മോഹിപ്പിക്കാനൊരു വനിതാ ബിൽ
Wednesday, September 20, 2023 1:35 AM IST
ജോർജ് കള്ളിവയലിൽ
വനിതാ സംവരണ ബില്ലാണു തെരഞ്ഞെടുപ്പിനു മുന്പുള്ള ബിജെപിയുടെ പുതിയ സർജിക്കൽ സ്ട്രൈക്ക്. പുതിയ പാർലമെന്റിലെ ആദ്യ ബില്ലായി ഇന്നലെ അവതരിപ്പിച്ച ബിൽ നിയമമായാൽ ലോക്സഭയിലും കേരളവും ഡൽഹിയും അടക്കമുള്ള എല്ലാ സംസ്ഥാന നിയമസഭകളിലും 33 ശതമാനം സീറ്റുകൾ വനിതകൾക്കായിരിക്കും. ഇരുപത്തേഴു വർഷമായി രാഷ്ട്രീയക്കളി തുടരുന്ന വനിതാ സംവരണ ബിൽ പക്ഷേ 2024ലെ തെരഞ്ഞെടുപ്പിൽ നടപ്പാകില്ല! സെൻസസ് പൂർത്തീകരിച്ചു മണ്ഡല പുനർനിർണയം നടത്തിയ ശേഷം 2029ലെ തെരഞ്ഞെടുപ്പിലെങ്കിലും വനിതാ സംവരണം പ്രാബല്യത്തിലാകുമോയെന്നു തീർച്ചയില്ല.
അടുത്ത സെൻസസിനു സാധ്യത 2027ലാണ്. 2021ൽ നടക്കേണ്ടിയിരുന്ന സെൻസസ് കോവിഡിന്റെ പേരിൽ നടന്നില്ല. 2027ലെ സെൻസസ് പൂർത്തിയാക്കിയ ശേഷമേ മണ്ഡല പുനർനിർണയം നടക്കുകയുള്ളൂ. ഡീലിമിറ്റേഷൻ നിയമത്തിന് പ്രത്യേക ബില്ലും വിജ്ഞാപനവും ആവശ്യമാണ്. മണ്ഡലങ്ങളുടെ പുനർനിർണയം വേഗം സാധ്യമാക്കാൻ ഭരണഘനയുടെ അനുച്ഛേദം 82 ഭേദഗതി ചെയ്യേണ്ടതുണ്ട്. 2026ന് ശേഷമുള്ള ആദ്യ സെൻസസ് അടിസ്ഥാനമാക്കി ഡീലിമിറ്റേഷൻ പ്രക്രിയ നടത്താമെന്നാണ് 2002ൽ ഭേദഗതി ചെയ്ത ഭരണഘടനയുടെ അനുച്ഛേദം 82ലെ വ്യവസ്ഥ. മണ്ഡലങ്ങളുടെ അതിർത്തി പുനർ നിർണയത്തിന് കേരളം, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങൾക്കു പല വിയോജിപ്പുകളുമുണ്ട്.
ഫലത്തിൽ 2029ലെ പൊതുതെരഞ്ഞെടുപ്പിൽ മൂന്നിലൊന്നു വനിതാ സംവരണം നടപ്പാക്കുമെന്ന് ആർക്കും പൂർണമായ ഉറപ്പില്ല. പക്ഷേ, മൂന്നു പതിറ്റാണ്ടായി വിവിധ സർക്കാരുകൾ എറിഞ്ഞ വല നരേന്ദ്ര മോദി സർക്കാർ വീണ്ടും വീശിയെറിഞ്ഞെന്നു മനസിലാക്കാം. പഴയ കുപ്പിയിൽ പുതിയ വീഞ്ഞാണോ, പഴയ വീഞ്ഞ് പുതിയ കുപ്പിയിലാണോ കൊണ്ടുവന്നതെന്നതിൽ മാത്രമാകും സംശയം.
മൻമോഹന്റെ ബില്ലിനു സമാനം
ഭരണഘടനയുടെ 128-ാം ഭേദഗതിയായാണു പുതിയ വനിതാ സംവരണ ബിൽ-2023 ഇന്നലെ ലോക്സഭയിൽ അവതരിപ്പിച്ചത്. ബിൽ നിയമം ആയാൽ 2029ലെ ലോക്സഭയിൽ 181 വനിതാ എംപിമാർ ഉണ്ടാകും. ലോക്സഭയിലെ നിലവിലുള്ള 542 അംഗങ്ങളിൽ 78 പേരാണു വനിതകൾ.
