ആരെങ്കിലും ഞെട്ടിയോ?
അനന്തപുരി /ദ്വിജൻ
Sunday, August 25, 2024 2:12 AM IST
നീതിക്കുവേണ്ടി ഉറച്ചുനിന്ന് വേട്ടക്കാരെ ഞെട്ടിക്കുന്നതിൽ മുഖം നോക്കാത്ത ന്യായാധിപയാണ് ജസ്റ്റീസ് ഹേമ. ഈ വേട്ടക്കാർക്കുവേണ്ടി ആരെല്ലാം ഉണ്ടെന്നു മനസിലാക്കിയാലും അവർ സത്യം പറയും. നീതി വിധിക്കും.
അഭയാ കേസിൽ പ്രതികളാക്കപ്പെട്ടവരോട് സിബിഐ കാണിച്ച ക്രൂരമായ അനീതിയുടെ കഥകൾ അവർ അക്കമിട്ടു വിവരിച്ചതും അന്വേഷണത്തിലെ തട്ടിപ്പുകൾ ചൂണ്ടിക്കാണിച്ചതും പ്രതികൾക്ക് ജാമ്യം അനുവദിച്ചതും അക്കാലത്തെ വിപ്ലവകരമായ നീതിനിർവഹണമായിരുന്നു. പൊതുബോധത്തെ നിയന്ത്രിക്കുന്ന മാധ്യമങ്ങൾ മുഴുവൻ അന്ന് വേട്ടക്കാർക്കൊപ്പമായിരുന്നു. പക്ഷേ, ജസ്റ്റീസ് ഹേമ ഇരകൾക്കൊപ്പം നിന്നു.
അത്തരത്തിൽ ഒരു ന്യായാധിപയെ, വെള്ളിത്തിരയ്ക്കു പിന്നിലെ സ്ത്രീകളുടെ നിലവിളികൾ കേൾക്കാൻ നിയോഗിച്ചത് പിണറായി സർക്കാരിന്റെ തന്റേടം. അവർക്കൊപ്പം സുപ്രസിദ്ധ സിനിമാതാരമായ ശാരദയും കെ.ബി. വത്സലകുമാരി ഐഎഎസും ചേർന്നപ്പോൾ വെള്ളിത്തിരയ്ക്കു പിന്നിലെ നിലവിളികളുടെ ഏതാണ്ട് ഒരു ചിത്രം പൊതുസമൂഹത്തിന് ലഭിക്കുന്നു.
2017ൽ ഒരു നടിയെ കാറിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും പീഡനത്തിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്ത നിഷ്ഠുര സംഭവത്തെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളാണ് ഇത്തരത്തിൽ ഒരു കമ്മിറ്റിയുടെ നിയമനത്തിന് ഇടയാക്കിയത്. അതിനു നിമിത്തമായത് സിനിമയിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടം വനിതകൾ 2017 മേയിൽ രൂപീകരിച്ച ‘വിമൻ ഇൻ സിനിമ കളക്ടീവ്’ എന്ന സംഘടനയാണ്. ഇത്തരം ഒരു സംഘടന സ്ഥാപിച്ചതിന്റെ പേരിൽ പലർക്കും അവസരങ്ങൾ നഷ്ടപ്പെട്ടു. 2017 നവംബർ 16നാണ് ജസ്റ്റീസ് ഹേമ കമ്മിറ്റി നിയോഗിക്കപ്പെട്ടത്.
മുഖം നോക്കാതെ നിലപാടെടുക്കുന്ന ജഡ്ജിയായി ആദരവു നേടിയ നിയമജ്ഞയാണ് ജസ്റ്റീസ് ഹേമ. തങ്ങൾ മനസിലാക്കിയതും തങ്ങളോട് സനിമാമേഖലയിലുള്ളവർ പറഞ്ഞതുമായ സത്യങ്ങൾ ഒരു റിപ്പോർട്ടായി നാലര വർഷം മുന്പ് 2019 ഡിസംബർ 31ന് മുഖ്യമന്ത്രിക്കു സമർപ്പിച്ചു. ഏറെ കടന്പകൾ കടന്ന് റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. 2024 ജൂലൈ ആറിന് സംസ്ഥാന വിവരാവകാശ കമ്മീഷണർ അബ്ദുൾ ഹക്കിമാണ് റിപ്പോർട്ട് പുറത്തു വിടാൻ ഉത്തരവായത്.
