ഉരുൾദുരന്ത പുനരധിവാസം: ടൗൺഷിപ്പിനു പകരം ഫാം ടൂറിസം ഗ്രാമങ്ങൾ
തോമസ് പി. നെടുംകുന്നം
Tuesday, August 27, 2024 12:16 AM IST
ഇരുളിലാണ്ടുപോയ പഴയകാലത്തിൽനിന്നു പ്രത്യാശയുടെ പ്രകാശപൂരിതമായ വരുംകാല പുലരിയിലേക്കുള്ള പുനർജന്മമാണ് പുനരധിവാസത്തിലൂടെ നടക്കുന്നത് എന്നു പറയാം. എല്ലാം ശൂന്യതയിലേക്കു വഴുതിപ്പോയ മനസുകളുടെ പുനരുജ്ജീവനമാണത്. ദുരന്തങ്ങൾക്കിരയായവരുടെ ഉലഞ്ഞുപോയ മാനസികാവസ്ഥ അറിഞ്ഞും ആദരിച്ചും സസൂക്ഷ്മം നടപ്പിലാക്കേണ്ട ഉത്കൃഷ്ടമായ മാനവസേവന ദൗത്യമാണു പുനരധിവാസം എന്നുകൂടി വായിക്കേണ്ടതാണ്.
ഉരുൾദുരന്തം കാരണമാക്കിയ ദുർവഹവും ദുഃസഹവുമായ നഷ്ടങ്ങളും ഉറ്റ ഹൃദയബന്ധങ്ങളുടെ അപരിഹാര്യ നഷ്ടങ്ങളും ഉടഞ്ഞുപോയ കുടുംബസ്വപ്നങ്ങളുമെല്ലാം ഒടുങ്ങാത്തതും അടങ്ങാത്തതുമായ നീറ്റലുകളായി കൊണ്ടുനടക്കുന്നവരെയാണ് പുനരധിവസിപ്പിക്കുന്നത്.
ടൗൺഷിപ്പ് സ്വീകാര്യമാകുമോ?
പുനരധിവസിക്കപ്പെടുന്നവരുടെ സങ്കൽപ്പങ്ങളും മോഹങ്ങളും ശീലിച്ചുപോന്ന ജീവിതവൃത്തി ശൈലികളുമായി പൊരുത്തപ്പെട്ടു പോകുന്നതായിരിക്കണം അവർക്കായി ഒരുക്കുന്ന പുനരധിവാസം എന്നതു പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആധുനിക ജീവിതനിലവാരം പുലർത്തുന്ന ചെറുനഗരങ്ങൾ (ടൗൺഷിപ്പുകൾ) നിർമിച്ച് ഇവരെ പുനരധിവസിപ്പിച്ചാൽ സകല ദുഃഖങ്ങളും നഷ്ടചിന്തകളും മറന്ന് ശാന്തിയും സന്തോഷവും സംതൃപ്തിയും നിറഞ്ഞ നിറക്കൂട്ടുള്ള പുതിയൊരു ജീവിതം കരുപ്പിടിക്കുമെന്നത് അബദ്ധധാരണയും മിഥ്യാ പ്രതീക്ഷയുമായിരിക്കുമെന്നു പറയാതെവയ്യ.
മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം കുന്നുകളിൽ ജീവിച്ചിരുന്നവരുടെ മുഖ്യ ഉപജീവന സ്രോതസ് കാർഷികവൃത്തിയായിരുന്നല്ലോ. കാർഷിക സംസ്കാരം രക്തത്തിൽ അലിഞ്ഞുചേർന്നു കിടക്കുന്നതിനാൽ വയനാടൻ കാർഷിക ഗ്രാമങ്ങളിലേക്കു തന്നെയുള്ള പുനരധിവാസമായിരിക്കും അവർക്കു സ്വീകാര്യവും തൃപ്തികരവും എന്നത് ബന്ധപ്പെട്ട അധികാരികൾ തിരിച്ചറിഞ്ഞിട്ടുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
ടൂറിസം ബന്ധിത ഗ്രാമങ്ങൾ
ഭൗമികസൗന്ദര്യംകൊണ്ട് അനന്യവും അനുഗൃഹീതവുമായ ഭൂമികയാണല്ലോ വയനാട്. ഒപ്പം മനം മയക്കുന്ന സ്വാദും മാസ്മരിക സുഗന്ധവും പകരുന്ന സുഗന്ധവ്യഞ്ജന വൈവിധ്യങ്ങൾകൊണ്ട് സന്പന്നമാണ് ഈ നാട്. അതുകൊണ്ടുതന്നെ ടൂറിസം ഭൂപടത്തിൽ ശ്രദ്ധേയമായ ഇടം വയനാടിനുണ്ട്. ടൂറിസം വയനാടിനു കൈയാളുന്ന അനന്തമായ വികസനസാധ്യതകളും വൈവിധ്യമാർന്ന വരുമാന അവസരങ്ങളും പരിഗണിച്ച് നിർദിഷ്ട പുനരധിവാസ കാർഷികഗ്രാമങ്ങൾ ടൂറിസബന്ധിതമാക്കിയാൽ സുസ്ഥിര വരുമാനം ഓരോ കുടുംബത്തിനും ഉറപ്പാകും. ഇതിന്റെ ഭാഗമായി ഓരോ ഭവനത്തിന്റെയും വിനോദസഞ്ചാരികൾക്കുള്ള അതിഥിമുറികൾ (ഹോം സ്റ്റേകൾ) നിർമിക്കണം.
വയനാടൻ തനിമകൾ വിളയുന്ന ഗ്രാമങ്ങൾ
ഒരേക്കറെങ്കിലും വിസ്തൃതി വരുന്ന കൃഷിഭൂമികൾ ടൂറിസത്തിനുവേണ്ടി ഭവനത്തിനു ചുറ്റുമുണ്ടായിരിക്കണം. വയനാട് എന്ന നാടിന്റെ പേരും പെരുമയും എങ്ങുമെത്തിക്കുന്ന വിവിധ സുഗന്ധവ്യഞ്ജനങ്ങൾ ടൂറിസം ഭൂമിയിലെ ആകർഷകമായ ഹരിതസ്വത്തായിരിക്കും. ഈ വയൽനാട് പൊന്നുപോലെ നെഞ്ചോടു ചേർത്തു കരുതി സംരക്ഷിക്കുന്ന ഔഷധഗുണങ്ങളുള്ളതും സുഗന്ധം പരത്തുന്നതുമായ നെല്ലിനങ്ങൾ, സദാ വിപണിയുള്ള പൂജാപുഷ്പങ്ങൾ, ശീതകാല പച്ചക്കറിയിനങ്ങൾ, രുചിയൂറുന്ന പഴങ്ങൾ വിളയുന്ന വാഴകൾ, നാട്ടുമാവ്, നാടൻപ്ലാവ് തുടങ്ങിയവ ഇടതൂർന്നു വളരുന്ന കൃഷിയിടങ്ങൾ വിനോദസഞ്ചാരികൾക്ക് കാർഷിക അറിവുകൾ പകരുന്ന പഠനക്കളരികളായും കൗതുകമുണർത്തുന്ന കാഴ്ചകളായും ഹരിതഭംഗിയുടെയും സമൃദ്ധിയുടെയും വിളനിലമായും അനുഭവപ്പെടുമെന്നതു തീർച്ചയാണ്.
