അപ്രിയ തിരക്കഥകളുടെ ആകാശങ്ങള്‍
സിജോ പൈനാടത്ത്
Wednesday, August 21, 2024 12:15 AM IST
“The sky is full of mysteries; with the twinkling stars and the beautiful moon. But scientific investigation has revealed that stars do not twinkle and the moon may not be as beautiful as it seems. The study therefore, cautions: Do not trust what you see, even salt looks like sugar.” (നക്ഷത്രങ്ങള്‍ തിളങ്ങുന്ന, ചാന്ദ്രശോഭ അഴകേറ്റുന്ന ആകാശം സര്‍വത്ര നിഗൂഢമാണ്. ആ നിഗൂഢതകളിലേക്കു സൂക്ഷ്മനിരീക്ഷണം നടത്തിയപ്പോള്‍, പുറത്തു കാണുംപോലെ ശുഭകരമല്ല കാര്യങ്ങള്‍... താരങ്ങള്‍ക്കു തിളക്കമോ ചന്ദ്രനു ശോഭയോ ഇല്ലെന്നു മനസിലാക്കാനാകും. പുറത്തു കാണുന്നത് അതേപോലെ വിശ്വസിക്കേണ്ടതില്ല. ഉപ്പുപോലും കാഴ്ചയില്‍ പഞ്ചസാരയായി തോന്നാറുണ്ടല്ലോ....!! )
ഏതെങ്കിലും ഹിറ്റ് സിനിമയ്ക്കായി തയാറാക്കപ്പെട്ട തിരക്കഥയുടെ മുഖവാചകങ്ങളല്ല മുകളില്‍ കുറിച്ചത്. മലയാളസിനിമാലോകത്തു മാസ്മരികശോഭയും താരത്തിളക്കവുമുള്ള ആവേശക്കാഴ്ചകള്ക്കു പിന്നില്‍ അരങ്ങേറുന്ന അരുതുകളിലേക്ക്, വേഷപ്പകര്‍ച്ചകള്‍ തെല്ലുമില്ലാതെ ചൂണ്ടുവിരലെത്തിക്കുന്ന ചരിത്രപരമായ ഒരു റിപ്പോര്‍ട്ടിന്റെ ആദ്യവരികളാണിത്.
മലയാള ചലച്ചിത്രരംഗത്തു സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചു പഠിച്ച ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വര്‍ഷങ്ങള്‍ നീണ്ട ട്വിസ്റ്റുകള്‍ക്കൊടുവില്‍ 2024 ഓഗസ്റ്റ് 19ന് റിലീസായിരിക്കുന്നു.
ഈ പുത്തൻ റിലീസിനെ പ്രേക്ഷകര്‍ ഞെട്ടലോടെയെങ്കിലും ഏറ്റുവാങ്ങിക്കഴിഞ്ഞു, അടക്കം പറച്ചിലുകളായിരുന്നവയ്ക്കു പലതിനും റിപ്പോര്‍ട്ടിലെ അക്ഷരങ്ങള്‍കൊണ്ട് അടിവരയിടുകയും ചെയ്തു. ഇതിലെ ഉള്ളടക്കമായി വന്നതു പലതും റിപ്പോര്‍ട്ട് പുറത്തു വരുംവരെ കേട്ടുകേള്‍വികളും ആരോപണങ്ങളുമൊക്കെയായിരുന്നെങ്കില് ഇനി അതങ്ങനെയെല്ല.
സിനിമാ ടൈറ്റിലുകള്‍ക്കു കീഴെ കുഞ്ഞക്ഷരങ്ങളില്‍ കുറിച്ചിടും പോലെ ‘തികച്ചും സാങ്കല്പിക’മെന്ന് ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് ആര്‍ക്കും പറയാനുമാവില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും അതിലെ പരാമര്‍ശങ്ങളും കണ്ടെത്തലുകളും സര്‍ക്കാരിന്റെ ഔദ്യോഗിക രേഖകളായി മാറിക്കഴിഞ്ഞു. നിയമപരമായും ധാര്മികമായുമൊക്കെ നടപടികളിലേക്കു വഴി തുറക്കാനും അനേകം ചോദ്യങ്ങളും ഉത്തരങ്ങളും ഉയര്‍ത്താനും ശേഷിയുള്ള ചരിത്രരേഖ.
