യഹൂദവിദ്വേഷം തിരിച്ചുവരുന്ന യൂറോപ്പ്
ജെറി ജോർജ് ബോൺ
Tuesday, August 27, 2024 12:21 AM IST
കഴിഞ്ഞവർഷം ഒക്ടോബർ ഏഴിന് ഹമാസ് ഭീകരർ ഇസ്രയേലിൽ കടന്നുകയറി ആരംഭിച്ച ഗാസാ യുദ്ധം ഇരുഭാഗത്തും കനത്ത നഷ്ടങ്ങൾ വരുത്തി മുന്നേറുകയാണ്. ഭീകരസംഘടനയായ ഹമാസുമായി ഇടനിലക്കാർ വഴി ചർച്ചകൾ നടത്തുന്ന ഇസ്രയേലിന് വിട്ടുവീഴ്ചകൾക്കു വഴങ്ങാൻ സാധ്യമല്ല. ഇപ്പോഴും നൂറോളം ബന്ദികൾ ഹമാസിന്റെ തടങ്കലിലുണ്ട്. യഹൂദരെയും ക്രൈസ്തവരെയും ഭൂമുഖത്തുനിന്നു തുടച്ചുനീക്കുമെന്നു നിയമാവലിയിൽത്തന്നെ എഴുതിവച്ചിരിക്കുന്ന ഹമാസിന്റെ ആവശ്യങ്ങൾക്കു വഴങ്ങുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് ഇസ്രയേലിനറിയാം.
ഗാസാ യുദ്ധത്തിന്റെ ഫലമായി സംഭവിച്ച രണ്ടുമൂന്നു കാര്യങ്ങളുണ്ട്. ഇസ്രയേൽ-അമേരിക്ക വിരുദ്ധരായ തീവ്ര ഇസ്ലാമികവാദികളും തീവ്ര ഇടതുപക്ഷക്കാരും കൂട്ടുചേർന്ന് ഇസ്രയേലിനെതിരേ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന പ്രചണ്ഡമായ പ്രചാരണങ്ങളിൽ അനേകർ കുടുങ്ങിപ്പോയി എന്നതാണ് അതിൽ ആദ്യത്തേത്. യൂറോപ്യൻ-അമേരിക്കൻ സർവകലാശാലകളിൽ അരങ്ങേറിയ പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുത്ത വിദ്യാർഥികൾ ന്യൂനപക്ഷമായിരുന്നെങ്കിലും ലോകമെങ്ങും തലക്കെട്ടുകൾ സൃഷ്ടിക്കാൻ അവർക്കു കഴിഞ്ഞു. ഹമാസിന്റെ അടിച്ചമർത്തലിൽനിന്നു രക്ഷനേടാനായി യൂറോപ്പിൽ അഭയം തേടിയവർ ഇപ്പോൾ ഹമാസിനു സിന്ദാബാദ് വിളിക്കുന്നതിലെ വൈരുധ്യം മനസിലാക്കി അവരെ നാടുകടത്താൻ ഇടയായപ്പോഴാണ് പലരുടെയും കണ്ണ് തുറന്നത്.
ലോകമെന്പാടുമുള്ള യഹൂദരുടെ സ്വത്വബോധം ഉണർന്നു എന്ന ഒരു ഫലവും ഗാസാ യുദ്ധംകൊണ്ടുണ്ടായി. യുദ്ധം ആരംഭിച്ച നാളുകളിൽ ലോകമെന്പാടുംനിന്ന് യഹൂദർ ഇസ്രയേലിലേക്കു വരാൻ തുടങ്ങി. ഹമാസിന്റെ ഭീകരാക്രമണം നേരിട്ട സ്ഥലങ്ങളിലെ ആളുകളെ ആശ്വസിപ്പിക്കുന്നതിനും അത്യാവശ്യമായ ജോലികൾ ചെയ്യുന്നതിനും അവർ പങ്കാളിത്തം വഹിച്ചു. അനേകം പേർ സൈന്യസേവനത്തിനു തയാറായി. തങ്ങളെ രക്ഷിക്കാൻ മറ്റാരും വരികയില്ലെന്ന തിരിച്ചറിവിൽനിന്നു രൂപംകൊണ്ട പുതിയൊരു സ്വത്വബോധമാണ് ഇന്ന് യഹൂദജനതയെ നയിക്കുന്നത്.
