പോയ നൂറ്റാണ്ടിലെ പാളിച്ചകൾ തുടരുന്നു
ഡോ. ജെയിംസ് പോൾ പണ്ടാരക്കളം
Thursday, March 21, 2024 12:24 AM IST
പരമ്പരാഗതമായ വിവാഹം വളരെ വേഗം തകർന്നുകൊണ്ടിരിക്കുന്ന ഒരു കാലയളവിൽക്കൂടിയാണ് ലോകം ഇന്ന് കടന്നുപോകുന്നത്. പാശ്ചാത്യ രാജ്യങ്ങളിൽ വിവാഹത്തിനു പുറത്തുള്ള ശിശുക്കളുടെ ജനനവും കൂടിവരികയാണ്. ഇന്നു ജനിക്കുന്ന കുട്ടികളിൽ പകുതിയോളം പേർ 16 വയസാകുമ്പോഴേക്കും അവരുടെ മാതാപിതാക്കൾ വിവാഹമോചനം നടത്തിയിരിക്കും. വിവാഹജീവിതത്തിന്റെ തകർച്ചകളെക്കുറിച്ചു വളരെ ഭയാനകമായ കണക്കുകളാണ് ലഭിക്കുന്നത്.
ഇപ്പോൾ, ചില പാശ്ചാത്യ രാജ്യങ്ങളിൽ പത്തിൽ ഒമ്പതു ദമ്പതികളും വിവാഹിതരാകാതെ ഒരുമിച്ചു താമസിക്കുന്നു. രണ്ടാം ലോകയുദ്ധത്തിനു മുമ്പ് ഇത് മുപ്പതിൽ ഒന്ന് എന്ന നിലയിലായിരുന്നു. സോഷ്യൽ ജസ്റ്റീസ് സെന്ററിന്റെ റിപ്പോർട്ട് പ്രകാരം 46 ശതമാനം കുട്ടികളും ഇപ്പോൾ ജനിക്കുന്നത് അവിവാഹിതരായുള്ള ദമ്പതികൾക്കാണ്. വിവാഹങ്ങൾക്ക് വന്നുകൊണ്ടിരിക്കുന്ന വിലയിടിവ് വളരെ ദയനീയമാണ്. അതുകൊണ്ടു വിവാഹത്തെ പ്രോത്സാഹിപ്പിക്കാൻ വിവാഹിതർക്ക് ടാക്സ് ഇളവുകൾ വരുത്തുന്ന കാര്യംവരെ പല സർക്കാരുകളും പരിഗണിച്ചുകൊണ്ടിരിക്കുന്നു.
ബ്രിട്ടനിൽ വിവാഹത്തകർച്ചകൾ മൂലം സമൂഹത്തിൽ നടമാടുന്ന ചില വീഴ്ചകളെക്കുറിച്ചുള്ള കണക്കുകൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. മാതാപിതാക്കളില് ഒരാള് മാത്രമുള്ള കുടുംബത്തിൽ വളരുന്ന ഒരു കുട്ടി സ്കൂൾ പരീക്ഷകളിൽ 75 ശതമാനം വരെ പരാജയപ്പെടാൻ സാധ്യതയുണ്ട്. ലഹരിക്കടിമയാകാന് 70 ശതമാനം സാധ്യതയുണ്ട്. 50 ശതമാനം മദ്യപാനിയാകാനും 35 ശതമാനം ജോലികൾ ചെയ്യാൻ മടിയുള്ള ജീവിതശൈലി തെരഞ്ഞടുക്കാനും സാധ്യത ഉണ്ടെന്നു കണക്കുകൾ കാണിക്കുന്നു. ബ്രിട്ടനേക്കാൾ കൂടുതൽ ഭീകരമാണ് അമേരിക്കയിൽ വിവാഹങ്ങളുടെ തകർച്ച. പൗരസ്ത്യ യൂറോപ്പിലും കാര്യങ്ങൾ ഒട്ടും മെച്ചമല്ല.
പാളിച്ചകളുടെ ജൈത്രയാത്ര, 1960 മുതൽ
ഒരു ബഹുമാന്യ വൈദികൻ ഫലിതരൂപത്തിൽ വിവരിച്ചതുപോലെ, സ്ത്രീ-പുരുഷ ലൈംഗികബന്ധം ഒരു സയലോസിൻ പശ ടേപ്പിനു തുല്യമാണ്. ഒരിക്കൽ ഒട്ടിച്ച സയലോസിൻ പശ ടേപ്പ് കഷണം പറിച്ചു രണ്ടാമത് ഒട്ടിച്ചാൽ അത് ശരിക്ക് ഒട്ടുകയില്ല. എതാണ്ട് ഇതുപോലെയാണ് ഒന്നിലധികം ശാരീരിക ബന്ധങ്ങളുടെ അപാകതകൾ.