ദുരന്തബാധിതരുടെ ഹൃദയമായ കൃഷിഭൂമി
കൃഷിഭൂമിയിലെ മണ്ണിനും ഇലച്ചാർത്തുകൾക്കും പൂക്കൾക്കും കായ്കൾക്കുമെല്ലാം മനസിൽ ലഹരിയുണർത്തുന്ന ഗന്ധങ്ങളുണ്ട്. പൂത്തുലഞ്ഞും കായ്കൾ നിറഞ്ഞും നിൽക്കുന്ന ചെടികൾക്കിടയിലൂടെ അവയെ പരിചയപ്പെട്ടും സൗഹൃദം തുടങ്ങിയും സഞ്ചരിക്കുന്ന വിനോദസഞ്ചാരികൾ വയനാട്ടിലെ ദുരന്തങ്ങളിൽനിന്നു കരപറ്റിയവരുടെ ഹൃദയങ്ങളെ സ്പർശിച്ചറിയുകയായിരിക്കും. ഈ തോട്ടം അവർക്കു കൊടുക്കുന്ന കായ്ഫലങ്ങൾ ഹോം സ്റ്റേകളിൽ സ്വയം പാചകം ചെയ്ത് ആസ്വദിക്കുകയാണെങ്കിൽ അത് അവിസ്മരണീയ അനുഭവമായിരിക്കും. തോട്ടത്തിൽനിന്നു ശേഖരിച്ച സുഗന്ധവ്യഞ്ജനങ്ങൾ നിറച്ച കുട്ടകളുമായിട്ടേ അവർക്കു മടങ്ങിപ്പോകാനാകൂ. ഒപ്പം അതിജീവന ഭവനങ്ങളുടെ മനസുകളും പണപ്പെട്ടിയും നിറയും.
അതിജീവനഗ്രാമത്തിലെ ഉത്പന്നങ്ങൾക്കു തനതായി ഒരു ബ്രാൻഡ് നാമമുണ്ടെങ്കിൽ അവ വാങ്ങുന്ന വിനോദസഞ്ചാരികളിലും വിപണിയിലും സഹതാപ ചലനങ്ങൾ സൃഷ്ടിച്ചെന്നു വരാം.
ശാശ്വത സ്മാരകം
ആ മണ്ണിൽ മറഞ്ഞുപോയ നൂറുകണക്കിനു നിരപരാധികളായ നമ്മുടെ സഹോദരങ്ങളുടെ ശാശ്വത സ്മാരകമായി ഉരുൾദുരന്തഭൂമി ആദരവോടെ ദേവാലയത്തിനു സമാനം നിലനിർത്തണം. പ്രകൃതി വികൃതമാക്കിയ ഈ നൊന്പരഭൂമി സന്ദർശിച്ച് മൺമറഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ കടന്നുവരുന്നവർക്ക് ആവശ്യമായ സംവിധാനങ്ങൾ ഏർപ്പാടാക്കണം. ഒപ്പം, നിയന്ത്രണങ്ങളും വേണം.
എല്ലാ വേദനകളും ഉള്ളിലൊതുക്കി ജീവിതം തിരിച്ചുപിടിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന അതിജീവനത്തിന്റെ നിസഹായരെയും പുതിയ മണ്ണിൽ ഇലകൊഴിഞ്ഞുപോയ അവരുടെ ജീവിതത്തിൽ പുനർജീവന നാന്പുകൾ തളിർത്തുവരുന്ന മനം കുളിർക്കുന്ന കാഴ്ചകളും നേരിൽ കാണാൻ സന്ദർശകർക്ക് അവിടേക്കുള്ള വഴി പരിചയപ്പെടുത്തേണ്ടതുണ്ട്.
പുതിയ ആകാശം, പുതിയ ഭൂമി
ദുരന്തഭൂമിയിൽനിന്നു കരപറ്റി കരളുറപ്പോടെ കരുപ്പിടിച്ച പച്ചപ്പിന്റെ പുതുനാന്പുകൾ കാണുന്നവർ വായിച്ചറിയട്ടെ, തളരാത്ത മനസുകളും വറ്റിപ്പോകാത്ത ശുഭപ്രതീക്ഷകളും രചിച്ച പ്രകൃതിരമണീയമായ പുതിയ പ്രകാശവും പുതിയ ഭൂമിയും എന്ന മഹത്തായ ജീവിതകാവ്യം.