തനിമ തേടുന്ന യഹൂദർ
ചരിത്രത്തിൽ ഉണ്ടായിട്ടുള്ള തിരിച്ചടികളുടെ സന്ദർഭങ്ങളാണ് യഹൂദജനതയെ ഒന്നിച്ചു നിർത്തിയിട്ടുള്ളത്. ലോകമാകെ ചിതറിക്കപ്പെട്ടിട്ടും മതപരമായ വേരുകളിലേക്കു തിരിച്ചുപോകാനും കൂട്ടായ്മയിലൂടെ ശക്തിപ്പെടാനും യഹൂദരെ സഹായിച്ചത് ആപത് സന്ദർഭങ്ങളിലെ നിസഹായാവസ്ഥതന്നെയാണ്. എഡി 70-ാമാണ്ടിൽ ജറൂസലെമിൽ റോമൻ അധിനിവേശം പൂർണമാകുകയും യഹൂദ ചെറുത്തുനില്പ് ശക്തിഹീനമാകുകയും യഹൂദർ പലസ്തീനായ്ക്കു വെളിയിൽ ചിതറിക്കപ്പെടുകയും ചെയ്തു.
തുടർന്നു പലസ്തീനായിലെ യഹൂദരും കുടിയേറിയ നാടുകളിൽ എത്തിച്ചേർന്ന യഹൂദരും അനുഭവിച്ച പീഡനങ്ങൾ വിവരണാതീതമാണ്. ഈ അവസരങ്ങളിലൊക്കെ യഹൂദർ ഉത്തരം തേടി തങ്ങളുടെ മതപരമായ സ്രോതസുകളിലേക്കു തിരിയാറുണ്ടായിരുന്നു. സർ ചക്രവർത്തിമാരുടെ റഷ്യയിൽ രൂപംകൊണ്ട ഹാസിദിസം അവിടെ ആരംഭിച്ച മതപീഡനങ്ങളോടുള്ള പ്രതികരണമായിരുന്നു. തെയദോർ ഹെർസലിന്റെ നേതൃത്വത്തിൽ ആരംഭിച്ച സിയോണിസത്തിന്റെ (1897) കാരണവും മറ്റൊന്നല്ല.
1933ൽ ഹിറ്റ്ലർ ജർമനിയിൽ ഏകാധിപതിയായി ഭരണം തുടങ്ങിയപ്പോൾ സർവാദരണീയനായ മാർട്ടിൻ ബൂബർ യഹൂദരെ ഓർമിപ്പിച്ചത് ഇതാണ്, “ഈ പ്രതിസന്ധിഘട്ടത്തിൽ പ്രശ്നങ്ങളെ നേരിടാൻ ഒരു ജർമൻ യഹൂദന് ആദ്യമായി വേണ്ടത് തന്റെ വ്യക്തിപരവും അസ്തിത്വപരവുമായ മൂല്യങ്ങളെക്കുറിച്ചുള്ള അവബോധമാണ്.” ഒക്ടോബർ ഏഴിനുശേഷം യഹൂദരുടെ ഇടയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ തിരിഞ്ഞുനോട്ടവും പിൻനടത്തവും നിരവധി വ്യത്യസ്ത രൂപങ്ങളാണ് ആർജിച്ചിരിക്കുന്നത്.
ഭൂതകാല ചരിത്രത്തിലേക്കുള്ള ഈ തിരിഞ്ഞുനോട്ടം ഏറ്റവും ശക്തമായി നടക്കുന്നത് ഫ്രാൻസിലാണ്. ഹമാസ് നടത്തിയ ഭീകരാക്രമണത്തിനും ഇസ്രയേൽ നടത്തുന്ന തിരിച്ചടിക്കും ശേഷം യൂറോപ്യൻ യഹൂദർ ദിവസേന നേരിടുന്ന അതിക്രമങ്ങളാണ് ഇതിന്റെ മുഖ്യകാരണം. പല യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് ഇസ്രയേലിലേക്കുള്ള പുനർകുടിയേറ്റം വർധിച്ചിരിക്കുകയാണ്.
മതേതര, മതരഹിത യഹൂദരും ഹമാസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സ്വന്തം സ്വത്വത്തെക്കുറിച്ചു ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. സിനഗോഗുകളിലെ പ്രാർഥനാ ശുശ്രൂഷകളിൽ എല്ലായിടത്തും പങ്കാളിത്തം വർധിച്ചിട്ടുണ്ട്; റബ്ബിമാരുടെ ഉപദേശം തേടുന്നതും കൂടിയിട്ടുണ്ട്. ഫ്രാൻസിലെ യഹൂദർ കിഴക്കൻ യൂറോപ്പിൽനിന്ന് 19-ാം നൂറ്റാണ്ടിൽ കുടിയേറിയ അഷ്കെനാസി, വടക്കേ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നു കുടിയേറിയ ഷെഫാർഡി എന്നീ വിഭാഗത്തിൽപ്പെടും.
