീവനോപാധികള്‍ തിരികെപ്പിടിക്കുക എന്നത്. കുറെയെങ്കിലും അവരുടെ തനത് ജീവിതം അവര്‍ക്കു തിരികെ കിട്ടണം. അതിനവരെ പ്രാപ്തരാക്കേണ്ടതു സര്‍ക്കാരാണ്, പൊതുസമൂഹമാണ്. മീന്‍ പിടിക്കാനറിയാവുന്നവന് ദിവസവും സൗജന്യമായി മീന്‍ നൽകുന്നതാണോ, വലയും ചൂണ്ടയും വാങ്ങി നൽകുന്നതാണോ കൂടുതല്‍ ഉത്തമമെന്നു ചിന്തിക്കേണ്ട സമയമാണ്. അധ്വാനിച്ചു കഴിഞ്ഞിരുന്ന ഒരു സമൂഹത്തിന് സഹതാപത്തോടെ നല്കുന്ന സഹായങ്ങള്‍ക്കുമപ്പുറം വീണ്ടും അധ്വാനിച്ചു കഴിയാനുള്ള സ്വയംപര്യപ്തതയിലേക്ക് ഉയര്‍ത്തുക എന്നതാണ് ഇപ്പോള്‍ ചെയ്യേണ്ടത്.
അതിജീവനത്തിന്റെ പുതിയ പാത തുറന്നുകൊടുക്കാം
തൊഴിലിടങ്ങളും കൃഷിഭൂമികളും ആടുമാടുകളുമെല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ആ തൊഴിലിനുള്ള സാഹചര്യം പുനരധിവാസത്തോടൊപ്പം തിരികെനൽകുമ്പോള്‍ അതിജീവനത്തിന്റെ പുതിയ പാത തുറന്നുകൊടുക്കലാകുമത് എന്നതില്‍ തര്‍ക്കമില്ല. അതിനായി ഇരുനൂറോ ഇരുനൂറ്റമ്പതോ ഏക്കര്‍ കൃഷിഭൂമി ഇവര്‍ക്കായി കണ്ടെത്തണം. ഈ ഭൂമി സര്‍ക്കാര്‍ എറ്റവും ചുരുങ്ങിയത് 50 വര്‍ഷത്തേക്കെങ്കിലും ഇവര്‍ക്കു പാട്ടത്തിനു നൽകുകയും വേണം. അവിടെ എല്ലാത്തരം കൃഷികളും ചെയ്യാനുള്ള അവസരമുണ്ടാകണം. ദുരന്തമനുഭവിച്ച മുഴുവന്‍ വ്യക്തികളെയും ഉള്‍പ്പെടുത്തി സ്വയംസഹായ സംഘങ്ങള്‍, ഫാര്‍മേഴ്സ് പ്രൊഡ്യൂസിംഗ് കമ്പനികള്‍ തുടങ്ങിയവ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.
പുനരധിവാസത്തിനായി ലഭിക്കുന്ന ഭൂമിയില്‍ ഇത്തരത്തില്‍ ഔദ്യോഗികമായി പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ വഴി വിവിധങ്ങളായ കൃഷികള്‍ തുടങ്ങാന്‍ ഇവര്‍ക്കു കഴിയണം. വലിയ തോതില്‍ പ്രവര്‍ത്തിക്കുന്ന പശു, എരുമ, ആട്, കോഴി, പന്നി ഫാമുകള്‍, മീന്‍, താറാവ് വളര്‍ത്തല്‍ ഇവയുടെ ജൈവമാലിന്യത്തില്‍നിന്നു മറ്റു കൃഷികള്‍ക്കുള്ള വളം നിര്‍മാണം, കാലിത്തീറ്റ, കോഴിത്തീറ്റ മുതലായവ നിര്‍മിക്കാനുള്ള യൂണിറ്റുകള്‍, പാലും പാല് ഉത്പന്നങ്ങളും നിര്‍മിക്കാനുള്ള യൂണിറ്റുകള്‍, പുല്ല് വളര്‍ത്താനുള്ള സൗകര്യം എന്നിവയും ഉണ്ടാക്കേണ്ടതുണ്ട്.
