ജലബോംബ് നിർവീര്യമാക്കണം; തമിഴ്നാടിന് വെള്ളം കൊടുക്കുകയും വേണം
പി.സി. സിറിയക്
Monday, August 19, 2024 1:17 AM IST
130 കൊല്ലം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് തകരുമോ? വയനാട്ടിലെ ഉരുൾപൊട്ടലുണ്ടാക്കിയ ഭീകരദുരന്തം കണ്ട് വിറങ്ങലിച്ചു നിൽക്കുന്ന കേരളീയരെ പരിഭ്രമിപ്പിക്കുന്ന ചോദ്യമാണിത്. മുല്ലപ്പെരിയാർ ഡാം തകരുകയില്ലെന്ന് തമിഴ്നാട്. അതു ജീർണാവസ്ഥയിലാണ്, എന്തും സംഭവിക്കാം എന്നു വിലപിക്കുന്ന കേരളീയർ. ഉടനേ അപകടത്തിനു സാധ്യതയില്ലെന്ന് ആശ്വാസവചനവുമായി കേരള മുഖ്യമന്ത്രി. പക്ഷേ അപ്പോഴിതാ കർണാടകത്തിലെ തുംഗഭദ്ര അണക്കെട്ടിന്റെ ഒരു സ്പിൽവേ ഗേറ്റ് മലവെള്ളത്തിന്റെ സമ്മർദത്തിൽ ഒഴുകിപ്പോയിരിക്കുന്നു. അവിടെ ഭയങ്കര വെള്ളപ്പൊക്കം. ചുരുക്കത്തിൽ കേരളത്തിന്റെ ഭീതിയൊഴിയുന്നില്ല.
1979ലാണ് മുല്ലപ്പെരിയാർ ഡാമിൽനിന്നു വെള്ളം ചോർന്നൊലിക്കുന്നതു കണ്ട് നാം ശബ്ദമുയർത്തിയതും കേന്ദ്ര വാട്ടർ കമ്മീഷൻ ചെയർമാൻ കെ.സി. തോമസ് പരിശോധനയ്ക്കെത്തിയതും ബലഹീനമായിത്തീർന്നിരുന്ന ഡാം ഉടനെ ബലപ്പെടുത്തി അപകടഭീതി നീക്കാൻ തമിഴ്നാടിന് നിർദേശം നൽകിയതും. അതോടൊപ്പം ബലപ്പെടുത്തൽ പണി പൂർത്തിയാകുന്നതുവരെ ഡാമിലെ ജലനിരപ്പ് 136 അടി മാത്രമായി നിയന്ത്രിക്കണമെന്നും തീരുമാനിച്ചു.
ഡാമിലെ ഉയർന്ന ജലനിരപ്പ് 152 അടിയിൽനിന്നു 136 അടിയായി കുറച്ചതോടെ ഡാമിൽ ശേഖരിച്ചിരുന്ന വെള്ളത്തിന്റെ അളവ് മൂന്നിൽ രണ്ടായി കുറഞ്ഞു. 15 ടിഎംസി വെള്ളം ശേഖരിക്കാവുന്ന ജലാശയത്തിലുള്ള വെള്ളത്തിന്റെ അളവ് 10 ടിഎംസി ആയി കുറഞ്ഞതോടെ കേരളം ആശ്വസിച്ചു. 1979 മുതൽ 2015 വരെ, 35 കൊല്ലക്കാലം മുല്ലപ്പെരിയാർ ഡാമിന്റെ ഉയർന്ന ജലനിരപ്പ് 136 അടിയിൽത്തന്നെ നിലനിർത്തി.
2005ൽ ഡാമിന്റെ ബലപ്പെടുത്തൽ പണി പൂർത്തിയായതായി തമിഴ്നാട് പ്രഖ്യാപിച്ചെങ്കിലും കേരളം എതിർത്ത് കോടതിയിലെത്തി. ഈ കേസ് പരിഗണിച്ച സുപ്രീംകോടതി, 2015ൽ ജലനിരപ്പ് 142 അടിയായി ഉയർത്താൻ അനുവദിച്ചെങ്കിലും തത്കാലം 136 അടി താഴെ മാത്രമാണു ജലനിരപ്പ്.
