ദൈവത്തെ പ്രണയിച്ച അവധൂതൻ
Wednesday, October 4, 2023 12:13 AM IST
ഫിലിപ്സ് തൂനാട്ട്
വര്‍ത്തമാനങ്ങള്‍ക്കിടയിലെ ചരിതങ്ങളില്‍ അസീസിയിലെ ഫ്രാൻസിസിനോളം മനുഷ്യനെയും അവന്റെ ചുറ്റുപാടുകളെയും സ്വാധീനിക്കുന്ന മറ്റൊരാൾ ഉണ്ടോ എന്ന് അറിയില്ല. മനുഷ്യനെയും പ്രകൃതിയെയും സഹോദരരായിക്കണ്ട് ഓരോ പുല്നാമ്പിലും ദൈവത്തെ കണ്ടെത്തിയ മനുഷ്യനായിരുന്നല്ലോ അസീസിയിലെ ഫ്രാന്‍സിസ് പുണ്യവാന്. അനന്തര തലമുറകള്‍ക്കു വെളിച്ചം പകര്‍ന്നു കടന്നുപോയ പുണ്യവാന് ഭൂമിക്കൊരു ജീവഗീതമാണ് നല്‍കിയത്. സത്യാനന്തര കാലഘട്ടങ്ങളുടെ കപടശാസ്ത്രങ്ങള്ക്കുള്ള മറുപടികളിന്നും ഫ്രാന്‍സിസിന്റെ ചുണ്ടുകളില്‍നിന്നാണ് നാമൊക്കെ കേള്‍ക്കേണ്ടത്. അത് മറ്റൊന്നുമല്ല, ദൈവവും മനുഷ്യനും പ്രകൃതിയും സംഗമിക്കുന്ന സാഹോദര്യത്തിന്റെ വർത്തമാനങ്ങളാണ്.
അസീസിയുടെ ഭൂതകാലം
ധനാഢ്യനായ ബര്ണർദോണിനും സഹധര്‍മ്മിണി പീക്കയ്ക്കും ഓമനപുത്രനായി ജനിച്ച ഫ്രാന്‍സിസ് ബാല്യ കൗമാരങ്ങളുടെ അച്ചുതണ്ടുകളില്‍ അനന്ത സാദ്ധ്യതകളുടെ ശബ്ദ കോലാഹലങ്ങളെ ആത്മീയതയുടെ നിശ്ശബ്ദതയാക്കിയവനാണ്. കുതിരപ്പുറത്തു ലോകം ചുറ്റാനും പോര്‍ക്കളങ്ങളില്‍ വീരപുരുഷനാകാനും പ്രഭുത്വത്തിന്റെ ചരിത്രം തന്റെ പേരിലെഴുതാനും കഴിയുമായിരുന്നവന് തന്റെ സാധ്യതകളെ അസാധ്യതയുടെ തുലാസിലിട്ടു തൂക്കിനോക്കാനും ദൈവത്തെ സ്നേഹിക്കുന്ന ദരിദ്രനാകാനും വഴിമാറി നടന്നവനാണ്.
അരുവികളോടും വനപുഷ്പങ്ങളോടും ഈ പ്രപഞ്ചത്തോടും വലിയ സൗഹൃദത്തിന്റെ കഥകള്‍ ഉരുവിടുമ്പോള്‍ ഫ്രാന്‍സിസിന്റെ ചിന്തകള്‍ അഭൗമാനുഭൂതികളുടെ ചിന്തകളുടെ ആഴങ്ങളില്ക്കൂടി ചരിക്കുകയായിരുന്നു. ഖലീല്‍ ജിബ്രാന്റെ കഥയിലെ സന്യാസിയെപ്പോലെ മലമുകളില്‍ പ്രാര്‍ത്ഥനയിലും സന്യാസത്തിലും മാത്രമിരിക്കാതെ മലയിറങ്ങി ആഘോഷങ്ങളുടെ അത്താഴങ്ങളില്‍ സഹോദരര്‍ക്കൊപ്പം നൃത്തം ചവിട്ടാനും ഒറ്റപ്പെടുന്നവനെ ചേര്‍ത്തുപിടിച്ചു പുഞ്ചിരിയുടെ തിരി കത്തിച്ചു കൊടുക്കാനും മനസു കാട്ടിയ മഹാവിശുദ്ധന്.