അതിനെതിരേ നിർമാതാവ് സജിമോൻ പാറയിലും നടി രഞ്ജിനിയും ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയും റിപ്പോർട്ട് പുറത്തുവിടാൻ ഉത്തരവായതോടെ 2024 ഓഗസ്റ്റ് 19ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് സാംസ്കാരിക വകുപ്പ് ഇൻഫർമേഷൻ ഓഫീസർ റിപ്പോർട്ട് പുറത്തു വിട്ടു.
കഷ്ടപ്പെട്ടു ശേഖരിച്ച വിവരങ്ങൾ
വളരെ കഷ്ടപ്പെട്ടാണ് കമ്മിറ്റി ഈ വിവരങ്ങൾ ശേഖരിച്ചത്. കമ്മിറ്റിക്കു മുന്നിൽ തെളിവു കൊടുക്കാൻ ആരും മുന്നോട്ടു വരാതിരുന്ന സാഹചര്യം ഉണ്ടായിരുന്നു. അപ്പോൾ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവരെ കമ്മിറ്റി നേരിട്ടുവിളിച്ച് അന്വേഷിക്കുകയായിരുന്നു എന്ന് കമ്മിറ്റിതന്നെ പറഞ്ഞിട്ടുണ്ട്. 62 പേരാണ് കമ്മിറ്റിയോട് വിവരങ്ങൾ പറഞ്ഞത്. അവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും എന്ന് കമ്മിറ്റി ഉറപ്പു കൊടുക്കുകയും ചെയ്തു.
സ്ത്രീകളെ വെറും ലൈംഗികവസ്തുക്കളായി മാത്രം കരുതുന്ന പുരുഷന്മാർ അടക്കിവാഴുന്ന മേഖലയാണ് ചലച്ചിത്രലോകം എന്നും പിടിച്ചുനിൽക്കണമെങ്കിൽ വഴങ്ങേണ്ടിവരും എന്നുമെല്ലാമുള്ള വിവരങ്ങൾ റിപ്പോർട്ട് തുറന്നുപറയുന്നു. സിനിമയിൽ ഏറ്റവും അറിയപ്പെടുന്ന ആൾവരെ ലൈംഗികാതിക്രമം നടത്തുന്നുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിച്ചു. വഴങ്ങിയില്ലെങ്കിൽ അപകീർത്തിപ്പെടുത്തും, ഫീൽഡിൽനിന്നു പുറത്താക്കും. താൻ ഒരു നടിയോടൊപ്പം അഭിനയിക്കില്ല എന്ന് ഇത്തരം ഒരു നടൻ ശാഠ്യം പിടിച്ചാൽ നിർമാതാവെന്നല്ല സർക്കാർതന്നെ എന്തു ചെയ്യും? വാതുവയ്പ് കേസിൽ പ്രതികളായ ക്രിക്കറ്റർമാരെ ആജീവനാന്തം വിലക്കിയതുപോലെ വിലക്കാൻ ഇപ്പോൾ നിയമമില്ലല്ലോ.
സിനിമാ മേഖലയിലെ വേട്ടക്കാരെക്കുറിച്ചുള്ള റിപ്പോർട്ടിലെ പേരുവിവരങ്ങൾ ഒളിച്ചുവച്ച് ബാക്കി 233 പേജ് പുറത്തുവന്നപ്പോൾതന്നെ സിനിമ മേഖലയെക്കുറിച്ചു നാട്ടിൽ കേൾക്കുന്ന മിക്കവാറും കിംവദന്തികൾ സത്യമാണെന്ന് ജനം മനസിലാക്കുന്നു. 295 പേജുള്ള റിപ്പോർട്ടിലെ 63 പേജുകൾ ഇനിയും പുറത്തുവരാനുണ്ട്. അതുകൂടി പുറത്തുവരട്ടെ. പ്രതിപ്പട്ടികയിൽ ഇല്ലാത്തവരെങ്കിലും രക്ഷപ്പെടട്ടെ. അർധരാത്രിക്കു സൂര്യൻ ഉദിക്കാമെന്ന് നേരം പുലരുവോളം വേട്ട നടത്തുന്നവർ മനസിലാക്കുകയെങ്കിലും ചെയ്യട്ടെ.
