നസ്രാണി മേൽക്കോയ്മ
പ്രൗഢമായ പൗരാണികത -2 / റവ. ഡോ. ജയിംസ് പുലിയുറന്പിൽ
Friday, August 23, 2024 12:13 AM IST
കേരളത്തിലെത്തിയ ആര്യന്മാർ ദ്രാവിഡ ദേവതകളെ ദത്തെടുത്ത് ആര്യമതത്തെ ഒരു സങ്കരമതമാക്കി രൂപാന്തരപ്പെടുത്തി. ഇങ്ങനെ ബുദ്ധമതവും ജൈനമതവും ബ്രാഹ്മണമതവും എല്ലാംകൂടി മുക്തി അഥവാ മോക്ഷം അഥവാ രക്ഷയെ സംബന്ധിച്ച് കേരളത്തിൽ ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞുകൂടിയിരുന്ന കാലത്താണ് എഡി ഒന്നാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ക്രിസ്തുമതപ്രചാരണാർഥം തോമാശ്ലീഹാ കേരളത്തിൽ എത്തുന്നതും ബുദ്ധ, ജൈന മതങ്ങളോടൊപ്പം വിദേശീയമായ ഒരു നവീന മതം കേരളീയർ സ്വീകരിക്കുന്നതും.
തോമാശ്ലീഹാ സുവിശേഷം പ്രസംഗിച്ച സ്ഥലങ്ങളിലെ കുറെ ആളുകൾ ക്രിസ്തുമതം സ്വീകരിക്കുകയും അങ്ങനെ തദ്ദേശീയ ചുവയുള്ള ഒരു മതം ഇവിടെ സംജാതമാവുകയും ചെയ്തു. ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്ത സ്വാധീനമുള്ള ചില ഹിന്ദുക്കൾ സ്ഥലത്തെ ആരാധനാലയങ്ങളോ സ്വന്തം ആരാധനാലയങ്ങളോ ആദ്യകാലത്തു പള്ളികളായി രൂപാന്തരപ്പെടുത്തി. നന്പൂതിരിമാരുടെ വരവോടുകൂടി കേരളത്തിലെ ഹിന്ദുക്കളുടെ ആരാധനാലയങ്ങളായ കാവുകൾ ക്ഷേത്രങ്ങൾ എന്ന് അറിയപ്പെടാൻ തുടങ്ങി. ബുദ്ധമതത്തിന്റെ ആവിർഭാവത്തിനു ശേഷമാണ് ആരാധനാമന്ദിരങ്ങൾക്ക് ‘പള്ളി’ എന്നുള്ള ബഹുമാനസംജ്ഞ നൽകപ്പെട്ടത്. അങ്ങനെയാണ് സവർണ ക്രിസ്ത്യാനികളുടെ ആരാധനാലയങ്ങൾക്കും പള്ളി എന്ന പേര് (പൂജ്യ നാമധേയം) ലഭിച്ചത്. ഹിന്ദുക്ഷേത്രങ്ങൾക്ക് പള്ളി എന്ന് പറഞ്ഞിരുന്നില്ല. എങ്കിലും, ക്ഷേത്രത്തിൽ പൂജ്യമായി കരുതപ്പെട്ടിരുന്ന പലതിനെയും പള്ളി എന്നു വിശേഷണം ചേർത്തു വിളിച്ചിരുന്നു. ഉദാഹരണമായി പള്ളിവിളക്ക്, പള്ളിവേട്ട, പള്ളിതേവാരം, പള്ളിയുണർത്തൽ, പള്ളിവായന തുടങ്ങിയവ.