അസീസിയുടെ ആത്മീയ യാത്ര
തന്റെ ജീവിതംതന്നെ ആത്മീയതയാണെന്നു പറഞ്ഞ ഫ്രാന്‍സിസ് ഭൂമിയെ ചുംബിച്ചു ദാരിദ്ര്യത്തെയാണ് പ്രണയിച്ചത്. മെത്രാനച്ചന്റെ അരമനയില്‍ ബര്ണർദോണിന് ഉടുതുണിപോലും ഉരിഞ്ഞുകൊടുത്തിട്ടു ചാക്കുവസ്ത്രം പുണരുമ്പോള്‍ ഫ്രാന്‍സിസ് മനസില്‍ ആര്‍ത്തുചിരിക്കുകയായിരുന്നു. അസീസിയുടെ ദൈവം മലകളിലും ഗ്രാമങ്ങളിലും പുഴയിലും ഭൂമിയിലും പിന്നെ സാധാരണക്കാരന്റെ ചുട്ടുപൊള്ളുന്ന ജീവിതങ്ങളില്‍ പോലുമുണ്ടായിരുന്നു. അതിനാല്‍ അവനെല്ലാവരും പ്രിയപ്പെട്ട സഹോദരങ്ങളായി. പ്രപഞ്ചത്തിന്റെ സിരകളില്‍ മുത്തം കൊടുത്തു ദൈവത്തിന് നന്ദിപറഞ്ഞവന്റെ ആത്മീയത, അതാണ് അസ്സീസിയിലെ പുണ്യാളന്.
ഫ്രത്തെല്ലി തൂത്തിയും അസീസി പുണ്യവാനും
ഫ്രാൻസിസ് മാർപാപ്പയുടെ നാം സഹോദരങ്ങൾ എന്ന ചാക്രികലേഖനം സാഹോദര്യത്തിന്റെ സ്നേഹഗീതമായി ഇന്നും മുഴങ്ങുന്നു. അസീസി പുണ്യവാന് മാനവരാശിയോട് അഭ്യര്‍ഥിക്കുന്നത് ഒന്നുമാത്രമായിരിക്കും. നിന്റെ ചുറ്റുപാടുകളില്‍ ദൈവത്തെ കണ്ടെത്താനുള്ള സാഹോദര്യത്തിന്റെ സൂത്രവാക്യങ്ങള്‍. അതുതന്നെയാണ് വിക്തോര്‍ യൂഗോയുടെ പാവങ്ങളിലെ മെത്രാനച്ചന് ഴാങ് വാൽഴാങ്ങെന്ന തടവുകാരനെ തന്റെ നെഞ്ചോട് ചേര്‍ത്തുനിര്‍ത്തി ഇവനും എന്റെ സഹോദരനാണെന്നു പറഞ്ഞത്. ഉല്പത്തി പുസ്തകത്തില്‍ ദൈവം മനുഷ്യനെ ആധിപത്യത്തേക്കാളുപരി പരിപാലനയുടെ സാഹോദര്യത്തിലേക്കായിരുന്നു ക്ഷണിച്ചത്. ഇന്ന് എല്ലാത്തിനെയും ഉപയോഗ വസ്തുവായി മാത്രം കണക്കാക്കുമ്പോള്‍ അവിടെ സഹിഷ്ണുതയും സൗഹൃദവും ഉണ്ടായെന്നു വരില്ല. തത്വശാസ്ത്രത്തിലെ ഞാൻ നീ, ഞാൻ ഇത് തുടങ്ങിയ പല ചിന്തകളും മനുഷ്യനെ ഇന്നും ചോദ്യങ്ങളില്‍ ചെന്നെത്തിക്കുന്നു. ഇവിടെയാണ് അല്‍ബെർ കാമുവിന്റെ വാക്കുകള്‍ വേറിട്ടു നില്‍ക്കുന്നത്. പരസ്പരം കരങ്ങള്‍ ചേര്‍ത്ത് നടന്നുനീങ്ങുന്ന സൗഹൃദങ്ങള്‍ ഭാവിയുള്ള ഒരു സമൂഹത്തെയാണ് സൃഷ്ടിക്കുന്നത്.