രാജ്യസഭയിലെ 224ൽ 24 സ്ത്രീകൾ മാത്രമാണുള്ളത്. കേരളത്തിൽനിന്നുള്ള 20 എംപിമാരിൽ ആറു വനിതകളുണ്ടാകും. കേരള നിയമസഭയിലെ 140ൽ 46 വനിതാ എംഎൽഎമാർ ഉണ്ടാകും. ഓരോ മണ്ഡല പുനർനിർണയത്തിലും വനിതാ സംവരണ മണ്ഡലങ്ങൾ മാറുമെന്നും നിയമത്തിൽ വ്യവസ്ഥയുണ്ട്. പാർലമെന്റിലും നിയമസഭകളിലും വനിതാ പ്രാതിനിധ്യം കൂടുന്നതു സ്ത്രീശക്തീകരണത്തിന് വലിയ ഉത്തേജനമാകും.
ലോക്സഭയിലെയും നിയമസഭകളിലെയും 33 ശതമാനം വനിതാ സംവരണ സീറ്റുകളിൽ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളും ഉൾപ്പെടും. നിലവിലെ പട്ടികജാതി വർഗ സംവരണ സീറ്റുകളിൽ മൂന്നിലൊന്നു വനിതകൾക്കായി പ്രത്യേകം സംവരണം ചെയ്യുന്നതായി ബിൽ വ്യക്തമാക്കുന്നു. ഉപസംവരണം ആയാണ് എസ്സി, എസ്ടി സംവരണം നടപ്പാക്കുക.
2008ലും 2010ലും മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള കോണ്ഗ്രസ് സർക്കാർ അധികാരത്തിലിരുന്നപ്പോൾ തയാറാക്കിയ വനിതാ സംവരണ ബില്ലിനു സമാനമാണ് ഇന്നലെ മോദി സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ച ബിൽ. ആംഗ്ലോ-ഇന്ത്യൻ കമ്യൂണിറ്റിക്കുള്ള ക്വോട്ട കൊണ്ടുവരുന്നതിനുള്ള രണ്ടു ഭേദഗതികൾ മാത്രമാണു പുതിയ പതിപ്പിൽ ഒഴിവാക്കിയത്. മൻമോഹൻ സിംഗ് സർക്കാർ കൊണ്ടുവന്ന 108-ാം ഭരണഘടനാ ഭേദഗതി ബില്ലിൽ പട്ടികജാതി, വർഗ വിഭാങ്ങൾക്കും ആംഗ്ലോ-ഇന്ത്യൻ സമുദായത്തിനും ഉപസംവരണം ഉണ്ടായിരുന്നു. ആംഗ്ലോ ഇന്ത്യക്കാർക്കു ലോക്സഭയിൽ നൽകിയിരുന്ന രണ്ടു സീറ്റുകൾ മോദി സർക്കാർ അപ്പാടെ ഇല്ലാതാക്കി.
നാന്ദി കുറിച്ചത് രാജീവ് ഗാന്ധി
1989 മേയിൽ വനിതകൾക്കു 33 ശതമാനം സീറ്റുകൾ ആദ്യമായി സംവരണം ചെയ്യുന്നതിനുള്ള വിപ്ലവകരമായ തുടക്കമിട്ടത് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായുള്ള കോണ്ഗ്രസ് സർക്കാരാണ്. രാജ്യത്താകെ ത്രിതല പഞ്ചായത്തുകളിൽ മൂന്നിലൊന്നു സീറ്റുകൾ സംവരണം നൽകാനുള്ള ഭരണഘടനാ ഭേദഗതി ബിൽ രാജീവ് ഗാന്ധി അവതരിപ്പിച്ചതോടെയാണു വനിതാ സംവരണത്തിന് വിത്തു പാകിയത്. ലോക്സഭയിൽ അന്നു ബിൽ പാസാക്കി. എങ്കിലും 1989 സെപ്റ്റംബറിൽ രാജ്യസഭയിൽ ഇതേ വനിതാ ബിൽ പാസാക്കാനായില്ല.
പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള കോണ്ഗ്രസ് സർക്കാർ 1992ലും 1993ലും ബിൽ വീണ്ടും അവതരിപ്പിച്ചു. 72, 73 ഭരണഘടനാ ഭേദഗതി ആയാണു ബില്ലുകൾ വീണ്ടും അവതരിപ്പിച്ചത്. ഇതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മുനിസിപ്പാലിറ്റികളിലും എല്ലാ സീറ്റുകളുടെയും ചെയർപേഴ്സണ് സ്ഥാനങ്ങളുടെയും മൂന്നിലൊന്ന് (33%) സ്ത്രീകൾക്കായി സംവരണം ചെയ്തു. 1993ൽ ഈ ബില്ലുകൾ ലോക്സഭയിലും രാജ്യസഭയിലും പാസാക്കിയതോടെ രാജ്യത്തിന്റെ നിയമമായി മാറുകയും ചെയ്തു.
വനിതാ ശാക്തീകരണത്തിലെ ഏറ്റവും വിപ്ലവകരമായ ഈ നിയമത്തിലൂടെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലുമായി രാജ്യത്താകെ തെരഞ്ഞെടുക്കപ്പെട്ട 15 ലക്ഷത്തോളം വനിതാ പ്രതിനിധികൾ ഇപ്പോഴുണ്ട്. ത്രിതല പഞ്ചായത്തുകളിലെ വനിതാ സംവരണത്തിന്റെ തുടർച്ചയായാണു ലോക്സഭയിലും സംസ്ഥാന നിയമസഭകളിലുംകൂടി മൂന്നിലൊന്നു സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യാനുള്ള ബില്ലിനു നാന്ദിയായത്.
കൈയാങ്കളിവരെയെത്തി കളി
1996 സെപ്റ്റംബർ 12ന് എച്ച്.ഡി. ദേവഗൗഡയുടെ നേതൃത്വത്തിലുള്ള അന്നത്തെ ഐക്യമുന്നണി സർക്കാരാണ് ഉന്നത നിയമനിർമാണ സഭകളിൽ ആദ്യമായി 33 ശതമാനം വനിതാ സംവരണത്തിനുള്ള 81-ാം ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. മൂന്നു പതിറ്റാണ്ട് നീണ്ട സ്തംഭനത്തിനും ഭിന്നതകൾക്കും കൈയാങ്കളി വരെയെത്തിയ പോരാട്ടങ്ങൾക്കും ശേഷമാണു വനിതാ സംവരണ ബിൽ എന്ന തുറുപ്പുചീട്ടുമായി മോദി സർക്കാർ വീണ്ടുമെത്തിയത്. സമാജ്വാദി പാർട്ടി, ആർജെഡി അടക്കമുള്ള യുപി, ബിഹാർ പാർട്ടികളാണ് അന്ന് തുറന്ന് എതിർത്തത്.
തിങ്കളാഴ്ച തുടങ്ങിയ പഞ്ചദിന പ്രത്യേക പാർലമെന്റ് സമ്മേളനത്തിന്റെ അജൻഡ അതീവ രഹസ്യമാക്കി വച്ചതുതന്നെ ചിലതൊക്കെ തിടുക്കത്തിൽ അവതരിപ്പിച്ച് അദ്ഭുതപ്പെടുത്താനായിരുന്നുവെന്നു നേരത്തേതന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്നലെ ലോക്സഭ സമ്മേളിച്ച ശേഷം ബില്ലിന്റെ പകർപ്പ് ഡിജിറ്റലായി എംപിമാർക്കു പങ്കുവച്ചായിരുന്നു ബില്ലവതരണം. പുതിയ പാർലമെന്റിലെ ആദ്യ സമ്മേളനമെന്ന നിലയിൽ പ്രധാനമന്ത്രി മോദി നടത്തിയ പ്രസംഗത്തിന്റെ അവസാന ഭാഗത്തായിരുന്നു നാടകീയ പ്രഖ്യാപനം.
1996ൽ ലോക്സഭയിൽ അവതരിപ്പിച്ച ബില്ലിന് അംഗീകാരം ലഭിക്കാത്തതിനെത്തുടർന്ന് ഗീതാ മുഖർജി അധ്യക്ഷയായ സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനയ്ക്കു ബിൽ വിടുകയായിരുന്നു. 1996 ഡിസംബറിൽ മുഖർജി കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ചു. എന്നാൽ, ലോക്സഭ പിരിച്ചുവിട്ടതോടെ ബിൽ അസാധുവായി.
