ജെൻഡർ തിയറി: അവ്യക്തതകളിൽ പണിതുയർത്തപ്പെടുന്ന പൊതുബോധം
റവ. ഡോ. മൈക്കിൾ പുളിക്കൽ സിഎംഐ (സെക്രട്ടറി, കെസിബിസി ജാഗ്രതാ കമ്മീഷ
Wednesday, August 28, 2024 1:06 AM IST
കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകൾക്കിടയിൽ ആഗോള സമൂഹത്തിൽ വേരാഴ്ത്തിയ പുതുതലമുറ സിദ്ധാന്തമാണ് ജെൻഡർ തിയറി അഥവാ ലിംഗപദവി സിദ്ധാന്തം. ക്വീർ (QUEER) തിയറി എന്നും ഇത് അറിയപ്പെടുന്നു. ഈ സിദ്ധാന്തമാണ് ‘LGBTQIA+’ കമ്യൂണിറ്റി എന്നറിയപ്പെടുന്ന ഭിന്നലിംഗ ആഭിമുഖ്യവാദികളുടെ ആശയ അടിത്തറ. ഈ വിഭാഗങ്ങളിലെ ക്യു എന്ന അക്ഷരം ‘ക്വീർ’ എന്ന പദത്തിന്റെ ചുരുക്കമാണ്. വിചിത്രം, വിമതം എന്നൊക്കെ ഈ പദത്തിന് അർഥം കല്പിക്കാം. ഒരു സിദ്ധാന്തം എന്ന നിലയിൽ ‘ക്വീർ’ തിയറി പരമ്പരാഗത ലിംഗപദവി ആശയങ്ങൾക്കു വിപരീതമായ നിലപാട് സ്വീകരിക്കുന്നു.
ഒരു വ്യക്തിയുടെ ജൈവികലിംഗം ലിംഗപദവിയുമായി ബന്ധപ്പെട്ട ഒന്നായിരിക്കണമെന്നോ അതു സ്ഥിരമായിരിക്കണമെന്നോ നിർബന്ധമില്ല; ലിംഗപദവി അഥവാ ജെൻഡർ എന്നത് കേവലമൊരു സമൂഹനിർമിതി മാത്രമാണ് എന്നിങ്ങനെയുള്ള ആശയങ്ങൾ ഈ സിദ്ധാന്തത്തിന്റെ വക്താക്കൾ വാദിക്കുന്നു. പരമ്പരാഗതമായി നിലനിന്നുപോരുന്ന ‘ജെൻഡർ’ എന്ന ആശയം വ്യക്തിയുടെ അവകാശങ്ങളെ നിഷേധിക്കുന്നതാണെന്നും അതു പൊളിച്ചുപണിയേണ്ട ഒന്നാണെന്നുമാണ് അവരുടെ പക്ഷം.
തന്റെ ലിംഗപദവി സ്വയം നിശ്ചയിക്കാൻ ഏതൊരു വ്യക്തിക്കും അവകാശമുണ്ടായിരിക്കണമെന്നും ആ അവകാശത്തെ ലോകം അംഗീകരിക്കേണ്ടതുണ്ടെന്നും സിദ്ധാന്തത്തിന്റെ പ്രചാരകർ ആവശ്യപ്പെടുന്നു. ഇതിന് അനുബന്ധമായാണ് സ്വവർഗ ലൈംഗികബന്ധം, സ്വവർഗ വിവാഹം തുടങ്ങിയവ സംബന്ധിച്ച അവകാശവാദങ്ങളും ആശയപ്രചാരണങ്ങളും കടന്നുവരുന്നത്.