ദൈവത്തെ എടുത്തുമാറ്റുന്നിടങ്ങളില് ധാർമികതയും ആത്മീയതയും പുകതുപ്പുന്ന വെറും വാചാടോപങ്ങൾ മാത്രമായേക്കാം. ഇവിടങ്ങളിലാണ് ചങ്ങാതിമാര്‍ നന്നാവാതെ കണ്ണാടികള്‍ ആശ്രയിക്കുന്നതും ഗർഭച്ഛിദ്രം പോലും സാധ്യതയാവുന്നതും സഹോദരന്റെ വിശപ്പ് നമുക്കൊക്കെ കോമഡിയാവുന്നതും സഹോദരിമാര്‍ തെരുവിലൊക്കെ നിലവിളിക്കുന്നതും കോര്‍പ്പറേറ്റുകള്‍ കച്ചവടങ്ങളുടെ ഉച്ചഭാഷിണികളാവുന്നതും വൃദ്ധജനങ്ങള്‍ കമ്പോളങ്ങളില്‍ എറിയപ്പെടുന്നതും സദാചാരങ്ങൾ ഇല്ലാത്ത ലഹരികളിൽ വിദ്യാർഥി രാഷ്ട്രീയം കൂപ്പുകുത്തുന്നതും ആവിഷ്കാര സ്വാതന്ത്ര്യം പറഞ്ഞ് സഹോദരനെ വ്രണപ്പെടുത്തുന്നതും. ഇവിടെത്തന്നെയാണ് മനുഷ്യനെക്കാൾ കൂടുതല്‍ മൃഗസ്നേഹികള്‍ അരങ്ങിലിറങ്ങുമ്പോള് ബഫര്‍സോണുകളും വിഴിഞ്ഞം സമരങ്ങളും കഥ തുടരുന്നത്. പരിസ്ഥിതി ആഘാതപഠനങ്ങളില്ലാത്ത പുതിയ പദ്ധതികള്‍ പോലും യഥാര്‍ഥത്തില്‍ ഭരണകൂട ഭീകരത തന്നെയാണ്. കമ്പോളങ്ങള്‍ അധാര്‍മികതയുടെ അപ്പക്കഷണങ്ങള്‍ വച്ചുനീട്ടുമ്പോള്‍ അസീസിയെപ്പോലെ വഴിമാറി നടക്കാം, ഭൂമിയെയും സഹജീവികളെയും സ്നേഹിക്കാം.
