‘ഒളികാമറ കൊള്ള’: 463.4 കോടി
സിജുമോൻ ഫ്രാൻസിസ്
Tuesday, August 20, 2024 12:30 AM IST
അനുദിനം വർധിച്ചുവരുന്ന വാഹനാപകടങ്ങളും അതു മൂലമുണ്ടാകുന്ന മരണങ്ങളും എന്നും ആശങ്കയോടെയാണ് കേരളത്തിലെ പൊതുസമൂഹം നോക്കികാണുന്നത്. വാഹനപ്പെരുപ്പവും അടിസ്ഥാന വികസന അപര്യാപ്തതയും അശ്രദ്ധമായ ഡ്രൈവിംഗും, മദ്യവും മയക്കുമരുന്നും അടക്കമുള്ള ലഹരിവസ്തുക്കളുടെ ഉപയോഗവുമാണ് ഈ അപകടങ്ങളുടെയൊക്കെ അടിസ്ഥാന കാരണങ്ങൾ. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് നിരീക്ഷണ കാമറകൾ വയ്ക്കാൻ 2023 ഏപ്രിൽ 13ലെ മന്ത്രിസഭ തീരുമാനമെടുത്തത്.
ഉദ്ഘാടനം കഴിഞ്ഞതോടെ പദ്ധതി വിവാദങ്ങളിൽ പെടുകയും ഹൈക്കോടതി വിഷയത്തിൽ നേരിട്ട് ഇടപെടുകയും ചെയ്തതോടെ പദ്ധതി പാളിയെന്ന് ജനം കരുതി. എങ്കിലും കാമറ വച്ചതിനുശേഷം ഗതാഗതവകുപ്പ് റോഡപകടങ്ങളിൽ കാര്യമായ കുറവുകൾ വന്നുതുടങ്ങിയതായി അവകാശപ്പെടുകയും ചെയ്തു.
കാമറയുടെ ചെലവും വരവും
സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടുകൾ സഹിക്കുമ്പോഴും സർക്കാർ പൊതുജനസേവനത്തിനായി കാമറകൾ സ്ഥാപിച്ച ഇനത്തിൽ എന്ത് നഷ്ടം വന്നു എന്നറിയാൻ ലേഖകൻ ഒരു വിവരാവകാശ അപേക്ഷ കൊടുത്തു. ആകെ എത്ര കാമറകൾ സ്ഥാപിച്ചു, എന്ത് മുടക്കായി, കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പിഴ ഇനത്തിൽ എത്ര രൂപ കിട്ടി, ഇപ്പോൾ എത്രയെണ്ണം പ്രവർത്തനക്ഷമമാണ് എന്നുള്ളതൊക്കെയിരുന്നു ചോദ്യം.
കിട്ടയ മറുപടി ഇതാണ്: ആകെ കാമറകൾ: 726 (നാലെണ്ണം വകുപ്പിന്റെ വാഹനങ്ങളിൽ). ഇപ്പോൾ പ്രവർത്തനക്ഷമം 683.ചെലവ്: കെൽട്രോണിന് കൊടുത്തത് 21,00,76,334 രൂപ. ഹൈക്കോടതിയിൽ കെട്ടിവച്ചത് 23,22,55,028 രൂപ.ആകെ 44,23,31,362 രൂപ. 2024 ജൂലൈ 27വരെ 15 മാസംകൊണ്ട് പിഴ ഇനത്തിൽ പിരിച്ചെടുത്തത് 463,40,73,250 രൂപ.
44.23 കോടി മുടക്കി പതിനഞ്ച് മാസം കൊണ്ട് 463.4 കോടി രൂപയുണ്ടാക്കിയ സർക്കാരിന്റെ കഴിവിനെ നമിക്കുന്നു. നിങ്ങളുടെയൊക്കെ സത്ഭരണത്തിന്റെ ഗുണംകൊണ്ട് ജീവിക്കാൻ പാടുപെടുന്ന ഗതികെട്ട പൗരന്റെ വീട് കൊള്ളയടിക്കുന്നതായിരുന്നു ഇതിലും ഭേദം. ഇത്രയൊക്കെ ഉണ്ടാക്കിയിട്ടും കേരളത്തിന്റെ പൊതുകടം ഏഴ് ലക്ഷം കോടിയോടടുത്തു എന്നാണ് അനൗദ്യോഗിക കണക്ക്.
