എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
അനന്തപുരി /ദ്വിജൻ
Saturday, May 4, 2024 10:51 PM IST
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്കുട്ടി നടുറോഡിൽ വച്ച് തന്നോട് അപമര്യാദയായി പെരുമാറുകയും തന്നെ അശ്ലീല ചേഷ്ടകൾ കാണിച്ച് പരിഹസിക്കുകയും ചെയ്ത ഒരു കെഎസ്ആർടിസി ഡ്രൈവറെ വാഹനം ഓടിച്ച് ഓവർടേക്ക് ചെയ്ത് ബസ് തടഞ്ഞു വലിച്ചിറക്കി കൈകാര്യം ചെയ്താൽ എന്താകും കേരളത്തിലെ സാധാരണക്കാരന്റെ പ്രതികരണം. എന്താകും സർക്കാരിന്റെ പ്രതികരണം.
സാധാരണനിലയിൽ പോലീസ് എത്തും. യുവതിയുടെ പരാതിപ്രകാരം ഡ്രൈവർക്കെതിരേ കേസെടുക്കും. ബസ് ബലം പ്രയോഗിച്ചു തടഞ്ഞതിനും അങ്ങനെ യാത്രാതടസം ഉണ്ടാക്കിയതിനെങ്കിലും യുവതിക്കെതിരേയും കേസെടുക്കും. കോർപറേഷനും സർക്കാരും ഡ്രൈവറെ സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടിയും സ്വീകരിക്കും. ഡ്രൈവറുടെ സംഘടനക്കാർ മിന്നൽ പണിമുടക്കുപോലും നടത്തും. പ്രതിഷേധം തീർച്ചയായും ഉണ്ടാകും. ഇത്തരം പെരുമാറ്റങ്ങൾ മിക്കവാറും കണ്ടിട്ടുള്ള ജനം യുവതിക്ക് കട്ട സപ്പോർട്ട് കൊടുക്കും. എന്നാൽ സമാനമായ സംഭവം ഏപ്രിൽ 27ന് തലസ്ഥാനത്ത് ഉണ്ടായിട്ട് ജനം യുവതിക്കെതിരേയും സർക്കാർ സംവിധാനങ്ങളും പോലീസും ഇരയാക്കുന്നു എന്നു കരുതപ്പെടുന്ന ഡ്രൈവർക്ക് അനുകൂലമായും വന്നു. എന്തുകൊണ്ട്?
തിരുവനന്തപുരത്തെ സിപിഎം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും ബാലുശേരി എംഎൽഎയുമായ സച്ചിൻ ദേവും സംഘവുമാണ് കെഎസ്ആർടിസിയിലെ ദിവസക്കൂലിക്കാരനായ ഒരു ഡ്രൈവറുമായി ഏറ്റുമുട്ടി വല്ലാതെ പരിക്കേറ്റിരിക്കുന്നവർ. ഒരു വിവാഹവിരുന്ന് കഴിഞ്ഞ് സ്വകാര്യ കാറിൽ സഞ്ചരിച്ചിരുന്ന ആര്യയും സംഘവുമാണ് ഡ്രൈവറുമായി ഉടക്കിയത്.
തൃശൂരിൽനിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസിയുടെ സൂപ്പർ ഫാസ്റ്റ് ബസ് പട്ടത്ത് ആര്യയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ല എന്ന ന്യായം പറഞ്ഞാണ് പാളയം സാഫല്യം കോംപ്ലക്സിനു മുന്പിൽ വച്ച് അവരും ഭർത്താവും അടങ്ങുന്ന സംഘം അവർ സഞ്ചരിച്ചിരുന്ന കാർ ഇടതുവശത്തുകൂടി ബസിനെ ഓവർടേക്ക് ചെയ്ത് ബസിനു കുറുകേ ഇട്ട് തടയുകയും ഡ്രൈവറുമായി ഉടക്കുകയും ചെയ്തത്. ആര്യയുടെ ഭർത്താവായ സച്ചിൻ ബസിൽ ചാടിക്കയറി ഈ ബസ് ഇവിടെ വരെയേ ഉള്ളൂവെന്നും എല്ലായാത്രക്കാരോടും അവിടെ യാത്ര അവസാനിപ്പിക്കാൻ കല്പിക്കുകയും ചെയ്തതായാണ് വാർത്ത.
