ഇരകളുടെ വെള്ളിത്തിര; വേട്ടക്കാരുടെയും
അപ്രിയ തിരക്കഥകളുടെ ആകാശങ്ങള്‍ - 3 / സിജോ പൈനാടത്ത്
Saturday, August 24, 2024 12:09 AM IST
On analysis of evidence placed before us, we are satisfied that women face sexual harassment even from very well known people in the film industry, who were named before the committee...
ജസ്റ്റീസ് ഹേമ കമ്മിറ്റി സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ 96-ാം ഖണ്ഡിക ആരംഭിക്കുന്നതിങ്ങനെ: സിനിമാ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ലൈംഗിക അതിക്രമത്തെക്കുറിച്ച് കമ്മിറ്റിയുടെ മുന്നിലെത്തിയ ഇരയുടെ വെളിപ്പെടുത്തലുകൾ സംബന്ധിച്ചാണ് റിപ്പോര്‍ട്ടിലെ ഗൗരവതരമായ ഈ പരാമര്‍ശം. സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇതിന്റെ തുടര്‍ന്നുള്ള 12 ഖണ്ഡികകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ‘വേട്ടക്കാരനെ’ക്കുറിച്ചു വ്യക്തത നല്കുന്ന ഭാഗത്തു സര്‍ക്കാര്‍ സെന്‍സറിംഗ് നടത്തിയെന്നര്ഥം.
സിനിമാ മേഖലയിലെ ലൈംഗികപീഡന പരാതികള്‍ ഇന്നിപ്പോൾ അടക്കംപറച്ചിലുകളല്ല. ഹേമ കമ്മിറ്റിക്കു മുന്നിലെത്തിയ മൊഴികള്‍ക്കുമപ്പുറം പോലീസ് കേസെടുത്ത, കോടതിയില്‍ വിചാരണനടപടികള്‍ പുരോഗമിക്കുന്ന വെള്ളിത്തിര പരിവേഷമുള്ള ലൈംഗികപീഡന കേസുകളും ഉണ്ടായിട്ടുണ്ട്.
പീഡനം, പരാതി, രാജ്യം വിടല്‍...
സിനിമാരംഗത്തുള്ളവര്ക്കെതിരേ പീഡനക്കേസുണ്ടായാല്‍, ആരോപണവിധേയര്‍ ഉടന്‍ രാജ്യം വിടുമെന്ന്, നടന് ബാല കഴിഞ്ഞ ദിവസം പരിഹാസരൂപേണ ചൂണ്ടിക്കാട്ടിയിരുന്നു. കേസിന്റെയും വാര്‍ത്തകളുടെയും ചൂട് കുറയുമ്പോള്‍ ഇരയും ആരോപണവിധേയനും കോംപ്രമൈസ് ചെയ്യുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് ബാല വിമര്‍ശിച്ചു.
പുതുമുഖനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തത് 2022 ജൂണ്‍ 27നാണ്. തന്റെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ചു വിജയ് ബാബു ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി പോലീസിനെ സമീപിച്ചത് ഏപ്രില്‍ 22നാണ്. പരാതി പോലീസ് സ്വീകരിച്ചതിനു തൊട്ടുപിന്നാലെ വിജയ് ബാബു രാജ്യം വിട്ടു. പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും പാസ്പോര്‍ട്ട് റദ്ദാക്കുകയും ചെയ്തെങ്കിലും വിജയ് ബാബുവിനെ പിടികൂടാന്‍ രണ്ടു മാസത്തിലധികം വേണ്ടിവന്നു.
ഹൈക്കോടതിയില്‍നിന്നു മുന്‍കൂര്‍ ജാമ്യം നേടിയാണ് വിജയ് ബാബു നാട്ടിലെത്തിയത്. യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നും പരാതി നല്കിയ ഇരയുടെ പേരു വെളിപ്പെടുത്തി എന്നുമുള്ള രണ്ടു കേസുകളാണ് വിജയ് ബാബുവിനെതിരേ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എറണാകുളം സൗത്ത് പോലീസ് വിജയ് ബാബുവിനെ കസ്റ്റഡിയില്‍ വിശദമായി ചോദ്യം ചെയ്തിരുന്നു. കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. വിജയ് ബാബു ജാമ്യത്തിലാണ്. വിചാരണ നടപടികള്‍ ആരംഭിച്ചിട്ടില്ല.
സിനിമാക്കഥയല്ല, ഈ കുറ്റപത്രങ്ങള്‍!
2017 ഫെബ്രുവരി 17നാണു കേരളത്തെയാകെ നടുക്കിയ ‘നടി ആക്രമണക്കേസ്’ പുറത്തുവരുന്നത്. കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണു പരാതി. കേസില്‍ പ്രമുഖ നടന് ദിലീപ് അറസ്റ്റിലായതോടെ സിനിമാരംഗത്ത് വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും കേസ് വഴിവച്ചു.
ജനപ്രിയ നായകന്റെ അസാധാരണ താരപ്പൊലിമയുള്ള, സിനിമാരംഗത്തെ ‘കാര്യസ്ഥ’സ്ഥാനത്തുനിന്നായിരുന്നു, നടി ആക്രമണക്കേസിലെ പ്രതിയിലേക്കുള്ള ദിലീപിന്റെ വന്‍വീഴ്ച. ബലാത്സംഗം, ഗൂഢാലോചന തുടങ്ങിയ കേസുകളാണ് ദിലീപിനെതിരേ ഉണ്ടായിരുന്നത്. ദീര്‍ഘകാലത്തെ ജയില്‍വാസത്തിനുശേഷം ദിലീപ് സിനിമയിലേക്കു മടങ്ങിയെത്തി.