പതിനാറാം നൂറ്റാണ്ടു വരെ കേരളത്തിലെ പള്ളികൾ ഹൈന്ദവ ക്ഷേത്രരീതിയിലാണ് നിർമിക്കപ്പെട്ടിരുന്നത് എന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നുണ്ട്. അടുത്തകാലം വരെയും ചില സുറിയാനി പള്ളികൾക്ക് ക്ഷേത്രങ്ങളുടേതുപോലുള്ള മതിലും പള്ളിക്കുളവും ഭിത്തിവിളക്കും കൊടിമരവും ഉണ്ടായിരുന്നു. മലങ്കര നസ്രാണികളുടെ പ്രാചീന ദേവാലയങ്ങളെല്ലാംതന്നെ ഹിന്ദുക്ഷേത്രസങ്കേതങ്ങൾക്കുള്ളിലോ, ക്ഷേത്രങ്ങളോടു ചേർന്നോ ആയിരുന്നു. പ്രാചീനകാലത്തെ ക്ഷേത്രസങ്കേതങ്ങൾ എന്നത് രാജാക്കന്മാർക്കുപോലും അധികാരമില്ലാത്ത ഒരു വ്യവസ്ഥാപിത ഭരണസംവിധാനമായിരുന്നു. ഇങ്ങനെ ക്ഷേത്രസങ്കേതങ്ങൾക്കുള്ളിൽ ക്ഷേത്രമേൽക്കോയ്മക്കല്ലാതെ രാജാക്കന്മാർക്കുപോലും അധികാരം ഇല്ലാതിരുന്ന കാലത്ത്, ക്ഷേത്രങ്ങൾക്കു സമീപത്തായി ക്രൈസ്തവ ദേവാലയങ്ങൾ സ്ഥാപിക്കുക എന്നത് ഇതര മതങ്ങളോടുള്ള ഹിന്ദുജനതയുടെ സമഭാവനയേക്കാൾ ഉപരി ഉറ്റസഹോദരങ്ങൾക്കും പ്രകൃത്യാ സിദ്ധിക്കുന്ന അവകാശസമത്വത്തെയും അധികാരസമത്വത്തെയും മുൻനിർത്തിയുള്ള ആരാധനാസ്വാതന്ത്ര്യമാണ് വ്യക്തമാക്കുന്നത്. സവർണ ക്രിസ്ത്യാനികളുടെ മതാചാരങ്ങൾ ഏകോദരസഹോദരങ്ങളായ സവർണ ഹിന്ദുക്കളുടേതിനോടു സാദൃശ്യമുള്ളതായിരുന്നു എന്ന് പോർച്ചുഗീസ് ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഉദയംപേരൂർ സൂനഹദോസ് കാലത്തെ കേരളത്തിലെ ക്രിസ്തുമതം, ഹിന്ദുമതവും ക്രിസ്തുമതവും കൂടിച്ചേർന്ന ഒരു സങ്കരമതമായി സൂനഹദോസിന്റെ ഡിക്രികളിൽ പ്രത്യക്ഷപ്പെട്ടുകാണുന്നതിൽ അദ്ഭുതപ്പെടാനില്ല.
നസ്രാണി ഔത്കൃഷ്ട്യം
The land of Perumals എന്ന ഗ്രന്ഥത്തിൽ മാർത്തോമ്മാ നസ്രാണികളുടെ ഔത്കൃഷ്ട്യം ഫ്രാൻസീസ് ഡേ വ്യക്തമാക്കുന്നുണ്ട്. അദ്ദേഹം എഴുതുന്നു: “നസ്രാണികൾ ഉത്കൃഷ്ടവർഗക്കാരാണ്. നിറത്തിലും പെരുമാറ്റത്തിലും മറ്റുള്ളവരെക്കാൾ ഉന്നതമായ ഒരു സ്ഥാനം അവർക്കുണ്ട്. പൊതുവെ പറഞ്ഞാൽ, അവർ സത്യസന്ധരും സച്ചരിതരുമാണ്. അന്ധവിശ്വാസം ധാരാളമുണ്ട്; അതിനാൽ ജ്യോതിഷാദികളിൽ വിശ്വസിക്കുന്നു. റോമാ സഭയിൽ ചേർന്ന നസ്രാണികൾ മറ്റു നസ്രാണികളെക്കാൾ താണവരാണ്.” അദ്ദേഹം തുടർന്ന് എഴുതുന്നു: “പോർച്ചുഗീസ് ആഗമനത്തിനു മുന്പ് ബ്രാഹ്മണരെയും നായന്മാരെയും മാത്രമെ ക്രിസ്തുമതത്തിൽ നസ്രാണികൾ ചേർത്തിരുന്നുള്ളൂ. പോർച്ചുഗീസുകാർ ഏതു വിഭാഗത്തിൽപ്പെടുന്നവരെയും സ്വീകരിച്ചിരുന്നു.” ചരിത്രപരമായി നോക്കുന്പോൾ മലബാറിലെ നസ്രാണിജനതയുടെ ഉത്ഭവം വളരെ പ്രാചീനകാലത്തായിരുന്നു എന്നുള്ളതിൽ സംശയമില്ല. ഈ ജനസമൂഹത്തിന്റെ പ്രാചീനചരിത്രം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. ഇന്ത്യയുടെ പടിഞ്ഞാറെ തീരത്തു ബോംബെ മുതൽ കന്യാകുമാരി വരെ പല ദിക്കിൽ അവർ കുടിയേറി എന്നും, ഇങ്ങനെ താമസം ഉറപ്പിച്ചവരുടെ മാതൃസംഘം പൊന്നാനി പുഴയ്ക്കു തെക്കു കൊല്ലംവരെ താമസിച്ചുവന്നവരായിരുന്നു എന്നും അനുമാനിക്കാം.
