പാലാ കോളജിന്റെ മൂന്നാം തൂണ്
ഡോ. സിറിയക് തോമസ്
Wednesday, August 28, 2024 2:53 AM IST
ഗാന്ധിജിയെ രാഷ്ട്രപിതാവായി നാം കൊണ്ടാടുന്പോൾതന്നെ നവഭാരത ശില്പിയായി ആദരിക്കുന്നത് 17 വർഷം പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിനെയാണ്. എന്നാൽ ‘ഇന്ത്യയെ കണ്ടെത്തൽ’എന്ന പുസ്തകമെഴുതിയത് ആദ്യ പ്രധാനമന്ത്രിയായിരുന്ന നെഹ്റുവായിരുന്നെങ്കിലും യഥാർഥ ഇന്ത്യയെ കണ്ടെത്തിയത് ഗാന്ധിജിയായിരുന്നുവെന്നു പറഞ്ഞത് ഗാന്ധി ഭക്തനും നെഹ്റു ആരാധകനുമായിരുന്ന പ്രഫ. സുകുമാർ അഴീക്കോടാണ്.
പാലാ കോളജിന്റെ സ്ഥാപകൻ പിന്നീട് പാലായുടെ ആദ്യ ബിഷപ്പായിത്തീർന്ന ഭാഗ്യസ്മരണാർഹനായ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവാണെന്നത് സർവർക്കും അറിയാവുന്ന അനിഷേധ്യമായ സത്യമാണ്. എന്നാൽ പാലാ സെന്റ് തോമസ് കോളജിനെ ആദ്യമായി അതിന്റെ നക്ഷത്രത്തിളക്കത്തിൽ എത്തിച്ചതാരാണെന്ന ചോദ്യത്തിന് ആർക്കും ഒരേയൊരു ഉത്തരമേ ഉണ്ടാകുകയുള്ളൂ.
അത് കോളജിന്റെ രണ്ടാമത്തെ പ്രിൻസിപ്പൽ എന്ന നിലയിൽ ഈ മഹാകലാലയത്തെ 16 വർഷം നയിച്ച (1952-1968) മോൺസിഞ്ഞോർ ജോസഫ് കുരീത്തടം എന്നാകും. ആകാരഗാംഭീര്യത്തിലും ഭരണമികവിലും ഇന്ത്യയുടെ ഉരുക്കുമനുഷ്യനെന്നു സർവരും സമ്മതിച്ചിരുന്ന സർദാർ പട്ടേലിനെയായിരുന്നു ആറടി ഉയരവും അതിനൊത്ത വണ്ണവും തൂക്കവുമുണ്ടായിരുന്ന മോൺ. കുരീത്തടം ഓർമിപ്പിച്ചിരുന്നത്.
അദ്ദേഹം ഒരു ഉരുക്കുമനുഷ്യനായിരുന്നുവെന്നതാണ് സത്യം. എഴുന്നേറ്റു നിന്നാൽ എവറസ്റ്റും ഇരുന്നാൽ ഹിമാലയവുമായിരുന്നു ഫാ. കുരീത്തടം. നിർഭയനായിരുന്നു അച്ചൻ. ദൈവംതന്പുരാനെയല്ലാതെ ആരെയും അച്ചൻ ഭയപ്പെട്ടിരുന്നില്ല. ദിലീപ മഹാരാജാവിനെക്കുറിച്ചു കാളിദാസ മഹാകവി പറഞ്ഞ എല്ലാ ഗുണങ്ങളും കാഴ്ചഭംഗി, ആകാരപ്രൗഢി, നല്ല ഉയരം, ഉയരത്തിനൊത്ത വണ്ണം, അവയ്ക്കു രണ്ടിനും ചേരുന്ന ബുദ്ധി, ബുദ്ധിക്കൊത്ത വിവേകം.
എല്ലാം അച്ചനിൽ നന്നായി ശോഭിച്ചിരുന്നു. കാഴ്ചയിലെന്നപോലെ തന്നെ കാര്യത്തിലും സമർഥനായിരുന്നു മോൺ. കുരീത്തടം. ആളുകളെ അളന്നുതൂക്കുന്നതിൽ അപാരമായ ഒരു സിദ്ധിതന്നെ മിതഭാഷിയായ അച്ചനു സ്വായത്തമായിരുന്നു. ഗൗരവ പ്രകൃതിയായിരുന്നെങ്കിലും കുട്ടികളോട് അച്ചൻ ഉള്ളിൽ ഒരു വാത്സല്യം എന്നും നിലനിർത്തിയിരുന്നു. പഠിക്കുന്ന വിദ്യാർഥികളെ എന്നും ശ്രദ്ധിച്ചിരുന്ന അച്ചൻ കളിക്കളങ്ങളിലെ സമർഥരെയും എന്നും പ്രോത്സാഹിപ്പിച്ചിരുന്നു. കുശാഗ്രബുദ്ധിയായിരുന്ന കുരീത്തടമച്ചൻ നല്ല നയതന്ത്രബുദ്ധിയുമായിരുന്നു.