സിനിമാ ചിത്രീകരണ ഇടങ്ങളിലെ ലിംഗവിവേചനം, നിക്ഷിപ്ത താത്പര്യങ്ങള്‍ക്കുള്ള സിനിമാ ലോബികള്‍, സിനിമകളില്‍ പുതിയ സ്ത്രീകള്‍ക്ക് അവസരം ലഭിക്കുന്നതിന് ലൈംഗികാവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കണമെന്ന സാഹചര്യമുണ്ടെന്ന ആരോപണങ്ങള്‍, സിനിമാരംഗത്തു പൊതുവേയുള്ള പുരുഷാധിപത്യം എന്നിവയ്ക്കെല്ലാം സ്ഥിരീകരണം നല്‍കുന്നുണ്ട് ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്.
തുല്യതയുടെ ഈണം മുഴങ്ങേണ്ട കലാ, സാംസ്കാരിക രംഗത്തുനിന്നു ലിംഗവിവേചനത്തിന്റെയും സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിന്റെയും ചൂഷണങ്ങളുടെയും ആകുലപ്പെടുത്തുന്ന വിവരങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം.
സിനിമാരംഗത്തു വലിയ മാറ്റങ്ങള്‍ക്കു വഴിതെളിക്കാന്‍ ശേഷിയുള്ള 296 പേജുകള്‍. ഇതിലെ 63 പേജുകള്‍ തത്കാലം വെളിച്ചം കണ്ടിട്ടില്ലെങ്കിലും, വന്നതത്രയും മറയില്ലാതെ വിളിച്ചുപറയുന്നുണ്ട് - വെള്ളിത്തിര വെളിച്ചത്തില്‍ കൈയടി വാങ്ങുന്ന മാസ്മരികപ്രകടനങ്ങളുടെ താരതമ്പുരാക്കന്മാര് കെട്ടിയാടുന്നതത്രയും പൊയ്മുഖങ്ങള്‍ കൂടിയാണെന്ന്... അവര്‍ക്കു പിന്നില്‍ കൂരിരുട്ടാണെന്ന്!
ആണധികാരം
Most script writers are men. So most cinemas are made from the male perspective. They depict women as show pieces.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ 230-ാം പേജിലേതാണ് ഈ നിരീക്ഷണം. ആണധികാരത്തിന്റെ ഏകപക്ഷീയ വാഴ്ചകളെ അറബിക്കടലില്‍ തള്ളിയെന്ന് അവകാശപ്പെടുന്ന നവസിനിമാലോകത്തെക്കുറിച്ചാണ്, തെളിവുകളുടെ അടിസ്ഥാനത്തില്‍ ഹേമ കമ്മിറ്റിയുടെ നിരീക്ഷണം.
പുരുഷന്റെ കാഴ്പ്പാടുകള്ക്കനുസരിച്ചു പുരുഷന് തന്നെ എഴുതുന്ന തിരക്കഥകളില്‍ (സിനിമകള്‍ക്കും സിനിമാപ്രവര്‍ത്തകര്‍ക്കുമായി), സ്ത്രീകള്‍ വേഷം കെട്ടിയാടേണ്ടിവരുന്നവര് മാത്രമായി മാറണോ എന്ന ചോദ്യംകൂടിയാണ് റിപ്പോര്‍ട്ട് സിനിമാലോകത്തിനു മുന്നിലേക്കു വയ്ക്കുന്നത്.
പുരുഷനെ തൃപ്തിപ്പെടുത്തിയാലേ സ്ത്രീക്ക് സിനിമയില്‍ അവസരമുള്ളൂ എന്ന സ്ഥിതി! സിനിമയില്‍ അവസരം ലഭിക്കാന്‍ പലരുടെയും ലൈംഗിക ആസക്തികളെ തൃപ്തിപ്പെത്തേണ്ടിവന്നെന്നു ചില സ്ത്രീകള്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഇങ്ങനെയുള്ള ആണധികാരവാഴ്ചകളില് അറിയപ്പെടുന്നവരും അല്ലാത്തവരുമായ പുരുഷന്മാരുണ്ട്. സിനിമയില്‍ ഏറെ അറിയപ്പെടുന്നയാള്പോലും ലൈംഗികാതിക്രമം നടത്തിയവരുടെ കൂട്ടത്തിലുണ്ടെന്നു കമ്മിറ്റിക്കു ബോധ്യപ്പെട്ടു.