ഞെട്ടിയതാര്?
റിപ്പോർട്ടിന്റെ ഉള്ളടക്കം കേട്ട് കേരളം ഞെട്ടി എന്നെല്ലാം പറയുന്നത് എന്തർഥത്തിലാകുമോ? ആരാവും ഞെട്ടിയത്? വേട്ടക്കാർ ഞെട്ടിയിരിക്കുമോ? ഗുരുദാസനെപോലെ പരമസാത്വികനായ കമ്യൂണിസ്റ്റ്കാരനെ മാറ്റി, രണ്ടു ഭാര്യമാരിൽനിന്നു വിവാഹമോചനം നേടിയ നടനെ സ്ഥാനാർഥിയാക്കുകയും ഭാര്യ ഉണ്ടായിരിക്കെ മകന്റെ കൂട്ടുകാരന്റെ അമ്മയെ ഉപദ്രവിക്കാൻ നോക്കി എന്ന ആരോപണത്തിന് വിധേയനായി മന്ത്രിസ്ഥാനം ഉപേക്ഷിക്കേണ്ടി വന്ന നടനെ മന്ത്രിയാക്കുകയും ചെയ്ത നേതാക്കൾ ഞെട്ടിയിരിക്കുമോ? അവരെ തെരഞ്ഞെടുത്ത ജനം ഞെട്ടിയിരിക്കുമോ? റിപ്പോർട്ടിൽ പേരുള്ളതുകൊണ്ട് വല്ല കേസും പുക്കാറും ഉണ്ടാകുമോ എന്നു കരുതിയ പവർ ഗ്രൂപ്പ് ഞെട്ടിയിരിക്കുമോ? അവരാരും ഞെട്ടിയതിന്റെ സൂചനയില്ല. പിന്നെ ആരാണു ഞെട്ടിയത്?
സിനിമയിൽ ഇതെല്ലാമാണ് രീതി എന്ന വിശ്വാസം ഒരിക്കൽകൂടി ഉറപ്പിക്കപ്പെടുന്നു. നടി ശാരദ പറഞ്ഞതായി മാധ്യമങ്ങളിൽ വന്ന പ്രതികരണമില്ലേ? പണ്ടും ഇതെല്ലാം ഉണ്ടായിരുന്നു. അത് പരസ്പര സമ്മതപ്രകാരം ആയിരുന്നു. അഡ്ജസ്റ്റ്മെന്റ് , കോ-ഓപ്പറേഷൻ തുടങ്ങിയ പദങ്ങളൊന്നും ഉണ്ടായിരുന്നില്ല. അത്തരം ഏർപ്പാടും ഇല്ല. അതായത്, ഉഭയസമ്മതപ്രകാരം ഇതെല്ലാം നടക്കാറുള്ള ലോകമാണ് വെള്ളിത്തിര എന്ന്.
അടുത്തകാലത്ത് ഒരു നടി കോടതിയിൽ കൊടുത്ത കേസുതന്നെ അടയാളമല്ലേ? ഭാര്യയും രണ്ടു മക്കളുമുള്ള ഒരു നടന്റെകൂടെ അവസരം തേടി ഒന്നോ രണ്ടോ വർഷം താമസിച്ചു. കുറെ അവസരങ്ങളും കിട്ടി. അവസരം ഇല്ലാതായപ്പോൾ പീഡനക്കേസായി.
