അശാന്തിയിൽ ആശങ്ക
റ്റി.സി. മാത്യു
Tuesday, April 16, 2024 12:12 AM IST
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാന്റെ തിരിച്ചടിയും ഇസ്രയേലിന്റെ വിജയകരമായ പ്രതിരോധവും കഴിഞ്ഞു. ഇനിയും തിരിച്ചടികൾ ഉണ്ടാകുമാേ? ഉണ്ടായാൽ ക്രൂഡ് ഓയിലും സ്വർണവും ഡോളറുമൊക്കെ എവിടെയെത്തും? ഓഹരിവിപണി തകരുമോ? ഇന്ത്യയിലും വിദേശത്തുമൊക്കെ സാമ്പത്തിക വളർച്ച എന്താകും? ചോദ്യങ്ങൾ നിരവധിയാണ്.
ഇറാന്റെ മിസൈൽ വർഷത്തിൽ കാര്യമായ പോറൽ ഏൽക്കാതെ അവയെ തകർക്കാൻ ഇസ്രയേലിനും യുഎസ് അടക്കമുള്ള സഖ്യകക്ഷികൾക്കും കഴിഞ്ഞൂ. ഇതു സൈനികമായും തന്ത്രപരമായും ഇസ്രയേലിനു വൻ നേട്ടമായി. ഉടനടി തിരിച്ചടിക്ക് ഇസ്രയേലിനെ അനുവദിക്കില്ലെന്ന യുഎസ് നിലപാട് വിപണികൾക്കും ആശ്വാസമായെന്ന് ഇന്നലെ കണ്ടു.
യുദ്ധഗതി എന്തായാലും ആശങ്കയും അനിശ്ചിതത്വവും വിപണികളെ ഉലയ്ക്കും എന്നതാണു വസ്തുത. വ്യാപകയുദ്ധം ഉണ്ടാവുകയില്ല എന്ന് ഉറപ്പു പറയാൻ പറ്റാത്ത അവസ്ഥ. ഈ അവസ്ഥയിൽ നിക്ഷേപകർ സുരക്ഷിതത്വം തേടും. സുരക്ഷിതമല്ലെന്നു സംശയമുളളവയിൽനിന്നു പണം പിൻവലിക്കും. സുരക്ഷിതമെന്നു കരുതുന്നവയിലേക്കു പണം നീക്കും.
ഇസ്രയേലും ഇറാനുമായുള്ള പരോക്ഷ പോരാട്ടം മറനീക്കിയ സാഹചര്യത്തിൽ ലോക സാമ്പത്തിക രംഗത്തും വിവിധ കമ്പോളങ്ങളിലും സംഭവിക്കാവുന്ന മാറ്റങ്ങൾ ഇവിടെ പരിശോധിക്കുന്നു.
ഓഹരികൾ ആദ്യം താഴും
ഓഹരികളിൽ അനിശ്ചിതത്വം കൂടുതലാണ്. അതിനാൽ സംഘർഷ സാധ്യത കൂടുമ്പോൾ ഓഹരികളിൽനിന്നു പണം പിൻവലിക്കും. സംഘർഷ ഭീതിയുടെ ആദ്യനാളുകളിലാണ് ഇതു സംഭവിക്കുക. ഞായറാഴ്ച സൗദി അറേബ്യയിലെയും ഇസ്രയേലിലെയും ഓഹരി വിപണികളിൽ ചാഞ്ചാട്ടം ഉണ്ടായത് ഉദാഹരണം.
വലിയ യുദ്ധത്തിലേക്കു കാര്യങ്ങൾ പിടിവിട്ടു പോകും എന്നാണു പ്രധാന ഭയം. അങ്ങനെയാകുമെന്നു വന്നാൽ ഓഹരിവിപണികൾ വലിയ തകർച്ചയിലാകും. വലിയ യുദ്ധം മറ്റു മേഖലകളിൽ തകർച്ച ഉണ്ടാക്കുന്നതിനാൽ ഒരു സാമ്പത്തികമാന്ദ്യം പോലും ഉണ്ടാകാം. അപ്പോൾ ഓഹരിവിപണിയുടെ തകർച്ച രൂക്ഷമാകും. തിരിച്ചുവരവ് കൂടുതൽ വൈകും.
