സഭായോഗം: അതിജീവനത്തിനും പുനരുജ്ജീവനത്തിനും
റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍
Thursday, August 22, 2024 2:21 AM IST
ഉത്ഥിതനായ ഈശോ തിബേരിയാസ് കടല്‍ത്തീരത്തുവച്ച് ശിഷ്യന്മാര്ക്കു പ്രത്യക്ഷപ്പെട്ട് അദ്ഭുതകരമായ മീന്‍പിടിത്തത്തിനു സഹായിച്ചശേഷം പത്രോസിനോടു ചോദിച്ചു: യോനായുടെ പുത്രനായ ശെമയോനേ, നീ ഇവരേക്കാളധികമായി എന്നെ സ്നേഹിക്കുന്നുവോ? ശെമയോന് മറുപടി പഞ്ഞു. ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്ന് നീ അറിയുന്നുവല്ലോ. ഈശോ അവനോടു കല്പിച്ചു: എന്റെ കുഞ്ഞാടുകളെ മേയ്ക്കുക. മൂന്നാവൃത്തി നടന്ന ഇതേ ചോദ്യങ്ങള്‍ക്കുശേഷം ഈശോ പറഞ്ഞു: നീ എന്നെ അനുഗമിക്കുക (യോഹ 21: 1-19). തിരുസഭയുടെ ഓരോ സൂനഹദോസും യോഗവുമെല്ലാം ഗുരുവും നാഥനുമായ ഈശോയോടുള്ള സ്നേഹവും പ്രതിബദ്ധതയും ഏറ്റുപറയാനും കര്‍ത്താവില്‍നിന്ന് ദൗത്യമേറ്റുവാങ്ങി നവമായി അവിടത്തെ അനുഗമിക്കാനുമാണ് ലക്ഷ്യംവയ്ക്കുന്നത്.
എക്ലേസിയ സേമ്പര് റിഫോര് മാന്താ’- സഭ നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടേയിരിക്കണം- എന്ന സെന്റ് അഗസ്റ്റിന്റെ വാക്കുകളെ ആധുനിക ദൈവശാസ്ത്രജ്ഞനായ കാള്‍ ബാര്‍ത്ത് (+1968) നവീകൃതസഭകളുടെ പശ്ചാത്തലത്തില്‍ പ്രശസ്തമാക്കുകയുണ്ടായി. സഭയുടെ ചരിത്രം പരിശോധിച്ചാല്‍ ബൈബിള്‍ കാലഘട്ടത്തിലെ ജറൂസലെം കൗണ്‍സില്‍ (AD 48-50: നടപടി 15) മുതല്‍ രണ്ടാം വത്തിക്കാന്‍ കൗണ്സില്വരെയുള്ള സഭാസമ്മേളനങ്ങള്‍ ശരിതെറ്റുകള്‍ പ്രാര്‍ഥനാപൂര്‍വം വിവേചിച്ചറിയുന്നുണ്ട്. അവ കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് സഭയ്ക്കു പുനര്‍യൗവനം സമ്മാനിക്കാനുദ്ദേശിച്ചുകൊണ്ടുള്ളവയുമായിരുന്നു.
സിനഡാത്മകത സഭയുടെ സ്വഭാവം
അപ്പസ്തോലിക പ്രബോധനം, കൂട്ടായ്മ, അപ്പം മുറിക്കല്‍ പ്രാര്‍ഥന (നട 4: 42) എന്നീ അടിസ്ഥാനചര്യകളോടെ വളരുന്ന സഭയുടെ സ്വഭാവംതന്നെ ഈ ഒന്നിച്ചുകൂടിവരവും യോഗാത്മകതയുമാണ്. അഥവാ ഫ്രാന്‍സിസ് പാപ്പായുടെ ഭാഷയില്‍ സിനഡാത്മകതയാണ്. ഭാരതത്തിലെ സുറിയാനിസഭയും തദ്ദേശീയ തനതുപാരമ്പര്യങ്ങള് ഉള്‍ച്ചേര്‍ത്തുകൊണ്ടുള്ള ഇടവക, മഹായിടവകയോഗങ്ങളിലൂടെയാണ് സഹസ്രാബ്ദങ്ങളായി വളര്‍ന്നുവന്നത്. സഭയെ പാശ്ചാത്യശൈലികളോട് അനുരൂപപ്പെടുത്താന്‍ പരിശ്രമിച്ച ഉദയംപേരൂര്‍ സുനഹദോസ് (1599), സഭാസ്വാതന്ത്ര്യവും നാട്ടുമെത്രാന്റെ ഭരണാവകാശവും ഉയര്‍ത്തിപ്പിടിച്ച അങ്കമാലിയോഗവും അങ്കമാലി പടിയോലയും (1787), സുറിയാനി റീത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടു വികാരിയാത്തുകള്‍ സ്ഥാപിച്ച ഉടനെ സാമൂഹിക-ആത്മീയ ജീവിതത്തെ സംബന്ധിച്ചു തീരുമാനങ്ങളിലെത്തിയ ചങ്ങനാശേരി സുനഹദോസ് (1888) എന്നിവയെല്ലാം നമ്മുടെ സഭയുടെ സിനഡാത്മകവളര്ച്ചയിലെ നാഴികക്കല്ലുകളാണ്. 1923ല്‍ ഒരു ഹയരാര്ക്കിയായും 1992ല്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയായും വളര്‍ന്നതോടുകൂടി നിയതമായ സിനഡല്‍ ശൈലിയിലുള്ള മെത്രാന്‍സിനഡും സഭ മുഴുവനിലെയും അംഗങ്ങളുടെ പരിച്ഛേദമായ മേജർ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലിയും ആവിഷ്കൃതമായി.
