പ്രൗഢമായ പൗരാണികത
റവ. ഡോ. ജയിംസ് പുലിയുറന്പിൽ
Thursday, August 22, 2024 12:07 AM IST
മാർത്തോമ്മാ ശ്ലീഹായാൽ സ്ഥാപിതവും നസ്രാണി പാരന്പര്യത്തിൽ അധിഷ്ഠിതവുമായ ഭാരത സുറിയാനി കത്തോലിക്കാ സഭയ്ക്കു തനതായ വ്യക്തിത്വവും വിശ്വാസാചാരങ്ങളും ഭരണസംവിധാനവുണ്ടായിരുന്നു. മെത്രാപ്പോലീത്തയും അർക്കദിയാക്കോനും ചേർന്നുള്ള ഒരു ഭരണക്രമത്തിൽ വിശ്വാസികളുടെ പങ്കാളിത്തത്തിന് വലിയ പ്രാധാന്യമുണ്ടായിരുന്നു എന്നതിനു തെളിവാണ് ‘പള്ളിയോഗം’ എന്ന സംവിധാനം. മാർത്തോമ്മാ നസ്രാണികളുടെ മാത്രം പ്രത്യേകതയായിരുന്ന ഈ പള്ളിയോഗത്തിന് ഇടവകയോഗം, പ്രാദേശികയോഗം, പൊതുയോഗം എന്നീ മൂന്നു തലങ്ങളുണ്ടായിരുന്നു.
അന്നത്തെ സഭാ ഭരണസംവിധാനത്തിൽ ഉണ്ടായിരുന്ന അല്മായ പങ്കാളിത്തത്തിന്റെ തെളിവായിരുന്നു 1599ൽ ഉദയംപേരൂരിൽ മെനേസിസ് മെത്രാപ്പോലീത്ത വിളിച്ചുകൂട്ടിയ സൂനഹദോസിൽ 153 വൈദികരെ കൂടാതെ 660 അല്മായ പ്രതിനിധികളെയും പങ്കെടുപ്പിച്ചത്. ഇപ്പോൾ നടക്കുന്ന, സീറോമലബാർ സഭയുടെ അഞ്ചാമത്തെ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിയിലും മെത്രാന്മാർക്കു പുറമെ വൈദികരുടെയും സന്യസ്തരുടെയും അല്മായരുടെയും പ്രാതിനിധ്യം സഭയുടെ പഴയകാല മാർത്തോമ്മാ നസ്രാണി സഭാ ഭരണസംവിധാനത്തിന്റെ തുടർച്ചയാണ് എന്നു വ്യക്തമാക്കുകയാണ്. ഇത്തരുണത്തിൽ മാർത്തോമ്മാ നസ്രാണി സഭ, നസ്രാണികൾ തുടങ്ങിയ പ്രയോഗങ്ങളുടെ അർഥവ്യാപ്തിയും സാംഗത്യവും ചർച്ചചെയ്യുന്നതു പ്രസക്തമാണല്ലോ.
പതിനാറാം നൂറ്റാണ്ടു വരെ കേരളത്തിലെ ക്രൈസ്തവർ ‘നസ്രാണികൾ’, ‘മലങ്കര നസ്രാണികൾ’, ‘മാർത്തോമ്മാ ക്രിസ്ത്യാനികൾ’ തുടങ്ങിയ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. ‘നസ്രായനായ ഈശോയെ അനുഗമിച്ചവർ’ എന്ന അർഥത്തിൽ ആദ്യനൂറ്റാണ്ടിൽ ജറുസലെമിലെ യഹൂദർ ക്രൈസ്തവരെ ‘നസ്രായർ’ (Nazarenes) എന്നു വിളിച്ചു. ഇതേത്തുടർന്ന് ആദിമസഭയിൽ ക്രൈസ്തവർ നസ്രായർ (നസ്രാണികൾ) എന്ന് അറിയപ്പെടാൻ തുടങ്ങി. നസ്രായർ എന്ന പദം യഹൂദർ ആദ്യം ഉപയോഗിച്ചത് അവരുടെ ശ്രേഷ്ഠമായ യഹൂദമതത്തിൽനിന്നു മാറി ഒരു പുതിയ മതം (സുവിശേഷം) പ്രസംഗിച്ച ഒരു സാധാരണ നസ്രത്തുകാരനായ ഈശോയുടെ പുറകേ പോയവർ എന്ന് ആക്ഷേപിക്കാനായിരുന്നുവെങ്കിലും കാലാന്തരത്തിൽ ഈ സുവിശേഷം ലോകം മുഴുവനിലുമെന്നപോലെ പ്രചരിക്കുകയും വളരെ കൂടുതൽ പേർ ഇതിലേക്ക് അംഗങ്ങളായി വരാൻ തുടങ്ങുകയും ചെയ്തപ്പോഴേയ്ക്കും ‘നസ്രായർ’ എന്ന പദം കൂടുതൽ വ്യാപകമാവുകയും ബഹുമാന്യമാവുകയും അംഗീകരിക്കപ്പെടുകയും ചെയ്തു. അങ്ങനെയാണ് കേരളത്തിലും ക്രൈസ്തവർക്ക് നസ്രായർ അഥവാ നസ്രാണികൾ എന്ന പേരു ലഭിച്ചത്. ക്രിസ്ത്വബ്ദം ആരംഭം മുതൽ മലബാറിൽ ഉണ്ടായിരുന്ന ക്രൈസ്തവർ ‘നസ്രാണികൾ’ എന്നാണ് അറിയപ്പെട്ടിരുന്നത് എന്ന് ഫ്രാൻസീസ് ഡേ എന്ന ചരിത്രകാരൻ Land of Perumals (Madras, 1863) എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
നസ്രാണി സമുദായം
ആദ്യനൂറ്റാണ്ടിൽ ഈശോയെ അനുഗമിച്ചവർ നസ്രായർ എന്നാണ് അറിയപ്പെട്ടതെങ്കിലും രണ്ടാം നൂറ്റാണ്ടായപ്പോൾ ‘ക്രിസ്ത്യാനികൾ’ എന്ന പദം അന്ത്യോക്യായിൽ ഉപയോഗിച്ചു തുടങ്ങി (അപ്പ. പ്രവ. 11:26). കാലക്രമത്തിൽ ‘നസ്രായർ’ എന്ന പദം അപ്രത്യക്ഷമാകുകയും ക്രിസ്ത്യാനികൾ (Christanos) എന്ന പദം പ്രചാരത്തിലാകുകയും ചെയ്തു. എന്നാൽ, കേരളത്തിൽ നസ്രായർ എന്ന പേര് തുടർന്നും ഉപയോഗിച്ചുപോന്നു. പ്രാചീന സുറിയാനി രേഖകളിൽ ക്രിസ്ത്യാനി എന്ന പദത്തിനു പകരം നസ്രായാ എന്നാണ് ഉപയോഗിച്ചിട്ടുള്ളത്. പേർഷ്യൻ, റോമാ സാമ്രാജ്യങ്ങളിൽ അക്രൈസ്തവർ ക്രിസ്ത്യാനികളെ നസ്രായാ എന്നാണു വിളിച്ചിരുന്നതെന്നു ചരിത്രകാരനായ മിൻഗാന Early Spread of Christianity in India (Manchester, 1926) എന്ന ഗ്രന്ഥത്തിൽ പറയുന്നു. ക്രിസ്തുമതാരംഭത്തിനു മുന്പുതന്നെ കേരളത്തിൽ യഹൂദന്മാരുണ്ടായിരുന്നു. പിൽക്കാലത്തു റോമ, പേർഷ്യൻ സാമ്രാജ്യങ്ങളിൽനിന്ന് യഹൂദരും പേർഷ്യൻ വംശജരും ഇവിടേക്കു കുടിയേറിപ്പാർത്തു. ഇവരുടെ സാന്നിധ്യവും സംസർഗവുമാണ് കേരളത്തിലെ ക്രൈസ്തവർക്കു ‘നസ്രായികൾ’ എന്ന പേരു ലഭിക്കാൻ കാരണം. കാലക്രമേണ ‘നസ്രായികൾ’ എന്ന പേരു ‘നസ്രാണികൾ’ എന്നായി മാറുകയും ‘നസ്രാണി’ എന്നത് എട്ട്, ഒന്പത് നൂറ്റാണ്ടുകളിൽ ജാതിവ്യവസ്ഥ രൂപപ്പെട്ടപ്പോൾ ഒരു ജാതിപ്പേരായിത്തീരുകയും ചെയ്തു. അറബി ഭാഷയിൽ നസ്രാണി എന്ന വാക്കിനു ക്രിസ്ത്യാനി എന്നാണ് അർഥം. പതിന്നാലാം നൂറ്റാണ്ടിലും മാർത്തോമ്മാ ക്രിസ്ത്യാനികളെ നസ്രാണികളെന്നു വിശേഷിപ്പിച്ചതിന് ഉദാഹരണമാണ് 1330 ഏപ്രിൽ അഞ്ചിന് ഇരുപത്തിരണ്ടാമൻ യോഹന്നാൻ മാർപാപ്പ കൊല്ലത്തെ ക്രിസ്ത്യാനികൾക്കു ജോർദാനൂസ് എന്ന ഡൊമിനിക്കൻ വൈദികൻവഴി നല്കിയ പേപ്പൽ ബൂളയിൽ നസ്രാണികളെന്ന് ക്രിസ്ത്യാനികളെ വിശേഷിപ്പിച്ചിരിക്കുന്നത്.