കീലേരി അച്ചു വാതിലില്‍ മുട്ടുന്നു
സരളേ വാതില്‍ തുറക്ക്...
എടീ സരളേ, വാതില്‍ തുറക്കെടീ...
അച്ചുവേട്ടനാടീ... കീലേരി... കീലേരി...
1991ൽ പുറത്തിറങ്ങിയ ‘കണ്കെട്ട്’ സിനിമയില്‍ (ചിരിപ്പിക്കുന്ന) കീലേരി അച്ചു എന്ന ഗുണ്ടയുടെ വേഷത്തിലെത്തുന്ന നടന്റെ ഈ ഡയലോഗ് പ്രേക്ഷകരുടെ മനസിലുണ്ട്. ഷൂട്ടിംഗ് കഴിഞ്ഞാല്‍ പ്രമുഖ നടന് എന്ന അടിക്കുറിപ്പോടെ കഴിഞ്ഞ രണ്ടു ദിവസമായി സാമൂഹ്യമാധ്യമങ്ങളില്‍ ഈ സിനിമാരംഗം വ്യാപകമായി ട്രോളായി പ്രചരിക്കുന്നുണ്ട്.
ഷൂട്ടിംഗ് ദിനങ്ങളില്‍ നടിമാര്‍ വിശ്രമിക്കുന്ന ഹോട്ടല്‍ മുറികള്‍ക്കു മുന്നിലെത്തി പുരുഷന്മാര് വാതിലില്‍ മുട്ടുന്ന സംഭവങ്ങള്‍ നിരവധിയാണെന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശമാണ് കീലേരി അച്ചുവിന്റെ ഇപ്പോഴത്തെ ട്രോളുകൾക്കു പിന്നില്‍. സിനിമയിലെ സ്ത്രീകള്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളുടെ വാതിലില്‍ മുട്ടുന്നതു നടന്മാരാണോ അണിയറക്കാരാണോ എന്നു വ്യക്തമാക്കുന്നില്ല. തുറന്നില്ലെങ്കില്‍ വാതില്‍ തല്ലിപ്പൊളിക്കാന്‍ ശ്രമിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ടത്രെ.
സെറ്റിലെത്തുമ്പോള്‍ മാതാപിതാക്കളെയോ സഹോദരങ്ങളെയോ ഒപ്പം കൂട്ടേണ്ടിവരുന്നതു വാതില്മുട്ടുകാരുടെ ശല്യംകൊണ്ടാണെന്നു സിനിമാരംഗത്തെ സ്ത്രീകള്‍ കമ്മിറ്റിക്കു മുന്നില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
അവസരം വേണോ, ‘അഡ്ജസ്റ്റ്’ ചെയ്യണം
സാധാരണ നിലയില്‍ ജോലി കിട്ടാന്‍ മാനദണ്ഡം എഴുത്തുപരീക്ഷയും അഭിമുഖവുമെങ്കില്, സിനിമാമോഹവുമായെത്തുന്ന സ്ത്രീകളോടു പലപ്പോഴും തേടുന്നത് ‘അഡ്ജസ്റ്റ്’ ചെയ്യാന്‍ തയാറുണ്ടോ എന്നതാണെന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നു. കമ്മിറ്റിക്കു മുന്നില്‍ മൊഴി നല്കിയ സ്ത്രീകളുടെ അനുഭവങ്ങളെ ആധാരമാക്കിയാണു കമ്മിറ്റി ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
ഇന്നും സിനിമാ അവസരത്തിനായി ‘അഡ്ജസ്റ്റ്മെന്റ്’, ‘കോംപ്രമൈസ്’ എന്നീ അലിഖിത മാനദണ്ഡങ്ങള്‍ നിലനില്ക്കുന്നു. അതിനു തയാറാകുന്നവര്‍ക്ക് അവസരങ്ങളും പ്രത്യേക പരിഗണനകളും കൊടുക്കുമത്രെ. അതേക്കുറിച്ചു നാളെ...