നിയമത്തിനു വിരുദ്ധമായി നടിയുടെ പേരുപോലും പുറത്തുവിട്ട നടൻ കുറെ കാശു മുടക്കിയെങ്കിലും അവസാനം കോടതിവഴിതന്നെ പുറത്തുവന്നില്ലേ? ഒരു നടിയെ സിനിമാക്കാർതന്നെ പീഡിപ്പിച്ചതല്ലേ ഈ കമ്മിറ്റിപോലും രൂപീകരിക്കാൻ ഇടയാക്കിയത്? ഭാര്യയും മക്കളുമുള്ള ഒരു സംഗീത സംവിധായകൻ അടുത്തകാലത്തായി രണ്ടോ മുന്നോ യുവതികളുമായി ഒന്നിച്ചു ജീവിക്കുന്ന ചിത്രങ്ങൾ അയാളും കൂടെക്കൂടുന്ന യുവതികളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതും ജനം കാണുന്നതല്ലേ? 2023 മേയ് അഞ്ചിന് ടിനി ടോം എന്ന നടൻ, മയക്കുമരുന്ന് ഉപയോഗിച്ച് പല്ലു പൊടിഞ്ഞുപോയ ഒരു നടനെക്കുറിച്ചും സിനിമയിലെ വ്യാപകമായ മയക്കുമരുന്ന് ഉപയോഗിത്തെക്കുറിച്ചും പറഞ്ഞത് കേരള സർവകലാശാലാ യുവജനോത്സവത്തിലല്ലേ?
കേരള നിയമസഭയിലെ ജീവനക്കാരുടെ ഒരു പരിപാടിക്കു വന്ന ഒരു സൂപ്പർ നടി മദ്യപിച്ചു ലെവലില്ലാതെ പെരുമാറുന്നതിന്റെ വീഡിയോകൾ പരന്നതല്ലേ? ഷൂട്ടിംഗിന് ചെന്ന ഒരു യുവനടൻ രാത്രി അലറിക്കൂവി പെരുവഴിയിലൂടെ നടന്നതിനെക്കുറിച്ച് നിർമാതാവുതന്നെ പരസ്യമായി പറഞ്ഞില്ലേ? ഇതെല്ലാം അവിടെ നടക്കുന്ന കാര്യങ്ങളാണ് എന്ന സംസാരങ്ങൾ ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ സത്യമാണെന്നു വന്നു. അതിൽ കേരളം ഞെട്ടി എന്നെല്ലാം പറയുന്നത് കളവല്ലേ?
സിനിമയുടെ അണിയറയിൽ ഉഭയസമ്മതപ്രകാരം പലതും നടക്കാം, നടക്കാതിരിക്കാം. തയാറല്ലാത്തവരെ നിർബന്ധിക്കുന്നുണ്ടോ? തയാറല്ലാത്തവർക്ക് സംരക്ഷണം കൊടുക്കാൻ സർക്കാരിന് സാധിക്കുമോ എന്നതാണ് ചോദ്യം. ‘അമ്മ’ അടക്കമുള്ള സിനിമാക്കരുടെ സംഘടനകൾ ഇത്തരം പീഡനങ്ങളിൽ ഒന്നും ചെയ്യുന്നില്ല എന്ന കമ്മിറ്റിയുടെ കണ്ടെത്തൽ വല്ലാതെ ആകുലപ്പെടുത്തുന്നതാണ്.
‘അമ്മ’ കൊടുക്കുന്ന പ്രതിമാസ കൈനീട്ടം നഷ്ടപ്പെടരുതെന്നു ഭയന്ന് പലരും പലതും പറയുന്നില്ല എന്ന ആരോപണവും ഉണ്ട്. എന്തിന് അമ്മയുടെ ഔദാര്യത്തിന് സിനിമാതാരങ്ങളെ വിടുന്നു.അവർക്കുവേണ്ടി ഒരു വെൽഫയർ ഫണ്ട് ചലച്ചിത്ര വികസന കോർപറേഷന് ഉണ്ടാക്കിക്കൂടേ. അംഗങ്ങളുടെ വിഹിതവും സർക്കാരിനു സ്വീകരിക്കാം. അവാർഡ് നിശപോലുള്ള പരിപാടികൾ ടിക്കറ്റ് വച്ചു നടത്തി കുറെ പണവും ഉണ്ടാക്കിക്കൂടേ?
മലയാള സിനിമയിലെ മിക്ക നിന്ദ്യ കഥാപാത്രങ്ങളും ക്രൈസ്തവരാകുന്ന ഒരു പ്രവണതയും കൂട്ടിവായിക്കേണ്ടതാണ്. ഇങ്ങനെ ഒരു സമുഹത്തെ ഒറ്റതിരിച്ചു പിടിച്ചു ചിത്രീകരിക്കുന്നത് നല്ല ഉദ്ദേശ്യത്തോടെ അല്ലെന്ന് ആർക്കാണറിയാത്തത്?