ഏതായാലും ബസിലുണ്ടായിരുന്ന 12 ദീർഘദൂര യാത്രക്കാർക്കും തന്പാനൂർ ബസ് സ്റ്റാൻഡിൽനിന്ന് മൂന്നു കിലോമീറ്റർ അകലെ യാത്ര അവസാനിപ്പിക്കേണ്ടി വന്നു. ആര്യയുടെയും സച്ചിന്റെയും ബസിലെ പരാക്രമങ്ങൾ മൊബൈലിൽ പകർത്തിക്കൊണ്ടിരുന്ന ഒരാളിൽനിന്ന് സച്ചിൻ ഫോണ് വാങ്ങി റിക്കാർഡ് ചെയ്തതെല്ലാം ഡിലീറ്റ് ചെയ്തു കളഞ്ഞു.
ഡ്രൈവറുടെനേരേ കുപിതയായ ആര്യ ചോദിച്ചു. ഞാൻ ആരാണെന്ന് തനിക്കറിയാമോ? ഇല്ല അയാൾ മറുപടി പറഞ്ഞു. തിരുവനന്തപുരത്തെ കുട്ടികൾക്കുപോലും അറിയാം ഞാൻ ആരാണെന്ന്, അവർ പറഞ്ഞു. പിന്നീട് സ്വയം വെളിപ്പെടുത്തി. ഞാൻ ഇവിടത്തെ മേയറാണ്. ഡ്രൈവർ പറഞ്ഞു, എല്ലാ മാസവും ശന്പളം തന്നിട്ട് ഇതൊക്കെ പറഞ്ഞെങ്കിൽ നന്നായിരുന്നു.
ഇവിടെ പരാക്രമം കാണിച്ച സാധാരണ യുവതി മേയറായതോടെ സംവിധാനങ്ങൾ മുഴുവൻ അവർക്കനുകൂലമായി. മേയറുടെ പരാതിയെത്തുടർന്ന് പോലീസും കെഎസ്ആർടിസി അധികൃതരും സ്ഥലത്തെത്തി ഡ്രൈവർക്കെതിരേ നിയമം തെറ്റിച്ചുള്ള ഡ്രൈവിംഗിനും മോശം പെരുമാറ്റത്തിനും കേസെടുത്ത് അയാളെ കസ്റ്റഡിയിലെടുത്തു. ബസ് കണ്ടക്ടറെ ഏൽപ്പിച്ച് ഡ്രൈവർ പോലീസിനൊപ്പം പോയി.
വലിയ സംരക്ഷണങ്ങൾ
ഇത്തരത്തിൽ ഒരു പ്രവൃത്തി ചെയ്തേക്കാവുന്ന ഒരു സാധാരണ യുവതിക്കു കിട്ടാത്ത സംരക്ഷണങ്ങൾ ആര്യക്കും ഭർത്താവിനും ലഭിക്കുകയായി. യാത്രാതടസം ഉണ്ടാക്കിയ മേയർക്കും സംഘത്തിനുമെതിരേ പോലീസ് കേസെടുത്തതേയില്ല. ഡ്രൈവർ യദു പരാതി കൊടുത്തിട്ടും പോലീസ് കേസെടുത്തില്ല. പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ അവിടത്തെ നല്ലവരായ ഉദ്യോഗസ്ഥർക്കു നിർബന്ധം മേയറോട് മാപ്പു പറയണം. അവരുടെ നിർബന്ധത്തിനു വഴങ്ങി ഡ്രൈവർ മേയറെ വിളിക്കുന്പോൾ വണ്ടി തടഞ്ഞതിന് അതുവരെ ഇല്ലാത്ത പുതിയ കാരണം വരുന്നു.
