വിത്തിൽ ചതിക്കരുത്
Thursday, December 7, 2023 12:31 AM IST
ഡോ. ജോർജ് ജോസഫ് പരുവനാടി
മലയാളിയുടെ മനസിൽ കുടിയേറിയിട്ടുള്ള വിദ്യാഭ്യാസമികവിന്റെ മാതൃകയായിരുന്നു ഒരുകാലത്ത് എസ്എസ്എൽസി, പിന്നീട് പ്രീഡിഗ്രിയും. എന്നാലിന്നത്, പഴയകാല പ്രതാപത്തിന്റെ സ്മരണകളുള്ള ഒരു പ്രഹസനപർവമായിരിക്കുന്നു എന്ന തിരിച്ചറിവില്ലാത്തവർ കുറയും. എന്നാൽ, വിദ്യാഭ്യാസ ഡയറക്ടർ തന്നെ അതേറ്റുപറയുന്ന ഘട്ടത്തിൽ ഇനി ഒരു മേനിനടിക്കലിനും പഴുതില്ലാതായിരിക്കുന്നു. പത്താം തരത്തിലാണെങ്കിൽ ജയിക്കാൻ വേണ്ട 210ൽ 130 മാർക്കുമായാണ് കുട്ടി പരീക്ഷാഹാളിലേക്ക് കയറുന്നതുതന്നെ.
‘മാർക്കുദാനം മഹാദാനം’
നിരന്തര മൂല്യനിർണയത്തിന്റെ പേരിലാണ് ഈ പ്രഥമ മാർക്കുദാനം. ‘വിദ്യാഭ്യാസം മഹാദാനം’ എന്നിടത്തുനിന്ന്, ‘മാർക്കുദാനം മഹാദാനം’എന്നായിരിക്കുന്നു. ദാനമായി ലഭിക്കുന്നവൻ ദരിദ്രനാണല്ലോ. പരീക്ഷക്കടലാസിൽ പത്ത് ചോദ്യനന്പരെങ്കിലുമിട്ട് എന്തെങ്കിലും വരച്ചുവച്ചാൽ പരിശ്രമശാലിയായ കുട്ടി എന്ന പേരിൽ അര മാർക്ക് വീതമിട്ട് അവന് ഉപരിപഠനയോഗ്യതാ സർട്ടിഫിക്കറ്റ് നല്കാൻ വാക്കാൽ ഉത്തരവിടുന്നു മേലധികാരികൾ. ഇനി ഒന്നും എഴുതാൻ കഴിയാതെ വന്നാലോ, അവരെ പഠനവൈകല്യ വിഭാഗത്തിൽപെടുത്തി മറ്റൊരാളെക്കൊണ്ട് ഉത്തരമെഴുതിച്ച് എ പ്ലസ് വരെ വാങ്ങിയെടുക്കാനും സംവിധാനങ്ങളുണ്ട്.
പത്തുവർഷം മുന്പു കിട്ടിയ ഒരു വിവരാവകാശരേഖയിൽ, ഈ പഴുതിലൂടെ ‘വിജയശ്രീലാളിതരായത്’ 12,524 പേരാണെന്ന് സർക്കാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. എട്ടും ഒന്പതും ക്ലാസുകളിൽ ഒരു പഠനവൈകല്യവും കാണിക്കാത്തവരാണ് പത്തിലെത്തുന്പോൾ വൈകല്യ വിഭാഗത്തിൽ പെടുന്നത് എന്നതുള്ളതുപോലും കണക്കിലെടുക്കാത്ത കാര്യക്ഷമതയാണ് പരീക്ഷാവിഭാഗത്തിനുള്ളത്. എന്നാൽ, ഒരു പേപ്പറിനെങ്ങാൻ മാർക്ക് കുറഞ്ഞാൽ, അവർക്കായി ‘സേ’ (Save an year) പരീക്ഷയുമുണ്ട്. അതിൽ ഏതാണ്ടെല്ലാവരും കടന്നുകൂടും. ഇതുംകൂടി കൂട്ടിയാൽ വിജയശതമാനം 99 കടക്കും. ഇക്കഴിഞ്ഞ വർഷം പല വിദ്യാഭ്യാസജില്ലകളിൽനിന്നും എഴുതാത്ത പരീക്ഷയ്ക്ക് മാർക്ക് വന്നതായി ചില കുട്ടികൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഇത്തരം സംഭവങ്ങളിൽ വളരെക്കുറച്ച് ആളുകൾ മാത്രമേ തങ്ങളുടെ അർഹിക്കാത്ത വിജയം തുറന്നുപറയുകയുള്ളൂ. ഇങ്ങനെ വരുന്പോൾ എഴുതിയവരേക്കാൾ വിജയികളുള്ള ലോകത്തെ ഏക പൊതുപരീക്ഷയെന്ന ഖ്യാതിയും നമ്മുടെ സ്കൂളുകളിലെ പൊതുപരീക്ഷകൾക്ക് വന്നുചേരാനിടയുണ്ട്. ഈ ക്രൂരമായ യാഥാർഥ്യങ്ങൾ അധ്യാപകലോകത്തിനു പുത്തനറിവല്ലെങ്കിലും, ആദ്യമായാണ് ഒരു പൊതുവിദ്യാഭ്യാസ ഡയറക്ടർ അതു തുറന്നു സമ്മതിക്കുന്നത്. ഇനി ഇതു മറച്ചുവയ്ക്കാനോ, മറക്കാനോ പഴുതില്ല.