മധ്യധരണ്യാഴി പ്രദേശത്തെ സഭകളിൽ സംഭവിച്ച പരിവർത്തനങ്ങളോ വിഭജനങ്ങളോ സമീപവാസികളായ ഹിന്ദുക്കളുടെ സ്വാധീനമോ ഇവരുടെ വളർച്ചയെ ബാധിച്ചില്ല. പോർച്ചുഗീസുകാരുടെ ആഗമനകാലത്ത് ഇവരുടെ സംഖ്യ ഏകദേശം മുപ്പതിനായിരം കുടുംബങ്ങൾ, അല്ലെങ്കിൽ 1,20,000 - 1,50,000 ജനങ്ങൾ ആയിരുന്നു. അവരും, സമീപവാസികളായ ഹിന്ദുക്കളെപ്പോലെ ദ്രാവിഡവർഗക്കാരായിരുന്നു. എങ്കിലും ചിലരിൽ അറബി വർഗക്കാരുടെ ലക്ഷണങ്ങൾ കാണാനുണ്ടായിരുന്നു. സാമൂഹ്യമായി സുസംഘടിതരായിരുന്ന നസ്രാണികൾക്കു സൈനികശക്തികൊണ്ട് അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ട കരുത്തുണ്ടായിരുന്നു. ചുറ്റിലും ഉണ്ടായിരുന്നവരും പരസ്പരം വഴക്കടിച്ചുകൊണ്ടിരുന്നവരുമായ രാജാക്കന്മാരുമായി, വേണ്ടിവന്നാൽ സമരം ചെയ്യുന്നതിനും അവർ മടിച്ചിരുന്നില്ല.
നസ്രാണികളുടെ ഔത്കൃഷ്ട്യത്തെ സംബന്ധിച്ച് പി. ചെറിയാൻ Malabar Christians and Church Missionary Society എന്ന ഗ്രന്ഥത്തിൽ എഴുതുന്നത്, ലൗകികവും ബുദ്ധിപരവുമായ വലിയ നേട്ടങ്ങൾ ഇല്ലായിരുന്നുവെങ്കിലും വിശ്വാസജീവിതത്തിൽ നസ്രാണികൾ മുൻപന്തിയിലായിരുന്നുവെന്നും അവരുടെ ജീവിതം ക്രൈസ്തവരേതർക്ക് പ്രചോദനമായിരുന്നു എന്നുമാണ്. “ലോകത്തിൽ മറ്റു സഭകളിൽ ഉണ്ടായ മാറ്റങ്ങൾ അവരെ സ്വാധീനിച്ചിരുന്നില്ല. മലങ്കര നസ്രാണികൾ ലൗകികമായോ, സാഹിത്യത്തിലോ ധിഷണാപരമായോ അനിതരസാധാരണമായ അത്യുന്നതനില സന്പാദിക്കുകയോ, വേദശാസ്ത്രപരമായി ഉറച്ച നില പ്രാപിക്കുകയോ, മതപ്രചാരണാർഥം എന്തെങ്കിലും വർത്തിക്കുകയോ ചെയ്തിരുന്നില്ല.
എങ്കിലും ക്രൈസ്തവേതരരായ വന്പിച്ച ജനതതിയുടെ മധ്യത്തിൽ, മങ്ങിയതെങ്കിലും, ഒരു കെടാവിളക്കായി, ഒരു മാർഗദർശകമായി, ക്രിസ്താബ്ദത്തിന്റെ പ്രാരംഭശതകങ്ങളിൽ അവർ നിലനിന്നുവന്നിരുന്നു എന്നുള്ള വസ്തുത, ക്രിസ്തുമതത്തിനു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായിട്ടുള്ള പുരോഗതിയെപ്പറ്റി പഠനം നടത്തുന്ന ചിന്താശീലന്മാരുടെ ശ്രദ്ധയെ ആകർഷിക്കാതിരിക്കുന്നതല്ല. അവർ ഏകദൈവത്തെ വന്ദിച്ചു. പിതാവും പുത്രനും പരിശുദ്ധാത്മാവുമാകുന്ന ത്രിത്വത്തെ ആരാധിച്ചു.
