ഇന്ത്യ-കാനഡ വിള്ളലുകള്‍ താത്കാലികമോ?
Friday, September 22, 2023 2:20 AM IST
വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഇന്ത്യ-കാനഡ ബന്ധങ്ങളിലേറ്റിരിക്കുന്ന അപ്രതീക്ഷിത വഴിത്തിരിവ് ഞെട്ടലുളവാക്കുന്നു. പഠിക്കാനും ജോലിക്കുമായി ആകര്‍ഷിക്കപ്പെട്ട് ആയിരങ്ങള്‍ കുടിയേറുന്ന മണ്ണിലുണ്ടാകുന്ന ഓരോ ചലനവും ആഘാതങ്ങളും ചെന്നുപതിക്കുന്നത് ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ കനേഡിയന്‍ സ്വപ്നങ്ങള്‍ കാണുന്ന യുവതലമുറയുടെ നെഞ്ചിലേക്കാണ്. ഭീകരവാദത്തിന്റെ കറുത്ത ശക്തികളെ മുറിച്ചുമാറ്റുകതന്നെ വേണം, അതേസമയം, ഇന്ത്യ-കാനഡ ബന്ധം വഷളാകുകയുമരുത്. ഇപ്പോഴുണ്ടായിരിക്കുന്ന പ്രശ്നങ്ങൾ താത്കാലികം മാത്രമാകുമെമെന്നും ഭാവിയില്‍ ഇന്ത്യന്‍ പൗരന്മാര്ക്ക് കൂടുതല്‍ സംരക്ഷണമേകുന്ന നന്മയിലേക്കു വഴിമാറാനുള്ള സാധ്യത തെളിയുമെന്നും പ്രതീക്ഷിക്കാം.
പ്രശ്നങ്ങളുടെ നാള്‍വഴികള്‍
ഖാലിസ്ഥാന്‍ ഭീകരനേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ 2023 ജൂണ്‍ 18ന് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ സറെയിലുള്ള ഗുരുദ്വാരയ്ക്കു സമീപം കൊല്ലപ്പെട്ടു. അജ്ഞാതരുടെ വെടിയേറ്റാണ് മരിക്കുന്നത്. കാനഡയുടെ മണ്ണില്‍വച്ച് ഇന്ത്യാ ഗവണ്മെന്റിന്റെ ഏജന്റുമാരാണ് കൊലപ്പെടുത്തിയതെന്നും കാനഡയുടെ പൗരനെ ഏതു വിദേശ ഗവണ്മെന്റ് എജന്റുമാര്‍ വധിച്ചാലും അത് ഈ രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നാക്രമണമാണെന്നും പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ പാര്‍ലമെന്റില്‍ ആരോപിച്ചു.
ജസ്റ്റിന് ട്രൂഡോയുടെയും വിദേശകാര്യമന്ത്രി മെലാനി ജോളിയുടെയും പ്രസ്താവനകള്‍ ഇന്ത്യ ശക്തിയോടെ തള്ളി. കാനഡയില്‍ നടന്ന അക്രമസംഭവത്തില്‍ ഇന്ത്യാ ഗവണ്മെന്റിന് പങ്കുണ്ടെന്നുള്ള ആരോപണം അസംബന്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ജി 20 ഉച്ചകോടിയിലെ ഉഭയകക്ഷി ചര്‍ച്ചയില്‍ നേരിട്ട് ഈ ആരോപണം നിരസിച്ചിരുന്നുവെന്നും നിയമവാഴ്ചയില്‍ ഉറച്ചുനില്‍ക്കുന്ന ജനാധിപത്യരാജ്യമാണ് ഇന്ത്യയെന്നും കേന്ദ്രസര്‍ക്കാര്‍ തിരിച്ചടിച്ചു. കാനഡയില്‍ ഇന്ത്യക്കെതിരേ പ്രവര്‍ത്തിക്കുന്ന ഭീകരരെ നിലയ്ക്കുനിര്‍ത്താന്‍ രാജ്യം നടപടിയെടുക്കണമെന്നും ഇന്ത്യ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.