പശ്ചാത്തലം
പരമ്പരാഗത സ്ത്രീപക്ഷ - ഭിന്നലിംഗാഭിമുഖ്യ മുന്നേറ്റങ്ങൾക്ക് അതുവരെയുണ്ടായിരുന്ന പരിമിതികൾക്ക് മറുപടിയെന്നവണ്ണം തൊണ്ണൂറുകളിൽ ഉയർന്നുവന്ന സിദ്ധാന്തമാണ് ലിംഗപദവി സിദ്ധാന്തം. അക്കാലത്തു നിലനിന്നിരുന്ന ലിംഗപദവി സംബന്ധമായ പലവിധ വിവേചനങ്ങൾ, അടിച്ചമർത്തലുകൾ എന്നിവയുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങൾക്കും പഠനങ്ങൾക്കും ഇത്തരമൊരു മുന്നേറ്റത്തിൽ വലിയ പങ്കുണ്ട്. പലവിധ മേധാവിത്വങ്ങളെയും ലിംഗപദവി വ്യവസ്ഥിതിയെയും ചോദ്യം ചെയ്തിരുന്ന വിവിധ തത്വശാസ്ത്ര സമീപനങ്ങളുടെ പിൻബലത്തോടെയാണ് ഈ സിദ്ധാന്തം ശക്തിപ്രാപിച്ചത്.
സാധാരണക്കാർക്കു വിചിത്രമെന്നു തോന്നാമെങ്കിലും ബൗദ്ധികസമൂഹത്തിൽ ആഴത്തിൽ വേരോട്ടമുള്ള അവകാശവാദങ്ങളും ആശയങ്ങളുമാണ് ഈ സിദ്ധാന്തം മുന്നോട്ടുവയ്ക്കുന്നത്. ജെൻഡർ തിയറിയും ജെൻഡർ കൾച്ചറും ജെൻഡർ ഐഡന്റിറ്റിയും സംബന്ധിച്ച വിവിധ ആശയങ്ങൾ പഠനവിഷയമാക്കിയിരിക്കുന്ന ഒട്ടേറെ യൂണിവേഴ്സിറ്റികളുണ്ട്.
അർജന്റീന, കാനഡ, സ്വീഡൻ, അയർലൻഡ് തുടങ്ങിയ വിവിധ രാജ്യങ്ങൾ ലിംഗപദവി സിദ്ധാന്ത വാദികളുടെ ആവശ്യങ്ങൾ പ്രകാരം നിയമനിർമാണങ്ങൾ നടത്തുകയും ഗവേഷണങ്ങൾക്കായി ഫണ്ട് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഇന്ത്യയുൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ ഇത്തരക്കാരുടെ ആവശ്യങ്ങളിൽ ഏറിയപങ്കും അംഗീകരിക്കാൻ തയാറായിട്ടില്ല. പ്രകൃതിവിരുദ്ധ ലൈംഗികത കുറ്റകരമാക്കിയിരുന്ന ഐപിസി സെക്ഷൻ 377ലെ ചില ഭാഗങ്ങൾ സുപ്രീംകോടതിയിൽ കാലങ്ങളോളം നീണ്ട വ്യവഹാരം വഴി 2018ൽ എടുത്തുമാറ്റാൻ കഴിഞ്ഞതാണ് ഈ രംഗത്തു പ്രവർത്തിക്കുന്ന ഇന്ത്യൻ സംഘടനകളുടെ എടുത്തുപറയത്തക്കതായ ഒരു നേട്ടം.
എന്നാൽ, സ്വവർഗബന്ധങ്ങൾക്ക്, ഇന്ത്യയിലെ സ്പെഷൽ മാര്യേജ് ആക്ട് പ്രകാരമുള്ള സിവിൽ വിവാഹത്തിനു തുല്യമായ നിയമസാധുത നേടിയെടുക്കാനുള്ള അത്തരക്കാരുടെ പ്രയത്നം പരാജയമായിരുന്നു. ഒരു വർഷത്തോളം നീണ്ട നിയമയുദ്ധത്തിനൊടുവിൽ 2023 ഒക്ടോബറിൽ സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകാനാകില്ലെന്ന് സുപ്രീംകോടതി വിധിക്കുകയുണ്ടായി.
ആശയപ്രചാരണങ്ങൾ
മേൽപ്പറഞ്ഞതാണു നിലവിലുള്ള പശ്ചാത്തലമെങ്കിലും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പലവിധത്തിലും നമുക്കിടയിൽ സജീവമാണ്. ആനുകാലിക പ്രസിദ്ധീകരണങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും സെമിനാറുകളിലൂടെയും സിനിമകളിലൂടെയും ജെൻഡർ തിയറിയുടെ ഭാഗമായ ആശയപ്രചാരണങ്ങൾ നടത്താനുള്ള സംഘടിതവും ആസൂത്രിതവുമായ നീക്കങ്ങൾ ലോകത്ത് എല്ലായിടത്തും പ്രകടമാണ്.