ഗ്രാവിറ്റി ഡാം എന്ന വിഭാഗത്തിൽപ്പെടുന്നതും കരിങ്കല്ലും സുർക്കി മിശ്രിതവും ഉപയോഗിച്ചു നിർമിച്ചതുമായ മുല്ലപ്പെരിയാർ അണക്കെട്ട് (അന്ന് 1890 കളിൽ സിമന്റ് ഉത്പാദനം തുടങ്ങിയിട്ടില്ല) ഈയിടെ കോൺക്രീറ്റും സിമന്റ് മിശ്രിതവും ഉപയോഗിച്ച് ബലപ്പെടുത്തിയിട്ടുണ്ടെന്നും ഇപ്പോഴത്തെ സ്ഥിതിയിൽ അത് 152 അടിവരെ ജലനിരപ്പ് ഉയർന്നാലും തകരില്ലെന്നും തമിഴ്നാട് വാദിച്ചിരുന്നു. പക്ഷേ, ഒരു ഭൂകന്പമുണ്ടായാൽ ഡാമിന് പിടിച്ചുനിൽക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ ഒരു വിദഗ്ധനും കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷിതത്വം പരിശോധിക്കാൻ അന്താരാഷ്ട്ര വിദഗ്ധരുടെ ഒരു സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം കേരളം ഉന്നയിച്ചിരിക്കുന്നത്.
അണക്കെട്ടിന്റെ സംരക്ഷണം ഇരു സംസ്ഥാനങ്ങളുടെയും ദൗത്യം
തമിഴ്നാട്ടിലെ അഞ്ചു ജില്ലകളിലെ ജനജീവിതം ഈ ഡാമിനെ മാത്രം ആശ്രയിച്ച് നിലനിൽക്കുന്നു. കുടിവെള്ളത്തിനും കൃഷിക്കും പെരിയാർ ജലം അവർക്ക് അത്യാവശ്യം. അപ്പോൾ ജീവൽപ്രധാനമായ രണ്ടു കാര്യങ്ങൾക്ക് - കേരളത്തിന്റെ ജീവരക്ഷ, തമിഴ്നാടിന്റെ ജലലഭ്യത - മുല്ലപ്പെരിയാർ അണക്കെട്ടിനെ ഒരു അപകടത്തിലുംപെടുത്താതെ സംരക്ഷിക്കേണ്ടത് രണ്ടു സംസ്ഥാനങ്ങളുടെയും സുപ്രധാനമായ ദൗത്യമായി കരുതണം.
ഈ ഡാം തകർന്നാൽ കേരളത്തിൽ ഭയങ്കരമായ നാശനഷ്ടങ്ങൾ. തമിഴ്നാടിന് പിന്നീടൊരിക്കലും ദാഹജലം കിട്ടാതെ പോകുകയും ചെയ്യും. അപ്പോൾ ഈ അണക്കെട്ടിന്റെ സുരക്ഷ ഇരുകൂട്ടരുടെയും മർമപ്രധാനമായ കരുതൽ ആവശ്യമായ കാര്യം. ഇതുവരെ ഈ സുരക്ഷ ഉറപ്പാക്കാൻ സഹായിച്ചത് തമിഴ്നാട് പൂർത്തിയാക്കിയ ഡാം ബലപ്പെടുത്തൽ പണികളല്ല, ജലനിരപ്പ് 136 അടിയായി നിയന്ത്രിച്ച് ഡാമിന്റെമേലുള്ള വെള്ളത്തിന്റെ സമ്മർദം മൂന്നിൽ രണ്ടായി കുറച്ചതാണ് എന്ന സത്യം നാം തുറന്നുപറയേണ്ടിയിരിക്കുന്നു.ജലനിരപ്പ് നിയന്ത്രണംകൊണ്ട് തമിഴ്നാടിന് ഒരു നഷ്ടവും സംഭവിച്ചിട്ടില്ല എന്ന കാര്യവും നാം അവരെ ബോധ്യപ്പെടുത്തണം.
