പൊയ്മുഖങ്ങളാടുന്ന ‘ഇതിഹാസ’ങ്ങള്
അപ്രിയ തിരക്കഥകളുടെ ആകാശങ്ങള്‍ - 4 /സിജോ പൈനാടത്ത്
Sunday, August 25, 2024 2:07 AM IST
സിനിമാലോകത്തെ വാഴ്ത്തിപ്പാടലുകളില് സ്ഥാനത്തും അസ്ഥാനത്തും ഇതിഹാസം എന്ന പദം പരക്കെ പ്രയോഗിക്കുന്നതു കാണാറുണ്ട്. ഇതിഹാസ സിനിമ, ഇതിഹാസ താരം, ഇതിഹാസ സംവിധായകന്, ഇതിഹാസ വിജയം... അങ്ങനെയെത്രയോ...!!
തനിക്കുനേരേ മോശമായി പെരുമാറിയെന്നു ബംഗാളിലെ മുതിര്‍ന്ന നടി ശ്രീലേഖ മിത്ര ആരോപിച്ച മലയാളത്തിലെ സംവിധായകനെയാണ്, മണിക്കൂറുകള്‍ക്കുള്ളില്‍ സിനിമാ മേഖലയിലെ ഇതിഹാസമെന്ന് സാംസ്കാരിക മന്ത്രി വിശേഷിപ്പിച്ചത്. ഇതിഹാസ സമാനമായ വിശേഷണങ്ങളോടെ, താരാരാധനയില്നിന്നു വീരാരാധനയായി പടര്‍ന്ന, പ്രതിഷ്ഠപോലെ പലരും മനസിലേറ്റി നടന്ന എത്രയോ മുഖങ്ങളായിരുന്നു, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ പൊയ്മുഖങ്ങളാണെന്നു തിരിച്ചറിഞ്ഞത്. റിപ്പോര്‍ട്ടിലൂടെ വെളിപ്പെട്ട വിവരങ്ങളേക്കാള്‍, ഇനിയും പുറത്തുവന്നിട്ടില്ലാത്ത ഭാഗങ്ങള്‍ കരുതിവച്ചിട്ടുള്ളതും വിളിച്ചുപറയുന്നതു മറ്റൊന്നാവില്ല- അവര്‍ നായകരായിരുന്നില്ല; നായകവേഷമണിഞ്ഞ വില്ലന്മാരായിരുന്നു!
പവര്‍ഗ്രൂപ്പ് എന്ന പൊരുത്തക്കേട്
സിനിമാ മേഖലയില്‍ 10-15 പേരടങ്ങുന്ന പവര്‍ഗ്രൂപ്പ് എല്ലാക്കാര്യങ്ങളും നിയന്ത്രിക്കുന്നുവെന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഇവരുടെ അപ്രീതിയോടെ സിനിമയില്‍ അവസരങ്ങള്‍ ലഭിക്കുകയോ നിലനില്‍ക്കുകയോ എളുപ്പമല്ലെന്നു കമ്മിറ്റിക്കു മുന്നില്‍ മൊഴി നല്കിയ വനിതകള്‍ ചൂണ്ടിക്കാട്ടി.
റിപ്പോര്‍ട്ട് പുറത്തുവന്നശേഷം വിവിധ താരങ്ങളും സിനിമാ പ്രവര്‍ത്തകരും നടത്തിയ പ്രതികരണങ്ങളും പവര്‍ ഗ്രൂപ്പ് ഉണ്ടെന്നു സമ്മതിക്കുന്നതാണ്. സംവിധായകന് വിനയനും നടന് ഷമ്മി തിലകനും നടി ശ്വേത മേനോനുമെല്ലാം നടത്തിയ പ്രതികരണങ്ങളില്‍, സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ടെന്നതിലേക്കു കൃത്യമായി വിരല്‍ചൂണ്ടുന്നുണ്ട്. ഇതില്‍ സ്ത്രീകളും ഉണ്ടാകാമെന്നു ശ്വേത കൂട്ടിച്ചേര്‍ത്തു.
പവര്‍ ഗ്രൂപ്പില്‍ സിനിമയിലെ ഉന്നതന്മാര്ക്കു പുറമേ, ഭരണരംഗത്തുള്ള പ്രമുഖരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന വാദവും പരക്കെ ഉയരുന്നുണ്ട്. സിനിമാതാരം കൂടിയായ മന്ത്രി ഗണേഷ്കുമാര് ഇക്കാര്യത്തില്‍ ഇനിയും പ്രതികരണം നടത്തിയിട്ടില്ല. അതേസമയം, താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖ്, പവര്‍ ഗ്രൂപ്പില്ലെന്നാണു വാദിക്കുന്നത്.