ഡ്രൈവർ അവരെ ലൈംഗിക ചേഷ്ടകൾ കാണിച്ചുവത്രെ. അങ്ങനെ ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. ഏതായാലും മേയർ മാപ്പു കൊടുത്തില്ല. ഇതിനിടെ മാധ്യമങ്ങൾ വിഷയം ഏറ്റെടുത്തു. യാത്രക്കാരന്റെ മൊബൈലിലെ തെളിവുകൾ നശിപ്പിക്കപ്പെട്ടെങ്കിലും അവിടെയുണ്ടായിരുന്ന സിസിടിവിയിലും നിർമിത ബുദ്ധി കാമറയിലുമെല്ലാം ഉണ്ടായ സംഭവം മുഴുവൻ പതിഞ്ഞതുകൊണ്ട് മേയർ പറഞ്ഞതിലെ പൊരുത്തക്കേടുകൾക്ക് കള്ളം പറയാത്ത സാക്ഷികളായി.
തന്റെ പ്രവൃത്തിയെ ന്യായീകരിക്കുന്നതിന് മേയർ പറഞ്ഞ ന്യായങ്ങളെല്ലാം സത്യമല്ലെന്നു വന്നതോടെയാണ് അവർക്കും ഭർത്താവിനും അവരെ കണ്ണടച്ചു പിന്താങ്ങുന്ന പാർട്ടിക്കും അവരെ സഹായിക്കുന്നതിനായി പലതും ചെയ്യുകയും ചെയ്യാതിരിക്കുകയും ചെയ്യുന്ന സർക്കാരിനും വലിയ പരിക്കുണ്ടാക്കുന്ന നിലയിലേക്ക് കാര്യങ്ങൾ പരിണമിക്കുന്നത്. തങ്ങൾക്കു സൈഡ് തന്നില്ലെന്നു മാത്രമല്ല ലക്കുകെട്ട് ഓടിച്ച് ഒന്നു രണ്ടു വണ്ടികളിൽ തട്ടാതെ തട്ടിയാണ് ബസ് പോയതെന്നും ആര്യ ആരോപിച്ചു.
ഡ്രൈവർ മോശമായ ആംഗ്യം കാണിച്ചോ എന്നു പരിശോധിക്കുന്നതിനുള്ള ബസിലെ മെമ്മറി കാർഡ് നഷ്ടപ്പെട്ടതായി മൂന്നാംപക്കം പോലീസ് കണ്ടെത്തി. തന്പാനൂർ ഡിപ്പോയിൽ കിടന്ന ബസുകളിൽ ഈ ബസിന്റെ മാത്രം മെമ്മറി കാർഡാണു കാണാതായത്. ഡ്രൈവറെ സംഭവസ്ഥലത്തു വച്ച് പോലീസ് കസ്റ്റഡിയിലെടുത്തതാണ്. അതിനുശേഷം പോലീസ് അകന്പടിയോടെ വന്ന് അദ്ദേഹം തന്റെ ബാഗ് എടുത്തുകൊണ്ടുപോകുക മാത്രമാണു ചെയ്തത്. അതുകൊണ്ട് മെമ്മറി കാർഡ് കാണാത്തതിന് ഉത്തരവാദി അയാളല്ല, കോർപറേഷനാണ്. എന്നാൽ കോർപറേഷൻ രേഖകളിൽ പുലർച്ചെ മൂന്നിന് ബസ് ഡിപ്പോയിൽ എത്തിച്ചത് പോലീസ് കസ്റ്റഡിയിലായിരുന്ന ഡ്രൈവറാണത്രെ. ഗതാഗതമന്ത്രി ഡിവൈഎഫ്ഐക്കാർ പറയുന്നതു പോലെ മാത്രം പ്രവർത്തിക്കില്ലെന്ന് സൂചനകളായത് നല്ല അടയാളമാണ്.
ഡ്രൈവറെ പോലീസ് കൊണ്ടുപോകുന്പോൾ കണ്ടക്ടർക്കാണ് ബസിന്റെ ചുമതല. സാധാരണഗതിയിൽ മേയറെ സഹായിക്കാനായി അതു നടത്തി എന്നേ സാധാരണക്കാർ വിശ്വസിക്കു. ഇനി മെമ്മറിക്കാർഡ് തിരിച്ചുകിട്ടിയാലും അതിൽ മേയർ പറഞ്ഞതുപോലുള്ള ആംഗ്യം ഉണ്ടായാൽപോലും ജനം കണ്ണടച്ചു വിശ്വസിക്കില്ല. ഡ്രൈവർ ലക്കുകെട്ട് ഓടിച്ചു എന്ന ഒരു പരാതിയും ഒരു യാത്രക്കാരനും നടത്തിയില്ല. മേയർ പറയുന്നതുപോലെ മറ്റു വാഹനങ്ങളിൽ തട്ടാൻ പോയോ എന്നൊക്കെ നിരത്തിലാകെയുള്ള നിർമിതബുദ്ധി കാമറകളും സിസിടിവികളും സത്യം പറയില്ലേ എന്നാണു ഡ്രൈവർ ചോദിക്കുന്നത്.