മറിച്ച് യുദ്ധം ഇല്ലാതെ സംഘർഷം തുടരുകയാണെങ്കിൽ (യുക്രെയ്നിലും ഇതുവരെ ഗാസയിലും അങ്ങനെയായിരുന്നല്ലോ) വിപണികൾ വേഗം തിരിച്ചുകയറും. പിന്നീട് അമേരിക്കൻ തെരഞ്ഞെടുപ്പ്, ക്രൂഡ് ഓയിൽ വില, വിലക്കയറ്റം, പലിശ നിരക്ക് തുടങ്ങിയവയാകും വിപണിയെ നയിക്കുക.
ഇതിനൊരു മറുവശമുണ്ട്. വിപണി ചിന്തിക്കുന്നതിനു വിപരീതമായി ചിന്തിക്കുന്നവർ. അവർ നേട്ടം പ്രതീക്ഷിച്ച് ഓഹരികൾ വാങ്ങിക്കൂട്ടിയാൽ വിപണികൾ തുടക്കത്തിൽ ശാന്തമാകും. പല സർക്കാരുകളും വിപണി ഭദ്രമാണെന്ന തോന്നൽ പരത്താൻ ഇത്തരം വിപരീത ചിന്തക്കാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
ഡോളർ കയറും, രൂപ താഴും
ആഗോള സംഘർഷങ്ങൾ വർധിക്കുമ്പോൾ എല്ലാവരും ഡോളറിലേക്കു തിരിയും. എവിടെയും സ്വീകാര്യതയുള്ള ഭദ്രമായ കറൻസി എന്നതാണു കാരണം. സ്വാഭാവികമായും ഡോളറിന്റെ ഡിമാൻഡും വിലയും ഉയരും. പശ്ചിമേഷ്യൻ സംഘർഷം വർധിക്കാൻ സാധ്യതയുണ്ടെന്ന സൂചന ലഭിച്ചുതുടങ്ങിയ കഴിഞ്ഞ വെള്ളിയാഴ്ച ഡോളർ സൂചിക 106 ലേക്കു കയറിയിരുന്നു. അമേരിക്കയുടെ ആറു പ്രധാന വാണിജ്യ പങ്കാളികളുടെ കറൻസികളുമായുള്ള വിനിമയ നിരക്ക് നോക്കിയാണ് ഡോളർ സൂചിക തയാറാക്കുന്നത്. ഒക്ടോബറിൽ ഹമാസിന്റെ ആക്രമണത്തെ തുടർന്നുള്ള ആഴ്ചകളിൽ സൂചിക 107നു മുകളിലെത്തിയതാണ്. റഷ്യയുടെ യുക്രെയ്ൻ ആക്രമണത്തിന്റെ ആദ്യനാളുകളിൽ 114 വരെ സൂചിക കയറി.
ഡോളർ സൂചിക കയറുമ്പോൾ ഇന്ത്യൻ രൂപ അടക്കം മറ്റു കറൻസികളുടെ വിനിമയ നിരക്ക് ഇടിയും. ഡോളർ 83.48 രൂപ എന്ന റിക്കാർഡ് മറികടന്നു കഴിഞ്ഞു. ഡോളർ കയറ്റം നീളുംതോറും രൂപ താഴാേട്ടു നീങ്ങും. വെള്ളിയാഴ്ച രാത്രി സിംഗപ്പുരിലും മറ്റും ഡോളർ 83.62 രൂപവരെ എത്തിയിരുന്നു. ഇന്ത്യയുടെ ഉയർന്ന വിദേശനാണ്യ ശേഖരവും കുറഞ്ഞു നിൽക്കുന്ന കറന്റ് അക്കൗണ്ട് കമ്മിയുമൊക്കെ രൂപയ്ക്കു കരുത്താകേണ്ടതാണ്. പക്ഷേ ക്രൂഡ് ഓയിൽ വില 100 ഡോളറിലേക്കു നീങ്ങിയാൽ എല്ലാ പ്രതിരോധവും തകരും.