പതിനാറാം നൂറ്റാണ്ടു മുതൽ കേരളത്തിൽ പ്രചരിച്ച പാശ്ചാത്യ മിഷനറിമാരുടെ ഗ്രന്ഥങ്ങളിലെല്ലാം മാർത്തോമ്മാ ക്രിസ്ത്യാനികളെ നസ്രാണികൾ, നസ്രായികൾ എന്നെല്ലാമാണ് വിശേഷിപ്പിച്ചിരിക്കുന്നത്. യൂറോപ്യൻ മിഷനറിമാർ തയാറാക്കിയ കാർത്തില്യ (1554), സംക്ഷേപവേദാർത്ഥം (1772), വേദോപദേശപൊസ്തകം (1859) തുടങ്ങിയ മതപഠനഗ്രന്ഥങ്ങളിലെല്ലാം നസ്രാണി എന്ന പദമാണു കൂടുതലായും ഉപയോഗിച്ചിട്ടുള്ളത്. പോർച്ചുഗീസ് മിഷനറിമാർ ഭാരതത്തിലെ ക്രൈസ്തവർക്കുവേണ്ടി 1554ൽ അച്ചടിച്ച വേദപാഠപുസ്തകമായ ‘കാർത്തില്യ’യിൽ ഒന്നാമത്തെ ചോദ്യം “നീ നസ്റാണിയോ?” എന്നാണ്. കേരളസഭയിൽ പോർച്ചുഗീസുകാരുടെ ആഗമനം വരെ നസ്രാണികൾ എന്ന പദം ഉപയോഗിച്ചിരുന്നത് കേരളസഭയുടെ പഴമയും പാരന്പര്യവും മൗലികതയും വ്യക്തമാക്കുന്നു. ദീപിക ദിനപത്രത്തിന്റെ ആദ്യത്തെ പേര് ‘നസ്രാണി ദീപിക’ എന്നായിരുന്നത് ഈ പദത്തിന്റെ സ്വീകാര്യതയും മാഹാത്മ്യവും എടുത്തുകാട്ടുന്നു.
കുലീനത, രാജ്യസേവനതത്പരത, സന്മാർഗനിഷ്ഠ, വാണിജ്യവൃത്തി, സമുദായബോധം, അധ്വാനശീലം തുടങ്ങിയ അനേക ഗുണങ്ങൾക്ക് പേരുകേട്ട ഒരു സമുദായമായിരുന്നു മാർത്തോമ്മാ നസ്രാണികൾ. അനേക നൂറ്റാണ്ടുകളിലെ സമുദായ സംസ്കരണംകൊണ്ടാണ് ഒരു പരിഷ്കൃതസമൂഹം രൂപപ്പെടുന്നത്. അഭ്യസനത്തോടൊപ്പം ജന്മവാസനയ്ക്കും പ്രാധാന്യമുണ്ട്. മതവിശ്വാസം സ്വീകരിച്ചതുകൊണ്ടു മാത്രം ഉത്കൃഷ്ടവികാരങ്ങളും മഹാമനസ്കതയും ഉണ്ടാകണമെന്നില്ല. സംസ്കൃതചിത്തരായ ആളുകളോടുമുള്ള സംസർഗം ഒരു പ്രധാന ഘടകമാണ്. ബുദ്ധിസംസ്കാരവും മനഃസംസ്കരണവും ആശയസംസ്കരണവും സാധിച്ചാലേ ഒരു സമുദായം ഉത്കൃഷ്ടമാവുകയുള്ളൂ.
(തുടരും)