‘വിദ്യയിൽ ചതിക്കരുത്’
ഇവിടെ കാതലായ ഒരു ചോദ്യമുയരുന്നു. കോടികൾ മുടക്കി, ലക്ഷക്കണക്കിനാളുകളെ അണിനിരത്തി ഈ അസംബന്ധനാടകം ഇനിയും അരങ്ങേറാൻ പാടുണ്ടോ? യഥാർഥ വിജയശതമാനം 50ലേക്കോ അതിനു താഴേക്കോ കുറയാം എന്നു വിദ്യാഭ്യാസ ഡയറക്ടർ ഏറ്റുപറഞ്ഞുകഴിഞ്ഞു. ഇപ്പോൾതന്നെ 3,50,000ത്തിനുമേൽ ഹയർ സെക്കൻഡറി സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ അരലക്ഷത്തിനുമേൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. അതിനിടയിൽ നൂറുകണക്കിനു ഹയർ സെക്കൻഡറി സ്കൂളുകളുടെ അപേക്ഷയും മാനേജ്മെന്റിന്റെ സമ്മർദവും ഗവൺമെന്റ് നേരിടുകയാണ്. ഹയർ സെക്കൻഡറി സ്കൂളുകളില്ലാത്ത 120 പഞ്ചായത്തുകൾ ക്യൂവിലുള്ളപ്പോൾ, വേറെ നൂറുകണക്കിനു സ്കൂളുകൾ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. അവയിൽ നിയമിതരായിട്ടുള്ള അധ്യാപകരിൽ നല്ലപങ്കും ലക്ഷങ്ങൾ മാനേജ്മെന്റിനു നേർച്ചയിട്ടും കടക്കെണിയിൽപ്പെട്ട് ഒരു മാസത്തെ ശന്പളം പോലും കയ്യിൽ കിട്ടാത്തവരുമാണ്.
അങ്ങനെ സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസം, വിദ്യാർഥികൾക്കുവേണ്ടിയല്ല വേറെയാർക്കെല്ലാമോ വേണ്ടിയാണെന്നു വ്യക്തം. കേരളം പോലൊരു നാടിന് എത്രകാലം ഇക്കണക്കിനു മുന്പോട്ടു പോകാൻ കഴിയും? “വിത്തിൽ ചതിക്കരുത് ’’ എന്നു പറയും പോലെ വിദ്യയിലും ചതിക്കരുത്. ആ ചതിയുടെ അനന്തരഫലം തലമുറകളുടെ നാശമാണ്. വിദ്യാഭ്യാസ ഡയറക്ടർ ഉപയോഗിച്ച വാക്കും അതാണ്. വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ കള്ളനോട്ടുകൾക്ക് തുല്യമാവുന്പോൾ ഈ കുറ്റകൃത്യത്തിൽ ഗൺമെന്റുകൾതന്നെ പ്രതിസ്ഥാനത്തു വരുന്നു. പ്ലാനിംഗ് ബോർഡ്, വിദ്യാഭ്യാസ ഗവേഷണസമിതി, വിദഗ്ധ സമിതി, ബന്ധപ്പെട്ട ഭരണകർത്താക്കൾ എന്നിവരൊക്കെ പ്രതിപ്പട്ടികയിൽ ഇടംകാണേണ്ടവരാണ്.
