മുല്ലപ്പെരിയാര്‍: ലളിതമായി പരിഹരിക്കാം
അഡ്വ. റസൽ ജോയ്
Wednesday, August 21, 2024 12:09 AM IST
1964ല്‍ കേന്ദ്ര ജല കമ്മീഷനാണ് മുല്ലപ്പെരിയാര്‍ ഡാം തകര്‍ച്ചയിലാണെന്നും എത്രയും പെട്ടെന്ന് ഡികമ്മീഷന്‍ ചെയ്യണമെന്നും പറഞ്ഞത്. അതിനുശേഷം നാളിതുവരെ നമ്മള് കുറ്റകരമായ ചര്‍ച്ചയിലാണ്. 2018ല്‍ ലേഖകൻ നൽകിയ ഹർജിയിൽ സുപ്രീംകോടതി ചോദിച്ച മൂന്നു ചോദ്യങ്ങള്‍ക്ക് ഇന്നും പ്രസക്തിയുണ്ട്:
(1) പഴയ ഡാമിനു പകരം പുതിയതൊന്നു നിര്‍മിച്ചാല്‍ എന്താണ് കുഴപ്പം?
(2) നിങ്ങള്‍ ഈ ഡാമിന്റെ അടിയില്‍ ഉറങ്ങിക്കിടക്കുയാണോ?
(3) നിങ്ങള്‍ എന്തുകൊണ്ടാണ് സന്ദര്‍ഭത്തിനൊത്ത് ഉയരാത്തത്?
ഈ മൂന്നു ചോദ്യങ്ങളും മൂന്നു സര്ക്കാരുകളോടാണു ചോദിച്ചത്. ഈ കേസിലാണ് ആദ്യമായി കേന്ദ്രസര്‍ക്കാര്‍ കക്ഷിയായി വന്നത്. അപ്പോള്‍തന്നെ മനസിലാകും, കേരള സര്‍ക്കാരിന്റെ കേസ് നടത്തിപ്പിലുള്ള വീഴ്ച. ഈ മൂന്നു ചോദ്യങ്ങള്‍ക്കും മൂന്നു സര്‍ക്കാരുകള്‍ക്കും ഉത്തരമുണ്ടായില്ല. ഇതേത്തുടർന്നാണ് സുപ്രീംകോടതി കേരളത്തിലെ ഒരാള്‍പോലും മരണപ്പെടാന്‍ പാടില്ലെന്നും ഒരാളുടെ സ്വത്തുപോലും നഷ്ടപ്പെടാന്‍ പാടില്ലെന്നും ആജ്ഞാപിച്ചുകൊണ്ട് മൂന്നു ദുരന്തനിവാരണ സമിതികള്‍ രൂപീകരിക്കണമെന്ന് ഉത്തരവായത്.
ദുരന്തനിവാരണ സമിതികൾ
നിലവിലുള്ള ദുരന്തനിവാരണ സമിതികള്‍ക്കു പുറമേ അന്താരാഷ്ട്ര നിലവാരത്തില്‍ കേന്ദ്രസര്‍ക്കാരും തമിഴ്നാട് സര്‍ക്കാരും കേരള സര്‍ക്കാരും വെവ്വേറെ മൂന്നു ദുരന്തനിവാരണ സമിതികള്‍ രൂപീകരിക്കണമെന്നാണ് ഉത്തരവായത്. ഇതാണു കേരള ചരിത്രത്തില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന് അനുകൂലമായ ആദ്യത്തെ വിധി. ഈ വിധിയനുസരിച്ച് കേന്ദ്രസര്‍ക്കാരും തമിഴ്നാട് സര്‍ക്കാരും കേരളത്തിനുവേണ്ടി അവരുടെ നിലവിലുള്ള ദുരന്തനിവാരണ സമിതികള്‍ക്കു പുറമേ അന്താരാഷ്ട്ര നിലവാരത്തില്‍ ദുരന്തനിവാരണ സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്.
പിന്നീട്, 2018ലെ പ്രളയത്തെത്തുടർന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി ഇടപ്പാടി പളനിസ്വാമിക്ക്, മഴ തീരുന്നതുവരെ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 142 അടിയില്‍നിന്നു 139 അടിയില്‍ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതി. എന്നാൽ, മൂന്ന് അടി കുറയ്ക്കാനല്ല 152 അടിയിലേക്ക് ജലനിരപ്പ് വര്‍ധിപ്പിക്കാനാണു പോകുന്നതെന്നു പറഞ്ഞാണ് തമിഴ്നാട് മറുപടിക്കത്തയച്ചത്. ഇതേത്തുടർന്ന് ലേഖകൻ ഉടനെ സുപ്രീംകോടതിയില്‍ എത്തി 142 അടിയില്‍നിന്നു 139 അടിയിലേക്ക് ജലനിരപ്പ് കുറയ്ക്കാനുള്ള വിധി സമ്പാദിച്ചു. ഇതാണ് കേരളത്തിന് അനുകൂലമായ രണ്ടാമത്തെ ചരിത്രവിധി.