ഖാലിസ്ഥാന്‍ ഭീകരവാദം
കാനഡയിലെ ഖാലിസ്ഥാന്‍ ഭീകരവാദത്തിന്റെ ഒരു കണ്ണി മാത്രമാണ് കൊലചെയ്യപ്പെട്ട ഹര്‍ദീപ് സിങ് നിജ്ജാര്‍. നിര്‍ദോഷിയായ ഒരു സിഖുകാരനായി നിജ്ജാറിനെ കാണരുത്. എന്‍ഐഎ തലയ്ക്ക് വിലയിട്ട കൊടുംക്രിമിനലാണ് ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിന്റെ തലവന്‍. 2016ല്‍ ഇന്റര്‍പോള്‍ നിജ്ജാറിനെതിരേ അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിരുന്നു. 2022ല്‍ നിജ്ജാറിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
ഭീകരവാദത്തിന്റെയും മയക്കുമരുന്നിന്റെയും താവളമാക്കി പുതുതലമുറ പഞ്ചാബിനെ മാറ്റുമോയെന്ന ആശങ്കയും ശക്തമാകുന്നു. പഞ്ചാബിനെ വിറപ്പിച്ച അമൃത്പാല്‍ സിംഗ് അകത്തായിട്ട് അധികനാളുകളായിട്ടില്ല.
കാനഡയിലെ സിഖുകാര്‍
കാനഡയിലെ സിഖ് കുടിയേറ്റത്തിന് ഒന്നര നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. 1897ല്‍ തടിമില്ലുകളിലും ഖനികളിലും തൊഴിലാളികളായി കൂടുതല്‍ പേരെത്തി. കാനഡയിലെ ട്രക്കു ഡ്രൈവര്‍മാരിലേറെയും സിഖുകാരാണ്. 1971ലെ ബംഗ്ലാദേശ് യുദ്ധത്തെത്തുടര്‍ന്നും സിഖുകാര്‍ കാനഡയിലേക്ക് ധാരാളമായി ഒഴുകി. ഇന്ന് ഇന്ത്യ കഴിഞ്ഞാല്‍ ലോകത്തേറ്റവും കൂടുതല്‍ സിഖുകാരുള്ള രാജ്യം കാനഡയാണ്. ഇക്കൂട്ടത്തില്‍ തൊഴിലാളികള്‍ മുതല്‍ ഡോക്ടര്‍മാര്‍ വരെയുണ്ട്. കനേഡിയന്‍ പൗരത്വം ലഭിച്ചവരാണേറെയും. 2021ലെ കണക്കനുസരിച്ച് കാനഡയിലെ ജനസംഖ്യയുടെ 2.1 ശതമാനം സിഖുകാരുണ്ട്.
പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ കനേഡിയന്‍ സിഖ് നേതാവായ ജഗ്മീത് സിംഗ് നയിക്കുന്ന ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പിന്‍ബലത്തിലാണ് രാജ്യം ഭരിക്കുന്നത്. അതിനാല്‍ത്തന്നെ സിഖ് ഭീകരന്റെ മരണത്തില്‍ ശക്തമായി പ്രതികരിക്കാതെ ജസ്റ്റിന് ട്രൂഡോയ്ക്കും മറ്റു വഴികളില്ല.
1990കളുടെ അവസാനമായപ്പോള്‍ ഖാലിസ്ഥാന്‍ ഇന്ത്യയില്‍ നിര്‍ജീവമായി.