കേരള സർവകലാശാലാ സിൻഡിക്കറ്റിലേക്കു മൂന്നു തവണ അച്ചൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മള്ളൂർ ഗോവിന്ദപ്പിള്ള, ഡോ. എ.എൻ. തന്പി, പി. എസ്. ജോർജ്, എൻ. ശ്രീകണ്ഠൻനായർ, ഡോ. സി.ഒ. കരുണാകരൻ, ഫാ. ടി.സി. തോമസ്, കളത്തിൽ വേലായുധൻനായർ തുടങ്ങിയവരായിരുന്നു അന്നു സിൻഡിക്കറ്റംഗങ്ങൾ.
ഡോ. ജോൺ മത്തായി, ഡോ. കെ.സി.ഇ. രാജ, പ്രഫ. സാമുവൽ മത്തായി തുടങ്ങിയവർ വൈസ് ചാൻസലർമാർ. എ.എം.എൻ. ചാക്യാരെപ്പോലെയുള്ളവർ രജിസ്ട്രാർമാർ. ഡോ. സി.എസ്. വെങ്കിടേശ്വരൻ, ഡോ. സുന്ദരരാജനായിഡു, ഡോ. പി.കെ. ഉമാശങ്കർ തുടങ്ങിയ അന്നത്തെ കൊടികെട്ടിയ ഐഎഎസ് സിംഹങ്ങൾ കോളജിയറ്റ് വിദ്യാഭ്യാസ ഡയറക്ടർമാർ. ഉന്നത വിദ്യാഭ്യാസരംഗം അക്ഷരാർഥത്തിൽ ഉന്നത വിദ്യാഭ്യാസ വിദഗ്ധർ കൈകാര്യം ചെയ്തിരുന്ന ഒരു കാലം!
കോഴിക്കോട് സർവകലാശാല ആരംഭിച്ചപ്പോൾ അതിന്റെ ആദ്യ സിൻഡിക്കറ്റിലേക്കു വിദ്യാഭ്യാസ വിദഗ്ധരുടെ മേഖലയിൽനിന്നു അന്നത്തെ സർക്കാർ നാമനിർദേശം ചെയ്തത് മോൺ. ജോസഫ് കുരീത്തടത്തെയായിരുന്നു.
പാലാ സെന്റ് തോമസ് കോളജിന്റെ സാരഥ്യവും അന്നു ചതുർ ‘വേദി’കളിലായിരുന്നുവെന്നു പറയണം. പ്രിൻസിപ്പൽ ഫാ. കുരീത്തടത്തിനു പുറമേ വൈസ് പ്രിൻസിപ്പലായിരുന്ന ഫാ. ജോൺ മറ്റം, ബർസാറായിരുന്ന ഫാ. ജോസഫ് കുര്യാസ്, ഹോസ്റ്റൽ വാർഡനും പൊളിറ്റിക്സ് പ്രഫസറുമായിരുന്ന ഡോ. എൻ.എം.തോമസ് അച്ചൻ. മോൺ. ജോസഫ് കുരീത്തടം ദീർഘകാലം ചങ്ങനാശേരി എസ്ബി കോളജിൽ അധ്യാപകനായശേഷമാണു കൊല്ലം ഫാത്തിമമാതാ കോളജിൽ പ്രിൻസിപ്പലായത്. കൊല്ലം കോളജിൽ രണ്ടുമാസം നീണ്ടുനിന്ന ഒരു പ്രമാദമായ വിദ്യാർഥി സമരത്തിനെതിരേ അച്ചൻ സ്വീകരിച്ച ശക്തമായ നിലപാടും അതിൽ അച്ചൻ നേടിയ വിജയവും അച്ചന്റെ ഗ്രാഫുയർത്തിയെന്നു പറയണം. കൊല്ലത്തുനിന്നായിരുന്നു അച്ചന്റെ പാലായിലേക്കുള്ള അശ്വമേധം.
പാലാ സെന്റ് തോമസ് കോളജിൽ അച്ചൻ തന്റെ ‘വ്യാഴകാലം’ഉറപ്പിച്ചത് അക്കാദമിക് രംഗത്തും കായികരംഗത്തും വിജയക്കൊടി പാറിച്ചുകൊണ്ടാണ്. പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും റാങ്കുകളുടെ തിളക്കം തുടർച്ചയായി വാർത്തയായി. ബാസ്കറ്റ്ബോളിലും ഹോക്കിയിലും ഗുസ്തിയിലും നീന്തലിലും പാലാ കോളജിലെ കായികതാരങ്ങൾ തുടർച്ചയായി കപ്പും കിരീടവുമുറപ്പിച്ചു.