1960 മേയ് 11ന് അമേരിക്കൻ എഫ്ഡിഎ ഗർഭനിരോധന ഗുളികൾക്ക് അംഗീകാരം നൽകി. തുടർന്ന് വിപണികളിലെത്തി. മെഡിക്കൽ രംഗം ഇവരുടെ കൊടിപിടിത്തക്കാരായി ജോലി ചെയ്യന്നു. ലൈംഗിക അരാജകത്തിനുള്ള തുടക്കംകുറിക്കലായിരുന്നു അത്. ലൈംഗികതയോടു സ്തീകൾക്കുണ്ടായിരുന്ന ജൈവപരിണാമപരമായ ആന്തരനിരോധനവും ഗർഭഭീതികളും, ഇതോടൊപ്പം ഉന്മൂലനം ചെയ്യപ്പെട്ടു. ‘ഒരു സ്ത്രീ, ഒരു പുരുഷൻ, ഒരുലോകം’ എന്ന പവിത്രമായ തത്വസിദ്ധാന്തം തകർക്കപ്പെട്ടു. 1960 മുതലുള്ള കാലഘട്ടം ആധുനിക കാലമായിട്ടാണല്ലോ ഗണിക്കപ്പെടുന്നത്.
നിരവധി പുരുഷന്മാരോടൊപ്പം ശയിച്ച സ്ത്രീകൾക്ക് ഒരു പുരുഷനുമായി നിത്യമായ ആത്മബന്ധത്തിനുണ്ടായിരുന്ന കഴിവ് നഷ്ടപ്പെട്ടു, അപ്രകാരം തന്നെ പുരുഷന്മാർക്കും. മനുഷ്യസമൂഹം, പ്രത്യേകിച്ചും യാന്ത്രികസംസ്കാരങ്ങൾ വിവാഹത്തിന്റെ പവിത്രത കളഞ്ഞു കുളിച്ചു. അത്തരം രാജ്യങ്ങളിൽ വിവാഹമോചനങ്ങളുടെ പെരുമഴ പെയ്തുകൊണ്ടിരിക്കുന്നു. ഡിവോഴ്സ് വൈറസ് കോവിഡിനെപ്പോലെ ലോകത്താകമാനം പടർന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയിലും, സ്ത്രീകൾ ഭാവിവരനുവേണ്ടി അനുഷ്ഠിച്ചിരുന്ന തിങ്കളാഴ്ചനോയമ്പ് എന്ന പവിത്ര ആചാരത്തിനു വിലയില്ലാതായിരിക്കുന്നു. “നിന്റെ തിങ്കളാഴ്ച നോയമ്പിന്നു മുടക്കും ഞാൻ...” എന്ന ഗാനശകലത്തിന് ഇന്ന് പ്രസക്തിയില്ല.
പാശ്ചാത്യരാജ്യങ്ങളിൽ മനോരോഗ ശാസ്ത്രങ്ങൾ സമൂഹത്തിന്റെ ഞരമ്പു കേന്ദ്രങ്ങളായി വർത്തിക്കുന്നു. അവരുടെ ചിന്തകൾ സമൂഹത്തെ നയിക്കുന്നു. 1960കളെ തുടർന്ന്, മനുഷ്യമസ്തിഷ്കവുമായി ബന്ധപ്പെട്ടിരുന്ന വിവിധ തരം ബോധാവസ്ഥകൾ പോലും മനഃശാസ്ത്രങ്ങളുടെ മാപ്പുകളിൽനിന്നു നീക്കം ചെയ്യപ്പെടാൻ തുടങ്ങി. മനഃശാസ്ത്ര മേഖലകൾ തലച്ചോറിനെ മാത്രം കേന്ദ്രീകരിച്ചിരിക്കുന്നു. മനുഷ്യർ യാന്ത്രികജീവികളായി തരംതാഴ്ത്തപ്പെട്ടിരിക്കുന്നു. ശാസ്ത്രം മനുഷ്യന് മൃഗീയജീവിതത്തിനുള്ള പട്ടയം നൽകി. ശാസ്ത്രത്തിലെ പതിരുകളെ വിവേചിച്ചറിയേണ്ടിയിരിക്കുന്നു.
