മറക്കാനാകുമോ മണിപ്പുർ?
Friday, September 29, 2023 10:45 PM IST
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നതാണ് ഇന്ത്യ നടത്തിയ ജി 20 ഉച്ചകോടിയുടെ മുദ്രാവാക്യം. വസുധൈവ കുടുംബകം എന്ന ഭാരതീയ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണിത്. മണിപ്പുർ കലാപം ആറാം മാസത്തിലേക്കു കടക്കുന്പോഴും ശമനമില്ലാതെ കത്തിയെരിയുകയാണ്. സ്വന്തം രാജ്യത്തെ ജനതയെ ഒരു കുടുംബമായി കാണാതെ ലോകത്തോടു വേദമോതുന്നതാകും ദുരന്തം. ഭരണഘടനയുടെ 355-ാം അനുച്ഛേദം ഉപയോഗിച്ച് മണിപ്പുരിലെ ക്രമസമാധാന പാലന ചുമതല കേന്ദ്രസർക്കാർ നേരിട്ട് കഴിഞ്ഞ് മേയ് ആദ്യവാരം ഏറ്റെടുത്തശേഷമാണ് അക്രമങ്ങളും കൊലപാതകങ്ങളും തുടർക്കഥയാകുന്നത്.
കുഞ്ഞുങ്ങളോടും ക്രൂരത
നിരാലംബരും അവശതയനുഭവിക്കുന്നവരും സാമൂഹികമായി ഏറ്റവും താഴെത്തട്ടിലുള്ളവരും സ്ത്രീകളും കുട്ടികളും സംരക്ഷിക്കപ്പെടാത്ത സ്ഥിതി വലിയ അപായസൂചനയാണ്. സ്ത്രീകൾ, ദളിതർ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ തുടങ്ങി നിരാലംബരായ പാവങ്ങൾ വരെ രാജ്യത്തിന്റെ പലയിടത്തും പലതരത്തിൽ വേട്ടയാടപ്പെടുന്നതു തടയാൻ സർക്കാരുകൾ ജാഗ്രതയോടെ കർശന നടപടികൾ സ്വീകരിക്കുന്നില്ലെന്നതിനു തെളിവുകൾ വേണ്ടിവരില്ല. ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ (എൻസിആർബി) കണക്കനുസരിച്ച് ഈ വിഭാഗങ്ങൾക്കെതിരേ രാജ്യത്തു സംഘടിതവും ആസൂത്രിതവുമായ അതിക്രമങ്ങൾ കൂടുകയാണ്. 2021ൽ മാത്രം ഇന്ത്യയിൽ 30,132 കൊലപാതകങ്ങളാണു രേഖപ്പെടുത്തിയത്. ദിവസം ശരാശരി 82 പേർ കൊല്ലപ്പെടുന്നു! മതപരവും ജാതീയവുമടക്കം വിദ്വേഷ ക്രൈം നിരക്കിലും വലിയ വർധനയുണ്ട്. 2014നുശേഷം 300 ശതമാനമാണ് വിദ്വേഷ കുറ്റകൃത്യങ്ങൾ കൂടിയത്.
പിഞ്ചുകുഞ്ഞുങ്ങൾ മുതൽ വിദ്യാർഥികൾ വരെയുള്ളവർക്കെതിരേ പോലും ലൈംഗികാതിക്രമങ്ങളും കൊലപാതകങ്ങളും ആവർത്തിക്കപ്പെടുന്നു. രാജ്യത്ത് 2021ൽ കുട്ടികൾക്കെതിരായി ഒന്നര ലക്ഷം (1,49,404) കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്തു. ഇതിൽ അര ലക്ഷത്തിലേറെ (53,874) പോക്സോ കേസുകളാണ്. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ മൂന്നിലൊന്ന് ലൈംഗികാതിക്രമ പോക്സോ കേസുകളാണെന്ന തിരിച്ചറിവുണ്ടായിട്ടും പരിഹാരം അകലുന്നു. 67,245 കുട്ടികളെയാണു തട്ടിക്കൊണ്ടുപോയത്. സ്ത്രീകൾക്കെതിരായ 4,28,278 കുറ്റകൃത്യങ്ങൾ 2021ൽ റിപ്പോർട്ട് ചെയ്തു. ഇതിൽ 31,667 ഉം ബലാത്സംഗ കേസുകളാണ്. ദിവസേന ശരാശരി 86 വനിതകളാണു ഹീനമായ മാനഭംഗത്തിനിരകളാകുന്നത്. തൊട്ടു മുൻവർഷത്തേക്കാൾ നാലായിരത്തോളം കേസുകൾ വർധിച്ചു.