സത്യബോധം വളര്‍ത്തുക
ഇപ്രകാരമുള്ള അഞ്ചാമതു സഭായോഗമാണ് ഓഗസ്റ്റ് 22-25 വരെ പാലാ അല്ഫോന്സിയന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്നത്. സഭാപരമായ അച്ചടക്കത്തിനും കാലാനുസൃതമായ സാഹചര്യങ്ങള്‍ സഭയുടെ പൊതുനന്മയ്ക്കാവശ്യമായ ചിന്തകള്‍ വയ്ക്കുന്ന പ്രേഷിതസഭയാകാനും സഭയെ ഒരുക്കുന്ന ഒരു കൂടിയാലോചനാസമിതിയാണിത്. സഭയുടെ സ്വത്വവും ദൗത്യവും, വ്യക്തവും ശക്തവുമാക്കാന്‍ സഹായിക്കുന്ന ഒരു ഒത്തുചേരലാണ് ഈ അസംബ്ലി. സഭ അടിസ്ഥാനപരമായി ദൈവാരാധനയ്ക്കായി ദൈവം വിളിച്ചുചേര്‍ത്ത കൂട്ടായ്മയാണ്. ഞായറാഴ്ച ബലിയര്‍പ്പണങ്ങളിലൂടെയാണ് ഇതു വളര്‍ന്നുവന്നത്. ദൈവവചനം ശ്രവിച്ചും ദിവ്യപോഷണം സ്വീകരിച്ചും സേവനചര്യകളില് വ്യാപരിച്ചും വളര്‍ന്നുവന്ന സഭ വ്യത്യസ്തദേശങ്ങളില്‍ അതിന്റെ തനതാത്മകതയില് വളര്‍ന്നുവന്നു. അങ്ങനെയുള്ള വിവിധ ആരാധനാപാരമ്പര്യങ്ങളെക്കുറിച്ചു പ്രതിപാദിക്കുമ്പോള്‍ നമ്മുടെ പൗരസ്ത്യസുറിയാനി സഭ കല്‍ദായ ആരാധനാ കുടുംബത്തില്‍പ്പെട്ടതാണെന്ന് കത്തോലിക്കാ വേദോപദേശസംഹിത വ്യക്തമാക്കുന്നുണ്ട് (നന്പർ: 1203). ഒരു ആധികാരിക ഭാരതീയ പൗരസ്ത്യ ക്രിസ്തീയ സഭയായി വളര്‍ന്നുകൊണ്ട് സഭയുടെ സ്വത്വബോധം ഉറപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
പാരമ്പര്യമെന്നാല്‍ പഴമയുടെ ചാരം കൂട്ടിവച്ച് അതിനെ ഉപവസിക്കുകയെന്നതല്ല, മറിച്ച് അതിലെ തീ പകരുകയാണെന്ന ഓസ്ട്രിയന്‍ സംഗീതജ്ഞനായ ഗുസ്താവ് മാലറിന്റെ (+1911) വാക്കുകള്‍ ഇവിടെ പ്രസക്തമാണ്. "ആരാധന ക്രമപാരമ്പര്യത്തെ അതിന്റെ സമ്പൂര്‍ണതയിലും സമഗ്രതയിലും കാത്തുസൂക്ഷിക്കണമെന്നും അതിലെ നേരിയ ഒരു ഘടകംപോലും നഷ്ടപ്പെടാതെ അതിന്റെ സമ്പൂര്‍ണ സത്യം മുഴുവനും പരിരക്ഷിക്കണമെന്നും' വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന് പാപ്പാ ആരാധനാകാര്യങ്ങള്‍ തീരുമാനിക്കാനുള്ള അവകാശം വിട്ടുനല്‍കിക്കൊണ്ട് സീറോമലബാര്‍ മെത്രാന്മാര്ക്ക് എഴുതുകയുണ്ടായി (മാര്‍ച്ച് 14, 1998). ഇത്തരുണത്തില്‍ ഫ്രാന്‍സിസ് പാപ്പാ ആഹ്വാനംചെയ്ത ഏകീകൃത ബലിയര്പ്പണരീതിയില് തുടങ്ങി സഭാപാരമ്പര്യം അഭംഗുരം സംരക്ഷിക്കാനും വളര്‍ത്താനുമുള്ള ചിന്തകള്‍ ഈ അസംബ്ലിയിലും ഉണ്ടാകുമെന്നു പ്രത്യാശിക്കാം.