ഇടതുപക്ഷ ചായ്വും കോളനിവിരുദ്ധ മനോഭാവവുമുള്ള അഷ്കെനാസികളും മുസ്ലിം മേധാവിത്വത്തിന്റെ ദുരിതങ്ങൾ അനുഭവിച്ച ഷെഫാർഡികളും ഇസ്രയേലിന്റെ കോളനിവത്കരണം എന്ന ആരോപണത്തെ ഒന്നിച്ചെതിർക്കേണ്ട സാഹചര്യമാണിപ്പോൾ. അതുകൊണ്ടാണ് യഹൂദത്തനിമ എന്ന ഏക യാഥാർഥ്യത്തിന് ഇരുകൂട്ടരും ഊന്നൽ കൊടുക്കേണ്ടിവരുന്നത്.
തുടരുന്ന അതിക്രമങ്ങൾ
2024 ജനുവരി മുതൽ ജൂൺ വരെ ഫ്രാൻസിൽ യഹൂദർക്കെതിരേ 887 ആക്രമണങ്ങളാണു നടന്നത്. ഇക്കഴിഞ്ഞ ദിവസം ഒരു സിനഗോഗിനു മുന്നിൽ സ്ഫോടനമുണ്ടായി. അതുപോലെ മറ്റു യൂറോപ്യൻ രാജ്യങ്ങളിലും യഹൂദവിദ്വേഷം ആക്രമണങ്ങളായും വംശീയാധിക്ഷേപമായും പ്രത്യക്ഷപ്പെട്ടു.
നാസി കാലഘട്ടത്തിലെ ദുരനുഭവങ്ങളുടെ തനിയാവർത്തനമാണ് ഇപ്പോൾ യൂറോപ്പിൽ നടക്കുന്നത്. തീവ്രവലതുപക്ഷക്കാരായ ദേശീയവാദികളോടൊപ്പം തീവ്ര ഇടതുപക്ഷക്കാരും കുടിയേറിവന്ന ഇസ്ലാമിക തീവ്രവാദികളും യഹൂദരെ ആക്രമിക്കാൻ ഒന്നിച്ചുകൂടിയിരിക്കുന്നു എന്ന പ്രത്യേകതയുണ്ട്.
ഈ പശ്ചാത്തലത്തിലാണ് ലിബറൽ മുതൽ തീവ്ര യാഥാസ്ഥിതികർ വരെയുള്ള യഹൂദ ഗ്രൂപ്പുകളിലെ അംഗങ്ങൾ അയേക്കാ എന്ന പേരിൽ പുതിയൊരു പ്രസ്ഥാനത്തിനു രൂപംകൊടുത്തിരിക്കുന്നത്. ജർമനിയിലെ ദ്രെസ്ദെൻ പട്ടണത്തിൽ റബ്ബി എമിൽ ആക്കർമാൻ നേതൃത്വം കൊടുക്കുന്ന ഈ പ്രസ്ഥാനം യഹൂദചരിത്രം, സംസ്കാരം, വിശുദ്ധഗ്രന്ഥം, അനുഷ്ഠാനങ്ങൾ, മതനിയമങ്ങൾ എന്നിവ ആനുകാലിക സംഭവങ്ങളുടെ വെളിച്ചത്തിൽ നൂതനമായി വ്യാഖ്യാനിക്കാനും മനസിലാക്കാനും ശ്രമിക്കുന്നു.
ഒക്ടോബർ ഏഴിന് കൂട്ടക്കൊലയും ബലാത്സംഗവും തട്ടിക്കൊണ്ടുപോകലും നടത്തിയ ഹമാസിനെ പിന്തുണയ്ക്കുകയും ബന്ദികളെ സ്വതന്ത്രരാക്കാൻ യുദ്ധത്തിലേർപ്പെട്ട ഇസ്രയേലിനെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന നിലപാട് യഹൂദർക്കു മാത്രമല്ല, സമാധാനജീവിതം കാംക്ഷിക്കുന്ന ആർക്കും മനസിലാകുന്നില്ല. പലസ്തീനിലെ അഭയാർഥികൾക്കുവേണ്ടിയുള്ള യുഎൻആർഡബ്ല്യുഎ പ്രസ്ഥാനത്തിന്റെ പ്രവർത്തകരിൽ പലരും ഹമാസിന്റെ സഹകാരികളായിരുന്നെന്നു വളരെ അടുത്തയിടെയാണ് പുറത്തുവന്നത്.