സംഭവം വിവാദമായപ്പോൾ തങ്ങൾ ബസ് തടഞ്ഞില്ലെന്നും സിഗ്നലിൽ നിർത്തിയപ്പോൾ ഡ്രൈവറോട് സംസാരിക്കുകയായിരുന്നുവെന്നുമാണ് ആദ്യം മേയർ പറഞ്ഞത്. പക്ഷേ വീഡിയോയിൽ മേയറുടെ കാറ് ബസിന്റെ ഇടതുവശത്തുകൂടി കയറി വന്ന് സീബ്രാ ലൈനിൽ വിലങ്ങനെ ഇട്ട് ബസ് തടയുന്നതായി കാണാം. അതോടെ പൗരന്മാരുടെ യാത്രാസ്വാതന്ത്ര്യം തടയുന്നു എന്ന മൗലികാവകാശ ലംഘനം മേയറും സംഘവും നടത്തിയെന്നു വ്യക്തമായി. ഡിവൈഎഫ്ഐക്കാർക്ക് ഈ അവകാശമുണ്ട് എന്നാകും അവർ കരുതുന്നത്. പലപ്പോഴും പെരുമാറുന്നതും അങ്ങനെയാണ്.
ബസിലുണ്ടായിരുന്ന 12 ദീർഘദൂര യാത്രക്കാരെ യാത്ര പൂർത്തിയാക്കുന്നതിനു മുന്പ് ബസിൽനിന്ന് ആര്യയുടെ ഭർത്താവ് സച്ചിൻദേവ് എംഎൽഎ നിർബന്ധിച്ച് ഇറക്കിവിട്ടെന്നാണ് ഒരു ആരോപണം. അതുസംബന്ധിച്ച വീഡിയോകൾ ഒന്നും കണ്ടില്ല. ബസിലുണ്ടായിരുന്ന യാത്രക്കാരുടെ വിവരവും ഫോണ്നന്പറും കോർപറേഷന്റെ കൈവശം ഉള്ളതുകൊണ്ട് ഇതിന്റെയെല്ലാം സത്യാവസ്ഥ കോർപറേഷന് മനസിലാക്കാവുന്നതാണ്.
മേയറും യുവ എംഎൽഎയും കാണിച്ച ധിക്കാരത്തിന് ന്യായീകരണം കണ്ടെത്തുന്നതിന് സിപിഎമ്മും ഡിവൈഎഫ്ഐയും കൈയും മെയും മറന്ന് രംഗത്തുവന്നതോടെ ഡ്രൈവർക്കുള്ള പിന്തുണ വർധിക്കുകയാണ്. കുടുംബം പുലർത്താൻ പുലർച്ചെ അഞ്ചു മുതൽ വെറും 700 രൂപ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന ഒരു യുവ പിതാവാണ് ഡ്രൈവർ യദു. കേരളത്തിൽ അതിഥിത്തൊഴിലാളി എന്ന് ആദരവോടെ വിളിക്കുന്നവർക്കുപോലും ദിവസം 1000 രൂപ കൂലി ഉള്ളപ്പോഴാണ് ഈ പാവങ്ങൾക്ക് 700 രൂപ കൂലി കൊടുക്കുന്നത് എന്നോർക്കണം. അതും കൃത്യമായി എല്ലാ മാസവും കൊടുക്കുന്നുമില്ല.
തൊഴിലാളികളുടെ പാർട്ടിയുടെ ഏറ്റവും പ്രായം കുറഞ്ഞ മേയറും എംഎൽഎയും പ്രഘോഷിക്കുന്ന ആദർശത്തിന്റെയും തൊഴിലാളി വർഗത്തോടു കാണിച്ച ആദരത്തിന്റെയും ചിത്രംകൂടിയാണ് ഈ സംഭവം. ഡ്രൈവറെ കുടുക്കാൻ മേയർ തനിക്കുള്ള എല്ലാ സ്വാധീനങ്ങളും ഭരണസൗകര്യങ്ങളും ഉപയോഗിക്കുന്നതിന്റെ സുചനകളുണ്ട്. കോർപറേഷൻ കൗണ്സിൽ കൂടി മേയർക്ക് അനുകൂലമായ പ്രമേയം പാസാക്കി.