മഴവിൽ നിറമുള്ള പതാകകളും പ്രൈഡ് മാർച്ചുകളും ഇന്ന് എല്ലാവർക്കും പരിചിതമായിക്കഴിഞ്ഞിരിക്കുന്നു. ഈ ‘പുരോഗമന ആശയത്തിലേക്ക്’ പുരോഗമന ചിന്താഗതിക്കാരെല്ലാം മാറിക്കഴിഞ്ഞുവെന്നും ഇനിയും മാറാത്തവർ അപരിഷ്കൃതരും ചിന്താശേഷിയില്ലാത്തവരും ആണെന്നുമുള്ള പൊതുബോധനിർമിതിയും ഒരുപരിധിവരെ നമുക്കിടയിൽ നടന്നുകഴിഞ്ഞു.
പുരോഗമന ചിന്താഗതിക്കാരുടെ ഗണത്തിലേക്ക് എളുപ്പത്തിൽ നടന്നുകയറാനുള്ള വഴിയായി ഇത്തരം ആശയപ്രചാരണങ്ങളെ ഏറ്റെടുക്കുന്നവരുണ്ട്. അത്തരം പ്രചാരണങ്ങൾ നടത്തുന്നതും ജെൻഡർ തിയറിയെയും ഭിന്നലൈംഗിക ആഭിമുഖ്യങ്ങളെയും ആശയപരമായി വിമർശിക്കുന്നവരെ എതിർക്കുന്നതും ‘ബുദ്ധിജീവി’കളുടെ മുഖ്യലക്ഷണങ്ങളിലൊന്നായും പൊതുവെ കരുതപ്പെടുന്നു.
കേരളത്തിന്റെ പശ്ചാത്തലത്തിൽ ചിന്തിച്ചാൽ, ഇത്തരം ആശയപ്രചാരകർ സ്ഥാപിക്കാൻ ശ്രമിക്കുന്ന ചില പ്രത്യേക വാദങ്ങളുണ്ട്. അതിൽ പ്രധാനമായ ഒന്നാണ് ‘കാതൽ - ദ കോർ’ എന്ന ചലച്ചിത്രത്തിന്റെ പ്രമേയം. ജെൻഡർ തിയറിയുടെ വക്താക്കൾ ആഗോളതലത്തിൽ ഉന്നയിക്കുന്ന മുഖ്യ വാദഗതിയായ വ്യക്തിയുടെ ‘ലിംഗസ്വത്വ’ സ്വാതന്ത്ര്യമല്ല അത്. മറിച്ച്, സ്വവർഗ ലൈംഗികതയാണ്. ലേഖനങ്ങളിലൂടെയും ചർച്ചകളിലൂടെയും ഇതുവരെ ഇത്തരക്കാർ ചെയ്തിട്ടുള്ളതുപോലെ, ലിംഗപദവി, ലൈംഗിക ആഭിമുഖ്യം എന്നിവ ആശയക്കുഴപ്പമുണ്ടാകുന്ന വിധത്തിൽ അവതരിപ്പിക്കുകയാണ് സിനിമയുടെ സ്രഷ്ടാക്കളും ചെയ്തിരിക്കുന്നത്.
സ്വവർഗ ലൈംഗികപങ്കാളിയുമൊത്തുള്ള ജീവിതം അത് ആഗ്രഹിക്കുന്നവരുടെ അവകാശമാണെന്നും കുടുംബങ്ങളും സമൂഹവും രാഷ്ട്രീയപാർട്ടികളും മതങ്ങളും അത് അംഗീകരിക്കണമെന്നും ചലച്ചിത്രം പറഞ്ഞവസാനിപ്പിക്കുന്നു. ഈ വിഷയത്തെ ലൈംഗികതയുടെ മാത്രം വിഷയമാക്കി ചുരുക്കി അവതരിപ്പിക്കുക എന്നൊരു ശൈലി സിനിമ സ്വീകരിച്ചിട്ടുണ്ട്.