ഇരകളും വേട്ടക്കാരും
ഭയാനകമാണ് മണിപ്പുരിലെ കൈവിട്ട കളികൾ. എല്ലാ കലാപങ്ങളും രണ്ടോ മൂന്നോ ദിവസം കൊണ്ടു നിയന്ത്രിക്കാനായിരുന്ന സ്ഥാനത്താണ് അഞ്ചു മാസം പൂർത്തിയാകുന്പോഴും മണിപ്പുരിൽ അക്രമങ്ങൾ പതിവാകുന്നത്. വംശീയമായ ഭിന്നതകളെ ആളിക്കത്തിക്കുന്നതിൽ സർക്കാരിന്റെ പങ്കാണു സംശയാസ്പദം. മെയ്തെയ്കളും കുക്കികളും തമ്മിലുള്ള ഭിന്നതകളുടെ പരിണിതഫലമായ കലാപത്തിൽ സർക്കാരും ഭരണപാർട്ടിയും പ്രധാന പങ്കു വഹിച്ചിട്ടുണ്ടെന്ന് ഇരുസമുദായങ്ങളും സംശയിക്കുന്നു.
മെയ്തെയ്കളും കുക്കികളും ഒരുപോലെ ഇരകളും വേട്ടക്കാരുമാണ്. ഭീകരതയുടെ പല മുഖങ്ങളും മണിപ്പുരികളും ലോകവും കണ്ടു. സ്ത്രീകളോടും കുട്ടികളോടും, മൃതദേഹങ്ങളോടുപോലും കാട്ടിയ കൊടുംക്രൂരതകളാകും മാപ്പർഹിക്കാത്ത കുറ്റങ്ങൾ. രണ്ടു മെയ്തെയ് വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവമാണു പുതിയ സംഘർഷങ്ങൾക്കു വഴിതെളിച്ചത്. ലിൻതോയിങാബി ഹിജാം എന്ന പതിനേഴുകാരിയുടെയും ഫിജാം ഹേംജിത് സിംഗ് എന്ന ഇരുപതുകാരന്റെയും മൃതദേഹങ്ങളുടെ ഫോട്ടോകൾ വൈറലായതിനെത്തുടർന്നായിരുന്നു രോഷം അണപൊട്ടിയത്. ഹേംജിതിന്റെ തലയറത്തു മാറ്റിയ ക്രൂരതയാണു മെയ്തെയ്കളെ പ്രകോപിപ്പിച്ചത്.
പ്രായപൂർത്തിയാകാത്ത ലിൻതോയിങാബി കോച്ചിംഗ് ക്ലാസിൽ പോയശേഷം അവിടെനിന്നു സുഹൃത്തായ ഹേംജിതിനോടൊപ്പം ബൈക്കിൽ ചുറ്റിക്കറങ്ങാൻ പോയതാണ്. ഇരുവരും പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ല. ഹേംജിതിനോടൊപ്പം ലിൻതോയിങാബി ബൈക്കിൽ കയറി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തി. ബിഷ്ണുപുരിലെ നംബോലിൽ ഇരുവരും ബൈക്കിൽ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ബിഷ്ണുപുർ ജില്ലയിലെ ലോക്തക് പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ലൈമന്റണിന്റെ പരിസരത്തുനിന്നാണ് വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയതെന്നാണു പോലീസ് റിപ്പോർട്ട്.
ഇരുവരും പ്രണയത്തിലായിരുന്നതായി വീട്ടുകാർക്കു സൂചനയുണ്ടായിരുന്നു. അതിനാൽ രണ്ടുപേരുംകൂടി ഒളിച്ചോടിയതാകാമെന്നാണ് ഇരുകുടുംബങ്ങളും ആദ്യം കരുതിയത്. വീട്ടിൽനിന്ന് ഏകദേശം 40 കിലോമീറ്റർ അകലെ നാഗാ ആധിപത്യമുള്ള ഖൗപുമിൽനിന്നാണു പെണ്കുട്ടി മൊബൈലിൽ അവസാന സന്ദേശം അയച്ചത്. ഇതിനുശേഷം അവളുടെ ഫോണ് നിശബ്ദമായെന്നു ലിൻതോയിങാബിയുടെ അമ്മ ജയശ്രീ ദേവി പറഞ്ഞു. മകൻ ജീവിച്ചിരിപ്പില്ലെന്നു വിശ്വസിക്കാൻ കഴിയുന്നില്ലെന്നു ഹേംജിതിന്റെ പിതാവ് ഇബുൻഗോബി സിംഗ് പറഞ്ഞു. സംഭവം സിബിഐ അന്വേഷിച്ചുവരികയാണ്.