വിദ്യാർഥിസമരങ്ങൾ പൊതുവേ മുദ്രാവാക്യങ്ങളിലൊതുങ്ങി. വിദ്യാർഥികൾ അച്ചനെ സ്നേഹത്തോടെ ‘വലിയമുക്കുവൻ’എന്നു പേരിട്ടു വിളിച്ചു ബഹുമാനിച്ചു. അച്ചൻ അതിലെ നർമം നന്നായി ആസ്വദിച്ചു ചിരിച്ചു. ഇരുന്നകാലത്തോളം അച്ചൻ ക്ലാസ്മുറികളിലും കാന്പസിലും രാജാവായി വാണു.
അക്കാലത്തെ അധ്യാപകരും കിരീടം വയ്ക്കാത്ത രാജാക്കന്മാരായിരുന്നു. പ്രഫ. ആരുവാമുറ്റ അയ്യങ്കാർ, പ്രഫ. പി.കെ. മാണി, പ്രഫ. കെ.എം. ചാണ്ടി, പ്രഫ. എ.വി. വർക്കി, പ്രഫ. വി.ജെ. മത്തായി, പ്രഫ. പി.സി. ജോസഫ്, പ്രഫ.കെ. രാമകൃഷ്ണപിള്ള, പ്രഫ. പി.എം. ചാക്കോ, പ്രഫ. എം.ടി. തര്യൻ, പ്രഫ. പി. കൊച്ചുണ്ണി പണിക്കർ, പ്രഫ. സോമവർമ്മ രാജാ, ഡോ. എ.ടി. ദേവസ്യ, ഡോ. എ.വി.വർഗീസ്... പറഞ്ഞുപോയാൽ ലിസ്റ്റിന് അവസാനമുണ്ടാകുകയില്ല.
അവസാനത്തെ രണ്ടുപേരും പിൽക്കാലത്ത് വൈസ് ചാൻസലർമാരായി. ഒരാൾ എംജിയിൽ. മറ്റേയാൾ കേരള സർവകലാശാലയിൽ. രണ്ടുപേരും പാലായിൽ ഫാ. കുരീത്തടത്തിന്റെ ഡയറക്ട് സെലക്ഷനായിരുന്നു. അച്ചൻ കടന്നുപോയിട്ട് ഇന്ന് 50 വർഷമാകുന്നു. അദ്ദേഹത്തിന്റെ ചരമ കനകജൂബിലിയാണിന്ന്. അച്ചൻ ഒരിക്കലും പാണ്ഡിത്യം അവകാശപ്പെട്ടില്ല.
ഭക്തനെന്നു ഭാവിച്ചതുമില്ല. എന്നാൽ മാതൃഭക്തിയിൽ പോക്കറ്റിൽ ജപമാലയില്ലാതെ അച്ചൻ ഒരിക്കലും നടന്നിട്ടുമില്ല. ഒരു ദിവസം പോലും വിശുദ്ധ കുർബാന മുടക്കിയിട്ടുമില്ല. പാലാ കോളജിൽ എന്റെ ഇംഗ്ലീഷ് അധ്യാപകനായിരുന്ന പ്രഫ. കെ.വി.മാത്യുസാറിന്റെ വാക്കുകളിൽ ഞാനും ഈ ഓർമക്കുറിപ്പ് അവസാനിപ്പിക്കട്ടെ!
“പാലാ സെന്റ് തോമസ് കോളജ് മൂന്നു തുണുകളിന്മേലാണ് നിന്നിരുന്നതെന്നു വിശ്വസിക്കുവാനാണ് എനിക്കിഷ്ടം. പ്രധാന കെട്ടിടത്തിന്റെ പോർട്ടിക്കോയിലെ ഭീമാകാരങ്ങളായ മൂന്നാം നിലയുടെ മുഖവാരം വരെ ഉയർന്നുനിൽക്കുന്ന രണ്ടു കൽത്തൂണുകളും അവയ്ക്കൊപ്പം തന്നെ ഉറപ്പു തോന്നിപ്പിച്ചിരുന്നു. കുരീത്തടമച്ചനെന്ന മൂന്നാം തൂണും! അതൊരു കാലമായിരുന്നു. പാലാ കോളജിന്റെ സുവർണകാലം. കുരീത്തടത്തിലച്ചന്റെ പ്രതാപകാലവും! പ്രണാമം.”
(ലേഖകൻ പാലാ സെന്റ് തോമസ് കോളജിലെ മുൻ വിദ്യാർഥിയും മുൻ അധ്യാപകനും മഹാത്മാഗാന്ധി സർവകലാശാലാ മുൻ വൈസ് ചാൻസലറും ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന കമ്മീഷൻ മുൻ അംഗവുമാണ്).