നടി ആക്രമണക്കേസ്, സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജസ്റ്റീസ് ഹേമ കമ്മിറ്റിയെ നിയോഗിക്കുന്നതിലേക്കും സിനിമയിലെ സ്ത്രീകളുടെ സംഘടന (ഡബ്ല്യുസിസി) രൂപീകരിക്കുന്നതിലേക്കും ഈ സംഭവം വഴിവച്ചു. ദിലീപിന്റെ മാത്രമല്ല, സിനിമാരംഗത്തെ പലരുടെയും ഭാവി നിര്‍ണയിച്ചതു കൂടിയായി നടി ആക്രമണക്കേസ്. ഇന്നും അതിന്റെ അലയൊലികള്‍ സിനിമാ മേഖലയില്‍ അടങ്ങിയിട്ടില്ല. ഏഴു വര്‍ഷങ്ങള്‍ക്കു ശേഷവും കേസിന്റെ വിചാരണ പൂര്ത്തിയായിട്ടില്ലെന്നതു വേറെ കാര്യം.
സംവിധായകന്റെ വിവാഹവാഗ്ദാനം
സംവിധായകന് ഒമര്‍ ലുലുവിനെതിരേ പരാതിയുമായി യുവനടി രംഗത്തെത്തിയത് അടുത്തിടെയാണ്. മയക്കുമരുന്നു കലര്‍ത്തിയ പാനീയം നല്‍കിയെന്നും വിവാഹവാഗ്ദാനം നല്കി 2022 മുതല്‍ പീഡിപ്പിച്ചെന്നും പരാതിക്കാരി മൊഴി നല്കി. അതേസമയം, പീഡനമല്ല ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണു നടന്നതെന്നുമായിരുന്നു ഒമര്‍ ലുലുവിന്റെ വിശദീകരണം. ഹൈക്കോടതി ഒമറിനു ജാമ്യം അനുവദിച്ചു. കേസില്‍ നെടുമ്പാശേരി പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയിട്ടില്ല.
അന്നും ഇന്നും
സിനിമാരംഗത്ത് പുരുഷന്മാരുടെ ആവശ്യപ്രകാരം സ്ത്രീകള്‍ ‘അഡ്ജസ്റ്റുമെന്റു’കള്‍ക്കും ‘കോംപ്രമൈസു’കള്‍ക്കും വിധേയരാകേണ്ടിവരുന്നുവെന്നു ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. ഇത്തരം ‘വിട്ടുവീഴ്ചകള്‍’ പണ്ടും സിനിമാ മേഖലയില്‍ ഉണ്ടായിരുവെന്നാണ് ആദ്യകാല നടിയും കമ്മിറ്റി അംഗവുമായിരുന്ന നടി ശാരദ പറയുന്നത്.
സിനിമയില്‍ അവസരം ലഭിക്കാന്‍ ലൈംഗികാവശ്യങ്ങള്‍ക്കു വഴങ്ങേണ്ടിവരുന്ന സ്ഥിതി (കാസ്റ്റിംഗ് കൗച്ച്) നേരത്തെയും ഉണ്ടായിട്ടുണ്ടെന്നു റിപ്പോര്‍ട്ടില്‍ ശാരദ വ്യക്തമാക്കുന്നു. സ്ത്രീകളുടെ മാറിയ വസ്ത്രധാരണ രീതിയെ ശാരദ റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നുണ്ട്. മറച്ചുവയ്ക്കുന്നതിനേക്കാളധികം പ്രദര്‍ശിപ്പിക്കുന്ന വസ്ത്രധാരണരീതി ശരിയല്ലെന്നും ശാരദ ചൂണ്ടിക്കാട്ടുന്നു.
ഡബ്ല്യുസിസി ചോദിക്കും; താനാരാ?
സിനിമാ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ തുറന്നുപറയുന്ന സ്ഥിതിയുണ്ടായതില്‍, ഈ രംഗത്തെ സ്ത്രീകളുടെ സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവിനു (ഡബ്ല്യുസിസി) പ്രധാന പങ്കുണ്ട്. പ്രശ്നങ്ങളും ആവലാതികളും തുറന്നുപറയാന്‍ വേദിയൊരുക്കിയപ്പോള്‍ നിരവധി പേര് തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ പങ്കുവച്ചിട്ടുണ്ടെന്നു ഡബ്ല്യുസിസി ഭാരവാഹികള്‍ പറയുന്നു.
നല്കുന്ന വിവരങ്ങളുടെ രഹസ്യസ്വഭാവം സൂക്ഷിക്കാനും ഇവര്‍ മറന്നില്ല. ഡബ്ല്യുസിസിയുടെ ഇടപെടല്‍ ജസ്റ്റീസ് ഹേമ കമ്മിറ്റിയുടെ രൂപീകരണത്തിലേക്കും വഴിതെളിച്ചു. നാലു വര്‍ഷത്തിലധികം സര്‍ക്കാര്‍ മൂടിവച്ച റിപ്പോര്‍ട്ട് സര്‍ക്കാരിനു പുറത്തുവിടേണ്ടിവന്നതിലും വനിതകളുടെ കൂട്ടായ്മ പങ്കുവഹിച്ചു.
സിനിമാരംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങളും പരാതികളും സംബന്ധിച്ച വിഷയത്തില്‍ താരങ്ങളുടെ പ്രബല സംഘടനയായ ‘അമ്മ’യും ഡബ്ല്യുസിസിയും രണ്ടു തട്ടിലാണെന്നു തെളിയിക്കുന്ന പ്രസ്താവനകളും ഇടപെടലുകളും കേരളം കണ്ടതാണ്.
(തുടരും)