സിനിമയില്‍ എല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ്, ‘അമ്മ’യുടെ മക്കളാണ്... എന്നെല്ലാം പ്രസംഗിച്ചവര്‍ താരസംഘടനയിലുണ്ട്. പവര്‍ ഗ്രൂപ്പിലെ തിളക്കമുള്ള കസേരയിലിരുന്നാണ് ആ പറച്ചിലെങ്കില്‍, വല്ലാത്തൊരു പൊരുത്തക്കേടുണ്ടെന്നു പറയാതെ വയ്യ.
സര്‍ക്കാര്‍ എന്തു ചെയ്യും?
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇരകളാക്കപ്പെട്ടവരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍, മാത്രം കേസെടുക്കാനാവില്ലെന്നാണു സര്‍ക്കാര്‍ നിലപാട്. മൊഴി കൊടുത്തവര്‍ പോലീസില്‍ പരാതിപ്പെട്ടാല്‍ കേസെടുക്കാമെന്നാണ് സര്‍ക്കാര്‍ പക്ഷം.
അതേസമയം, ലൈംഗികപീഡനമുണ്ടായെന്നു കൃത്യമായ വിവരം ലഭിച്ചാല്‍, കേസെടുക്കാന്‍ ഇരയുടെ പരാതി നിര്‍ബന്ധമില്ലെന്നു ചൂണ്ടിക്കാട്ടുന്ന നിയമവിദഗ്ധരുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് ഔദ്യോഗിക സര്‍ക്കാര്‍ രേഖയാണ്. ഇതിലെ മൊഴികളുടെ അടിസ്ഥാനത്തില്‍ ഭാരതീയ ന്യായ സംഹിതയുടെ 74-ാം വകുപ്പ് (സ്ത്രീത്വത്തെ അപമാനിക്കല്‍), 75-ാം വകുപ്പ് (ലൈംഗിക അതിക്രമം), 77-ാം വകുപ്പ് (വോയറിസം) എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നു നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ഇരകളുടെ പേര് സ്വകാര്യമായി സൂക്ഷിക്കുകതന്നെ വേണം. എന്നാല്‍, കുറ്റക്കാരുടെ പേരുകള്‍ നിയമസംവിധാനങ്ങളുപയോഗിച്ചു സ്ഥിരീകരണം വരുത്തി വെളിപ്പെടുത്തുകയും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുകയും ചെയ്യേണ്ടത് ഭരണഘടനാപരമായ ഉത്തരവാദിത്വമായി കാണണം. പ്രസംഗത്തിലും പത്രസമ്മേളനത്തിലുമല്ല, പ്രവൃത്തിയിലാണല്ലോ അധികാരികള്‍ സ്ത്രീസുരക്ഷ ഉറപ്പാക്കേണ്ടത്.
നിയമമുണ്ട്, പാലിച്ചാല്‍ മതി
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കു നേരേ നടക്കുന്ന എല്ലാ വിധത്തിലുമുള്ള അതിക്രമങ്ങളെയും നിയന്ത്രിക്കാനും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനും രാജ്യത്തു നിയമങ്ങളുണ്ട്. പ്രിവന്‍ഷന്‍ ഓഫ് സെക്ഷ്വല്‍ ഹറാസ്മെന്റ് അറ്റ് വര്‍ക്ക് പ്ലേസ് (പിഒഎസ്എച്ച്) എന്നത് ആ നിലയില്‍ ശക്തമായ നിയമമാണ്. തൊഴിലിടങ്ങളില്‍ ഇന്റേണല്‍ കംപ്ലയിന്റ്സ് കമ്മിറ്റി നിര്‍ബന്ധമായും രൂപീകരിക്കണമെന്ന ചട്ടം പ്രാബല്യത്തില്‍ വന്നത് ഈ നിയമപ്രകാരമാണ്.
1992ല്‍ രാജസ്ഥാനിലുണ്ടായ പ്രമാദമായ ലൈംഗികപീഡന കേസിന്റെ പശ്ചാത്തലത്തില്‍, വനിതാ സംഘടനകളുടെ ഏകോപനത്തില്‍ നടന്ന പ്രക്ഷോഭമാണ് അത്തരമൊരു നിയമനിര്‍മാണത്തിലേക്കു വഴിവച്ചത്. 2012ലെ നിര്‍ഭയ കേസോടെ സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങളെ പ്രതിരോധിക്കാന്‍ നിയമങ്ങള്‍ കര്‍ശനമായി.
