പരിചിന്തനത്തിനും നവീകരണത്തിനുമുള്ള അവസരം
മാർ പോളി കണ്ണൂക്കാടൻ ജനറൽ കൺവീനർ
Thursday, August 22, 2024 2:24 AM IST
മാർത്തോമ്മാ ക്രിസ്ത്യാനികളുടെ "യോഗം' എന്ന് വിളിക്കപ്പെടുന്ന ഒരു പുരാതന സഭാ സംവിധാനത്തിന്റെ പുനസ്ഥാപിക്കപ്പെട്ടതും പുനരുദ്ധരിക്കപ്പെട്ടതുമായ രൂപമാണ് സീറോ മലബാർ സഭയുടെ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലി.
സഭാപരമായ സ്വയം പരിചിന്തനത്തിനും സ്വയം നവീകരണത്തിനും അസംബ്ലി ഒരു അവസരമാണ്. സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, 2024 ഏപ്രിൽ 15ന് അഞ്ചാമത് മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലി ഔദ്യോഗികമായി വിളബരം ചെയ്തു.
സഭയിലെ മുഴുവൻ വിശ്വാസികളും വൈദികരും സമർപ്പിതരും പ്രവാസി സമൂഹങ്ങളിലുള്ളവരും നിർദേശിച്ച വിഷയങ്ങൾ ക്രോഡീകരിച്ച് കൃത്യമായ വിചിന്തനത്തിനുശേഷം സഭയിലെ പിതാക്കന്മാരുടെ സിനഡിന്റെ നിർദേശപ്രകാരമാണ് ചർച്ചകൾക്ക് ആവശ്യമായ പ്രധാന വിഷയവും അതിനോട് ചേർന്നു നിൽക്കുന്ന മൂന്നു പ്രമേയങ്ങളും ആലോചനയ്ക്കായി രൂപപ്പെടുത്തിയത്.
മൂന്ന് കമ്മിറ്റികളുടെ നേതൃത്വത്തിൽ തയാറാക്കപ്പെട്ട മാർഗരേഖ 2023 ജനുവരി 14ന് മേജർ ആർച്ച്ബിഷപ് പ്രകാശനം ചെയ്തു. കാലാനുസൃതമായ സഭാ ജീവിതവും ദൗത്യവും സീറോമലബാർ സഭയിൽ എന്നതാണ് പ്രധാന വിഷയം. ഇതിൽ മൂന്ന് പ്രധാന വിഷയങ്ങൾ ചർച്ചചെയ്യപ്പെടുന്നു.
1. സീറോമലബാർ സഭയിലെ വിശ്വാസ പരിശീലനനവീകരണം.
2. സുവിശേഷ പ്രഘോഷണത്തിൽ അല്മായരുടെ സജീവപങ്കാളിത്തം.
3. സിറോമലബാർ സമുദായശക്തീകരണം.
സഭയുടെ അസംബ്ലിക്കു വേണ്ടിയുള്ള സെക്രട്ടേറിയറ്റ് ഈ മാർഗരേഖ രൂപതകളിലേക്കും സന്യാസ സ്ഥാപനങ്ങളിലേക്കും പരിശീലന കേന്ദ്രങ്ങളിലേക്കും പ്രവാസി സമൂഹങ്ങളിലേക്കും അവരുടെ വിചിന്തനത്തിനും ചർച്ചയ്ക്കും പ്രതികരണങ്ങൾക്കുമായി അയച്ചുകൊടുത്തു. അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളത്തിലുള്ള രൂപതാ പ്രതിനിധികൾക്കായും മതബോധന അധ്യാപക പ്രതിനിധികൾക്കായും യുവജനപ്രതിനിധികൾക്കായും കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മാർഗരേഖയെ അടിസ്ഥാനപ്പെടുത്തി ഏകദിന സെമിനാറുകൾ സംഘടിപ്പിച്ചു. കൂടാതെ മിഷൻ രൂപതകൾക്കായി ഉജ്ജയിൻ രൂപതയുടെ പാസ്റ്ററൽ സെന്ററിൽ ഏകദിന സെമിനാറും ഇന്ത്യക്കു പുറത്തുള്ള രൂപതകളുടെ പ്രതിനിധികൾക്കായി ഓൺലൈൻ സെമിനാറും സംഘടിപ്പിച്ചു.
പഠനരേഖ ഉണ്ടാക്കുന്നതിനുവേണ്ടി നിയോഗിക്കപ്പെട്ട മൂന്ന് കമ്മിറ്റികളും മാർഗരേഖയെക്കുറിച്ചുള്ള പഠനറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പഠനരേഖ രൂപീകരിച്ചു. കാലോചിതമായ വിഷയങ്ങൾ ചർച്ചചെയ്യുകയും സഭയുടെയും സമൂഹത്തിന്റെയും പൊതുനന്മ കണക്കിലെടുത്തു കർമപരിപാടികൾ രൂപീകരിക്കുന്നതിനു മെത്രാൻ സിനഡിനെ സഹായിക്കുകയും ചെയ്യുക എന്നതാണ് അസംബ്ലിയുടെ ദൗത്യം. അതിനാൽ സഭയിലെ എല്ലാ അംഗങ്ങളും പ്രത്യേകിച്ച് അസംബ്ലിയിൽ പങ്കെടുക്കുന്നവർ, നിർദേശിച്ചിരിക്കുന്ന വിഷയത്തിന്റെ വിവിധ മേഖലകൾ ആഴത്തിൽ അവലോകനം ചെയ്യാനും കൂടുതൽ ഫലപ്രദമായ മാർഗങ്ങൾ നിർദേശിക്കാനും കടപ്പെട്ടിരിക്കുന്നു.
മൂന്നു വിഷയങ്ങളുടെ അവതരണങ്ങൾ കൂടാതെ, ചെറിയ ഗ്രൂപ്പുകളിൽ ചർച്ചചെയ്യേണ്ട പ്രത്യേക ചോദ്യങ്ങളും ഉണ്ടാകും. ഈ ചർച്ചകളിൽ അസംബ്ലി അംഗങ്ങൾ സജീവമായി പങ്കാളികളാകുന്നതുവഴിയാണ് അസംബ്ലിയുടെ വിജയം സാധ്യമാകുന്നത്.