നീതിയിലെ പക്ഷാഭേദം
നേരത്തേ ചുരാചന്ദ്പുരിലെ ലംഗ്സ ഗ്രാത്തിൽ ഡേവിഡ് തെയ്ക് എന്ന കുക്കി യുവാവിന്റെ തലയറത്തതിനു പ്രതികാരമായാണു ഹേമൻജിതിന്റെ തലയറത്തതെന്നു പറയുന്നു. ജൂലൈ രണ്ടിനാണു മെയ്തെയ് അക്രമികൾ ഡേവിഡിന്റെ തലയറത്ത ശേഷം കന്പിൽ കുത്തി റോഡിൽ പ്രദർശിപ്പിച്ചത്. ഇതിനുശേഷം ആറു ദിവസം കഴിഞ്ഞ് ജൂലൈ എട്ടിനാണു ഹേമൻജിതിന്റെ തലയറത്തു കൊലപ്പെടുത്തിയത്. ഡേവിഡിന്റെ ഹീന കൊലപാതകത്തെക്കുറിച്ചു മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മൗനമാണ്.
സായുധ സേനകൾക്കു പ്രത്യേകാധികാരം നൽകുന്ന അഫ്സ്പ വീണ്ടും പുനഃസ്ഥാപിച്ചതടക്കം ബിരേൻ സിംഗ് സർക്കാരിന്റെ നടപടികളെല്ലാം ഏകപക്ഷീയവും വിവേചനപരവുമാണ്. അക്രമം രൂക്ഷമായ ഇംഫാലിനെയും താഴ്വര പ്രദേശങ്ങളെയും മാത്രം അഫ്സ്പയിൽനിന്ന് ഒഴിവാക്കിയതു പക്ഷപാതപരമായി. വികസനപദ്ധതികളിൽ മുതൽ ദുരിതാശ്വാസത്തിൽ വരെ കടുത്ത വിവേചനമാണു ഗോത്രജനത നേരിടുന്നതെന്ന കുക്കികളുടെ പരാതിയിൽ കഴന്പില്ലെന്ന് ആർക്കും പറയാനാകില്ല.
സമയം പാഴാക്കി മോദി
വന്ദേഭാരത് ട്രെയിനുകൾ ആഴ്ചതോറും ഉദ്ഘാടനം ചെയ്യാൻ ഓടിനടക്കുന്ന പ്രധാനമന്ത്രി മണിപ്പുർ സന്ദർശിക്കാൻ തയാറാകാത്തത് അതിലേറെ തെറ്റാണ്. തെരഞ്ഞെടുപ്പു പ്രചാരണങ്ങൾക്കായി മണിപ്പുരിലും വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലുമടക്കം രാജ്യം മുഴുവൻ പറന്നുനടക്കുന്ന മോദി മണിപ്പുരിലെ ജനത ദുരിതത്തിലായപ്പോൾ കാണാൻപോലും വിസമ്മതിക്കുന്നതിന് ന്യായമേതുമില്ല. മണിപ്പുർ കലാപത്തെക്കുറിച്ചു പ്രധാനമന്ത്രി തുടരുന്ന ദുരൂഹമൗനവും നിയമസംവിധാനം നിലവിലുള്ള ഒരു രാജ്യത്തിനും അംഗീകരിക്കാനുമാകില്ല.
വെടിവയ്പുകളും ബോംബേറുകളും വെട്ടിക്കൊലകളും തുടർക്കഥയായിട്ടും മുഖ്യമന്ത്രി എൻ. ബിരേൻ സിംഗും മന്ത്രിമാരും നാണമില്ലാതെ കസേരയിൽ അള്ളിപ്പിടിച്ചിരിക്കുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റുന്നതിൽ വീഴ്ച വരുത്തിയ സംസ്ഥാന സർക്കാരിനെ പിരിച്ചുവിടാൻ കേന്ദ്രവും തയാറല്ല. ബിജെപി മുഖ്യമന്ത്രിയെ പുറത്താക്കാൻ ബിജെപി നേതൃത്വത്തിനു കഴിവില്ലാത്ത നില. മണിപ്പുരികളുടെ കണ്ണീരൊപ്പാൻ രാജ്യം ഒറ്റക്കെട്ടായി ശബ്ദമുയർത്തേണ്ട സമയമായി.