ഉയർന്നുയർന്ന് സ്വർണം
ഏത് ആഗോള സംഘർഷവും സ്വർണ വില ഉയരുന്നതിലാണ് ചെന്നെത്തുക. കഴിഞ്ഞ കാലങ്ങളിലെല്ലാം അങ്ങനെയാണ് സംഭവിച്ചിട്ടുള്ളത്. ഇത്തവണയും വ്യത്യാസം വരാനിടയില്ല.
മറ്റു കാരണങ്ങളാൽ സ്വർണം ഈയിടെ വല്ലാത്ത കുതിപ്പിലായിരുന്നു. ഫെബ്രുവരി പകുതിക്കു ശേഷം 20 ശതമാനമാണു സ്വർണത്തിന്റെ ആഗോളവിലയിലുണ്ടായ കുതിപ്പ്. ഏപ്രിൽ 12ന് 2401 ഡോളർ വരെ സ്വർണവില എത്തി. യുഎസിലും മറ്റും പലിശ കുറയും എന്ന പ്രതീക്ഷയിലായിരുന്നു ഈ കയറ്റം. പലിശ ഉടനെ കുറയില്ല എന്നായപ്പോൾ സ്വർണം അൽപം താണു. എന്നാൽ ഇന്നലെ വീണ്ടും കയറി 2425 ഡോളർ കടന്നു.
സ്വർണം എവിടെവരെ പോകും എന്ന ചോദ്യം സാധാരണമാണ്. സംഘർഷം എങ്ങനെ പോകും എന്നതിലാണ് ഉത്തരമിരിക്കുന്നത്. ഈ വർഷാവസാനം സ്വർണം 2300 ഡോളർ വരെ എത്താം എന്നാണു ഫെബ്രുവരി ആദ്യം വലിയ നിക്ഷേപ ബാങ്കായ ഗോൾഡ്മാൻ സാക്സ് പ്രവചിച്ചത്. ഇപ്പോൾ പലരും 2500 മുതൽ 3200 വരെ ഡോളറാണു കാണുന്ന ലക്ഷ്യവില. കേരളത്തിൽ പവന് 58,000 മുതൽ 70,000 വരെ രൂപ ആകാമെന്ന് ചുരുക്കം. 1979-80 ലെ ഇറാൻ ഇസ്ലാമിക് വിപ്ലവം, ടെഹറാനിലെ ബന്ദി പ്രശ്നം, അഫ്ഗാനിസ്ഥാനിലെ സോവ്യറ്റ് അധിനിവേശം എന്നിവ ചേർന്നു സ്വർണവിലയെ രണ്ടു കൊല്ലം കൊണ്ട് ഇരട്ടിപ്പിച്ചതാണ്. അന്നാണ് കേരളത്തിൽ പവന് 1000 രൂപ കടന്നത്.
ക്രൂഡ് ഓയിൽ നൂറു ഡോളർ കടക്കുമോ?
ഇറാൻ ഇസ്രയേലിനെ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന സൂചന കഴിഞ്ഞ വാരാന്ത്യത്തിൽ ക്രൂഡ് ഓയിലിനെ ഉയർത്തി നിർത്തി. ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ വീപ്പയ്ക്ക് 90 ഡോളറിനു മുകളിലാണു വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. ഇന്നലെ ക്രൂഡ് വില കുതിച്ചുകയറി. ബ്രെന്റ് 94.50 ഡോളർ, ഡബ്ള്യുടിഐ ഇനം 90.30 ഡോളർ, യുഎഇയുടെ മർബൻ 94.60 ഡോളർ എന്നീ ഉയരങ്ങളിൽ എത്തി. ക്രൂഡ് എത്ര വരെ കയറും എന്നതു വരുംദിവസങ്ങളിലെ സംഘർഷനിലയാണു തീരുമാനിക്കുക.
