ആലപ്പുഴയോരത്തില് പൂത്തോണിയെത്തീല്ല...
എം. ജോസ് ജോസഫ്
Monday, August 26, 2024 2:26 AM IST
ടീം അവരുടെ കുടുംബമാകുന്നു. തുഴ അവരുടെ ഭാഗമാകുന്നു. വള്ളം അവരുടെ വീടും വള്ളംകളി അവരുടെ ജീവിതവുമാകുന്നു. കടലിനും അതിലേക്കു പതിക്കുന്ന നദികളുടെ ശൃംഖലയ്ക്കുമിടയില് ഒരു നാട്. കുട്ടനാടിന് അങ്ങനെ ജലത്തിന്റെ പുടവ ചുറ്റിയ സംസ്കൃതിയായപ്പോള് വള്ളം കുട്ടനാടന്‍ ജീവിതത്തിന്റെ നെറ്റിയിലെ പൊട്ടായി.
കൃഷിയും വിളവിനുള്ള അധ്വാനത്തിന്റെ ഉത്സാഹത്തിനും മന്ത്രണമായതാണു വഞ്ചിപ്പാട്ടും വള്ളംകളിയുമെല്ലാം. അതു കാണാന്‍ എത്തിയ മുന്‍ പ്രധാനമന്ത്രിയുടെ ആവേശത്തില്‍നിന്ന് പ്രൈം മിനിസ്റ്റേഴ്സ് ട്രോഫിയും അതുപിന്നെ നെഹ്റു ട്രോഫി വള്ളംകളിയുമായി. അങ്ങനെ മഹാജലമേളയായി മാറിയ നെഹ്റു ട്രോഫി വള്ളംകളി ഇത്തവണ അനിശ്ചിതത്വത്തില്‍. ഇനിയെന്നെന്നു നിശ്ചയമില്ല. ബോട്ട് ക്ലബ്ബുകള്‍ ചേര്‍ന്നു ബദല്‍ വള്ളംകളി നടത്തുമെന്ന് പറയുന്നെങ്കിലും കാര്യങ്ങള്‍ തുഴപ്പാടകലെ. അതിനിടെ സെപ്റ്റംബര്‍ അവസാന ശനിയില്‍ നെഹ്റു ട്രോഫി ജലമേള സര്‍ക്കാര്‍ നടത്താനുദ്ദേശിക്കുന്നതായും സൂചനയുണ്ട്.
പാഴായ പണവും പരിശീലനവും
പരിശീലനത്തിന് മഹത്വമില്ല, അതുകൊണ്ടു നേടാനാകുന്നത് നേടിയില്ലെങ്കില്‍. എന്നാല്‍ പരിശീലനമില്ലാതെ ഒരു മഹത്വവും നേടാനുമില്ല. നെഹ്റു ട്രോഫി എന്ന വിജയത്തിനുവേണ്ടിയാണ് 19 ചുണ്ടന് വള്ളങ്ങള്‍ ഉള്‍പ്പെടെ 73 വള്ളങ്ങളും സീസണ് മുഴുവന്‍ പരിശീലനം നടത്തിയത്. ഓഗസ്റ്റ് 10 എന്ന മത്സരദിനത്തിനു ദിവസങ്ങള്‍ ബാക്കിനില്‍ക്കേയാണ് വയനാട് മേപ്പാടി പഞ്ചായത്തില്‍ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, പുഞ്ചിരിമട്ടം, കുഞ്ഞോം എന്നിവിടങ്ങളിലെ ഉരുള്‍പൊട്ടല്‍. അവിടെ കണ്ട ദയനീയചിത്രങ്ങള്‍ മറന്ന് പുന്നമടയില്‍ കളിയാരവം ഉയര്‍ന്നില്ല.
എന്നാല്‍ വള്ളംകളി പരിശീലനവും ഒരുക്കവുമായി ചെലവിട്ട പണം, അധ്വാനം ഇവയെല്ലാം മഹത്വമില്ലാതെ നഷ്ടമാകുന്നത് ആരും അറിയാതെ പോകരുത്. വിജയമെന്ന മഹത്വം നേടാനുള്ള അവസരവും അതുവഴിയുള്ള ചെലവുകളുമാണ് ജലമേള മാറ്റിവച്ചതിലൂടെ സംഭവിച്ചത്.
പല തുഴക്കാര്‍, ഒരു വികാരം
വിവിധ ദേശത്തുനിന്ന്, വിവിധ കരയില്‍നിന്ന്, വിവിധ തരക്കാരില്നിന്ന് കായലിന്റെ ഇരുപുറങ്ങളില്‍ ഉയരുന്ന ആരവവും തുഴത്താളവും ആവേശമായി ജലോപരിതലത്തിലെ പായുന്ന വള്ളത്തെ പടക്കുതിരയാക്കുന്ന മാജിക്കാണ് വള്ളംകളിയുടെ ഹൈലൈറ്റ്. അതിനായി വിവിധ വള്ളങ്ങളില്‍ വിവിധ പ്രദേശത്തുനിന്ന് വന്ന തുഴക്കാര്‍, ഒറ്റ വള്ളത്തില്‍ ഒരു വികാരത്തിലും താളത്തിലും ഒറ്റവ്യക്തിയെ പോലെ മുന്നോട്ടു കുതിക്കുന്നു.