രണ്ടു വർഷത്തിനു ശേഷം, അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ 1998ൽ 12-ാം ലോക്സഭയിൽ വീണ്ടും വനിതാ സംവരണ ബിൽ അവതരിപ്പിച്ചു. വാജ്പേയി സർക്കാരിന്റെ കാലത്തും വനിതാ ബില്ലിനു പിന്തുണ ലഭിക്കാതെ വീണ്ടും കാലഹരണപ്പെട്ടു. പിന്നീട് 1999, 2002, 2003 വർഷങ്ങളിൽ വാജ്പേയി സർക്കാരിന്റെ കീഴിൽ ബിൽ വീണ്ടും വീണ്ടും അവതരിപ്പിച്ചെങ്കിലും എതിർപ്പിനെ തുടർന്നു വിജയിച്ചില്ല. പഴയ എതിർപ്പ് ഇപ്പോഴില്ലെന്നും വനിതാ സംവരണ ബില്ലിന് അനുകൂലമാണെന്നും എസ്പി എംപി ജയ ബച്ചൻ ഇന്നലെ ദീപികയോടു വ്യക്തമാക്കി.
2010ൽ എതിർക്കാൻ ഒരാൾ
അഞ്ചു വർഷത്തിന് ശേഷം, മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് സോണിയാ ഗാന്ധിയുടെ താത്പര്യത്തിൽ വനിതാ ബില്ലിനു വീണ്ടും പ്രാമുഖ്യം കിട്ടി. 2004ലെ യുപിഎ സർക്കാരിന്റെ പൊതുമിനിമം പരിപാടിയിൽ വനിതാ സംവരണ ബിൽ ഉൾപ്പെടുത്തി. 2008 മേയ് ആറിനാണ് ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചത്. ലോക്സഭയുടെ കാലാവധി തീരുന്പോൾ വനിതാ ബിൽ വീണ്ടും കാലഹരണപ്പെടാതിരിക്കാനായിരുന്നു അന്നു ബിൽ രാജ്യസഭയിൽ കൊണ്ടുവന്നത്.
1996ലെ ഗീതാ മുഖർജി കമ്മിറ്റി നൽകിയ ഏഴു ശിപാർശകളിൽ അഞ്ചെണ്ണം 2008ലെ ബില്ലിന്റെ പതിപ്പിൽ ഉൾപ്പെടുത്തി. ഇതേ വർഷം മെയ് ഒന്പതിന് ബിൽ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് അയച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ റിപ്പോർട്ട് 2009 ഡിസംബർ 17ന് അവതരിപ്പിച്ചു. ഇതനുസരിച്ചുള്ള ഭേദഗതികളോടെ 2010 ഫെബ്രുവരിയിൽ കേന്ദ്രമന്ത്രിസഭ ബിൽ അംഗീകരിച്ചു.
ഭരണ, പ്രതിപക്ഷ പാർട്ടികളുമായി നടത്തിയ ചർച്ചകളിലൂടെ സമവായം ഉണ്ടാക്കിയിരുന്നതിനാൽ 2010 മാർച്ച് ഒന്പതിന് വനിതാ സംവരണ ബിൽ രാജ്യസഭ പാസാക്കി. ഒന്നിനെതിരേ 186 വോട്ടുകളുടെ വൻഭൂരിപക്ഷത്തിനാണ് ആദ്യമായി വനിതാ ബിൽ പാർലമെന്റിലെ ഉപരിസഭയിൽ പാസായത്. രാജ്യസഭയിൽ പാസാക്കിയ ബിൽ പക്ഷേ ലോക്സഭയുടെ പരിഗണനയ്ക്കെടുത്തില്ല. 2014ലെ തെരഞ്ഞെടുപ്പിനെ തുടർന്നു പഴയ ലോക്സഭയുടെ കാലാവധി അവസാനിക്കുകയും ചെയ്തു.
കീഴ്മേൽ മറിയുന്ന കീഴ്വഴക്കങ്ങൾ!