പൂക്കള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ തുടങ്ങിയവയുടെ കൃഷിയും അവയുടെ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണ യൂണിറ്റുകളും ഇവിടെ തുടങ്ങാവുന്നതാണ്. ഉദാഹരണത്തിന് പാഷന് ഫ്രൂട്ട് വിപുലമായി കൃഷി ചെയ്താല്‍ അതിനെ സ്ക്വാഷായും സിറപ്പായും മാറ്റാനുള്ള സൗകര്യങ്ങള്‍ ഉണ്ടാകണം. നേന്ത്രക്കായ ചിപ്സും മറ്റ് ഉത്പന്നങ്ങളുമായി മാറണം. കറിപൗഡര്‍, അരിപ്പൊടി, മസാലപ്പൊടി യൂണിറ്റുകള്‍, മത്സ്യവും കോഴിയുമെല്ലാം റെഡി ടു ഈറ്റ് സൗകര്യമുള്ള പായ്ക്കറ്റുകളില്‍ മാര്‍ക്കറ്റ് ചെയ്യാനുള്ള സൗകര്യങ്ങള്‍, ഇവകൊണ്ടുള്ള സോസേജുകള്‍, മറ്റ് ഉത്പന്നങ്ങള്‍, കൊപ്ര ഡ്രയറുകള്‍, വെളിച്ചെണ്ണ യൂണിറ്റുകള്‍, ചെറുകിട വസ്ത്ര റെഡിമെയ്ഡ് നിർമാണ യൂണിറ്റുകള്‍, ഇങ്ങനെ പലതും ആ ഭൂമിയില്‍ ഒരുക്കേണ്ടതുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ക്രിയാത്മകമായ ഇടപെടലുകള്‍ ഈയാവശ്യത്തിലുണ്ടാകണം.
പലിശരഹിത വായ്പകൾ അനിവാര്യം
നബാര്‍ഡ്, ബാങ്കുകള്‍ മറ്റ് ഏജന്‍സികള്‍ മുഖേന പലിശരഹിത വായ്പകള്‍ ഈ സംരംഭകര്‍ക്കായി ഒരുക്കണം. അതോടൊപ്പം എല്ലാവിധ ഫീസുകളും ഒഴിവാക്കണം. തുടര്‍ന്ന് ഇവിടെ നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍, സപ്ലൈകോ, റേഷന്‍കടകള്‍, കുടുംബശ്രീ വിപണനശാലകള്‍ വഴി വിപണനം ചെയ്യപ്പെടണം. അതിജീവിതരുടെ ബ്രാന്‍ഡുകള്‍ കേരളസമൂഹം ഇരുകൈയും നീട്ടിസ്വീകരിക്കും. അതില്‍ തര്‍ക്കമില്ല. സൗജന്യം നൽകി ആത്മാഭിമാനമുള്ള സമൂഹത്തെ വേദനിപ്പിക്കുന്നതിനു പകരം തുടര്‍ന്നങ്ങോട്ട് കരുത്തോടെ തൊഴില്‍ ചെയ്തു ജീവിക്കാനുള്ള അവസരമാണു നമ്മള് സൃഷ്ടിക്കേണ്ടത്.
ഇങ്ങനെ ഒരു അന്തരീഷം സൃഷ്ടിക്കപ്പെടുന്നതോടുകൂടി ഈ വ്യക്തികളെല്ലാം കൂട്ടായ്മയോടെ സ്വന്തം സംരംഭങ്ങള്‍ക്കായി അധ്വാനിക്കുന്നവരായി മാറുന്നു. രാവിലെ കൃഷിഭൂമിയിലും ഉച്ചകഴിഞ്ഞ് അവരുടെ ചെറുകിട വ്യവസായ യൂണിറ്റുകളിലും അധ്വാനത്തിന്റെ കൂലിയും സംരംഭത്തിന്റെ ലാഭവുമായി അവര്‍ സ്വസ്ഥമായി ജീവിക്കും. പാതിവഴിയില്‍ ഉരുളെടുത്ത നഷ്ടങ്ങള്‍ മറക്കാനും തകര്‍ന്നുപോയ സ്വപ്നങ്ങൾ വീണ്ടെടുക്കാനും ഈ സാഹചര്യങ്ങള്‍ ഇവരെ പ്രാപ്തരാക്കും.
(ലേഖകൻ കിസാൻ കോൺഗ്രസ് ദേശീയ കോ-ഓർഡിനേറ്ററാണ്.)