ഗണേഷ് കുമാർ വീണ്ടും പ്രതിക്കൂട്ടിൽ
ഗതാഗതമന്ത്രിയും സീരിയൽ താരങ്ങളുടെ സംഘടനയുടെ പ്രസിഡന്റുമായ കെ.ബി. ഗണേഷ്കുമാർ വീണ്ടും പ്രതിക്കൂട്ടിൽ കയറുന്ന ലക്ഷണമുണ്ട്. ആത്മ എന്ന ആ സംഘടന താരങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നതായി കമ്മിറ്റി കണ്ടെത്തിയെന്നാണു വിവരം.
അങ്ങനെ ചെയ്തിട്ടില്ലെന്നും പരാതി കിട്ടിയാൽ അന്വേഷിക്കാമെന്നും ഗണേഷ് പ്രതികരിച്ചു. നടൻ തിലകന്റെ മകൾ സോണിയ, തന്റെ അച്ഛന് സീരയിലിൽ ചാൻസുകൾ ഇല്ലാതാക്കിയത് ഗണേഷ്കുമാർ ആണെന്ന് ആരോപിച്ചിട്ടുണ്ട്. ഗണേഷിനെക്കുറിച്ചുള്ള ചോദ്യങ്ങളോടു മുഖ്യമന്ത്രി പ്രതിതരിച്ചതുമില്ല.
ഗണേഷിനെ രക്ഷിക്കാൻ നോക്കിയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അപകടത്തിൽ ചാടിയത്. അക്കാര്യം ഓർമയിലുള്ളതുകൊണ്ടാവണം, പിണറായി ഒന്നും പറഞ്ഞില്ല. ഗണേഷിന് വീണ്ടും കഷ്ടകാലം വരുന്നോ എന്ന സംശയം പലർക്കുമുണ്ട്. ഉമ്മൻ ചാണ്ടിയോട് അദ്ദേഹം കാണിച്ചതായി പറയപ്പെടുന്ന ക്രൂരതയ്ക്ക് കാലം കണക്കു ചോദിക്കാതിരിക്കില്ലല്ലോ?
ഹൈക്കോടതിയുടെ ഇടപെടൽ
മുദ്രവച്ച കവറിൽ ഹൈക്കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. കേസെടുക്കാൻ ഹൈക്കോടതി നിർദേശിച്ചാൽ സർക്കാർ വെട്ടിലാവും. എന്തുകൊണ്ട് നാലര വർഷമായി ചെയ്തില്ല എന്ന ചോദ്യമുയരും. പരാതി ഇല്ലാതെയും കേസെടുക്കാം എന്ന ധനമന്ത്രിയുടെ പ്രസ്താവന സർക്കാരിന് തലവേദനയുണ്ടാക്കും.
15 അംഗ പവർ ഗ്രൂപ്പിൽ സർക്കാരിലെ ചില പ്രമുഖർ ഉള്ളതായി കരുതപ്പെടുന്നുണ്ട്. അവരെ പ്രതികളാക്കി കേസെടുക്കേണ്ടിവന്നാൽ എന്താവും സ്ഥിതി? ജസ്റ്റീസ് ഹേമ നടത്തിയത് ജുഡീഷൽ അന്വേഷണമല്ലെന്നും വിവരശേഖരണമായിരുന്നെന്നും അതുകൊണ്ട് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികൾ സാധ്യമല്ലെന്നുമാണ് മുഖ്യമന്ത്രി വാദിച്ചത്. അക്കാരണംകൊണ്ടാണ് റിപ്പോർട്ട് നിയമസഭയിൽ വയ്ക്കാതിരുന്നതെന്നും വിശദീകരിക്കപ്പെട്ടു. പ്രത്യേകം പരാതി തന്നാൽ നടപടിയെടുക്കാമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
സർക്കാർ വലിയ അനാസ്ഥ കാണിക്കുന്നു എന്ന ആരോപണവുമായി വരുന്ന പ്രതിപക്ഷം ഇത്തരത്തിൽ ഒരു റിപ്പോർട്ട് നാലര വർഷമായി സർക്കാർ ഒളിച്ചു സൂക്ഷിച്ചിട്ട് പുറത്തുകൊണ്ടു വരാൻ എന്തു ചെയ്തു എന്ന ചോദ്യവും പ്രസക്തമാണ്. മാധ്യമങ്ങളുടെ പരിശ്രമം ഇല്ലായിരുന്നെങ്കിൽ ഇന്നും റിപ്പോർട്ട് ഒളിവിൽതന്നെ കഴിയുമായിരുന്നു എന്നു കരുതാനാണ് ന്യായം.
