സമത്വം നൽകുന്ന ജീവിതവിജയം
ഡോ. എം.എം. മാത്യു
Monday, August 26, 2024 2:28 AM IST
ഇന്ന് ഓഗസ്റ്റ് 26; സ്ത്രീസമത്വദിനം. ഈ പ്രപഞ്ചത്തിൽ സ്ത്രീയും പുരുഷനും മനുഷ്യജീവിതത്തിന്റെ രണ്ടു മുഖങ്ങളാണ്. അവർ പരസ്പരം പൂരകങ്ങളാണ്. സ്ത്രീയും പുരുഷനും ഒന്നായിച്ചേർന്നു ജീവിക്കുന്പോഴാണ് അവിടം സ്വർഗമായിത്തീരുന്നത്. ഏറെ നാളുകൾക്കുമുന്പ് സ്ത്രീയും പുരുഷനും രണ്ടുതരം ജോലികളിലാണ് ഏർപ്പെട്ടിരുന്നത്.
ജീവശാസ്ത്രപരമായ കാരണങ്ങളാൽ പുരുഷൻ ഭക്ഷണം തേടി വീടിനു പുറത്തേക്ക് പോയിരുന്നു. കഠിനാധ്വാനം ശീലമാക്കിയ പുരുഷൻ മൃഗങ്ങളെ വേട്ടയാടി ആഹാരം സന്പാദിച്ചുപോന്നു. സ്ത്രീകൾ കുഞ്ഞുങ്ങളെ പ്രസവിച്ചു വളർത്തി വലുതാക്കുന്നതിലും കുടുംബാന്തരീക്ഷം മനോഹരമാക്കുന്നതിലും എല്ലാവർക്കും ആഹാരം പാകംചെയ്തു കൊടുക്കുന്നതിലും ശ്രദ്ധിച്ചു. ഇവിടെ നാം കാണുന്നത് പരസ്പരവിശ്വാസവും കരുതലുമാണ്. രണ്ടുപേരും ഒത്തൊരുമയോടെ പ്രവർത്തിച്ചു വിജയം നേടി.
കൂടുതൽ അധികാരം പുരുഷന്
കാലം മുന്നോട്ടുപോയപ്പോൾ മനുഷ്യന്റെ കണ്ടുപിടിത്തങ്ങളിലും സാങ്കേതികവിദ്യയുടെ വളർച്ചയിലും വലിയ പുരോഗതിയുണ്ടായി. ഇത്തരത്തിലുള്ള പുരോഗതി സമൂഹത്തിന്റെ ഘടനയിൽ മാറ്റംവരുത്തി. അങ്ങനെവന്നപ്പോൾ കുടുംബത്തിന്റെ അധിപനായ അല്ലെങ്കിൽ സമൂഹത്തെ പൊതുവിൽ നയിച്ചിരുന്ന പുരുഷന് കൂടുതൽ അധികാരം കൈവന്നുവെന്നതാണു സത്യം. സ്ത്രീകളുടെ പരിമിതികൾ മനസിലാക്കിയ പുരുഷൻ അവൾക്ക് "ലേഡീസ് ഫസ്റ്റ്' എന്നപോലെയുള്ള ആനുകൂല്യങ്ങൾ ചെയ്തുകൊടുത്തിരുന്നു.
പക്ഷേ, പലപ്പോഴും സ്ത്രീകൾക്ക് ആനുകൂല്യങ്ങൾ നൽകിയിരുന്നെങ്കിലും അവസരങ്ങൾ നിഷേധിക്കപ്പെട്ടു. ഇങ്ങനെ അവസരങ്ങൾ നിഷേധിക്കപ്പെട്ടപ്പോഴാണ് അസമത്വങ്ങൾ ഉടലെടുത്തത്. ഇതിൽ സ്ത്രീകൾക്കു സ്വത്തിന് അവകാശമില്ല എന്നുള്ളത് വലിയ അനീതിയായിരുന്നു. ഇതുപോലെ പല രാജ്യങ്ങളിലും വോട്ടവകാശം ഉൾപ്പെടെയുള്ള രാഷ്ട്രീയാവകാശങ്ങൾ നിഷേധിക്കപ്പെട്ടിരുന്നു. സ്ത്രീകളുടെ ശാരീരിക അവസ്ഥയുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ലെങ്കിലും അവർക്ക് ഉന്നതവിദ്യാഭ്യാസത്തിനുള്ള അവകാശവും നിഷേധിക്കപ്പെട്ടിരുന്നു.