രാജ്യസഭയുടെ കാലാവധി ഇടയ്ക്ക് അവസാനിക്കാത്തതിനാൽ അവിടെയുള്ള ബില്ലുകൾ കാലഹരണപ്പെടില്ലെന്നതാണു ചട്ടം. രാജ്യസഭയിൽ അവതരിപ്പിച്ചതും പാസാക്കിയതുമായ ബില്ലുകൾ കാലഹരണപ്പെടുന്നില്ല. അതിനാൽ 2010ൽ പാസാക്കിയ വനിതാ സംവരണ ബിൽ ഇപ്പോഴും സജീവമാണ്! എന്നാൽ, ബിൽ ലോക്സഭയുടെ പരിഗണനയ്ക്കെത്തിയതിനാൽ അവിടെ പാസാകാതെ ബിൽ കാലഹരണപ്പെട്ടുവെന്ന വിചിത്ര ന്യായമാണ് ഇന്നലെ ലോക്സഭയിൽ പുതിയ വനിതാ ബിൽ അവതരിപ്പിച്ച കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ പറഞ്ഞത്. രാജ്യസഭയിൽ പാസാക്കിയ ബിൽ പിൻവലിക്കാതെ പുതിയ ബിൽ അവതരിപ്പിച്ച ചരിത്രം മുന്പുണ്ടായിട്ടില്ലെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടി. പാർലമെന്ററി ചട്ടങ്ങൾപോലും തലകുത്തി മറിയുന്ന പുതിയകാലത്ത് ഇനിയും പലതും പ്രതീക്ഷിക്കാം.
വനിതാ സംവരണ ബിൽ
ഭരണഘടനയുടെ 128-ാം ഭേദഗതി ബിൽ, 2023. ഭരണഘടനയിൽ മൂന്നു പുതിയ അനുച്ഛേദങ്ങളും ഒരു പുതിയ ക്ലോസും ബില്ലിലുണ്ട്. മണ്ഡല പുനർനിർണയത്തിനുശേഷമേ നടപ്പാകൂ എന്നത് പ്രത്യേകമായി പുതിയ ബില്ലിൽ ചേർക്കപ്പെട്ടിട്ടുണ്ട്.
1. 239 എഎയിലെ പുതിയ വ്യവസ്ഥ:
ഡൽഹി നിയമസഭയിൽ സ്ത്രീകൾക്കായി സീറ്റുകൾ സംവരണം ചെയ്യണം, പട്ടികജാതി വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളുടെ മൂന്നിലൊന്നു സ്ത്രീകൾക്ക് സംവരണം ചെയ്യണം. പാർലമെന്റ് നിശ്ചയിക്കുന്ന നിയമം വഴി നേരിട്ടുള്ള തെരഞ്ഞെടുപ്പിലൂടെ നികത്തേണ്ട മൊത്തം സീറ്റുകളുടെ മൂന്നിലൊന്നായിരിക്കും സ്ത്രീകൾക്കായി സംവരണം ചെയ്യുക.
2. പുതിയ അനുച്ഛേദം - 330 എ:
ലോക്സഭയിലെ സ്ത്രീകൾക്കുള്ള സംവരണം - പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകളുടെ 1/3 ഭാഗം സ്ത്രീകൾക്കായി സംവരണം ചെയ്യും.
ലോക്സഭയിലേക്ക് നേരിട്ടുള്ള തെരഞ്ഞെടുപ്പിലൂടെ നികത്തപ്പെടുന്ന മൊത്തം സീറ്റിന്റെ മൂന്നിലൊന്നു ഭാഗം സ്ത്രീകൾക്കു സംവരണം ചെയ്യും.
3. പുതിയ അനുച്ഛേദം - 332 എ:
എല്ലാ സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്കു സംവരണം ചെയ്ത സീറ്റുകൾ, എസ്സി, എസ്ടികൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളുടെ 1/3 ഭാഗം സ്ത്രീകൾക്കായി സംവരണം ചെയ്യും. നേരിട്ടുള്ള തെരഞ്ഞെടുപ്പിലൂടെയുള്ള മൊത്തം സീറ്റിന്റെ 1/3 ഭാഗം സ്ത്രീകൾക്കായി സംവരണം ചെയ്തിരിക്കുന്നു.
4. പുതിയ അനുച്ഛേദം- 334 എ:
ആദ്യ സെൻസസിന്റെ പ്രസക്തമായ കണക്കുകൾ പ്രസിദ്ധീകരിച്ചതിനു ശേഷം ഡീലിമിറ്റേഷൻ നടപ്പാക്കിയ ശേഷം സംവരണം പ്രാബല്യത്തിൽ വരും. തുടർന്നുള്ള ഓരോ ഡീലിമിറ്റേഷനും ശേഷവും സ്ത്രീകൾക്കുള്ള സീറ്റുകളുടെ റൊട്ടേഷൻ പ്രാബല്യത്തിൽ വരും.