അസ്വാഭാവികമെന്നും പ്രകൃതിവിരുദ്ധമെന്നും കരുതപ്പെടുന്ന ഇത്തരം ലൈംഗികതാത്പര്യങ്ങൾ കുടുംബബന്ധങ്ങളിലും സമൂഹനിർമിതിയിലും സൃഷ്ടിക്കുന്ന പ്രഹരങ്ങളെ പൂർണമായും അവഗണിച്ചുകൊണ്ടാണ് ഇത്തരം വാദങ്ങൾ ഉയർന്നുവരുന്നത് എന്നതു ശ്രദ്ധേയമാണ്. അതുകൊണ്ട് ജീവനെ സ്നേഹിക്കുന്ന, ജീവനുവേണ്ടി നിലകൊള്ളുന്ന ഏവരും ഇത്തരം ആശയപ്രചാരണങ്ങളെ അധാർമികവും മനുഷ്യന്റെ ജീവ - ജീവിത മാഹാത്മ്യത്തിന് വിരുദ്ധവുമായിട്ടാണ് വീക്ഷിക്കുന്നത്.
‘LGBTQIA+’ ലിംഗസ്വത്വ സ്വാതന്ത്ര്യത്തിനോ സ്വവർഗ ലൈംഗികതയ്ക്കോ?
സ്വവർഗ അനുരാഗികൾക്ക് സ്വാഭാവിക വിവാഹ പങ്കാളികൾക്കുള്ള എല്ലാ അവകാശങ്ങളോടെയും സമൂഹത്തിൽ ജീവിക്കാൻ കഴിയണമെന്ന ആവശ്യമാണ് മുഖ്യമായും നമുക്കിടയിൽ അവതരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. മേൽപ്പറഞ്ഞതുപോലെ ലൈംഗിക ആവശ്യങ്ങളാണ് എല്ലായ്പോഴും തന്നെ ഉയർത്തിക്കാണിക്കപ്പെടുന്നത്.
‘LGBTQIA+’ എന്ന വിഭാഗത്തിൽ സ്വവർഗ അനുരാഗികൾ എന്നു വ്യക്തമായി വിശദീകരിക്കാൻ കഴിയുന്ന രണ്ടു വിഭാഗങ്ങൾ എൽ അഥവാ ലെസ്ബിയൻ, ജി അഥവാ ഗേ എന്നിവയാണ്. ബി എന്ന ബൈസെക്ഷ്വൽ ഒരേസമയം ആണിനോടും പെണ്ണിനോടും ലൈംഗിക ആകർഷണമുള്ള വ്യക്തികളും ക്യു അഥവാ ക്വീർ എന്ന പ്രത്യേക വിഭാഗം വിചിത്രമായ ലൈംഗിക താത്പര്യങ്ങളോടുകൂടിയവരുമായിരിക്കും. ഐ എന്നാൽ ഇന്റർസെക്സ് അഥവാ, മിശ്രലിംഗവും (അപൂർണമായ ലൈംഗിക അവയവങ്ങളോടെയുള്ള ജനനം), എ എന്നാൽ, അസെക്ഷ്വൽ അഥവാ ലൈംഗികവികാരങ്ങൾ ഇല്ലാത്ത അവസ്ഥയുള്ളവരുമാണ്. ടി ആണ് ട്രാൻസ്ജെൻഡർ. ഇവയ്ക്കുപുറമേ മറ്റുചില ലിംഗ ന്യൂനപക്ഷ വിഭാഗങ്ങളും ഇക്കൂട്ടത്തിൽ സമീപകാലത്തായി ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട് (ഉദാ: പാൻസെക്ഷ്വൽ). ഇനിയും പട്ടിക നീളുമെന്നതിന്റെ സൂചനയാണ് ഒടുവിലുള്ള പ്ലസ് (+).