ഒരു വിദ്യാഭ്യാസ സുവർണകാലം
കേരളത്തിന്റെ മേന്മകളെന്നു നാം ഇന്നു മേനി നടിക്കുന്നതെന്തോ, അതൊക്കെ നേടാൻ അടിത്തറയിട്ട ഒരു വിദ്യാഭ്യാസ സുവർണകാലമുണ്ടായിരുന്നു നമുക്ക്. അത് മനസിലാക്കുന്പോൾ, ഇക്കഴിഞ്ഞ മൂന്നു ദശകങ്ങൾ പൊതുവിദ്യാഭ്യാസത്തിന്റെ ഇരുണ്ട ദശകങ്ങൾ എന്നു ചരിത്രം രേഖപ്പെടുത്തും എന്നത് നിസംശയമാണ്. ഇതിനു മുന്പുള്ള രണ്ടു നൂറ്റാണ്ടുകൾ മറ്റേതു ജനതയേക്കാളുമേറെ ആഗോളതലത്തിൽ തന്നെ നമ്മുടെ നാട് വിദ്യാഭ്യാസത്തിനു പ്രാധാന്യം നല്കി.
വിദേശ മിഷനറിമാരുടെ വരവോടെ, വ്യാപകമല്ലാതിരുന്ന ഗുരുകുല വിദ്യാഭ്യാസ സന്പ്രദായത്തിൽനിന്ന് തിരുവിതാംകൂറും കൊച്ചിയും മലബാർ കുറഞ്ഞ അളവിലും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലേക്കു കടന്നു. 1800കളുടെ തുടക്കത്തിലാണ്, തിരുവനന്തപുരത്ത് മഹാരാജാ സ്റ്റേറ്റ് സ്കൂൾ ആരംഭിക്കുന്നത്. സ്വാതിതിരുനാളിന്റെ ഭരണകാലം. ദീർഘവീക്ഷണമുള്ള ഒരു കലാകാരനും ഭരണകർത്താവുമായിരുന്നു അദ്ദേഹം. ആഗോള നിലവാരമുള്ള വിദ്യാഭ്യാസത്തിനു തുടക്കംകുറിക്കാൻ ലണ്ടൻ മിഷൻ സൊസൈറ്റിയിലെ മിഷനറിമാരോട് അഭ്യർഥിച്ചത് സ്വാതിതിരുനാളാണ്. ഇന്നത്തെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിന്റെ ആരംഭം അവിടം മുതലായിരുന്നു. 1817ൽ തിരുവിതാംകൂറിൽ മികച്ച സാമൂഹ്യവിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ലഭ്യമാക്കാൻ വിളംബരമിറക്കി.
അതു നിയമമാക്കിയതും നിർബന്ധിത സൗജന്യ വിദ്യാഭ്യാസമെന്നാക്കി മാറ്റിയതും സർ സി.പി. രാമസ്വാമി അയ്യരുടെ ഭരണകാലത്താണ്. ലോകസംഘടനയായ യുനെസ്കൊ പോലും, 1948ൽ മാത്രമാണ് വിദ്യഭ്യാസത്തെ മനുഷ്യാവകാശമാക്കി പ്രഖ്യാപിച്ചതെന്നോർക്കണം. കേരളത്തിന്റെ പ്രഥമ പൊതുവിദ്യാഭ്യാസ ഡയറക്ടറായ ഡോ. മിച്ചൽ, ഗുണമേന്മ ഉറപ്പുവരുത്തുന്നതിനുവേണ്ടി “മിച്ചൽ കോഡ്’’ എന്ന നയരേഖ പുറപ്പെടുവിച്ചു. അതൊന്നെടുത്തു മറിച്ചു നോക്കിയാൽ മതി, നമുക്കെന്നു മുതൽ വഴിതെറ്റിയെന്നു വ്യക്തമാകും. ലാറ്റിനമേരിക്കയും ഏഷ്യൻ ദരിദ്രരാജ്യങ്ങളും മാത്രമാണ് ലോകബാങ്കിന്റെ പണം പറ്റി ഡിപിഇപി മാതൃക നടപ്പിലാക്കിയതെന്നു കാണാം. അവരുടെ പണം കടമെടുത്തതിന്റെ പ്രത്യുപകാരമായി നാം ഒരു ചൂണ്ട വിഴുങ്ങുകയായിരുന്നു എന്നു പറയേണ്ടിവരും.