വാഹനാപകടങ്ങൾ കുറഞ്ഞോ?
ഇത്തരം നടപടികളൊക്കെ സ്വീകരിച്ചിട്ടും വാഹനാപകടങ്ങൾ കൂടി വരുന്നതല്ലാതെ യാതൊരു കുറവും വന്നിട്ടില്ല എന്നുള്ളതാണ് വസ്തുത.
വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട കേരള പോലീസിന്റെ 2016 മുതൽ 2024 ജൂൺ വരെയുള്ള രേഖകൾ പരിശോധിച്ചതിൽ 2023ൽ വാഹനാപകടങ്ങൾ മുൻ വർഷത്തെ അപേക്ഷിച്ച് കൂടുതലായിരുന്നു. വിശദമായ പട്ടിക ഇങ്ങനെ:
നിരീക്ഷണ കാമറകൾ ഇല്ലാതിരുന്ന 2022ൽ ആകെ വാഹനാപകടങ്ങൾ 43,910, അപകടമരണങ്ങൾ 4,317, മുറിവേറ്റവർ 49,307. എന്നാൽ, അപകടങ്ങൾ കുറയ്ക്കാൻ കാമറകൾ വച്ചതിന് ശേഷം 2023ൽ ആകെ വാഹന അപകടങ്ങൾ 48,091, അപകടമരണങ്ങൾ 4,080, മുറിവേറ്റവർ 54,320.
2024 ജൂൺ വരെ അഞ്ച് മാസംകൊണ്ട് ആകെ വാഹനാപകടങ്ങൾ 25,291, അപകടമരണങ്ങൾ 1,998, മുറിവേറ്റവർ 28,221 എന്നതാണ് കേരള പോലീസ് നൽകുന്ന വിവരങ്ങൾ. അപകടങ്ങൾ കുറയുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് ഈ ഗതികെട്ടവരെ പിന്നെയും പിഴിയുന്നത് എന്നു മനസിലാകുന്നില്ല.
സ്ഥാനം മാറിവച്ച കാമറകൾ
2018 മുതൽ 2022 വരെയുള്ള വാഹനാപകടങ്ങളുടെ റോഡ് തിരിച്ചുള്ള കണക്കുകൾ പരിശോധിച്ചാൽ: 2018ൽ ദേശീയപാതയിൽ 9,161-22.8 ശതമാനം. സംസ്ഥാന പാതയിൽ 7,552-18.8 ശതമാനം. ജില്ലാ റോഡുകൾ അടക്കമുള്ള മറ്റ് റോഡുകളിൽ 23,468-58.8 ശതമാനം.
2022ൽ ദേശീയപാതയിൽ 9,576-21.8 ശതമാനം, സംസ്ഥാന പാതയിൽ 9,441-21.5 ശതമാനം, ജില്ലാ റോഡുകൾ അടക്കമുള്ള മറ്റ് റോഡുകളിൽ 24,893-56.7 ശതമാനം. അതായത് റോഡ് അപകടങ്ങളുടെ 58 ശതമാനവും നടക്കുന്നത് ജില്ലാ റോഡുകൾ അടക്കമുള്ള മറ്റുറോഡുകളിൽ. ഈ റോഡുകളിൽ നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കാതെ അപകടങ്ങളുടെ എണ്ണം കുറയ്ക്കാനാവില്ല എന്ന യാഥാർഥ്യം നിലനിൽക്കെ എന്തിനാണ് പോലീസും ഗതാഗത വകുപ്പും നടത്തുന്ന പരിശോധനകൾക്കപ്പുറം വഴിനീളെ കാമറകൾ വച്ചതെന്നും മനസിലാകുന്നില്ല. ജനത്തിന് ഗുണമില്ലെങ്കിൽ പിന്നെ ഈ കൊള്ള അവസാനിപ്പിക്കുന്നതല്ലേ നല്ലത്.