യുഎൻ തന്നെ നടത്തിയ ആഭ്യന്തര അന്വേഷണത്തിന്റെ ഫലമായി അവരെ പ്രസ്ഥാനത്തിൽനിന്നു പുറത്താക്കുകയുണ്ടായി. ആക്രമണം നടന്ന ഒക്ടോബറിൽ ജർമനി യുഎൻ പ്രസ്ഥാനത്തിനു നൽകിയത് 20 കോടി യൂറോയാണ്. ഹമാസുമായുള്ള രഹസ്യബാന്ധവം പുറത്തുവരാതിരിക്കാനാണ് യുഎൻ ശ്രമിച്ചതെന്ന് ജർമനി കുറ്റപ്പെടുത്തി.
ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയ ജർമൻ-ഇസ്രേലി വനിതയായ ഷാനി നിക്കോൾ ലുവൂക്കിന്റെ മൃതദേഹം കാണപ്പെട്ടത് ഗാസയിലെ യുഎൻ മന്ദിരത്തിലാണ്. യുഎൻ ആഭിമുഖ്യത്തിലുള്ള സ്കൂളുകളിൽ വർഷങ്ങളായി പഠിപ്പിച്ചുവരുന്ന യഹൂദവിദ്വേഷത്തിന്റെ ഫലമാണ് ഒക്ടോബർ ഏഴിന്റെ ഭീകരാക്രമണമെന്ന് ഷാനിയുടെ അമ്മ റിക്കാർദ കുറ്റപ്പെടുത്തിയതിൽ സത്യമില്ലേ?
ഒക്ടോബർ ഏഴിനു ശേഷം യൂറോപ്യൻ, അമേരിക്കൻ, ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റികളിൽ യഹൂദർക്കെതിരായ അതിക്രമങ്ങൾ കുതിച്ചുയരുകയുണ്ടായി. താൻ യഹൂദനാണ് എന്ന് ആർക്കൊക്കെ അറിയാം എന്ന പേടിയിലാണ് യഹൂദവിദ്യാർഥികൾ കഴിയുന്നത്. സ്ഥിരമായ ഭയമാണ് ഇപ്പോൾ തങ്ങളുടെ മുഖമുദ്രയെന്ന് ജർമൻ യഹൂദ വിദ്യാർഥി സഖ്യത്തിന്റെ പ്രസിഡന്റായ ഹന്നാ ഫൈലർ പറയുന്നു.
ക്ലാസ്മുറിയിലും ശുചിമുറിയിലും ഭക്ഷണശാലയിലുമൊക്കെ യഹൂദ വിദ്യാർഥികൾ കൂട്ടം ചേർന്നാണു പോകുന്നത്. ഒഴിവുസമയത്ത് അവർ കാന്പസിൽ പ്രത്യക്ഷപ്പെടാതെ നോക്കുന്നു. ജർമനിയിലെ നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇരകളായ യഹൂദവിദ്യാർഥികളെ മാനസികമായി ശക്തിപ്പെടുത്താൻ പ്രത്യേക സഹായകേന്ദ്രങ്ങൾ സ്ഥാപിച്ചിരിക്കുകയാണ്.
2023ലെ ആദ്യത്തെ ഒന്പതു മാസങ്ങളിൽ ജർമനിയിൽ ഇസ്ലാമിക തീവ്രവാദപരമായ 2,200 ആക്രമണങ്ങൾ നടന്നെങ്കിൽ അത്രയുംതന്നെയാണു പിന്നീടുള്ള മൂന്നു മാസങ്ങളിലും നടന്നത്. അപരൻ ക്രിസ്ത്യാനിയായതുകൊണ്ട് അവനോടു സംസാരിക്കാതെ നടന്ന ഒരു വിദ്യാർഥിയെപ്പറ്റി ഫെഡറൽ ക്രിമിനൽ റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഇത്തരത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അപരമതവിദ്വേഷം പ്രചരിപ്പിക്കുന്നതിൽ മതപ്രസംഗകർക്കുള്ള പങ്ക് റിപ്പോർട്ട് വിശദമാക്കുന്നുണ്ട്. സമൂഹമാധ്യമങ്ങൾക്കും വിദ്വേഷപ്രചാരണത്തിൽ വ്യക്തമായ പങ്കുണ്ട്. യുവജനങ്ങളാണു വിദ്വേഷപ്രചാരകരുടെ മുഖ്യലക്ഷ്യം. ജർമനിയിൽ ഖാലിഫേറ്റ് സ്ഥാപിക്കണം എന്ന മുദ്രാവാക്യവുമായി നടത്തിയ റാലിയിൽനിന്ന് അതു വ്യക്തമാണ്.