ഇതുപോലുള്ള അസമത്വങ്ങളും അനീതിയും ചൂണ്ടിക്കാട്ടിയാണ് മേരി വോൾസ്റ്റോൺ ക്രാഫ്റ്റ് എന്നുപേരുള്ള സ്ത്രീ 1792ൽ "വിൻഡിക്കേഷൻ ഓഫ് റൈറ്റ്സ് ഓഫ് വുമൺ' എന്ന പുസ്തകമെഴുതിയത്.
ഈ പുസ്തകം പ്രസിദ്ധീകരിച്ചതുവഴി അവർ സ്ത്രീകൾക്കും പുരുഷന്മാരോടൊപ്പം തുല്യ അവകാശങ്ങൾ വേണമെന്നു സമൂഹത്തെ ഓർമപ്പെടുത്തി. ഇതിനെ അടിസ്ഥാനപ്പെടുത്തി പിൽക്കാലത്ത് വിദ്യാഭ്യാസത്തിനും തൊഴിലിനും സ്വത്തിനും വോട്ടിനും വേണ്ടി പലയിടത്തും സമരങ്ങൾ നടന്നു. ജോൺ സ്റ്റുവർട്ട്മിൽ 1869ൽ "ദ സബ്ജക്ഷൻ ഓഫ് വിമൻ' എന്ന പുസ്തകം എഴുതി പ്രസിദ്ധീകരിക്കുകയുണ്ടായി. സ്ത്രീകൾ ഒരുതരത്തിലും പുരുഷന്മാരേക്കാൾ താഴെയല്ല എന്ന് അദ്ദേഹം സമർഥിച്ചു.
സ്ത്രീകളുടെ ഉന്നമനം 20-ാം നൂറ്റാണ്ടിൽ
19-ാം നൂറ്റാണ്ടിൽ സ്ത്രീകളുടെ സ്ഥിതി ഉയർത്തിയെടുക്കുന്നതിനുവേണ്ടി ധാരാളം പരിഷ്കാര നടപടികൾക്ക് തുടക്കംകുറിക്കുകയുണ്ടായി. അങ്ങനെ 20-ാം നൂറ്റാണ്ടായപ്പോഴേക്കും സാമൂഹ്യ-രാഷ്ട്രീയ-സാന്പത്തിക-സാംസ്കാരിക രംഗത്ത് സ്ത്രീകളുടെ ഉന്നമനം ഏറെക്കുറെ സാധ്യമായി. നമ്മുടെ സമകാലീനലോകത്ത് എല്ലാ രംഗങ്ങളിലും പുതിയ പുതിയ വൈദഗ്ധ്യങ്ങൾ ആവശ്യമായി വരുന്നതുകൊണ്ട് സ്ത്രീകൾക്ക് ഇന്നു ധാരാളം അവസരങ്ങൾ കൈവന്നിട്ടുണ്ട്. ചുരുക്കത്തിൽ ഇന്നു സ്ത്രീകളുടെ തുല്യാവകാശങ്ങളെ ആരും ചോദ്യം ചെയ്യുന്നില്ല.
സമകാലീന ലിബറൽ സമൂഹത്തിൽ സ്ത്രീകളുടെ അവകാശങ്ങൾ എങ്ങനെ സംരക്ഷിക്കാമെന്നു നമ്മളെ ഓർമപ്പെടുത്തിയ മറ്റൊരു എഴുത്തുകാരിയാണ് ബെറ്റി ഫ്രീഡൻ. അവരുടെ ഏറ്റവും പ്രധാനപ്പെട്ട പുസ്തകമാണ് 1963ൽ പ്രസിദ്ധീകരിച്ച "ദ ഫെമിനൈൻ മിസ്റ്റിക്.' കരോൾ പെയ്റ്റ്മാൻ ആണ് മറ്റൊരു ലിബറൽ ചിന്താഗതിയുള്ള എഴുത്തുകാരി. അവരെഴുതിയ പുസ്തകമാണ് "ദ സെക്ഷ്വൽ കോൺട്രാക്ട്' (1988).
സ്ത്രീയും പുരുഷനും രണ്ടുപേരും ഒന്നിച്ചു ജീവിക്കുന്പോഴാണ് ജീവിതത്തിനു സൗന്ദര്യമുണ്ടാകുന്നത്. രണ്ടുകൂട്ടർക്കും അവകാശങ്ങളും കടമകളുമുണ്ട്. പരസ്പര ബഹുമാനവും സ്നേഹവുമാണ് വിജയകരമായ ജീവിതത്തിന്റെ അടിസ്ഥാനം. നവീന ശാസ്ത്ര-സാങ്കേതിക കണ്ടുപിടിത്തങ്ങളോട് നാം എങ്ങനെ പ്രതികരിക്കുന്നുവെന്നുള്ളതും പ്രധാനമാണ്.