പക്ഷേ കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരവാദം വേരുറപ്പിച്ചു, 1982ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി കാനഡയുടെ ഖാലിസ്ഥാന്‍ മൃദുസമീപനത്തില്‍ പ്രധാനമന്ത്രി പിയെറി ട്രൂഡോയോട് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. 2010ല്‍ ടൊറന്റോയില്‍ നടന്ന ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി മന്മോഹന് സിംഗും ഖാലിസ്ഥാനെതിരേ കാനഡ നിലപാടെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 2015ല്‍ ജസ്റ്റിന് ട്രൂഡോ അധികാരമേറ്റശേഷം ഖാലിസ്ഥാന്‍ കൂടുതല്‍ കരുത്തു നേടി. ഇതിന്റെ പിന്നില്‍ സംഘടിത രാഷ്ട്രീയവുമുണ്ട്, വോട്ടുബാങ്ക് രാഷ്ട്രീയം.
ജി 20യിലെ പൊട്ടിത്തെറി
ഡല്‍ഹിയില്‍ നടന്ന ജി 20 ഉച്ചകോടിക്കിടെ രണ്ടാം ദിവസമായ 2023 സെപ്റ്റംബര്‍ 10ന് നരേന്ദ്ര മോദിയും ജസ്റ്റിന് ട്രൂഡോയും ഏര്‍പ്പെട്ട ഉഭയകക്ഷി ചര്‍ച്ചയില്‍ ഭീകരവാദത്തിനെതിരേയുള്ള ഇന്ത്യന്‍ നിലപാട് നരേന്ദ്ര മോദി ആവര്‍ത്തിച്ചത് കാനഡയില്‍ വളര്‍ന്നുവരുന്ന ഖാലിസ്ഥാന്‍ ഭീകരവാദത്തിനെതിരേയാണെന്നു വ്യക്തമാണ്. ഇരു രാജ്യങ്ങളുമായുള്ള സുഗമമായ ബന്ധം നിലനില്ക്കണമെങ്കില് വിഘടനവാദികളെ അടിച്ചമര്‍ത്തണമെന്ന മുന്നറിയിപ്പ് ജസ്റ്റിന് ട്രൂഡോയെ പ്രകോപിപ്പിച്ചെന്നതിന്റെ തെളിവാണ് കാനഡയുടെ വിഷയത്തില്‍ പുറംശക്തികളെ അനുവദിക്കില്ലെന്ന് ജി 20 കഴിഞ്ഞ് കാനഡയില്‍ മടങ്ങിയെത്തിയതിനുശേഷമുള്ള പ്രതികരണം.
പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ബന്ധംപോലെ വഷളായ അവസ്ഥയിലേക്ക് കാനഡയുമായുള്ള ബന്ധം വഴിമാറുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്.
ഇന്ത്യ-കാനഡ ബന്ധത്തെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണിതിന്റെ പിന്നില്‍. ജി 20യിലെ ഇന്ത്യന്‍ നിലപാടിനെതിരേ സിഖ് ഫോര്‍ ജസ്റ്റീസ് എന്ന ഖാലിസ്ഥാന്‍ സംഘടന ഇന്ത്യാവിരുദ്ധ വിദ്വേഷ പരാമര്‍ശങ്ങളും കാനഡയില്‍ നടത്തിയ ഹിതപരിശോധനയും ചേര്‍ത്തു വായിക്കേണ്ടതാണ്. ജി 20യുടെ ഒരുക്കനാളുകളില്‍ ഡല്‍ഹിയിലെ വിവിധ കേന്ദ്രങ്ങളില്‍ ഖാലിസ്ഥാന്‍ അനുകൂലികൾ എഴുതിയ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളും ഖാലിസ്ഥാന്‍ ഭീകരവാദത്തിനെതിരേ ഉറച്ച നിലപാടെടുക്കാന്‍ ഇന്ത്യയെ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
തിരിച്ചടിച്ച് ഇന്ത്യ
ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയതിനെത്തുടര്‍ന്ന് മുതിര്‍ന്ന കനേഡിയന്‍ ഉദ്യോഗസ്ഥനെ ഇന്ത്യയും പുറത്താക്കി. നയതന്ത്ര ബന്ധങ്ങള്‍ വഷളായെങ്കിലും നിലപാടുകളില്‍ ഇന്ത്യക്ക് വിട്ടുവീഴ്ചയില്ലെന്ന് ആവര്‍ത്തിച്ചു. കാനഡ പുറത്താക്കിയ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയുടെ അതേ റാങ്കിലുള്ള കാനഡയുടെ പ്രതിനിധിയെ പുറത്താക്കാനാണ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി തീരുമാനം അറിയിച്ചത്. അഞ്ചുദിവസത്തിനുള്ളില്‍ പ്രതിനിധി നാടുവിടണമെന്നും നിര്‍ദേശിച്ചിരുന്നു.