മനുഷ്യജീവിതത്തിന്റെ അർഥം തേടിയലഞ്ഞ ഹിപ്പിസംസ്കാരം 80കളിൽ തുടക്കം കുറിച്ച ഭൗതികതയുടെ വിളനിലയമായ യപ്പി സംസ്കാരത്തിന് വഴിമാറിക്കൊടുത്തു. 1960കൾ ആധ്യാത്മികതയ്ക്കും ഭൗതികതയ്ക്കും ഇടയ്ക്കുള്ള ഒരു നാൽക്കവലയായിരിന്നു. മൂന്നാം ലോകയുദ്ധത്തെക്കുറിച്ചു മനുഷ്യർ ഭീതിപ്പെടുന്നു. എന്നാൽ യുദ്ധംകൊണ്ട് ജീവനാശം മാത്രമല്ല അർഥമാക്കുന്നതെങ്കിൽ ലോകമാസകലം മിക്ക കുടുംബങ്ങളിലും ഒരുതരം മത്സരവും യുദ്ധവും നടക്കുന്നുണ്ട്. 1960ൽ ഗർഭനിരോധന ഗുളികകൾക്കു നൽകിയ അംഗീകാരം ഒരു നൂക്ലിയർ ബട്ടൺ അമർത്തിയതിനു തുല്യമായ ദുർഫലങ്ങൾ കുടുംബ ബന്ധങ്ങളിലും സമൂഹങ്ങളിലും സൃഷ്ടിച്ചുവെന്നു പറയാം.
സന്തുഷ്ട വിവാഹം
ഒരു ത്രികോണത്തിന്റെ അടിസ്ഥാന കോണുകളാണ് മാതാപിതാക്കൾ. അവ ഉറച്ചതാണെങ്കിൽ മാത്രമേ അഗ്രകോണുകളായ കുട്ടികൾ സുരക്ഷിതമായിരിക്കുകയുള്ളൂ. സന്തുഷ്ടമായ അച്ഛൻ-അമ്മ ബന്ധം കുട്ടികളുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണന്നുള്ള കാര്യത്തിൽ ആർക്കും സംശയമില്ല. അത് എങ്ങനെ നേടിയെടുക്കും എന്നതാണ് പ്രധാന ചോദ്യം. ബാഹ്യസൗന്ദര്യവും ഭൗതികനേട്ടങ്ങളും യുവമിഥുനങ്ങളെ പരസ്പരം ആകർഷിക്കാൻ കാരണമാകുമ്പോൾ സാംസ്കാരിക ചേർച്ചകളും ആധ്യാത്മിക പൊരുത്തങ്ങളും ജനിതകമായ ഘടകങ്ങളും മൂപ്പുള്ളവരുടെ ശ്രദ്ധാവിഷയമാവുന്നു. അത്തരം വശങ്ങളും ഉത്തമപങ്കാളിയെ തെരഞ്ഞെടുക്കുവാൻ പ്രായമുള്ളവർ കണക്കിലെടുക്കുന്നു.
വിവാഹജീവിതത്തിന്റെ വിജയത്തിന് ദമ്പതികൾക്ക് പൊതുവായ ലക്ഷ്യങ്ങൾ ഉണ്ടായിരിക്കണം. ലൈംഗികതയ്ക്ക് ഒരു ചെറിയ പങ്കുണ്ടെങ്കിലും അതിന്റെ അതിപ്രസരം പ്രയോജനകരമാവണമെന്നില്ല. കുട്ടികളുടെ ഉന്നമനം മാതാപിതാക്കൾക്ക് പൊതുവായ ലക്ഷ്യങ്ങൾ നൽകുന്നു. അപ്രകാരംതന്നെ ആധ്യാത്മിക ലക്ഷ്യങ്ങൾ ബന്ധങ്ങൾക്ക് വളരെക്കൂടുതൽ ഉറപ്പുനൽകാൻ സഹായിക്കുന്ന ഘടകമാണ്. മറ്റു സംസ്കാരങ്ങളിൽ സംഭവിച്ചുപോയ വീഴ്ചകളിൽനിന്നു ബുദ്ധിമാന്മാരായ കേരളീയർ നല്ല പാഠങ്ങൾ പഠിക്കുകയും അതനുസരിച്ചുള്ള കരുതൽ ആർജിക്കുകയും ചെയ്യണം.
(യുകെയിലെ വാറിംഗ്ടൻ ഹോളിൻസ് പാർക്ക് ഹോസ്പിറ്റലിൽ സൈക്യാട്രിസ്റ്റായിരുന്നു ലേഖകൻ)