വിശുദ്ധ വേദം ഉപയോഗപ്പെടുത്തി. ദേവാലയങ്ങൾ സംരക്ഷിക്കുകയും ശാബതാചരണം ഉപേക്ഷിക്കാതിരിക്കുകയും ചെയ്തു. അനവധി ശതവർഷക്കാലം ക്രൈസ്തവകൂദാശകൾ മുടക്കം കൂടാതെ പാലിച്ചു. പെരുന്നാളുകൾ കൊണ്ടാടി. ഓരോ കാലങ്ങളിൽ നസ്രാണികൾക്ക് ഒട്ടാകെയോ ചിലർക്കോ സഭാപരമായി നാമമാറ്റങ്ങൾ കല്പിക്കപ്പെട്ടു എങ്കിലും, ലോകത്തിന്റെ ഇതര ഭാഗങ്ങളിൽ ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളും അസ്വസ്ഥതകളും അവരെ സ്പർശിച്ചതേയില്ല. ത്രിത്വാരാധന, ക്രിസ്തു ലോകരക്ഷകനാണെന്നുള്ള വിശ്വാസം, കൂദാശകൾ, ഇവയിൽ അവർ ഉറച്ചുനിന്നു” (പേജ് 39).
തിരുവിതാംകൂർ, കൊച്ചി ബ്രിട്ടീഷ് റസിഡന്റായിരുന്ന കേണൽ ന്യുവോളിന് സിഎംഎസ് മിഷനറിമാരായിരുന്ന ബെഞ്ചമിൻ ബെയ്ലി, ജോസഫ് ഫെൻ, ഹെന്റി ബേക്കർ എന്നിവർ ചേർന്ന് 1822 മാർച്ച് 13ന് അയച്ച ഒരു റിപ്പോർട്ടിൽ കാണുന്നു: “എ.ഡി. 825നു മുന്പ് പെരുമാൾ ഇവർക്ക് (നസ്രാണികൾക്ക്) അവകാശാധികാരങ്ങളും പദവികളും നല്കി എന്നത് സ്ഥാപിക്കപ്പെട്ടതായി ഗണിക്കാവുന്നതാണ്. ഈവക പദവികളിൽ ഭൂരിഭാഗവും അവർ ഇടമുറിയാതെ തുടർച്ചയായി അനുഭവിച്ചുകൊണ്ടാണിരുന്നത്. ഉൾനാട്ടിൽ സഞ്ചരിക്കുന്ന വീക്ഷണശക്തിയുള്ള ആർക്കും, ഇന്നും ഇതു കാണാൻ കഴിയും.
കടലോരദേശത്ത് പറങ്കികളുടെ (പോർച്ചുഗീസുകാരുടെ) ആഗമനശേഷം ധാരാളമായുണ്ടായ ക്രിസ്ത്യാനികളിൽനിന്നു വളരെ വ്യത്യാസപ്പെട്ട രീതികളും പ്രകൃതവുമുള്ളവരും, മുന്പുണ്ടായിരുന്ന ഉന്നതനില പ്രദ്യോതിപ്പിക്കുന്നവരുമായ ഒരു ജനസംഘമുണ്ട്. അവർക്കുപറങ്കികളെന്നും, റോമൻ കത്തോലിക്കരെന്നുമുള്ള നാമങ്ങൾ താരതമ്യേന നൂതനമാണ്. ഈ വിഷയത്തെപ്പറ്റി കൂടുതൽ വ്യവഹരിച്ച് അങ്ങയുടെ സമയം നഷ്ടപ്പെടുത്തുന്നത് അക്ഷന്തവ്യമായിരിക്കും...”