വ്യാപാരക്കരാര്‍ തുലാസിലോ?
ഇന്ത്യയും കാനഡയും തമ്മിലുളള നിക്ഷേപ വ്യാപാരക്കരാറുകളില്‍ വിള്ളലേല്ക്കുമോയെന്ന ആശങ്കയും വ്യാപകമായിട്ടുണ്ട്. ഇന്ത്യ അതിഥേയത്വം വഹിച്ച ജി 20യില്‍ കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ സാന്നിധ്യമുണ്ടായിരുന്നത് വ്യാപാര നിക്ഷേപബന്ധങ്ങളെ ഇരു രാജ്യങ്ങളും വേറിട്ടു കാണുന്നുവെന്നതിന്റെ നേര്‍രേഖകളാണ്. കാനഡയുടെ പത്താമത്തെ വലിയ വ്യാപാരപങ്കാളിയാണ് ഇന്ത്യ. ഇന്ത്യയുടെ വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലും കനേഡിയന്‍ രാജ്യാന്തര വ്യാപാര മന്ത്രി മേരി എന്‍ജിയും 2023 മേയില്‍ നടത്തിയ വ്യാപാര സേവന മേഖലകളുടെ ഇന്ത്യ-കാനഡ പങ്കാളിത്ത ചര്‍ച്ചകള്‍ വളരെ പ്രതീക്ഷയേറിയതായിരുന്നു.
വിദഗ്ധരായ പ്രഫഷണലുകളുടെയും വിദ്യാര്‍ഥികളുടെയും നീക്കങ്ങളെക്കുറിച്ച് ഇന്ത്യയും കാനഡയും പരസ്പരം അംഗീകരിക്കുന്ന വിദ്യാഭ്യാസ യോഗ്യതകള്‍, ഇരട്ട ബിരുദങ്ങള്‍ എന്നിവ സംബന്ധിച്ചു ധാരണയിലുമായി. ഇവയ്ക്കൊന്നും ആനുകാലിക സംഭവ വികാസങ്ങള്‍ ആഘാതമേല്പ്പിക്കില്ലെന്നു വിശ്വസിക്കാം. തുടര്‍ചര്‍ച്ചകള്‍ക്കായി ഒക്ടോബറില്‍ ഒത്തുചേരാനിരിക്കെ ഇരു രാജ്യങ്ങളും ചര്‍ച്ചകളില്‍നിന്നു പിന്മാറിയിരിക്കുന്നത് ഒരു താത്കാലിക പ്രതിഷേധ പ്രതികരണത്തിനപ്പുറം മുഖവിലയ്ക്കെടുക്കേണ്ടതില്ല.