അസീസിയിലെ ഫ്രാൻസിസും ക്രിസ്തുസാഹോദര്യവും
ഈ ഭൂമി നമ്മുടെ പിള്ളത്തൊട്ടിലും മനുഷ്യര്‍ നമ്മുടെ കൂടപ്പിറപ്പുകളുമാണെന്ന് ചിന്തിച്ചു തുടങ്ങുന്നിടങ്ങളിലേ നാമെടുക്കുന്ന ഓരോ ശ്വാസത്തിനുപോലും കടപ്പാടു കാട്ടാനും ഒാരോ മൺതരിയെപ്പോലും വിലമതിക്കാനും പ്രകൃതിയെ സംരക്ഷിക്കാനും നമുക്ക് കഴിയൂ. ജാതിയുടെയും വര്‍ഗത്തിന്റെയും വിഷമരുന്നുകള്‍ കുത്തിവയ്ക്കുന്നിടങ്ങളില് സാഹോദര്യമെന്നത് ഒരുപാട് ദൂരങ്ങളിൽ തന്നെയാണ്. പക്ഷേ മണിപ്പുരും ഗുജറാത്തും നമ്മുടെ കൺപോളകളിൽ തന്നെയുണ്ടെന്നറിയുമ്പോൾ ജാതീയതയുടെ കപടക്കോമരങ്ങളോട് നമുക്കും സമരം ചെയ്യാനാകണം. അങ്ങനെയായാൽ നമുക്കും അസീസി പുണ്യവാനെപ്പോലെ ഉത്പത്തിയിലെ ചോദ്യങ്ങള്‍ക്കു മറുപടി കൊടുക്കാനും സഹോദരന്റെ കാവല്‍ക്കാരനാകാനും സാധിച്ചേക്കാം. ഭൂമിയുടെ കാന്‍വാസില്‍ ദൈവത്തെ വരച്ചുകാട്ടുന്ന ഈ മനുഷ്യസ്നേഹി ധാര്‍മികതയുടെ ഉണർത്തുപാട്ടാകുന്നു, ദൈവ-മനുഷ്യ-പ്രകൃതി സ്നേഹത്തിന്റെ വക്താവാകുന്നു. നാം ഭൂമിയുടെ അവകാശികള്‍, ഒപ്പം സഹോദരന്റെയും. അതിനാല്‍ത്തന്നെ പരസ്പരം സ്നേഹിക്കാം. സ്വകാര്യനുണകള്ക്കപ്പുറം നിഷ്കളങ്കതയുടെ ഉണര്ത്തുപാട്ടുകളുമായി ദൈവത്തെ ധ്യാനിക്കാം.
ലൗദാത്തോസിയും വിശുദ്ധ ഫ്രാന്‍സിസും
ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ലൗദാത്തോ സിയെന്ന ചാക്രിക ലേഖനത്തില്‍ ഫ്രാന്‍സിസ് അസീസിയുടെ ചിന്തകളെ പകര്‍ത്തുമ്പോള്‍ ഭൂമിയെന്നത് നമ്മുടെ പൊതുഭവനം ആണെന്നും പ്രകൃതിയോടും മനുഷ്യനോടും ജീവജാലങ്ങളോടും സാഹോദര്യത്തോടെ വര്‍ത്തിക്കണമെന്നും പറഞ്ഞുതരുന്നു. മനുഷ്യ കേന്ദ്രീകൃതമായ പ്രപഞ്ച സങ്കല്പത്തില്നിന്നു ചുവടുമാറ്റാനും ഭൗമപാളികളെ തൊഴുകൈകളോടെ വന്ദിക്കാനും മനുഷ്യന്റെ ചിന്തകള്‍ക്ക് ശുഭമായ പ്രഭാതമാകാനും പരിശുദ്ധ പിതാവ് ശ്രമിക്കുന്നുണ്ടിവിടെ.
പ്രളയവും ഭൂകമ്പങ്ങളും ഓസോണ്‍ സുഷിരങ്ങളും ആഗോള താപനവും പട്ടിണിയും യുദ്ധവുമെല്ലാം മനുഷ്യന് തന്റെ സ്വാതന്ത്ര്യത്തിന്റെ മസാലകളില്‍ വേവിക്കുമ്പോള്‍ വരണ്ടുണങ്ങിയ പുഴയും പട്ടിണി മരണങ്ങളും അക്രമങ്ങളും സത്യത്തില്‍ ഭൂമിയെ ചോരമണം ശ്വസിപ്പിക്കുന്നു. പൊതുഭവനമാകുവാന് പ്രകൃതിയും മനുഷ്യനും സൗഹൃദത്തിന്റെ വിളക്കുകള്‍ തെളിക്കട്ടെ. പ്രകൃതിയെ സ്നേഹിച്ച അസീസി പുണ്യവാന് നമുക്കും സഹോദരനാകട്ടെ.
(ലേഖകൻ ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ദൈവശാസ്ത്ര വിദ്യാർഥിയാണ്)