1980ൽ അവിടെ പെരിയാർ ജലം ഉപയോഗിച്ച് ജലസേചനം നടത്തിയ കൃഷിഭൂമിയുടെ വിസ്തൃതി ഒന്നര ലക്ഷം ഏക്കർ മാത്രമായിരുന്നെങ്കിൽ ഇന്നു തമിഴ്നാട്ടിലെ അഞ്ചു ജില്ലകളിൽ പെരിയാർ ജലം ഉപയോഗിച്ച് കൃഷി നടക്കുന്നത് രണ്ടേകാൽ ലക്ഷം ഏക്കറിലാണ്. ഡാമിൽ ഒഴുകിയെത്തിയ ജലം മുഴുവനുംതന്നെ കിഴക്കോട്ട്, തമിഴ്നാട്ടിലേക്ക് ഒഴുക്കിക്കൊണ്ടുപോകാൻ, ജലനിരപ്പ് കുറച്ചതുകൊണ്ട് ഒരു തടസവുമുണ്ടായിട്ടില്ല എന്നർഥം.
ഫലപ്രദമായ മാർഗം ജലനിരപ്പ് കുറയ്ക്കുക എന്നതു മാത്രം
തമിഴ്നാട്ടിലും കേരളത്തിലും ഒരുപോലെ മഴ പെയ്യുന്ന തുലാവർഷക്കാലത്തുപോലും കഴിഞ്ഞ 35 കൊല്ലക്കാലത്ത് കൈവിരലിൽ എണ്ണാവുന്നത്ര ദിവസങ്ങളിൽ മാത്രമാണ് ഡാമിന്റെ ഗേറ്റുകൾ തുറന്ന് സ്പിൽവേയിലൂടെ വെള്ളം കേരളത്തിലേക്ക് ഒഴുകാൻ അനുവദിക്കേണ്ടിവന്നത്. അപ്പോൾ ഒരു കാര്യം വ്യക്തം. ഡാമിന്റെ സുരക്ഷ ഉറപ്പാക്കാൻ ഏറ്റവും എളുപ്പമുള്ളതും ഫലപ്രദവുമായ മാർഗം ജലനിരപ്പ് കുറയ്ക്കുക എന്നതു മാത്രമാണ്.
പക്ഷേ കേരള സർക്കാർ ഇന്നു പരിഹാരമാർഗമായി ഉന്നയിക്കുന്നത് ജലനിരപ്പ് കുറയ്ക്കലല്ല, പുതിയ ഒരു ഡാമിന്റെ നിർമാണമാണ്. ഇപ്പോഴത്തെ അണക്കെട്ടിന് ഒരു കിലോമീറ്റർ താഴെ കൂടുതൽ ഉയരവും കൂടുതൽ നീളവും 40 ശതമാനംകണ്ട് കൂടുതൽ ജലസംഭരണശേഷിയുമുള്ള ഒരു വലിയ പുതിയ ഡാം 2,000 കോടി രൂപ ചെലവിൽ നിർമിക്കണമെന്നാണ് നമ്മുടെ സർക്കാരും പ്രതിപക്ഷവും നിർദേശിക്കുന്നത്. വീണ്ടും 100 കൊല്ലം കഴിയുന്പോൾ ഈ പുതിയ ഡാമും പഴയതാകും. ബലക്ഷയം ഉണ്ടാകും. അപ്പോൾ മറ്റൊരു പുതിയ ഡാം കെട്ടണമെങ്കിൽ വീണ്ടും താഴോട്ടു പോകേണ്ടിവരില്ലേ?
മറ്റൊരു കാര്യം. പുതിയ ഡാമിന് അടിത്തറ, ഫൗണ്ടേഷൻ നിർമിക്കാനായി വൻതോതിൽ ഭൂമി കുഴിക്കേണ്ടിവരുന്പോൾത്തന്നെ നിലവിലുള്ള അണക്കെട്ട്, മണ്ണിൽ താഴ്ന്ന് തകർന്നുപോകാനിടയുണ്ടെന്നാണ് വിദഗ്ധാഭിപ്രായം. അതു സംഭവിച്ചാൽ ഒരു അത്യാഹിതമായിത്തീരുമെന്ന് പറയേണ്ടതില്ലല്ലോ. ചുരുക്കത്തിൽ പുതിയ അണക്കെട്ട് അപ്രായോഗികവും ചെലവേറിയതുമായ ഒരു പ്രക്രിയയാണ്.