പ്രതിപക്ഷം മേയറുടെ പ്രവൃത്തിയെ വല്ലാതെ കുറ്റപ്പെടുത്തി. യദു നേരത്തെ സ്വകാര്യ ബസ് ഓടിച്ചപ്പോൾ ഉണ്ടായ ഒരു സംഭവംവരെ മേയർ പഴയകാല രേഖകളിൽനിന്നു ശേഖരിച്ചു. ലൈംഗിക ചേഷ്ടകൾ കാണിച്ചുവെന്ന കുറ്റം കടുപ്പിച്ചു. അത്തരം ഡ്രൈവർമാർ ഉണ്ടെന്നതു സത്യമാണ്. ഇവിടെ പ്രതിയാക്കപ്പെട്ട ഡ്രൈവർ ലൈംഗിക ചേഷ്ടകൾ കാണിച്ചുവെങ്കിൽ വലിയ കുറ്റമാണ്. അതിനുള്ള തെളിവ് ഉൾക്കൊള്ളുന്ന ബസിന്റെ മെമ്മറി നഷ്ടപ്പെട്ടതോടെ അതു തെളിയിക്കാൻ മേയർ ബുദ്ധിമുട്ടും.
ഡ്രൈവറും പോരാടാൻ തന്നെയാണ്. ദിവസക്കൂലിക്കാരനായ അദ്ദേഹത്തിന് നഷ്ടപ്പെടാൻ കാര്യമായി ഒന്നുമില്ല. മേയർക്കെതിരേ കേസെടുക്കാൻ അദ്ദേഹം ഡിജിപിക്ക് പരാതി കൊടുത്തിരിക്കുകയാണ്. ഇല്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കും. ബസിൽ ഉണ്ടായിരുന്ന യാത്രക്കാരുടെ പിന്തുണ കിട്ടുന്നതനുസരിച്ചിരിക്കും കേസിന്റെ ഭാവി.
ഇരട്ട നീതിയുടെ കറ
ഒരു യുവതിയോട് ഒരു കെഎസ്ആർടിസി ഡ്രൈവർ കാണിച്ച ഹീനമായ പ്രവൃത്തി എന്നതിൽനിന്നു സിപിഎമ്മിലെ രണ്ടു യുവ നേതാക്കളുടെ അഹങ്കാരത്തിന് ദിവസക്കൂലിക്കാരനായ ഒരു യുവ പിതാവ് ബലിയാടാക്കപ്പെടുന്നു എന്ന ചിന്തയിലാണ് ഇപ്പോൾ കാര്യങ്ങൾ. സോഷ്യൽ മീഡിയയിൽ മേയറും ഭർത്താവും വല്ലാതെ ആക്രമിക്കപ്പടുന്നുണ്ട്. അതാണ് ഈ വിഷയത്തെ വളരെ ഗൗരവമുള്ളതാക്കുന്നത്.
നിയമം കൈയിലെടുക്കുന്ന മേയറും എംഎൽഎയും അതിൽ കുറ്റം കാണാത്ത സർക്കാരും. അധികാരത്തിലെ എല്ലാ ആനുകൂല്യങ്ങളും പറ്റി ഒരു മേയർ നടത്തുന്ന നിയമലംഘനം എങ്ങനെ ഒരു സാധാരണ യുവതിയുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടമാകും? മേയർക്കും ഭർത്താവ് എംഎൽഎയ്ക്കും മാത്രമല്ല പിണറായി സർക്കാരിനും അപമാനകരമായി ഇക്കാര്യത്തിൽ പോലീസ് എടുത്ത ഇരട്ട സമീപനം. സഖാക്കൾ എത്ര വാഴ്ത്തുപാട്ടുകൾ പാടിയാലും പോകില്ല ഈ ഇരട്ട നീതിയുടെ കറ.