വിചിത്രവും അസാധാരണവുമായ ലൈംഗിക ആഭിമുഖ്യങ്ങളുമായി പൂർണമായും ബന്ധപ്പെട്ട വിഭാഗീകരണങ്ങൾ എൽ, ജി, ബി, ക്യു എന്നിവ മാത്രമാണ്. അതേസമയം, ടി, ഐ, എ തുടങ്ങിയ വിഭാഗീകരണങ്ങൾ, ലൈംഗികതയ്ക്ക് അതീതമായി ജന്മനാലുള്ള ലിംഗസംബന്ധ സവിശേഷതകൾ ഉള്ളവരാണ്. യഥാർഥത്തിൽ, അതിന്യൂനപക്ഷങ്ങളായ ഇവരാണു പ്രത്യേക പരിഗണന അർഹിക്കുന്നവർ. എന്നാൽ, ജെൻഡർ തിയറിയുടെ വക്താക്കളായി നമുക്കിടയിൽ പ്രത്യക്ഷപ്പെട്ടു കാണാറുള്ളവരെല്ലാം എൽ, ജി, ബി, ക്യു വിഭാഗങ്ങൾ ഉയർത്തുന്ന അസാധാരണമായ ലൈംഗികാഭിമുഖ്യങ്ങളുടെ സാധാരണത്വത്തിനുവേണ്ടി നിലകൊള്ളുന്നവരും വാദിക്കുന്നവരുമാണ് എന്നതാണു വാസ്തവം. അതിനാൽത്തന്നെ അവർക്ക് അസ്വാഭാവിക ലൈംഗിക ആവശ്യങ്ങളും പ്രധാന വിഷയമായി മാറുന്നു. ജന്മനാലുള്ള പ്രത്യേകതകൾക്കൊണ്ടു മാത്രം ലിംഗപരമായി പാർശ്വവത്കരിക്കപ്പെടുന്ന അതിന്യൂനപക്ഷ വിഭാഗങ്ങൾക്കുവേണ്ടി (ടി, ഐ, എ) നിലകൊള്ളുന്നവരുടെയെണ്ണം അക്കൂട്ടത്തിൽ കുറവാണ് എന്നതും ശ്രദ്ധേയമാണ്.
സ്വവർഗാനുരാഗികൾ അപ്രകാരമായിത്തീരുന്നതോ, ചിലരുടെ ലൈംഗിക താത്പര്യങ്ങൾക്ക് പിൽക്കാലത്ത് വിചിത്രമായ വ്യതിചലനങ്ങൾ സംഭവിക്കുന്നതോ ജന്മനാലുള്ള കാരണങ്ങൾകൊണ്ടായിരിക്കണമെന്നു നിർബന്ധമില്ല. സമാനസ്വഭാവക്കാരുമായുള്ള സഹവാസം, ചെറുപ്പകാലത്ത് ലൈംഗികമായി ദുരുപയോഗിക്കപ്പെട്ടിട്ടുള്ള അനുഭവങ്ങൾ, അശ്ലീല ചിത്രീകരണങ്ങൾ കാണുന്നത്, കുത്തഴിഞ്ഞ ജീവിതശൈലി, മയക്കുമരുന്നിന്റെ ഉപയോഗം തുടങ്ങിയ വിവിധ കാരണങ്ങൾക്കൊണ്ട് ഒരു വ്യക്തിയുടെ ലൈംഗിക താത്പര്യങ്ങൾക്കു മാറ്റം സംഭവിക്കാം. ഇത്തരം ഘടകങ്ങളെയെല്ലാം തമസ്കരിച്ചുകൊണ്ടുള്ള അവകാശവാദങ്ങളും ആശയപ്രചാരണങ്ങളുമാണ് പൊതുസമൂഹത്തിൽ പലപ്പോഴും കണ്ടുവരുന്നത്. ഈ വിഷയത്തിന്റെ പശ്ചാത്തലമെന്തെന്നോ, വാസ്തവങ്ങൾ എന്തൊക്കെയെന്നോ സമൂഹത്തിനു വ്യക്തത നൽകാതെ, പുരോഗമന ചിന്താഗതിയെന്ന മുഖംമൂടി നൽകി പുകമറ സൃഷ്ടിച്ചുകൊണ്ടുള്ള കോലാഹലങ്ങളാണ് ഇവിടെ പലപ്പോഴും നടക്കുന്നത്. മറുചോദ്യങ്ങൾ ഉന്നയിക്കുന്നവരെ സംഘം ചേർന്ന് സൈബർ ഇടങ്ങളിൽ ആക്രമിക്കാനും അവഹേളിക്കാനും മടികാണിക്കാത്ത ഒരു വിഭാഗവും സമൂഹമാധ്യമങ്ങളിൽ സദാ സജ്ജമാണ്.