തമിഴ്നാട് സർക്കാർ ഈ നിർദേശത്തെ എതിർക്കുമെന്നതിലും സംശയമില്ല. ഇന്നു വിദഗ്ധർ നിർദേശിക്കുന്ന മറ്റൊരു പരിഹാരമാർഗമാണ് മുല്ലപ്പെരിയാർ ജലാശയത്തിനടിയിൽ ജലനിരപ്പ് 50 അടി മാത്രം ഉള്ളിടത്ത് ഒരു തുരങ്കമുണ്ടാക്കി വെള്ളം മുഴുവൻ തമിഴ്നാട്ടിലേക്ക് ഒഴുക്കുക. അപ്പോൾ അണക്കെട്ടിൽ നിൽക്കുന്ന വെള്ളം തുരങ്കത്തിനു തൊട്ടുതാഴെ 50 അടി മാത്രമായിരിക്കും.
നിലവിൽ തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന തുരങ്കം 90 അടി ജലനിരപ്പിലാണ് സ്ഥാപിച്ചിരിക്കുന്നത്. പുതുതായി 50 അടിയിൽ തുരങ്കമുണ്ടാക്കിയാൽ തമിഴ്നാടിന് 90 അടിക്കും 50 അടിക്കും ഇടയ്ക്കുള്ള വെള്ളം ഇന്നു ലഭിക്കുന്നതിനു പുറമെ അധികമായി ലഭിക്കും. അതുപോലെതന്നെ ഡാമിലെ ജലനിരപ്പ് 50 അടി മാത്രമായി നിലനിർത്തുന്നതോടെ ഡാമിന്റെ സുരക്ഷയുടെ കാര്യത്തിലും പ്രശ്നമുണ്ടാകില്ല.
മറ്റു രണ്ടു പ്രശ്നങ്ങൾ
പക്ഷേ, മറ്റു രണ്ടു പ്രശ്നങ്ങൾ. ഒന്ന്, ഡാമിൽ 136 അടിവരെ വെള്ളമുള്ളപ്പോൾ 86 അടി താഴെ വെള്ളത്തിനടിയിൽ പുതിയ തുരങ്കം നിർമിക്കുന്നതിൽ പ്രായോഗിക പ്രയാസങ്ങളുണ്ടാകും. ഈ ബുദ്ധിമുട്ട് ഒഴിവാക്കാൻ പുറത്ത് മലഞ്ചെരുവിൽനിന്നോ ഫോർ ബേ ഡാമിൽ തുരങ്കം ചെന്നെത്തുന്നിടത്തുനിന്നോ ഡാമിനുള്ളിലേക്ക് തുരങ്കം നിർമിക്കാനാകുമായിരിക്കാം. പക്ഷേ അതു ചെലവേറിയതും ദുഷ്കരവുമായ ഒരു ജോലിയായിരിക്കുമെന്നതിൽ സംശയമില്ല.
രണ്ടാമത്, ഡാമിൽ അവശേഷിക്കുന്നതും സംഭരിക്കപ്പെട്ടിരിക്കുന്നതുമായ ജലം കേരളത്തിനു പ്രയോജനകരമായിരിക്കും. അവിടെ 50 അടിക്കു പകരം 90 അടിവരെ വെള്ളമുണ്ടെങ്കിൽ ഈ അണക്കെട്ടിനു താഴെ ജലം മണ്ണിലൂടെ കിനിഞ്ഞിറങ്ങി ഇടുക്കി, കോട്ടയം ജില്ലകളിൽ ഭൂഗർഭ ജലനിരപ്പ് ഉയർത്തി വേനൽക്കാലത്ത് അവിടെയുള്ള കുടിവെള്ള ബുദ്ധിമുട്ട് അല്പമെങ്കിലും ഒഴിവാക്കാൻ സഹായിക്കുന്നു.