ജില്ല തിരിച്ച് പദ്ധതികൾ തയാറാക്കണം
2018 മുതൽ 2022 വരെയുള്ള വാഹനാപകടങ്ങൾ ജില്ല തിരിച്ചു നോക്കിയാൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്നത് എറണാകുളം ജില്ലയിൽ. അപകടങ്ങൾ 27,590, മരണം 2,197, 14.88 ശതമാനം. ഏറ്റവും കൂടുതൽ മരണങ്ങൾ നടന്നത് തിരുവനന്തപുരം ജില്ലയിൽ, മരണം 2,411, അപകടങ്ങൾ 23,524, 12.69 ശതമാനം. ഏറ്റവും കുറവ് വയനാട്-1.67 ശതമാനം, കാസർഗോഡ്-1.9 ശതമാനം, ഇടുക്കി-2.89സതമാനം, പത്തനംതിട്ട-3.9 ശതമാനം.
അപകടങ്ങളുടെ എണ്ണം കുറയ്ക്കുകയാണ് ലക്ഷ്യമെങ്കിൽ ജില്ല തിരിച്ചുള്ള പ്രത്യേക പദ്ധതികൾ തയാറാക്കുകയാണു വേണ്ടത്; കാണുന്നിടത്തൊക്കെ കാമറ വച്ച് പാവങ്ങളുടെ പണം പിഴിയുകയല്ല. വിദേശ രാജ്യങ്ങളിൽ കാമറ പോയന്റിൽ എത്തുന്നതിന് കിലോമീറ്ററുകൾക്ക് മുൻപ് റോഡ് കാമറ നിരീക്ഷണത്തിലേക്കു കടക്കാൻ ഇനി ഇത്രദൂരം എന്നു കാണിക്കുന്ന സൈൻ ബോർഡുകൾ നിശ്ചിത അകലത്തിൽ സ്ഥാപിച്ചിട്ടുണ്ടാകും. അവരുടെ ലക്ഷ്യം അപകടങ്ങൾ കുറയ്ക്കുക എന്നുള്ളത് മാത്രമാണ്. അതിനുപകരം ഇവിടെ ഒളികാമറ വയ്ക്കുകയും വളവുകളിൽ ഒളിച്ചിരുന്ന് ഫൈൻ അടിക്കുകയും ചെയ്യുന്നു.
വാഹനപ്പെരുപ്പം
കേരളത്തിൽ വാഹന രജിസ്ട്രേഷൻ കുതിച്ചുയരുകയാണ്. 2006ലെ കണക്കനുസരിച്ച് കേരളത്തിൽ ആയിരത്തിൽ 305 പേർ ഏതെങ്കിലും ഒരു മോട്ടോർ വാഹന ഉടമയാണ്. ഇന്ത്യയിൽ ശരാശരി ആയിരത്തിന് 18 ആണ്. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക അവലോകനം 2023 അനുസരിച്ച് 2013ൽ 80,48,673 വാഹനങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നിടത്ത് 2023ൽ അത് 1,63,52,224 ആയി ഉയർന്നു. പത്തു വർഷംകൊണ്ട് ഇരട്ടി.
പത്തു വർഷംകൊണ്ട് 100 ശതമാനം വർധിക്കുന്ന വാഹന രജിസ്ട്രേഷൻ നടക്കുന്ന കേരളത്തിൽ എന്തിനാണ് പതിനഞ്ച് വർഷത്തെ റോഡ് ടാക്സ് രജിസ്ട്രേഷൻ നടത്തുമ്പോൾ തന്നെ മുൻകൂട്ടി വാങ്ങുന്നത്. എന്നിട്ടും അതിന് ആനുപാതികമായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ കഴിയുന്നില്ല. പതിറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന ടോൾ പിരിക്കാൻ അച്ചാരം വാങ്ങുന്നവർ ഈ വർധനയുടെ കണക്ക് ഒരിടത്തും കാണിക്കുന്നുമില്ല.