സഭാമാതാവിനോടുള്ള പ്രതിബദ്ധത
‘സഭ മാതാവായില്ലാത്ത ഒരുവനും ദൈവം പിതാവായി ഉണ്ടായിരിക്കുകയില്ല’എന്നു കാര്‍ത്തേജിലെ വിശുദ്ധ സിപ്രിയന് (+258) പറയുകയുണ്ടായി. ‘കാലാനുസൃതമായ സഭാജീവിതത്തെക്കുറിച്ച്’ പരിചിന്തനംചെയ്യുന്ന ഈ അസംബ്ലി സഭയോടുള്ള സ്നേഹവും സമൂഹത്തോടുള്ള പ്രതിബദ്ധതയും ഉറപ്പാക്കാനുതകുന്ന വിഷയങ്ങളാണ് ചര്‍ച്ചചെയ്യുന്നത്. സഭ മാതാവും ഗുരുനാഥയുമാണെന്നാണ് വിശുദ്ധ ജോണ്‍ 23-ാമൻ പാപ്പാ പറയുന്നത്. സഭാശുശ്രൂഷകരിലൂടെ കാലാകാലങ്ങളില്‍ ലഭിക്കുന്ന പ്രബോധനങ്ങള്‍ മക്കള്‍ക്കടുത്ത വിധേയത്വത്തോടെ അനുസരിക്കാന്‍ സഭാംഗങ്ങള്‍ക്കു കടമയുണ്ട്. "മാമ്മോദീസായിലൂടെ നമ്മെ ജനിപ്പിച്ച് തന്റെ സമൂഹത്തില്‍ വളര്‍ത്തി പരിപാലിക്കുന്ന പരിശുദ്ധ മറിയത്തിന്റേതുപോലുള്ള മാതൃനിര്‍വിശേഷമായ എളിമയുടെയും നന്മയുടെയും മനോഭാവമുള്ള അമ്മയാണ് തിരുസഭ. ഒരു മാതൃനിര്‍വിശേഷമായ വികാരത്തോടെയല്ലാതെ മാനുഷിക ഊഷ്മളതയില്ലാത്ത കര്‍ക്കശമായ സംഘടനയായി സഭയെ കരുതുന്നത് ഒരു അനാഥനാണെന്ന്’ ഫ്രാന്‍സിസ് പാപ്പാ പറയുന്നത് ശ്രദ്ധേയമാണ്.
ചര്‍ച്ചാവിഷയങ്ങള്‍
സഭയിലൂടെയുള്ള വിശ്വാസരൂപവത്കരണമാണ് സഭായോഗത്തിലെ ഒന്നാമത്തെ പരിചിന്താവിഷയം. സെക്കുലറിസത്തിന്റെയും നിരീശ്വരത്വത്തിന്റെയും സുഖലോലുപതയുടെയും വര്‍ഗീയതയുടെയും പ്രത്യയശാസ്ത്രങ്ങള്‍ക്കിടയില്‍ വിശ്വാസപരമായ പ്രബോധനത്തിന്റെ അടിയന്തരാവശ്യത്തെക്കുറിച്ച് ജീവിതാന്തസും പ്രായഭേദവുമനുസരിച്ച് ബെനഡിക് പാപ്പാ ഓര്മിപ്പിക്കാറുണ്ടായിരുന്നു (Educational emergency). വിശ്വാസപ്രബോധനങ്ങളുടെ ഗുരുഭക്ഷണം കഴിച്ച് (1 കോറി 3:1-2) വചനത്തിന്റെ പ്രഥമപാഠങ്ങള്വിട്ട് പക്വതയിലേക്കു വളരാന്‍ (ഹെബ്രാ 6:1) സഹായകമായ നൂതനശൈലികളും സങ്കേതങ്ങളും ഉരുത്തിരിഞ്ഞുവരേണ്ടിയിരിക്കുന്നു.