ഈ കാരണങ്ങൾ രണ്ടും പരിഗണിച്ചാൽ 90 അടി നിരപ്പിൽ നിലവിലുള്ള തുരങ്കം വഴിതന്നെ തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്നതായിരിക്കും കൂടുതൽ സൗകര്യപ്രദം എന്നു തോന്നുന്നു. ഇതു പ്രായോഗികമാക്കാൻ ഡാമിലെ ജലനിരപ്പ് തുരങ്കത്തിന് പതിനഞ്ചടി മുകളിൽ 115 അടിയിൽ നിയന്ത്രിച്ച് ക്രമീകരിക്കുന്നത് ഉചിതമായിരിക്കുമെന്ന് കരുതുന്നു.
ഈ നിർദേശങ്ങൾ തമിഴ്നാടിനെ ബോധ്യപ്പെടുത്തുന്ന കാര്യത്തിൽ നമ്മുടെ മുഖ്യമന്ത്രി വ്യക്തിപരമായി ഇടപെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ കണ്ടു നേരിട്ടു സംസാരിച്ച് അദ്ദേഹം ഉന്നയിക്കുന്ന സംശയങ്ങൾക്കു വിശദീകരണം നൽകി, അദ്ദേഹത്തെയും സഹപ്രവർത്തകരെയും വിശ്വാസത്തിലെടുത്ത് സമ്മതം നേടുകവേണം. അതുപോലെതന്നെ ഈ വിഷയത്തിൽ നമ്മുടെ പ്രതിപക്ഷ നേതാവുകൂടി ഉൾപ്പെടുന്ന ഒരു രാഷ്ട്രീയ ദൗത്യസംഘം തമിഴ്നാട്ടിലെ ഭരണപക്ഷ നേതാക്കളെ കണ്ട് തമിഴ്നാടിന് പെരിയാർ ജലം ലഭ്യമാക്കുന്ന കാര്യത്തിൽ കേരളത്തിൽ പരിപൂർണമായ അഭിപ്രായ സമന്വയമുണ്ടെന്നു ബോധ്യപ്പെടുത്തേണ്ടതുമുണ്ട്.
മുല്ലപ്പെരിയാർ ഡാമിൽ വന്നെത്തുന്ന പെരിയാർ ജലം മുഴുവനും തമിഴ്നാടിന് എക്കാലത്തേക്കും നൽകുമെന്ന് കേരളം, ഭരണ- പ്രതിപക്ഷ കക്ഷികൾ ഒന്നിച്ച്, ഉറപ്പുകൊടുക്കുന്പോൾ തമിഴ്നാട്, ഡാമിലെ ജലനിരപ്പിന്റെ കാര്യത്തിൽ ഒരു നിർബന്ധവും പുലർത്തേണ്ട കാര്യവുമില്ലല്ലോ എന്നു നാം അവരെ ബോധ്യപ്പെടുത്തണം. 136 അടി ജലനിരപ്പ് സാധാരണ ഗതിയിൽ ഡാമിന് അപകടസാധ്യതകൾ ഒഴിവാക്കുമെങ്കിലും വയനാട്ടിൽ സംഭവിച്ചതുപോലെ കാലാവസ്ഥാ വ്യതിയാനംകൊണ്ട് മേഘവിസ്ഫോടനവും ഘനമഴയും ഉണ്ടായാൽപ്പോലും അണക്കെട്ടിന് ഒന്നും സംഭവിക്കാതിരിക്കാനാണ് ജലനിരപ്പ് ക്രമേണ 115 അടിയിലേക്ക് കുറച്ചുകൊണ്ടുവരാൻ നമ്മൾ അഭ്യർഥിക്കുന്നത് എന്നു വ്യക്തമാക്കണം.
കേരളത്തെ അപകടഭീതിയിൽനിന്നു രക്ഷിക്കാനും മുല്ലപ്പെരിയാർ ഡാമിൽ വന്നെത്തുന്ന പെരിയാർജലം മുഴുവൻ നമ്മുടെ സഹോദരസംസ്ഥാനമായ തമിഴ്നാടിനു ലഭ്യമാക്കി അവരുടെ ആവശ്യം നിറവേറ്റാനും നമ്മുടെ നേതാക്കൾക്കു കഴിയട്ടെ.