കേരളത്തിലെ ജനങ്ങള്‍ നിസഹായരാണ്. മുല്ലപ്പെരിയാര്‍ ഡാം നാളിതുവരെ ഡാം വിദഗ്ധർ പരിശോധിച്ചിട്ടില്ല. അങ്ങനെയൊന്ന് ഇന്ത്യയിലില്ല. ഡാം എന്‍ജിനിയറിംഗ് ഇപ്പോഴും ഇന്ത്യയില്‍ ശൈശവദശയിലാണ്. അതുകൊണ്ടാണ് ഇന്ത്യയിലുള്ള മേജര്‍ ഡാമുകളില്‍ പലതും അന്താരാഷ്ട്ര വിദഗ്ധരെ വിളിച്ചുവരുത്തി പണികഴിപ്പിച്ചിട്ടുള്ളത്. നമ്മുടെ ഇടുക്കി ഡാം കനേഡിയന്‍ വിദഗ്ധരാണ് പണിതിട്ടുള്ളത്.
പ്രശ്നപരിഹാരം ഇങ്ങനെ...
ഡാം എന്‍ജിനിയറിംഗില്‍ ഹൈഡ്രോളജിയുണ്ട്, സീസ്മോളജിയുണ്ട്, സിവില്‍ എന്‍ജിനിയറിംഗും ഉണ്ട്. പല ശാസ്ത്രശാഖകളുടെ ഒരു സമന്വയം ആണ് ഡാം എന്‍ജിനിയറിംഗ്. യുദ്ധോപകരണങ്ങള്‍ മുതല്‍ വാഹനങ്ങള്‍, മനുഷ്യശരീരത്തില്‍ വയ്ക്കുന്ന ആര്‍ട്ടിഫിഷന്‍ ഓര്‍ഗന്‍സ്, ഒരു ഡാം നിര്‍മിതി, ഒരു കോണ്‍ക്രീറ്റ് സ്ട്രക്ചര്‍ എന്നിങ്ങനെ എന്തായാലും എത്രനാള്‍ നമുക്ക് അതിനെ ആശ്രയിക്കാം എന്നു പറയേണ്ട ശാസ്ത്രശാഖയാണ് റിലയബിലിറ്റി സയന്‍സ്.
സുപ്രീംകോടതിയില്‍ നിലവിൽ ലേഖകന്‍ ആവശ്യപ്പെട്ടിരിക്കുന്നത് മുല്ലപ്പെരിയാര്‍ ഡാം റിലയബലിറ്റി സയന്റിസ്റ്റ് വന്നു പരിശോധിച്ച് അത് എന്നു നിര്വീര്യമാക്കണമെന്നു പ്രഖ്യാപിക്കണം എന്നുള്ളതാണ്. റിലയബിലിറ്റി സയന്‍സ് പ്രകാരം ഒരു ഡാമിന്റെ കാലാവധി 40 വര്‍ഷമാണ്. തമിഴ്നാട് പറയുന്നതുപോലെ അത് 999 വര്‍ഷം നിലനില്ക്കുമെങ്കില് കുഴപ്പമില്ല. മറിച്ചാണെങ്കില്‍ മുല്ലപ്പെരിയാര്‍ ഡാം ഡികമ്മീഷന്‍ ചെയ്യണം. ഇതാണ് ആവശ്യം. ഈ കേസ് ഫയല്‍ ചെയ്തിട്ടു മൂന്നു വര്‍ഷമായി. നാളിതുവരെ കേരള സര്‍ക്കാര്‍ ഈ കേസിനെ പിന്തുണച്ചിട്ടില്ല.
കേരള സര്‍ക്കാരോ കേന്ദ്രസര്‍ക്കാരോ, റിലയബലിറ്റി ശാസ്ത്രജ്ഞർ മുല്ലപ്പെരിയാര്‍ ഡാം പരിശോധിക്കുന്നതില്‍ വിരോധമില്ലെന്നും അതിന്റെ ചെലവുകള്‍ കേരള സര്‍ക്കാര്‍ വഹിച്ചുകൊള്ളാമെന്നുമുള്ള സത്യവാങ്മൂലം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാൻ തയാറാകണം. മുല്ലപ്പെരിയാര്‍ കേസ് തീരാൻ ഇതാണ് ഫലപ്രദമായ മാർഗം.