നിയന്ത്രണമില്ലാതെ അക്രമം
ഇന്റർനെറ്റ് വിലക്കു നീക്കിയതിനു പിന്നാലെ കഴിഞ്ഞ 23നാണ് സോഷ്യൽ മീഡിയയിൽ ജൂലൈ ആറിനു കാണാതായ മെയ്തെയ് വിദ്യാർഥികൾ കൊല്ലപ്പെട്ട ചിത്രങ്ങൾ വൈറലായത്. പ്രതിഷേധക്കാർ തെരുവിലിറങ്ങിയതോടെ മേയ് ആദ്യം നിർത്തലാക്കിയ മൊബൈൽ ഇന്റർനെറ്റ് സേവനം വീണ്ടും സസ്പെൻഡ് ചെയ്തു. കുക്കി ഭീകരരാണു കൊലയ്ക്കു പിന്നിലെന്ന് മെയ്തെയ്കൾ പറയുന്നു. എന്നാൽ കൊലയ്ക്കു പിന്നിൽ തങ്ങളല്ലെന്നും മെയ്തെയ് ഭൂരിപക്ഷ ബിഷ്ണുപുരിലാണ് കമിതാക്കളായ രണ്ടു വിദ്യാർഥികളെയും അവസാനം കണ്ടതെന്നുമാണ് കുക്കികൾ പറയുന്നത്.
വിദ്യാർഥികളുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇംഫാലിൽ രണ്ടു ദിവസത്തിലേറെയായി തുടരുന്ന അക്രമങ്ങൾ പൂർണമായി നിയന്ത്രിക്കാനായിട്ടില്ല. പ്രതിഷേധക്കാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലിൽ അറുപതോളം പേർക്കു പരിക്കേറ്റു. വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് രണ്ടു ദിവസത്തെ അവധി പ്രഖ്യാപിക്കേണ്ടി വന്നു.
മുഖ്യമന്ത്രി ബിരേൻ സിംഗിന്റെ ഇംഫാലിന്റെ പ്രാന്തപ്രദേശത്തുള്ള ആളൊഴിഞ്ഞ തറവാട്വീട് ആക്രമിക്കാനും ശ്രമം നടന്നു. ഇംഫാൽ വെസ്റ്റിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ ഓഫീസ് മെയ്തെയ് ജനക്കൂട്ടം തകർത്തു. രണ്ടു വാഹനങ്ങൾ കത്തിക്കുകയും ചെയ്തു. തൗബലിലെ ബിജെപി ഓഫീസും പ്രതിഷേധക്കാർ കത്തിച്ചു. കാംഗ്ല കോട്ടയ്ക്കു മുന്നിൽ സ്ത്രീകളുടെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ചു പ്രതിഷേധവും നടന്നു.
അതിവേഗം സിബിഐ
യുവാവിനെയും കൂട്ടുകാരിയെയും കൊലപ്പെടുത്തിയ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് 22 മെയ്തെയ് എംഎൽഎമാർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി. തുടർന്ന് ഷായും ബിരേൻ സിംഗും സംസാരിച്ചു. ഉടൻ നടപടിയുമായി. സിബിഐ മേധാവി പ്രവീണ് സൂദ് നേരിട്ടു കേസന്വേഷണത്തിന് നിർദേശം നൽകി. സിബിഐ സ്പെഷൽ ഡയറക്ടർ അജയ് ഭട്നഗർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഇംഫാലിൽ തങ്ങിയാണ് അന്വേഷണം നടത്തുന്നത്. മെയ്തയ് യുവാവിന്റെ തലയറത്തപ്പോഴും നേരത്തേ കുക്കി യുവാവ് സമാനരീതിയിൽ കൊല്ലപ്പെട്ടപ്പോഴുമുള്ള സർക്കാരിന്റെ നിലപാടിൽ വ്യത്യാസം പ്രകടമായി.
മണിപ്പുർ കേഡറിൽപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥൻ രാകേഷ് ബൽവാളിനെ ശ്രീനഗറിൽനിന്ന് ഇംഫാലിലേക്കു മാറ്റി നിയമിച്ചതിനെയും കുക്കികൾ സംശയത്തോടെയാണു കാണുന്നത്. 2019ൽ 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട പുൽവാമ ഭീകരാക്രമണം അന്വേഷിച്ച സംഘത്തിലെ പ്രധാനികളിലൊരാളായിരുന്നു ബൽവാൾ.
ഇംഫാലിൽ പ്രതിഷേധക്കാരെ തുരത്താൻ കണ്ണീർവാതക ഷെല്ലും പെല്ലറ്റും പ്രയോഗിച്ചതായി പറയുന്നു. ഇതിനെതിരേയും മെയ്തെയ്കൾ പ്രതിഷേധിച്ചതോടെ പ്രതിഷേധക്കാർക്കെതിരേ അനാവശ്യ ബലപ്രയോഗം നടന്നുവെന്ന ആരോപണം അന്വേഷിക്കാൻ ഡിജിപി രാജീവ് സിംഗ് പ്രത്യേക ഉത്തരവിറക്കി. കുക്കി മേഖലയിലെ പ്രതിഷേധങ്ങളുടെ കാര്യത്തിൽ ഇതൊന്നും ഉണ്ടായതുമില്ല.