പാർവതിയുടെ ചോദ്യം
അതിക്രമങ്ങളെക്കുറിച്ച് പോലീസിൽ പരാതി കൊടുക്കാനായിരുന്നെങ്കിൽ പിന്നെ കമ്മിറ്റി എന്തിനായിരുന്നു എന്ന നടി പാർവതി തിരുവോത്തിന്റെ ചോദ്യം പ്രസക്തമാണ്. പോലീസിൽ കേസുകൊടുക്കാൻ റിപ്പോർട്ട് വരുന്നതുവരെ കാത്തിരിക്കേണ്ടതില്ലായിരുന്നല്ലോ എന്ന അവരുടെ ചോദ്യവും അർഥപൂർണമാണ്. വൻ താരങ്ങളെ പിണക്കാൻ സർക്കാരിനും പ്രതിപക്ഷത്തിനും താത്പര്യമില്ല. തങ്ങൾ അധികാരത്തിൽ എത്തിയാൽ റിപ്പോർട്ടിന്റെ 63 പേജുകൂടി പുറത്തുവിടുമെന്നും അതിൽ പരാമർശിക്കപ്പെട്ടിരിക്കുന്നവർക്കെതിരേ കേസെടുക്കുമെന്നും പറയാൻ പ്രതിപക്ഷത്തിന് ധൈര്യമുണ്ടോ? ബിഷപ് ഫ്രാങ്കോ കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ സമരമിരുന്ന സാംസ്കാരിക നായകർക്ക് നാവിറങ്ങിപ്പോയോ?
ഇരയുടെ അനുഭവം
അങ്ങനെ പോലീസിൽ പരാതി കൊടുത്ത ഒരു ഇര അനുഭവിക്കുന്ന കഷ്ടപ്പാടുകൾ കേരളം കാണുന്നുണ്ട്. കോടതിയിൽ സമർപ്പിച്ച വീഡിയോയിൽ വരെ കൃത്രിമത്വം നടത്തി. ഇതിനെതിരേ കേസും പരാതികളുമായി അവർ എത്ര കോടതികൾ കയറിയിറങ്ങി. കേസ് വാദം കേൾക്കുന്ന ജഡ്ജിയെ മാറ്റണം എന്നുവരെ അവർക്ക് കോടതിയിൽ അപേക്ഷിക്കേണ്ടിവന്നു. ഇരയോടൊപ്പം എന്നു പറഞ്ഞ് പെരുന്പറ കൊട്ടുന്നവരിൽ പലരും, മാധ്യമങ്ങൾവരെ കാലുമാറ്റി ചവിട്ടുന്നതു കണ്ടു. വേട്ടക്കാരനായി ചിത്രീകരിക്കപ്പെടുന്ന നടനെക്കുറിച്ചുള്ള കീർത്തനങ്ങൾ പാടി. അവർക്ക് വിൽപനയാണു വലുത്.
വേട്ടക്കാരൻ എന്നു പറയുന്ന വ്യക്തി, ഏറ്റവും വിലയുള്ള വക്കീലന്മാർ തുടങ്ങി എല്ലാവരെയും വിലയ്ക്കെടുക്കും. ഒരു ഷോട്ടിൽ അഭിനയിച്ചു കിട്ടുന്ന ആയിരം രൂപയ്ക്ക് അന്നത്തെയപ്പം തേടുന്ന പാവങ്ങൾക്കോ? അവരെ സഹായിക്കാൻ എന്തു ചെയ്യാം എന്നതാവണം വിഷയം. വേട്ടക്കാരെങ്കിലും ഞെട്ടാൻ ഇടവരുത്തണം.