അതെല്ലാം ഇത്തവണ സംഘാടനത്തിലെ അവ്യക്തതകളാല്‍ തണുത്തുപോയിരിക്കുന്നു. ഇനിയിപ്പോള്‍ സെപ്റ്റംബര്‍ 28നെന്ന് പറയുന്നതു നടന്നില്ലെങ്കില്‍ ദുരന്തബാധിതരോടുള്ള ആദരസൂചകമായി ഒക്ടോബറില്‍ സ്വന്തം നിലയില്‍ വള്ളംകളി സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. മാറ്റിവച്ച തീരുമാനം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കു നഷ്ടപരിഹാരം നല്‍കണമെന്നാണു സംഘടനകളുടെ സംയുക്തസമിതിയുടെ ആവശ്യം. സ്നേക് ബോട്ട് ഓണേഴ്സ് അസോസിയേഷന്, കേരള ബോട്ട് ക്ലബ് അസോസിയേഷന്, കേരള റേസ് ബോട്ട് ഓണേഴ്സ് അസോസിയേഷന് എന്നിവരുടെ യോഗത്തിലാണു തീരുമാനം.
നഷ്ടപരിഹാരം വേണം
2018, 2019 വര്‍ഷങ്ങളിലും വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് പതിനൊന്നാം മണിക്കൂറില്‍ വള്ളംകളി വേണ്ടെന്നു തീരുമാനിച്ചതിന്റെ തിക്തഫലങ്ങള്‍ ഇപ്പോഴും ക്ലബ്ബുകള്‍ അനുഭവിച്ചുതീര്ന്നിട്ടില്ലെന്ന പരിഭവമാണ് അസോസിയേഷന്‍കാര്‍ക്ക്. പ്രവചനാതീതമായ ഭവിഷ്യത്തുകള്‍ കണിക്കാക്കി ഓഗസ്റ്റ് മാസം നെഹ്റു ട്രോഫി നടത്തരുതെന്ന ആവശ്യവും ക്ലബ്ബുകള്ക്കുണ്ട്. മറ്റൊരു പ്രോഗ്രാം മാറ്റുന്നപോലെ നിസാരമല്ല വള്ളംകളി മാറ്റുന്നത്.
ഈ വര്‍ഷംതന്നെ ജൂണ്‍ പകുതിമുതല്‍ പരിശീലനം തുടങ്ങി ജൂലൈ ആദ്യവാരം മുതല്‍ ക്യാമ്പുകള്‍ സജ്ജീകരിച്ച് ലക്ഷക്കണക്കിന് തുക ചെലവഴിക്കപ്പെട്ടതിന്റെ കണക്കുകളാണ് അവര്‍ നിരത്തുന്നത്. വള്ളംകളിയോട് കുട്ടനാട്ടുകാര്‍ക്കുള്ള വൈകാരിക ബന്ധത്തിന്റെ പേരില്‍ വലിയ മുതല്‍മുടക്കി നടത്തുന്ന തയാറെടുപ്പുകള്‍ വലിയ സാമ്പത്തികനഷ്ടം ഉണ്ടാക്കുന്നത് സര്‍ക്കാര്‍ തിരിച്ചറിഞ്ഞു വേണ്ട നഷ്ടപരിഹാരവും ഇത്തരം മാറ്റിവയ്ക്കല്‍ പ്രഖ്യാപനത്തോടൊപ്പം നടത്തണമെന്നും സംഘടനകളുടെ സംയുക്ത സമിതി പറയുന്നു.
ആകെ 73 വള്ളങ്ങള്‍
ചുണ്ടന് വിഭാഗത്തില്‍ മാത്രം 19 വള്ളങ്ങള്‍. ചുരുളന്‍-3, ഇരുട്ടുകുത്തി എ- 4, ഇരുട്ടുകുത്തി ബി-16, ഇരുട്ടുകുത്തി സി-14, വെപ്പ് എ- 7, വെപ്പ് ബി-4, തെക്കനോടി തറ-3, തെക്കനോടി കെട്ട്-3 കൂട്ടി 54 വള്ളങ്ങള്‍. ആകെ മാറ്റുരയ്ക്കുന്നത് 73 വള്ളങ്ങള്‍. ഇതില്‍ ഇനി നടക്കാനിരിക്കുന്ന മത്സരത്തില്‍നിന്നു സാമ്പത്തികബാധ്യതകളാല് പിന്മാറാനിടയുള്ള വള്ളങ്ങളുമുണ്ട്.