ഹേമ കമ്മിറ്റി- വഴികള്‍, ട്വിസ്റ്റുകള്‍
2017 ഫെബ്രുവരി 17നു കൊച്ചിയിലുണ്ടായ പ്രമാദമായ നടി ആക്രമണ കേസോടെയാണ്, സിനിമാ മേഖലയിലെ സ്ത്രീകളുടെ സുരക്ഷിതത്വവും അവര്‍ നേരിടുന്ന പ്രശ്നങ്ങളും സര്‍ക്കാരിന്റെയും പൊതുസമൂഹത്തിന്റെയും ഗൗരവമായ ചര്‍ച്ചകളായത്.
മലയാളസിനിമാരംഗത്തെ ഒരു വിഭാഗം വനിതകളുടെ നേതൃത്വത്തില്‍ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) കൂട്ടായ്മ രൂപീകരിച്ചതും അത്തരം ചര്‍ച്ചകളിലേക്കു കൂടുതല്‍ പൊതുശ്രദ്ധയും അധികാരികളുടെ ഇടപെടലുകളും സാധ്യമാക്കി. ഇത് സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാനുള്ള കമ്മിറ്റിയെ നിയോഗിക്കുന്നിതിലേക്കു നയിച്ചു.
2018 മേയ്- ജസ്റ്റീസ് ഹേമ അധ്യക്ഷയും നടി ശാരദ, കെ.ബി. വത്സലകുമാരി എന്നിവര്‍ അംഗങ്ങളുമായി കമ്മീഷനെ നിയമിച്ചു.
2019 ഡിസംബര്‍ 31 - ഹേമ കമ്മീഷന് മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
2021 ജനുവരി- റിപ്പോര്‍ട്ടിലെ ഉള്ളടക്കവും ശിപാര്‍ശകളും പുറത്തുവിടാതെ പൂഴ്ത്തിവച്ചിരിക്കുകയാണെന്ന ആരോപണവുമായി ഡബ്ല്യുസിസി രംഗത്ത്. റിപ്പോര്‍ട്ട് പഠിച്ചുവരികയാണെന്നു സര്‍ക്കാര്‍. വിഷയം കോടതിയിലേക്ക്.
2024 ജൂലൈ 13- കോടതി ഉത്തരവിനെത്തുടര്‍ന്നു റിപ്പോര്‍ട്ട് ജൂലൈ 24നു പുറത്തുവിടുമെന്നു സര്‍ക്കാര്‍.
2024 ജൂലൈ 22- റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരേ നിര്‍മാതാവ് സജിമോന്‍ പാറയില്‍ ഹര്‍ജിയുമായി ഹൈക്കോടതിയില്‍. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനു കോടതിയുടെ സ്റ്റേ.
2024 ഓഗസ്റ്റ് 13- ഹര്‍ജിയില്‍ വാദം കേട്ട ജസ്റ്റീസ് വി.ജി. അരുണ്‍, സ്വകാര്യത ഉറപ്പാക്കി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ഉത്തരവിട്ടു. 17നു റിപ്പോര്‍ട്ട് പുറത്തുവിടുമെന്നു സര്‍ക്കാര്‍.
2024 ഓഗസ്റ്റ് 16- റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനു മുമ്പ് തന്റെ ഭാഗം കേള്‍ക്കണമെന്നാവശ്യപ്പെട്ടു നടി രഞ്ജിനിയുടെ ഹര്‍ജി ഹൈക്കോടതിയില്‍. റിപ്പോര്‍ട്ടിനു സ്റ്റേ അനുവദിച്ചില്ല.
2024 ഓഗസ്റ്റ് 19- സജിമോന്‍ പാറയിലിന്റെയും രഞ്ജിനിയുടെയും അപ്പീല്‍ അപേക്ഷകള്‍ വീണ്ടും ഹൈക്കോടതിയില്‍. രണ്ടും പിന്നീടു പരിഗണിക്കാന്‍ മാറ്റി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിട്ടു.
(തുടരും)