ഓർമകളിൽ ജ്വലിക്കുന്ന സൂര്യതേജസ്
പ്രഫ. റോണി കെ. ബേബി
Tuesday, August 20, 2024 12:23 AM IST
ഇന്ത്യയുടെ പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡന്റുമായിരുന്ന രാജീവ് ഗാന്ധിയുടെ 80-ാം ജന്മവാർഷികമാണ്. രാജീവ് ഗാന്ധിയുടെ ജന്മദിനം ദേശീയ സദ്ഭാവനാ ദിനമായാണ് രാജ്യം ആചരിക്കുന്നത്. ഫിറോസ് ഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടെയും മൂത്ത മകനായ രാജീവ് ഗാന്ധിയുടെ ജനനം 1944 ഓഗസ്റ്റ് 20നാണ്.
1981 മുതല്‍ 1991 വരെ പത്തു വർഷം മാത്രം നീണ്ടുനിന്ന രാഷ്ട്രീയജീവിതമാണ് രാജീവിന്റേത്. അതിനിടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായി.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവിന്റെ കൊച്ചുമകന് ഇന്ത്യയുടെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് 1984 ഒക്ടോബര്‍ 31നായിരുന്നു. 1984ലെ പൊതുതെരഞ്ഞെടുപ്പിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ രാജീവ് അധികാരത്തിലെത്തിച്ചു.
മത്സരിച്ച 491ൽ 404 സീറ്റുകൾ കരസ്ഥമാക്കിയാണ് അത്തവണ കോൺഗ്രസ് വിജയിച്ചത്. 1991ലെ പൊതുതെരഞ്ഞെടുപ്പു വരെ രാജീവ് ഗാന്ധി കോൺഗ്രസ് പ്രസിഡന്റായി തുടർന്നു. അദ്ദേഹം പ്രധാനമന്ത്രിപദം അലങ്കരിച്ചിരുന്ന അഞ്ചു വർഷങ്ങൾ ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക മേഖലകളിൽ സമഗ്രമായ മാറ്റങ്ങളുടെ കാലമായിരുന്നു.
ഇന്ത്യയുടെ പല ഭാഗങ്ങളിലും ദീർഘകാലമായി ആഭ്യന്തരമായി നീറിപ്പുകഞ്ഞുകൊണ്ടിരുന്ന പ്രദേശങ്ങളിലേക്ക് ഒരു ശാന്തിദൂതനെപ്പോലെ ഓടിയെത്തി മിസോ കരാർ, ആസാം കരാർ, പഞ്ചാബ് കരാർ തുടങ്ങിയവയിലൂടെ അന്യവത്കരിക്കപ്പെട്ടുപോയിരുന്ന വലിയ വിഭാഗം ജനങ്ങളെ ദേശീയ മുഖ്യധാരയോട് രാജീവ് ഗാന്ധി ചേര്‍ത്തുനിര്‍ത്തി.
ലോകരാഷ്ട്രീയത്തിലെ അശാന്തിയുടെ തുരുത്തുകളില്‍ കടന്നുചെന്ന് നീതിക്കുവേണ്ടി, ഇരകള്‍ക്കുവേണ്ടി ശക്തിയുക്തം വാദിച്ച രാജ്യമായിരുന്നു രാജീവിന്റെ കാലത്ത് ഇന്ത്യ. സാമ്രാജ്യത്ത രാജ്യങ്ങള്‍ക്കെതിരെയും ശീതയുദ്ധത്തിനെതിരെയും ചേരിചേരാ രാജ്യങ്ങളുടെ ശബ്ദമായിരുന്നു അക്കാലത്ത് ഇന്ത്യ.
രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ നടപ്പിലാക്കിയ ഏഴാം പഞ്ചവത്സരപദ്ധതിയിൽ സാമ്പത്തികവളർച്ച 5.6 ശതമാനവും വ്യവസായവളർച്ച എട്ടു ശതമാനവുമായിരുന്നു. ദാരിദ്ര്യരേഖാ ശതമാനം 38ൽനിന്ന് 28ലേക്കും താഴ്ന്നു.
പഞ്ചായത്തിരാജ് സംവിധാനങ്ങളിലൂടെയും കൂറുമാറ്റ നിരോധന നിയമത്തിലൂടെയും ഇന്ത്യയിലെ ജനാധിപത്യ സംവിധാനങ്ങളെ ശക്തീകരിക്കാൻ രാജീവ് ഗാന്ധി ശ്രമിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ സ്വപ്നം കണ്ട് പദ്ധതികൾ ആസൂത്രണം ചെയ്ത നേതാവായിരുന്നു രാജീവ് ഗാന്ധി.