മറ്റുള്ളവരുടെ ദൃഷ്ടിയിൽ പെടാതിരിക്കാനാണ് യഹൂദർ ഇപ്പോൾ ശ്രമിക്കുന്നത്. മതഭക്തരായ യഹൂദർ ധരിക്കുന്ന കിപ്പ (പപ്പടത്തൊപ്പി) വയ്ക്കാതെയാണ് അവരിപ്പോൾ പുറത്തിറങ്ങുന്നത്. യഹൂദരുടെ അടയാളങ്ങളെല്ലാം അവർ ഒഴിവാക്കുന്നു. കാരണം, അസഭ്യവർഷമോ ദേഹോപദ്രവമോ കത്തിയാക്രമണമോ എപ്പോൾ വേണമെങ്കിലും ഉണ്ടാകാം.
തീവ്രവാദികളായ ഇസ്ലാമിസ്റ്റുകളുടെ അതിക്രമങ്ങളെക്കുറിച്ചു പറയാൻ മാധ്യമങ്ങൾക്കും ഭയമാണെന്ന് ബർലിനിലെ ജൂഡിഷെൻ ആൾഗെമൈനൻ എന്ന യഹൂദവാരികയുടെ പത്രാധിപർ ഫിലിപ് പേമെൻ എങ്ങൽ ഈയിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു. തീവ്ര ഇസ്ലാമിസ്റ്റുകളാണോ തീവ്ര ഇടതുപക്ഷക്കാരാണോ യഹൂദ വിദ്വേഷത്തിൽ മുന്പിൽ എന്നതു മാത്രമാണ് പ്രശ്നമെന്നും അദ്ദേഹം പറയുന്നു. ഒരു ജനതയ്ക്ക് എത്രകാലം ഒളിജീവിതം സാധ്യമാകുമെന്ന് അദ്ദേഹം ലോകമനഃസാക്ഷിയോടു ചോദിക്കുന്നു.
മൂന്നാം ദേവാലയമോ?
യഹൂദരുടെ ആദ്യത്തെ രണ്ടു ദേവാലയങ്ങളും നിന്നിരുന്ന ജറൂസലെമിലെ ടെന്പിൾ മൗണ്ടിലാണ് ഇപ്പോൾ അൽഅക്സാ മോസ്കും ശിലാസൗധവും (ഡോം ഓഫ് ദി റോക്ക്) സ്ഥിതിചെയ്യുന്നത്. അവിടെത്തന്നെ മൂന്നാം ദേവാലയം പണിയാൻ യഹൂദരുടെ ടെന്പിൾ ഇൻസ്റ്റിറ്റ്യൂട്ട് തീവ്രമായി ശ്രമിച്ചുവരികയാണ്. പഴയനിയമ വിധിപ്രകാരമുള്ള നിർമിതികളെല്ലാം പൂർത്തിയായത്രേ. ബലിയർപ്പണത്തിനുള്ള ചെമന്ന രോമങ്ങളുള്ള ബലിമൃഗങ്ങളെ ഷീലോ ഗ്രാമത്തിൽ വളർത്തുന്നുണ്ടെന്നാണു കഴിഞ്ഞ മാർച്ച് 27നു ഷീലോയിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചത്.
ടെന്പിൾ മൗണ്ട് യഹൂദ ദേവാലയത്തിന്റെ സ്ഥാനമായിരുന്നു എന്ന വസ്തുത, ആരാണ് ജറൂസലെമിന്റെ അവകാശികൾ, ആരാണ് അധിനിവേശക്കാർ എന്നു വ്യക്തമാക്കുന്നുണ്ട്. അവിടെ പുതിയ ദേവാലയം പണിയാനുള്ള ശ്രമം മതാടിസ്ഥാനത്തിലുള്ള ആഗോളയുദ്ധമായി പരിണമിക്കുമെന്ന് ഏപ്രിൽ എട്ടിനു ജറൂസലെമിൽ കൂടിയ സർവമത പ്രതിനിധികൾ മുന്നറിയിപ്പു നൽകിയത് ശ്രദ്ധേയമാണ്.