ഇന്ത്യയിലെ ജാതിഘടനയിൽ നസ്രാണികൾക്ക് ഉയർന്ന സ്ഥാനമാണുണ്ടായിരുന്നത്. ജാതിഘടന രൂപം പ്രാപിക്കുന്നതിനു മുന്പുതന്നെ അവർ ഉന്നതസ്ഥാനം പ്രാപിച്ചിരുന്നതുകൊണ്ടും അവരുടെ പൗരാണികത്വംകൊണ്ടുമാണ് ജാതീയമായി ഔന്നത്യം ലഭിച്ചത് എന്നുള്ളതിൽ സംശയമില്ല. ഇന്ത്യയിലെ സാമൂഹ്യഘടന സ്വീകരിക്കുകയും അതിൽ ഇഴുകിച്ചേരുകയും ചെയ്തതുകൊണ്ടാണ് മലബാറിൽ നസ്രാണി ക്രൈസ്തവമതം നിലനിന്നതുതന്നെ; ജാതി ആയി നിന്നതുകൊണ്ട് നശിച്ചില്ലെന്നു സാരം.
“നസ്രാണികൾ സത്യക്രിസ്ത്യാനികൾ ആയിരുന്നു. അവർ സത്യവിശ്വാസം പാലിക്കുകയും ചെയ്തുപോന്നു. അന്നത്തെ മലയാളികളിൽ ശാരീരികമായും മാനസികമായും ഏറ്റവും പ്രാപ്തിയും വാസനയും ഉള്ളവർ നസ്രാണികൾ ആയിരുന്നു. വിദേശീയരോട് മര്യാദയും എന്നാൽ, ധർമാനുഷ്ഠാനങ്ങളിൽ കാർക്കശ്യവും അവർ പുലർത്തിയിരുന്നു. കൃഷിയും വ്യാപാരവും അവരെ സാന്പത്തികമായി ഉയർത്തി. ഈ നാടിന്റെ സാന്പത്തികാവസ്ഥയെ ഉത്കൃഷ്ടമാക്കുന്നതിന് സുറിയാനി ക്രിസ്ത്യാനികൾ വളരെ സഹായിച്ചിട്ടുണ്ട്. കേരളത്തിലെ ഹിന്ദുക്കളുടെ സാമൂഹ്യ ജീവിതരീതികൾ വാണിജ്യത്തിന് പ്രതികൂലങ്ങളായിരുന്നു” എന്ന് വൈറ്റ് ഹൗസ് Lingerings of Light in a Dark Land എന്ന ഗ്രന്ഥത്തിൽ (പേജ് 6) കുറിക്കുന്നു.
നസ്രാണി ഔന്നത്യം
നസ്രാണികളുടെ സന്മാർഗനിഷ്ഠയും സദാചാരനിലവാരവും പല പോർച്ചുഗീസ് ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്. നസ്രാണികൾ ശാരീരികമായും മാനസികമായും സദ്ഗുണങ്ങളാൽ അനുഗൃഹീതരാണ്, പരിശ്രമശീലരാണ്, കാര്യബോധവും സാമാന്യജ്ഞാനവും ഉള്ളവരാണ്. മാതാപിതാക്കന്മാരെയും ഗുരുജനങ്ങളെയും പൂജിക്കുന്നവരാണ്, കർമശീലന്മാരാണ് എന്നെല്ലാം അവർ രേഖപ്പെടുത്തുന്നുണ്ട്. രൂപലാവണ്യമുള്ളവരും സച്ചചരിതരുമായ അവരുടെ സ്ത്രീജനങ്ങൾ അച്ചടക്കമുള്ളവരും വിനീതരും ആയിരുന്നുവെന്നും നസ്രാണികൾ അത്യുത്തമ യോദ്ധാക്കളും ധീരന്മാരും ആയിരുന്നതിനാൽ പോർച്ചുഗീസുകാർ നസ്രാണികളെ ബഹുമാനിച്ചിരുന്നുവെന്നും അവരുടെ ചരിത്രകാരന്മാർ വ്യക്തമാക്കിയിട്ടുണ്ട്.