ഇറാനുമായി സഹകരിച്ചു നീങ്ങുന്ന യെമനിലെ ഹൗതികൾ ചെങ്കടലിലെ കപ്പൽ ഗതാഗതം തടസപ്പെടുത്താൻ കൂടുതൽ ആവേശത്തോടെ പ്രവർത്തിച്ചെന്നു വരും. ഇറാനെ ഊറ്റമായി പിന്തുണയ്ക്കുന്ന റഷ്യ എണ്ണ ഉത്പാദനം കുറയ്ക്കാനും വില കൂട്ടാനും ഒപെക് (എണ്ണകയറ്റുമതി രാജ്യങ്ങളുടെ സംഘടന) രാജ്യങ്ങളുടെ മേൽ സമ്മർദം ചെലുത്തി എന്നും വരാം. അതും എണ്ണവില വർധിപ്പിക്കും.
പേർഷ്യൻ ഗൾഫിലെ ഷാത് അൽ അറബ് ജലപാതയിലൂടെയാണ് എണ്ണ ടാങ്കറുകളിൽ 20 ശതമാനത്തോളം കടന്നു പോകുന്നത്. ഈ ജലപാത ഇറാന്റെ നിയന്ത്രണത്തിലാണ്. എണ്ണലഭ്യത ഇറാന്റെ സമീപനത്തെ ആശ്രയിച്ചിരിക്കുന്നു എന്നർഥം. ലോകത്തിലെ അഞ്ചാമത്തെ വലിയ എണ്ണ ഉത്പാദകരുമാണ് ഇറാൻ.
ലോകം മാന്ദ്യ ഭീഷണിയിലേക്ക് ?
ഇറാൻ - ഇസ്രയേൽ പ്രത്യക്ഷ പോരാട്ടത്തിലേക്കു കാര്യങ്ങൾ നീങ്ങിയാൽ ക്രൂഡ് ഓയിൽ വില കുതിച്ചു കയറും. സ്വാഭാവികമായും വിലക്കയറ്റം വീണ്ടും ഉയരും. കോവിഡ് മഹാമാരിക്കു ശേഷം വിലക്കയറ്റം കടിഞ്ഞാൺ പൊട്ടിച്ചു പാഞ്ഞപ്പാേൾ അതു പിടിച്ചു നിർത്താൻ വിവിധ കേന്ദ്ര ബാങ്കുകൾ യോജിച്ചു പലിശ നിരക്ക് കൂട്ടി. ഇന്ത്യ 14 മാസം മുൻപും അമേരിക്ക 10 മാസം മുമ്പും പലിശകൂട്ടൽ നിർത്തി. പല രാജ്യങ്ങളിലും 22 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണു പലിശ. വിലക്കയറ്റം ഗണ്യമായി താഴ്ന്ന നിലയ്ക്ക് ജൂണിലെങ്കിലും പലിശ കുറയ്ക്കാൻ തുടങ്ങും എന്ന പ്രതീക്ഷയിലായിരുന്നു വിപണികൾ. സ്വർണം ഉയർന്നതും ആ പ്രതീക്ഷയിലാണ്.
വിലക്കയറ്റം വീണ്ടും കയറു പൊട്ടിച്ചാൽ പലിശ ഇപ്പോഴത്തേതിലും കൂട്ടേണ്ടി വരും. പലിശ കൂടുന്നതു വ്യവസായ വളർച്ചയ്ക്കും അതുവഴി സാമ്പത്തിക വളർച്ചയ്ക്കും തടസമാണ്. ഇപ്പോൾതന്നെ യുകെയും ജർമനിയും അടക്കം പല രാജ്യങ്ങളും മാന്ദ്യത്തിന്റെ വക്കിലാണ്. പലിശ കൂട്ടുന്നത് അവരെയും അമേരിക്ക അടക്കം മറ്റു പല രാജ്യങ്ങളെയും മാന്ദ്യത്തിൽ വീഴ്ത്താം. അവിടങ്ങളിൽ തൊഴിലും വരുമാനവും കുറയാം. ആ രാജ്യങ്ങളിലേക്കു കുടിയേറാൻ ആഗ്രഹിക്കുന്നവർക്കും സമീപകാലത്ത് അങ്ങോട്ടു പോയിട്ടുള്ളവർക്കും മാത്രമല്ല ഇതിന്റെ ക്ഷീണം. രാജ്യത്തെ കയറ്റുമതി വ്യവസായങ്ങൾക്കു വിദേശത്തെ മാന്ദ്യം വലിയ തിരിച്ചടിയാകും. ഉത്പന്നങ്ങളും സേവനങ്ങളും വാങ്ങേണ്ട രാജ്യങ്ങളിൽ വരുമാനം കുറഞ്ഞാൽ കയറ്റുമതി കുറയും. കയറ്റുമതിയെ ആശ്രയിക്കുന്ന വ്യവസായങ്ങളിൽ ക്ഷീണമാകും തൊഴിൽ കുറയും. ഐടി കമ്പനികളിലടക്കം ദുരിതമാകാം.