സഭയുടെ നിലപാടുകളിലെ തുറവിയും ഉറപ്പും
കത്തോലിക്കാസഭയ്ക്ക് ഇത്തരം വിഷയങ്ങളിൽ സുവ്യക്തവും എന്നാൽ തുറവിയോടുകൂടിയതുമായ നിലപാടുകളുണ്ട്. ഫ്രാൻസിസ് മാർപാപ്പയുടെ ചില വാക്കുകളെയും, സഭയുടെ പ്രബോധനങ്ങളിലെ ചില ഭാഗങ്ങളെയും വളച്ചൊടിച്ചു പ്രചരിപ്പിച്ച ചില തത്പരകക്ഷികൾ പലപ്പോഴായി ഇക്കാര്യങ്ങളിൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്നതിൽ വിജയിച്ചിട്ടുണ്ട്.
രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രബോധനങ്ങളുടെ ആശയങ്ങൾ ഉൾച്ചേർത്തുകൊണ്ട് മൂന്നു പതിറ്റാണ്ടുകൾക്കുമുമ്പ് പരിഷ്കരിക്കപ്പെട്ട ‘കത്തോലിക്കാസഭയുടെ മതബോധന സംഹിത’ മുതൽ, ഏറ്റവുമൊടുവിൽ, കത്തോലിക്കാസഭയുടെ വിശ്വാസപ്രബോധന സംബന്ധ കാര്യാലയം ഈ വർഷം പ്രസിദ്ധീകരിച്ച ‘അനന്ത മാഹാത്മ്യം’ എന്ന പ്രഖ്യാപനരേഖയിൽ വരെ സഭയുടെ ഇക്കാര്യങ്ങൾ സംബന്ധിച്ച നിലപാടുകൾ വ്യക്തമാക്കിയിട്ടുണ്ട്.
ജെൻഡർ തിയറി സംബന്ധിച്ച വാദഗതികളിലുള്ള സഭയുടെ നിലപാട് ‘അനന്ത മാഹാത്മ്യത്തിൽ’ വ്യക്തമാക്കുന്നു. വ്യക്തിപരമായ സ്വയംസ്വത്വനിർണയം എന്ന സമീപനത്തെ പ്രസ്തുത പ്രബോധനരേഖ നിരാകരിക്കുന്നു. ജെൻഡർ തിയറി കേന്ദ്രീകരിച്ചുള്ള പ്രത്യയശാസ്ത്രപരമായ കോളനിവത്കരണവും അതു മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളും അപകടകരമാണെന്ന ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകൾ രേഖ ഉദ്ധരിച്ചിരിക്കുന്നു. കത്തോലിക്കാസഭയുടെ നിലപാടുകൾ തങ്ങൾ ആഗ്രഹിക്കുന്നതിനനുസൃതമായി മാറിക്കൊണ്ടിരിക്കുന്നുവെന്ന് അവകാശപ്പെടുന്നവർക്കുള്ള മറുപടികൂടിയാണ് ഈ പ്രബോധനരേഖ.
കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിൽ (സിസിസി 2357-2359) അവതരിപ്പിക്കപ്പെട്ടിട്ടുള്ള കൃത്യമായ നിലപാടുകൾതന്നെയാണ് പലപ്പോഴായി ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകളിലൂടെയും പ്രബോധനരേഖകളിലൂടെയും ആവർത്തിച്ചിട്ടുള്ളത്. സ്വവർഗ ലൈംഗികബന്ധങ്ങൾ ധാർമികാധഃപതനമെന്നും സ്വാഭാവിക നിയമങ്ങൾക്ക് എതിരെന്നും യാതൊരു സാഹചര്യത്തിലും അംഗീകരിക്കാൻ സാധ്യമല്ലാത്തതെന്നുമാണ് സിസിസി വ്യക്തമാക്കുന്നത്. എന്നാൽ, ആദരവോടും സഹാനുഭൂതിയോടും കൂടി ഭിന്നലൈംഗിക ആഭിമുഖ്യങ്ങളുള്ളവരെ പരിഗണിക്കണമെന്നും സിസിസി ഉദ്ബോധിപ്പിക്കുന്നു.
വിവേചനം പുലർത്തി സമൂഹത്തിന്റെ മുഖ്യധാരയിൽനിന്ന് അകറ്റിനിർത്തുന്നതിനു പകരം ഒരു തിരിച്ചുവരവിനുള്ള ശക്തി അവർക്കു നൽകാൻ എല്ലാവരും പരിശ്രമിക്കണമെന്നാണു കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പറഞ്ഞുവയ്ക്കുന്നത്. Amoris Laetitia (2016) എന്ന ഫ്രാൻസിസ് മാർപാപ്പയുടെ അപ്പസ്തോലിക പ്രബോധനത്തിലും On the pastoral meaning of blessings (2023) എന്ന വിശ്വാസപ്രബോധന സംബന്ധ കാര്യാലയത്തിന്റെ പ്രഖ്യാപനരേഖയിലും ഉൾപ്പെടെ ഇതേ നിലപാടുകൾതന്നെയാണ് ആവർത്തിക്കുന്നത്.
സഭയുടെ നിലപാടുകൾ മാറിയെന്നു കരുതുന്നവരും, മാറേണ്ടതാണെന്നു വാദിക്കുന്നവരും തങ്ങളായിരിക്കുന്ന ആൾക്കൂട്ടത്തിന്റെയും അതിന്റെ സ്വാധീനത്തിന്റെയും വലയത്തിൽനിന്ന് പുറത്തുവരികയാണ് ആവശ്യം. അതിരുകളില്ലാത്ത സ്വാതന്ത്ര്യം അവകാശമായി ഉന്നയിക്കുന്നവർ പുരോഗമനപരമെന്ന് അവകാശപ്പെടുന്ന ആശയപ്രചാരണങ്ങൾക്കപ്പുറം ജീവിതയാഥാർഥ്യങ്ങളെക്കുറിച്ച് തിരിച്ചറിവുള്ളവരും യാഥാർഥ്യബോധത്തോടെ ചുറ്റുമുള്ളവരെക്കുറിച്ച് ചിന്തിക്കുന്നവരുമാകണം.
പാർശ്വവത്കരിക്കപ്പെട്ടവർക്കും ശാരീരികമോ മാനസികമോ ആയ വൈകല്യങ്ങളും കുറവുകളുമുള്ളവർക്കുമുള്ള പരിഗണന ആ പരിമിതികളെ അതിജീവിക്കാനുള്ള കൈത്താങ്ങിന്റെ രൂപത്തിലാണ് അവർക്കു ലഭിക്കേണ്ടത്. അതാണ് എക്കാലത്തും കത്തോലിക്കാസഭയുടെ നിലപാട്. എന്നാൽ, മുതലെടുപ്പുകൾ നടത്താനുള്ള വേദിയൊരുക്കുകയും അധാർമിക ആശയപ്രചാരണങ്ങൾ നടത്തുകയുമാണ് മറ്റൊരുകൂട്ടർ ചെയ്തുവരുന്നത്.
ലൈംഗിക ആഭിമുഖ്യങ്ങളിലെ മാറ്റങ്ങളും ലിംഗപരമായ വ്യതിയാനങ്ങളും ഒരു വ്യക്തിയെ സമൂഹത്തിന്റെ മുഖ്യധാരയിൽനിന്നു മാറ്റിനിർത്തുന്നതിന് കാരണങ്ങളാകരുതെന്ന് സഭ നിഷ്കർഷിക്കുന്നുണ്ട്. സ്വവർഗ ലൈംഗിക ചോദനകൾ ഒരു വ്യക്തിയിൽ രൂപപ്പെടുന്നത് പാപകരമാണെന്ന നിലപാടും സഭയ്ക്കില്ല.