ബ്രിട്ടീഷ് റസിഡന്റ് കേണൽ മണ്റോ നസ്രാണികളെ പ്രശംസിക്കുന്നത് താഴെപ്പറയുന്ന വിധമാണ്: “വിഗ്രഹാരാധകനായ ഒരു രാജാവിന്റെ രാജ്യത്ത് എത്രയധികം നസ്രാണികൾ ഉണ്ടോ, അയാളെ അത്രയധികം ബഹുമാനിക്കുകയും ഭയപ്പെടുകയും ചെയ്യുന്നു. ഇക്കാരണത്താലും വിശ്വസ്തതകൊണ്ടും ഏർപ്പെടുന്ന എല്ലാ സംഗതികളിലും സത്യം പാലിക്കുന്നതുകൊണ്ടുമാണ് രാജാക്കന്മാർ നസ്രാണികളെ സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത്.” ‘തിരുവിതാംകൂർ സ്റ്റേറ്റ് മാന്വലി’ൽ കാണുന്നത് നസ്രാണികളുടെ നേതാവായ ഇരവികൊർത്തന് ചെപ്പേട് കൊടുത്ത് രാജകീയസ്ഥാനം നൽകി എന്നാണ്. “അന്നത്തെ ഹിന്ദുഭരണാധിപന്മാർ നസ്രാണികൾക്ക് പ്രത്യേക അവകാശാധികാരങ്ങൾ അനുവദിച്ചുകൊടുത്തിരുന്നു.
അവർ സത്യസന്ധരും വിശ്വസ്തരും ആയിരുന്നു, ഹിന്ദുഭരണാധിപന്മാർക്ക് അവരെ വിശ്വാസമായിരുന്നു. ചില പ്രത്യേക ലൗകികാധികാരമുള്ള ആത്മീയ മേലധ്യക്ഷന്മാർ ഉണ്ടായിരിക്കുന്നതിനു രാജാധികാരികൾ സമ്മതിച്ചിരുന്നു. നസ്രാണികളുടെ സ്വന്തം രാജാവിന്റെ പേര് ‘ബലിയാർട്ടസ്’ (Villarvattom) എന്നായിരുന്നു. പല രാജാധികാരികളുടെ ദേശങ്ങളിൽ അധിവസിച്ചിരുന്നുവെങ്കിലും ആത്മീയവും സാമൂഹ്യവുമായ എല്ലാ ഘടകങ്ങളിലും അവരുടെ ബിഷപ്പിന്റെ ഭരണാധികാരം സർവരും അംഗീകരിച്ചിരുന്നു. അവരുടെയിടയിൽ ഉണ്ടാകുന്ന തർക്കങ്ങൾ ബിഷപ്പുതന്നെ കേട്ട് തീർപ്പു കല്പിക്കുകയായിരുന്നു പതിവ്. അവരുടെ അവകാശാധികാരങ്ങളെ ഹിന്ദുഭരണാധികാരികൾതന്നെ, ധർമ്മനിഷ്ഠയോടെ പരീക്ഷിച്ചുവന്നിരുന്നു” എന്ന് കെ.പി. പത്മനാഭമേനോൻ History of Kerala, (Vol.1) പറയുന്നു.
‘തിരുവിതാംകൂർ സ്റ്റേറ്റ് മാന്വലി’ൽ നസ്രാണികളുടെ പൗരാണികത്വത്തെക്കുറിച്ച്, അവരുടെ സുറിയാനി ആരാധനക്രമത്തെക്കുറിച്ച്, സുറിയാനി ഭാഷയോടുള്ള ബഹുമാനത്തെക്കുറിച്ച് ഇങ്ങനെ വായിക്കുന്നു: “തിരുവിതാംകൂറിലെ ക്രിസ്ത്യാനികളിൽ ഭൂരിഭാഗവും നസ്രാണികൾ (സുറിയാനി ക്രിസ്ത്യാനികൾ) എന്ന പേരിലറിയപ്പെടുന്നു. മലബാറിലെ സുറിയാനിസഭ ഇന്ത്യയിലെ സഭകളിൽ ഏറ്റം പുരാതനമായിട്ടുള്ളതാണ്.
മലങ്കര സഭാംഗങ്ങളിലെ സുറിയാനിക്കാർ എന്നു വിളിക്കുന്നത് അവരുടെ സിരകളിൽ സുറിയാനിക്കാരുടെ രക്തം ഉള്ളതുകൊണ്ടല്ല അവരുടെ ആരാധനാഭാഷ സുറിയാനി ആയതുകൊണ്ടാണ്. അവർ സിറിയൻ ജാതിക്കാരിൽപ്പെട്ടവരല്ല. സുറിയാനി ആരാധനക്രമം ഉള്ളവരാണ്. ഈ പേര് ഇവിടെ നരവംശശാസ്ത്രപരമോ ഭൂമിശാസ്ത്രപരമോ അല്ല, സഭാപരം മാത്രമാണ്. നസ്രാണികളെ കണ്ടുപിടിച്ചപ്പോൾ അതു യൂറോപ്പിലെ രണ്ടു ക്രൈസ്തവവിഭാഗങ്ങളെയും അന്പരപ്പിച്ചു എന്നാണ് ഡീൻ സ്റ്റാൻലി രേഖപ്പെടുത്തിയിട്ടുള്ളത്.