ദൈവജനത്തിന്റെ, പ്രത്യേകിച്ച് അല്മായരുടെ പ്രേഷിതദൗത്യമാണ് രണ്ടാമത്തെ വിഷയം. കേവലം സഭാംഗം എന്നതില്‍നിന്ന് സമര്‍പ്പിതമായ ക്രിസ്തുശിഷ്യത്വത്തിലേക്കു വളരാനുള്ള ആധ്യാത്മികതയിലൂടെ ലോകത്തിലെ രാഷ്ട്രീയ, കലാ, സാഹിത്യ, ഭരണ, സേവനമണ്ഡലങ്ങളില് സുവിശേഷത്തിന്റെ സാക്ഷികളാകാനുള്ള സാധ്യതയും കര്‍മപരിപാടികളും യോഗത്തില്‍ വിശകലനംചെയ്യും.
സമുദായശക്തീകരണമാണ് മൂന്നാമത്തെ വിഷയം. കേവലം ഒരു സമുദായമെന്ന നിലയില്‍ സ്വന്തം താത്പര്യങ്ങളില്‍ കേന്ദ്രീകരിച്ചല്ല, സഭയെന്ന നിലയില്‍ എല്ലാവരുടെയും ക്ഷേമത്തിനും അവകാശങ്ങള്‍ക്കും വിദ്യാഭ്യാസ, ആതുര, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന പാരമ്പര്യമാണ് സീറോമലബാര്‍ സഭയുടേത്. എന്നാൽ, അതേസമയംതന്നെ ഒരു സമൂഹമെന്ന നിലയില്‍ സഭാംഗങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ്, വര്‍ധിച്ചുവരുന്ന വിദേശ കുടിയേറ്റം, വിവിധ അധിനിവേശശക്തികളുടെ കടന്നുകയറ്റം, ന്യൂനപക്ഷാവകാശങ്ങളുടെയും ആനുകൂല്യങ്ങളുടെയും ഘട്ടംഘട്ടമായുള്ള നിഷേധങ്ങള്‍, ദളിത്-പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ നേരിടുന്ന നീതിനിഷേധം എന്നിങ്ങനെ ഒട്ടനവധി പ്രശ്നങ്ങളില്‍ അതിജീവനത്തിനുള്ള കരുത്തു പകരാനും യോഗചിന്തകള് സഹായിക്കുമെന്നു പ്രത്യാശിക്കാം.
സിനഡാത്മക സഭ
2024 ഒക്ടോബറില്‍ റോമില്‍ നടക്കുന്ന സിനഡാത്മക സഭയെക്കുറിച്ചുള്ള പ്രാരംഭരേഖയില് പറഞ്ഞിരിക്കുന്നതുപോലെ കേവലം ചില രേഖകള്‍ പുറപ്പെടുവിക്കുന്ന ഒരു സമ്മേളനമല്ല. സഭയുടെ സമൂലം സിനഡാത്മകമായ ഒരു ജീവിതശൈലിയും പ്രവര്‍ത്തനരീതിയുമാണ് പരിശുദ്ധ പിതാവ് വിഭാവനംചെയ്യുന്നത്. അവ ഇപ്രകാരമാണ്. ‘നാം വിളിക്കപ്പെട്ടിരിക്കുന്ന സഭയെക്കുറിച്ച് സ്വപ്നങ്ങള്‍ നെയ്തെടുക്കാന്‍ പ്രചോദിപ്പിക്കുക, മാനുഷിക പ്രത്യാശ പുഷ്കലമാക്കുക, വിശ്വാസ്യത ഉത്തേജിപ്പിക്കുക, മുറിവുകള്‍ വച്ചുകെട്ടുക, നവവും അഗാധവുമായ ബന്ധങ്ങള്‍ നെയ്തെടുക്കുക, പരസ്പരം പഠിക്കുക, നല്ല ബന്ധങ്ങള്‍ പണിതുയര്‍ത്തുക, മനസിനെ ദീപ്തവും ഹൃദയത്തെ ഊഷ്മളവുമാക്കുക, പൊതുദൗത്യത്തിനുവേണ്ടിയുള്ള നമ്മുടെ കരങ്ങളുടെ ശക്തി വീണ്ടെടുക്കുക (ഒരുക്കരേഖ 2021)- ഇത്തരത്തിലുള്ള ഒരു ‘അജപാലനമാനസാന്തരത്തിനു’സഹായകമായ ചിന്തകള്‍ സഭായോഗത്തില്‍ ഉരുത്തിരിയും എന്നു നമുക്കു പ്രത്യാശിക്കാം.