ഇന്ത്യക്കും ഭീഷണി
ഇറാൻ - ഇസ്രയേൽ യുദ്ധം നയതന്ത്ര തലത്തിൽ മാത്രമല്ല സാമ്പത്തികമായും ഇന്ത്യക്കു സാരമായ ഭീഷണി ഉയർത്തും. ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നാൽ ഇന്ത്യയുടെ വിദേശവ്യാപാരകമ്മി ഭീമമാകും. അതു കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) കുതിക്കാൻ കാരണമാകും. ക്രൂഡ് 100 ഡോളറിനു മുകളിലായിരുന്നപ്പോൾ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി 3.6 വരെ ശതമാനം ഉയർന്നിരുന്നു.
ക്രൂഡ് ഓയിൽ വില വീപ്പയ്ക്കു 10 ഡോളർ കൂടുമ്പോൾ കറന്റ് അക്കൗണ്ട് കമ്മി അര ശതമാനം കൂടും എന്നാണു കണക്ക്. കടവും ബാധ്യതകളും ഒഴികെയുള്ള വിദേശ ഇടപാടുകളുടെ നീക്കിബാക്കിയാണ് കറന്റ് അക്കൗണ്ട്. വിദേശകടവും പ്രവാസി നിക്ഷേപവുമൊക്കെ വേണ്ടി വരും കമ്മി നികത്താൻ.
കറന്റ് അക്കൗണ്ട് കമ്മി കൂടിയ രാജ്യങ്ങളിൽ നിക്ഷേപത്തിനു വിദേശ നിക്ഷേപകർ മടിക്കും. അപ്പോൾ രൂപ കൂടുതൽ ദുർബലമാകും. അതു വീണ്ടും ഇറക്കുമതിച്ചെലവ് കൂട്ടും, കറന്റ് അക്കൗണ്ട് കമ്മിയും കൂടും. ഒപ്പം വിലക്കയറ്റവും കൂടും. ജനജീവിതം ദുഷ്കരമാകും.
ഇറാനിലേക്കുള്ള അരി, തേയില കയറ്റുമതിയും പ്രശ്നത്തിലാകും. ഇറാനിലെ എണ്ണപ്പാടങ്ങളിലും പ്രകൃതിവാതക കിണറുകളിലും ഇന്ത്യ നടത്തിയ നിക്ഷേപങ്ങൾ യുഎസ് ഉപരോധത്തെ തുടർന്ന് അനിശ്ചിതാവസ്ഥയിലായിരുന്നു.
യുദ്ധം ഇസ്രയേലുമായുളള ബന്ധത്തെ ബാധിക്കില്ല. എന്നാൽ ഇന്ത്യയുമായുള്ള സൈനിക സഹകരണം വർധിപ്പിക്കുന്നതിൽ പ്രായോഗിക തടസങ്ങൾ നേരിടും. ഇന്റലിജൻസ് ശേഖരണം യുദ്ധകാലത്തു കൂടുതൽ ആവേശത്തോടെയും തീവ്രതയോടെയും നടക്കുന്നത് ഇന്ത്യക്കും സഹായകമാകും.