നടി ആക്രമണ കേസിനെത്തുടര്‍ന്നു രൂപീകരിക്കപ്പെട്ട ഡബ്ല്യുസിസിയുടെ സമ്മര്‍ദമാണു ജസ്റ്റീസ് ഹേമ കമ്മിറ്റിയുടെ ബീജാവാപത്തിനു നിമിത്തമായത്. കമ്മിറ്റിയുടെ റിപ്പോര്‍ട്ടും ശിപാര്‍ശകളും പരിഗണിച്ചു സര്‍ക്കാരിന്റെ ഭാഗത്തുനിന്നു നിയമപരിഷ്കരണമോ പുതിയ ട്രൈബ്യൂണലോ സാധ്യമായാല്‍ അതു സിനിമാ മേഖലയിലെ മറ്റൊരു ‘പോസിറ്റീവ് ട്വിസ്റ്റാ’കും.
ആക്ഷൻ... കട്ട്!
പൊതു ഇടങ്ങളിലെ തെറ്റുകള്‍ കണ്ടെത്താനും തെറ്റുകാരെ ശിക്ഷിക്കാനും നിയമങ്ങള്‍ക്കു കുറവില്ല. ആ നിയമങ്ങളെ ആദരവോടെ കാണാനും അതു പാലിക്കാനുമുള്ള പ്രതിബദ്ധതയുണ്ടാവുകയാണു പ്രധാനം.
സിനിമാ മേഖല എന്ന വിശാലമായ തൊഴിലിടത്തില്‍, നിയമങ്ങള്‍ക്കും മേലെ പവറും അദൃശ്യമായ പവര്‍ ഗ്രൂപ്പും പിടിമുറുക്കിയാല്‍ ഇരകള്‍ ഇരകളായും വേട്ടക്കാര്‍ വേട്ടക്കാരായും ത്രില്ലര്‍ കഥ തുടരും. അത്തരം അതിരുവിട്ട ‘ആക്ഷനു’കളോടു ഹേമ കമ്മിറ്റിയും കേരളവും ഉറച്ച ശബ്ദത്തില്‍ പറയുന്നു - കട്ട്!
ഹേമ കമ്മിറ്റിയുടെ പ്രധാന ശിപാര്‍ശകള്‍
1. സിനിമാരംഗത്തു തീരുമാനങ്ങളെടുക്കുന്ന സമിതികളില്‍ 50 ശതമാനം സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കണം.
2. സിനിമാരംഗത്തെ പരാതികള്‍ പരിഹരിക്കാന്‍ ജില്ലാ ജഡ്ജിയുടെ അധികാരമുള്ള ട്രൈബ്യൂണല്‍ രൂപീകരിക്കണം.
3. ചിത്രീകരണത്തിനു മുമ്പ് മുഴുവന്‍ അഭിനേതാക്കളുമായും സാങ്കേതികവിദഗ്ധരുമായും നിര്‍മാതാവ് കരാറില്‍ ഒപ്പുവയ്ക്കണം.
4. മദ്യവും മറ്റു ലഹരികളും സിനിമാ സെറ്റില്‍ ഉപയോഗിക്കുന്നില്ലെന്നു നിര്‍മാതാവ് ഉറപ്പാക്കണം.
5. സിനിമാ സെറ്റില്‍ കുറ്റകൃത്യമുണ്ടായാല്‍ ലോക്കല്‍ പോലീസില്‍ ഉടന്‍ വിവരമറിയിക്കണം.
6. സിനിമാ മേഖലയില്‍ ലൈംഗിക കുറ്റകൃത്യം തടയുന്നതിന് പുതിയ നിയമം വേണം.
7. പ്രതിഫലത്തില്‍ തുല്യത വേണം. ജൂണിയര്‍ ആര്‍ട്ടിസ്റ്റുകൾക്കു മിനിമം വേതനം നിശ്ചയിക്കണം. ഇതു ബാങ്കുവഴി നല്‍കണം.
8. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ നിര്‍മാണം, സംവിധാനം, കാമറ, കഥ, തിരക്കഥ എന്നീ വിഭാഗങ്ങളിലെ വനിതകള്‍ക്കു പ്രത്യേക അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തണം.
9. സിനിമാരംഗത്തേക്കു കൂടുതല്‍ വനിതകള്‍ എത്തുന്നതു പ്രോത്സാഹിപ്പിക്കണം.
10. വിവിധ കാരണങ്ങളാല്‍ സിനിമാ മേഖലയില്‍നിന്നു താത്കാലികമായി മാറിനില്ക്കേണ്ടിവരുന്ന സ്ത്രീകള്‍ക്കായി ക്ഷേമനിധി പോലുള്ള സേവനങ്ങള്‍ ലഭ്യമാക്കണം.
(അവസാനിച്ചു)