പെരുകുന്ന ഭൂകമ്പങ്ങൾ
കേരളത്തില്‍ ഭൂകമ്പങ്ങള്‍ പെരുകുന്നുവെന്നതും കാണാതിരിക്കരുത്. 2011ല്‍ റിക്ടര്‍ സ്കെയിലില്‍ തീവ്രത രണ്ടില്‍ തുടങ്ങിയ ഭൂകമ്പങ്ങള്‍ ഇപ്പോള്‍ 3.4 തീവ്രതയില്‍ വന്നുനില്ക്കുന്നു. 2011 മുതല്‍ നൂറോളം ചെറുചലനങ്ങളാണ് ഉണ്ടായത്. രണ്ടുമാസം മുമ്പു മാത്രം തൃശൂരിലും പാലക്കാട്ടും 3.1 തീവ്രത വന്ന ചലനങ്ങളുണ്ടായി. തൃശൂരും കോട്ടയത്തും ഭൂമിക്കടിയില്‍നിന്നു വലിയ മുഴക്കങ്ങള്‍ ഉണ്ടായി. 1900ല്‍ പാലക്കാട് ചിറ്റൂര്‍ താലൂക്കില്‍ നല്ലേപ്പിള്ളി പ്രഭവകേന്ദ്രമായി റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായി.
കോയമ്പത്തൂര്‍ ഭൂകമ്പമെന്നാണ് ഇതറിയപ്പെടുന്നത്. അത് ആറു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ആവര്‍ത്തിക്കുമെന്നാണ് ഭൗമശാസ്ത്രജ്ഞര്‍ പറയുന്നത്. മുല്ലപ്പെരിയാര്‍ ഡാമിന്റെ അടിയില്‍ ഒരു ഭൂഗര്‍ഭ വിള്ളല്‍ കണ്ടെത്തിയിട്ടുണ്ട്. കൊടൈക്കനാല്‍ ഭ്രംശമേഖല 16 കിലോമീറ്റര്‍ മാത്രം അകലത്തിലാണ്. മുല്ലപ്പെരിയാര്‍ ഡാം കേന്ദ്രമായി 200 കിലോമീറ്റര്‍ റേഡിയസില്‍ 22 ഭ്രംശമേഖലകളുണ്ട്.
മുല്ലപ്പെരിയാര്‍ ഡാമിനടുത്ത് ഒരു ചെറിയ ചലനം ഉണ്ടായാല്‍തന്നെ ഡാം നിലംപതിക്കും. മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്ന് താഴെയുള്ള ഡാമുകളെ തകര്‍ത്ത് കൊച്ചിയിലെത്തിയാല്‍ അവിടെ കെമിക്കല്‍ ഫാക്ടറികളുണ്ട്. വിഷവാതകങ്ങള്‍ ദ്രവരൂപത്തിലും വാതകരൂപത്തിലും സംഭരിച്ചുവച്ചിരിക്കുന്ന ഫാക്ടറികള്‍. ഈ ഫാക്ടറികള്‍ തകര്‍ന്നാല്‍ ജനങ്ങള്‍ വിഷവാതകം ശ്വസിച്ച് മരണമടയും. ഭോപ്പാല്‍ ഗ്യാസ് ദുരന്തത്തേക്കാള്‍ വലിയ ദുരന്തമായിരിക്കും.
റിഫൈനറി എയര്‍പോര്‍ട്ട്, സതേണ്‍ നേവല്‍ കമാന്‍ഡ്, നേവല്‍ ആര്‍മമെന്റ് ഡിപ്പോ, ഷിപ്യാര്ഡ്, എല്‍പിജി ടെര്‍മിനല്‍, പെട്രോള്‍ പമ്പുകള്‍, കത്തുന്ന വാതകങ്ങളുമായി പോകുന്ന ട്രക്കുകള്‍ ഇതെല്ലാമുണ്ടെന്നുള്ളതു ഞെട്ടലോടെ നാം ഓര്‍ക്കണം. അതിനാൽ ജനപ്രതിനിധികള്‍ അസംബ്ലിയിലും പാര്‍ലമെന്റിലും പ്രമേയം അവതരിപ്പിച്ച് കേന്ദ്ര-കേരള സര്‍ക്കാരുകള്‍ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമര്‍പ്പിക്കാൻ സമ്മർദം ചെലുത്തണം.
പ്രധാനമന്ത്രിക്ക് നിവേദനം
Change.org എന്ന Global Platform-ല്‍ പോസ്റ്റ് ചെയ്തിരിക്കുന്ന പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചിരിക്കുന്ന നിവേദനത്തിൽ എല്ലാവരും അവരുടെ ഇമെയില്‍ ഐഡി ഉപയോഗിച്ച് സൈന്‍ ചെയ്യുന്നതും പ്രയോജനകരമാണ്. Change.org എന്ന പ്ലാറ്റ്ഫോമില്‍ പോയി Save Kerala from Mullappeiryar Dam Disaster എന്നു ടൈപ് ചെയ്താല്‍ നിവേദനം ലഭിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് കമന്റ് ചെയ്ത് ഇതിൽ ഒപ്പിട്ടിട്ടുണ്ട്. ഇതില്‍ ഷെയറിംഗ് ഓപ്ഷന് ഉണ്ട്. നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ചുകൊടുത്താൽ നമ്മുടെ ആശങ്ക പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താൻ സഹായിക്കും.