ഇന്ത്യയും കാനഡയും തമ്മില്‍ ഈ വര്‍ഷം അവസാനത്തോടെ വ്യാപാര സേവന ധാരണാപത്രം ഒപ്പിടാനായിരുന്നു നീക്കം. കാനഡ-ഇന്ത്യ സിഇഒ ഫോറം പുനരാരംഭിക്കുന്നതും അംഗീകരിച്ചിരുന്നു. കാനഡയിലെ മുന്‍നിര സര്‍വകലാശാലകളെ കാമ്പസുകള്‍ തുറക്കാന്‍ ഇന്ത്യ ക്ഷണിച്ചിരുന്നു. കാനഡയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 2021-22 ലെ 3.76 ബില്യന്‍ ഡോളറില്‍ നിന്ന് 3.77 ബില്യന്‍ ഡോളറായും ഉയര്‍ന്നു. ഇന്ത്യയുടെ ഭീകരവാദത്തിനെതിരേയുളള നിലപാടുകൾ വ്യാപാരബന്ധങ്ങള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ തടസമുണ്ടാക്കാൻ സാധ്യതയില്ല. 2010ലാണ് ഇന്ത്യയും കാനഡയും തമ്മില്‍ വ്യാപാരക്കരാറിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. ഒരു ഇടവേളയ്ക്കുശേഷം 2022ല്‍ വീണ്ടും പുനരാരംഭിച്ചു.
വിദ്യാഭ്യാസ, തൊഴില്‍ മേഖലകള്‍
വിദ്യാഭ്യാസ തൊഴില്‍ മേഖലയിലെ ഇന്ത്യയും കാനഡയും തമ്മിലുള്ള പങ്കാളിത്തത്തിന് ആനുകാലിക സംഭവവികാസങ്ങള്‍ ഒരുതരത്തിലും വെല്ലുവിളി ഉയരില്ലെന്ന് ഇരു രാജ്യങ്ങളും ഉറപ്പാക്കുന്നുണ്ട്. 200ലെറെ കനേഡിയന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി നല്ല ബന്ധങ്ങള്‍ ഇന്ത്യ വച്ചുപുലര്‍ത്തുന്നുണ്ട്. കനേഡിയന്‍ ബ്യൂറോ ഓഫ് ഇന്റര്‍നാഷണല്‍ എഡ്യുക്കേഷന്റെ കണക്കുപ്രകാരം 2021ല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കാനഡയുടെ ജിഡിപിയില്‍ സംഭാവന ചെയ്തത് 490 കോടി ഡോളറാണ്. അതിനാല്‍തന്നെ ആനുകാലിക സംഭവ വികാസങ്ങള്‍ കനേഡിയന്‍ വിദ്യാഭ്യാസ അവസരങ്ങളെ ബാധിക്കില്ലെന്നുറപ്പാണ്. സ്വന്തം സമ്പദ്ഘടന തകര്‍ക്കാന്‍ കനേഡിയന്‍ സര്‍ക്കാര്‍ തയാറാകുമോ? 3,19,000 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കാനഡയിലുണ്ടെന്നാണ് കണക്ക്.
കാനഡയിലെ തൊഴിലവസരങ്ങളിലും ഈ പ്രശ്നത്തിന്റെ പേരില്‍ ഇടിവുകളുണ്ടാകുമെന്ന് തത്കാലം പ്രതീക്ഷിക്കുന്നില്ല. ഇന്ത്യന്‍ വിപണിയില്‍ വന്‍ നിക്ഷേപമുള്ള കാനഡയ്ക്ക് പെട്ടെന്ന് ഖാലിസ്ഥാന്‍ ഭീകരവാദി വധിക്കപ്പെട്ടതിന്റെപേരില് ഒരു ദിവസംകൊണ്ട് കൈയും വീശി മടങ്ങാനാവില്ല. 4500 കോടി ഡോളറിന്റെ നിക്ഷേപമാണ് കാനഡയ്ക്ക് ഇന്ത്യയിലുള്ളത്. കാനഡയുടെ നാലാമത്തെ നിക്ഷേപരാജ്യവും ഇന്ത്യയാണ്. അതിനാല്‍ ഖാലിസ്ഥാന്‍ നടപടികളിലെ പ്രതികരണങ്ങളെയും പ്രതിഷേധങ്ങളെയും നയതന്ത്രത്തിന്റെ കണ്ണിലൂടെ മാത്രം കണ്ടാല്‍ മതിയാകും.
ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