മലങ്കര സുറിയാനി സഭയുടെ സവിശേഷത, സുവിശേഷത്തോടും അതും വെളിപ്പെടുത്തിക്കൊടുത്ത ഭാഷയായ സുറിയാനിയോടുമുള്ള ബഹുമാനമാണ്” (Nagam Aiya, Travancore State Manuel Vol.II, 1940)
ഗിബ്ബൻ Decline and fall of the Roman Empire എന്ന ഗ്രന്ഥത്തിൽ എഴുതുന്നത് പോർച്ചുഗീസുകാരേക്കാൾ വളരെ മെച്ചപ്പെട്ട രീതിയിലായിരുന്നു നസ്രാണി ക്രിസ്ത്യാനികളുടെ സ്ഥിതി എന്നാണ്. അവർ ഇവിടെ ആദ്യകാലം മുതൽ ഉള്ളവരാണ്. ആയോധനത്തിലും കാർഷികവൃത്തിയിലും കുരുമുളക് വ്യാപാരത്തിലും അവർ മുൻപന്തിയിലായിരുന്നു. കുലീനരായ നസ്രാണികളെ രാജാക്കന്മാർ മാനിച്ചിരുന്നു. എന്നാൽ, പോർച്ചുഗീസുകാർ ഇവരിൽ പാഷണ്ഡതയും ശീശ്മയും ആരോപിച്ചു. അവരുടെ മെത്രാന്മാരുടെ അധികാരത്തെ നെസ്തോറിയൻ പാത്രിയാർക്കീസുമാരുടെ ബന്ധത്തിന്റെ പേരിൽ അംഗീകരിക്കാൻ തയാറായില്ല.
ഗിബന്റെ വാക്കുകൾ ഇങ്ങനെയാണ്: “പറങ്കികൾ ഇന്ത്യയിലേക്കുള്ള സമുദ്രമാർഗം തുറക്കുന്പോൾ, നസ്രാണികൾ മലബാറിൽ സ്ഥാനം ഉറപ്പിച്ചിട്ടു യുഗങ്ങൾതന്നെ കഴിഞ്ഞിരുന്നു. ആയോധനത്തിലും കലയിലും സദാചാരങ്ങളിൽതന്നെയും അവർ ഇന്ത്യയിലെ ഇതര വർഗങ്ങളെ പിൻതള്ളി. കർഷകവൃത്തിയിൽ ഏർപ്പെട്ടിരുന്നവർ തെങ്ങുകൃഷിചെയ്തു. വണിക്കുകൾ കുരുമുളകു വ്യാപാരം വഴി ധനം ആർജിച്ചു.
മലബാറിലെ കുലീനരായ നായന്മാരേക്കാൾ പ്രാമുഖ്യം നസ്രാണി ഭടന്മാർക്കു കൊടുത്തുവന്നു.നസ്രാണികൾക്കു പാരന്പര്യമായി സിദ്ധിച്ചിരുന്ന വിശിഷ്ടാവകാശാധികാരങ്ങളെ കൃതജ്ഞതാ ഹേതുവായോ, കൊച്ചി രാജാവിനെയോ സാമൂതിരിയെ തന്നെയോ ഭയമുള്ളതുകൊണ്ടോ മാനിക്കപ്പെട്ടിരുന്നു. കാവ്യനായ ഒരു രാജാവിനെ അംഗീകരിച്ചുവെങ്കിലും ലൗകികകാര്യങ്ങളിൽ തന്നെയും, അങ്കമാലി ബിഷപ്പാണ് അവരെ ഭരിച്ചിരുന്നത്. ഇന്ത്യയുടെ മെത്രാപ്പോലീത്താ എന്ന പ്രാചീന പദവിയും ആയിരത്തിനാനൂറു പള്ളികളുടെയും രണ്ടുലക്ഷം ജനങ്ങളുടെയുംമേൽ അധികാരവും അദ്ദേഹത്തിനുണ്ടായിരുന്നു.”
(അവസാനിച്ചു)