അതേസമയം, അത്തരം താത്പര്യങ്ങൾ നിയന്ത്രിക്കപ്പെടാതെ, ലൈംഗികപ്രവൃത്തികളിലേക്കു നീങ്ങുന്നത് നിയമത്തിന്റെ കണ്ണിൽ കുറ്റകരമല്ലെങ്കിൽപ്പോലും അതു പാപകരമാണെന്നാണു സഭയുടെ നിലപാട്. അതിനാൽത്തന്നെ സ്വവർഗ വിവാഹത്തെയോ സ്വവർഗ ലൈംഗികബന്ധത്തെയോ സഭയ്ക്ക് ഒരിക്കലും അംഗീകരിക്കാനോ അത്തരം ബന്ധങ്ങളെ ആശീർവദിക്കാനോ കഴിയില്ല.
അതേസമയം, ഒരു വൈദികന്റെ ആശീർവാദം സ്വവർഗ ലൈംഗികബന്ധത്തിൽ ഉൾപ്പെട്ട ഒരു വ്യക്തി ആഗ്രഹിക്കുന്ന പക്ഷം അതു നിഷേധിക്കരുതെന്ന് സഭ അനുശാസിക്കുന്നു. എന്നാൽ, ആ ആശീർവാദം ഒരു സ്ത്രീയും ഒരു പുരുഷനും തമ്മിലുള്ള വിവാഹമെന്ന കൂദാശയിൽ നൽകുന്ന പോലുള്ള ആശീർവാദമായിരിക്കില്ല; അതു കൗദാശികമല്ലാത്ത ആശീർവാദമായിരിക്കും.
സിവിൽ നിയമവും സഭയുടെ അനുശാസനങ്ങളും വ്യത്യസ്തമായിരിക്കുന്ന സാഹചര്യങ്ങൾ ധാർമികവിഷയങ്ങളുമായി ബന്ധപ്പെട്ട് മുമ്പും പല രാജ്യങ്ങളിലും ഉടലെടുത്തിട്ടുണ്ട്. സഭയിലെ അംഗം എന്ന നിലയിൽ സഭയുടെ പ്രബോധനങ്ങൾക്കൂടി പരിഗണിച്ച് ശ്രദ്ധാപൂർവം നിലപാടുകൾ സ്വീകരിക്കാനുള്ള ചുമതല വിശ്വാസികൾക്കുണ്ട്.
അതേസമയം, ധാർമികവിഷയങ്ങളിലും മത-ദേശ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരെയും ബാധിക്കുന്ന വിഷയങ്ങളിലും അവശ്യഘട്ടങ്ങളിൽ കത്തോലിക്കാസഭ തുറവിയോടെയുള്ള ആഴമായ പഠനങ്ങളുടെ വെളിച്ചത്തിലുള്ള നിലപാടുകൾ വ്യക്തമാക്കാറുണ്ട്. ലോകത്തിന്റെ ധാർമികശബ്ദമായി നിലകൊള്ളാനുള്ള സഭയുടെ ദൗത്യത്തിന്റെ ഭാഗമാണത്.
പ്രാദേശിക സഭാ നേതൃത്വങ്ങളും സഭയുടെ അനുബന്ധ സംവിധാനങ്ങളും ഇതേ ദൗത്യം കാലങ്ങളായി നിർവഹിച്ചുവരുന്നുണ്ട്. അതിനാൽത്തന്നെ, സഭയ്ക്ക് നിലപാട് വ്യക്തമാക്കേണ്ട ഘട്ടങ്ങൾ രൂപപ്പെടുമ്പോൾ അതു സഭ വ്യക്തമാക്കുകതന്നെ ചെയ്യും; അത് ജീവനെയും കുടുംബത്തെയും മനുഷ്യമാഹാത്മ്യത്തെയും സംബന്ധിക്കുന്ന വിഷയങ്ങളിലാണെങ്കിൽ പ്രത്യേകിച്ചും.