നമ്മുടെ ജനത, കണക്കിലും ഭാഷയിലും പ്രാവീണ്യം നേടുകയും നല്ലൊരളവ് വിജ്ഞാനം ഹൃദിസ്ഥമാക്കി ആത്മവിശ്വാസമുള്ളവരാകുകയും ചെയ്തതിൽ, അമേരിക്കയിലും ജപ്പാനിലുമുള്ള ഭരണകർത്താക്കൾ അസൂയപൂണ്ടിരുന്നതായി അവരുടെ പ്രസ്താവനകൾ പലവുരു തെളിയിച്ചതാണ്. തൊഴിലും അവസരങ്ങളും തേടി ലോകമാകെപ്പടരാൻ അതു മലയാളിയെ സഹായിച്ചു. സാമൂഹികവും സാന്പത്തികവുമായ പുരോഗതിക്ക് മേന്മയുള്ള വിദ്യാഭ്യാസ സംവിധാനം അടിത്തറയാണെന്ന് വിജ്ഞാനത്തിന്റെ ഈ നൂറ്റാണ്ടിൽ ആർക്കാണറിയാത്തത്.
സമഗ്രമായ വിദ്യാഭ്യാസ പരിഷ്കാരം
ഏഷ്യയിലെ പ്രമുഖ സാന്പത്തികശക്തിയായ സിംഗപ്പൂരിന്റെ വലിപ്പം, കേരളത്തിന്റെ അന്പതിലൊന്നു മാത്രമാണ്. പ്രകൃതിവിഭവങ്ങൾ തുച്ഛം. മറ്റേത് സാധാരണ ഏഷ്യൻ രാജ്യം പോലെയും ദരിദ്രമായിരുന്ന ആ കൊച്ചുരാജ്യത്തെ, ഏഷ്യൻ സാന്പത്തിക ശക്തിയായി വികസിപ്പിച്ച ലീ ക്വാൻ യൂ അതിനു തുടക്കംകുറിച്ചത് സമഗ്രമായ വിദ്യാഭ്യാസ പരിഷ്കാരത്തിലൂടെയായിരുന്നു. അദ്ദേഹം ആർജിച്ച പാശ്ചാത്യ വിദ്യാഭ്യാസമായിരുന്നു അതിനു നിദാനം.
സിംഗപ്പൂരിന്റെ കുതിപ്പിന്റെ ആദ്യനാളുകളിൽ അവിടം സന്ദർശിച്ച ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി രണ്ടാംനിര നേതാവായിരുന്ന ഡെംഗ് സിയാവോ പിംഗ്, ലീ ക്വാൻ യൂവിന്റെ വിദ്യാഭ്യാസ സാന്പത്തിക നയങ്ങളിൽ ആകൃഷ്ടനായി താൻ ചൈനയിൽ അധികാരത്തിൽ വന്നപ്പോൾ അതു പരീക്ഷിച്ചതിന്റെ പരിണത ഫലമാണ് ഇന്ന് ചൈനയുടെ രാഷ്ട്രീയ, സാന്പത്തിക ഔന്നത്യം.
കാലത്തിനൊത്ത് പരിഷ്കരിക്കാത്ത കമ്യൂണിസ്റ്റ് നയങ്ങളിൽ കെട്ടിപ്പുണർന്നു നിന്ന ലോകശക്തിയായിരുന്ന സോവ്യറ്റ് റഷ്യ ഗോർബച്ചേവിന്റെ കാലത്ത്, 90കളുടെ ആദ്യം, ചീട്ടുകൊട്ടാരം പോലെ തകർന്നതും കൃത്യമായ ചരിത്രപാഠമാണ് തരുന്നത്. കാലത്തിന്റെ ചുവരെഴുത്തുകൾ വായിച്ചു ഗ്രഹിക്കാൻ കഴിയാത്ത ഭരണകർത്താക്കളുടെ രാജ്യം മത്സരത്തിന്റെ യുഗത്തിൽ തകർന്നടിയുന്നതു സ്വാഭാവികം. ജനാധിപത്യ വ്യവസ്ഥയിൽ ഒരു പൗരനും ഉത്തരവാദിത്വത്തിൽനിന്നൊഴിഞ്ഞു നില്ക്കാൻ കഴിയില്ല. എങ്കിലും, രാഷ്ട്രീയ നേതൃത്വത്തിന്റെ ഇച്ഛാശക്തിയും ദർശനവും ഉൾക്കാഴ്ചയുമാണ് പരമപ്രധാനമായത്.