അവയവദാനം അന്തസും ആശങ്കകളും
Monday, September 18, 2023 1:19 AM IST
അവയവദാനം, അവയവ കച്ചവടം, അവയവമാറ്റ ശസ്ത്രക്രിയ തുടങ്ങിയ കാര്യങ്ങൾ അടുത്തകാലത്തായി ഏറെ ചർച്ചചെയ്യപ്പെടുകയും വിവാദങ്ങൾക്കു കാരണമാകുകയും ചെയ്ത വിഷയങ്ങളാണ്.
ബന്ധുക്കൾക്കും ഒരു പരിചയവുമില്ലാത്തവർക്കുപോലും അവയവങ്ങൾ ദാനം ചെയ്ത് രോഗാവസ്ഥയിലും മരണാവസ്ഥയിലും കഴിഞ്ഞിരുന്നവരെ രക്ഷിക്കാൻ തയാറായ ധാരാളം ആളുകൾ വലിയ പ്രചോദനവും നന്മയും പരസ്പരസ്നേഹവും പരത്തിയ നിരവധി സംഭവങ്ങൾ മാനവികതയുടെ വലിയ സന്ദേശങ്ങളായി. അതുപോലെ മരണം സ്ഥിരീകരിക്കാതെ അവയവം എടുക്കുന്നതിനുവേണ്ടി മസ്തിഷ്ക മരണം കൃത്രിമമായി സാധ്യമാക്കി അവയവക്കച്ചവടത്തിനു സാഹചര്യമൊരുക്കിയെന്ന പഴി കേൾക്കേണ്ടിവന്ന സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളുടെ വാർത്തകളും അടുത്തകാലത്തു നാം കേട്ടു. കിഡ്നിയും കരളും പോലെയുള്ള അവയവങ്ങൾ തകരാറിലായ ആളുകൾക്ക് അവയവമാറ്റ ശസ്ത്രക്രിയ നടത്താനായി ഒരു പ്രദേശത്തെ ആളുകൾ ഒരു മനസോടെ ഒരുമിച്ചുകൂടി ലക്ഷങ്ങൾ പിരിച്ച് അവരെ രക്ഷിക്കാൻ പരിശ്രമിക്കുന്ന സംഭവങ്ങളും ധാരാളമുണ്ട്. ഇതുമായെല്ലാം ബന്ധപ്പെട്ട ചില ചോദ്യങ്ങളും ആശങ്കകളും ഉയർന്നു വരുന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.
ഒരു അവയവ ദാതാവിന് തന്റെ ശരീരത്തിലെ ഏത് അവയവവും ദാനം ചെയ്യാൻ സാധിക്കുമോ? ദാതാവിന്റെ തന്നെ ജീവന് ഹാനി വരുത്തുകയും സ്വീകർത്താവിന് ശസ്ത്രക്രിയയ്ക്കു ശേഷവും കൂടുതൽ ചെലവും ഭാരവും വരുത്തുകയും ചെയ്യുന്ന അവയവദാനം പ്രോത്സാഹിപ്പിക്കേണ്ടതുണ്ടോ? മസ്തിഷ്ക മരണം സ്ഥിരീകരിച്ച് അവയവമാറ്റം നടത്തുന്നത് എത്രമാത്രം വിശ്വസനീയവും ശാസ്ത്രീയവുമാണ്? അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി ലക്ഷങ്ങൾ ജനങ്ങൾ പിരിച്ചെടുക്കുന്പോൾ ആശുപത്രികൾക്ക് കൊള്ള നടത്താനുള്ള അവസരമാക്കി ഈ പ്രവണതയെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ? ചോദ്യങ്ങൾക്ക് യാതൊരു പഞ്ഞവുമില്ല. എന്നാൽ ഉത്തരങ്ങൾ വളരെ സങ്കീർണവുമാണ്.
പ്രധാനപ്പെട്ട സാഹചര്യങ്ങൾ
പ്രധാനമായും മൂന്നു സാഹചര്യങ്ങളിലാണ് അവയവം സ്വീകരിക്കാവുന്നത്. ഒന്നാമതായി, ജീവനുള്ള ഒരു ദാതാവിൽനിന്ന് ദാതാവിന്റെയും സ്വീകർത്താവിന്റെയും പൂർണസമ്മതത്തോടെയും ദാതാവിന്റെ ജീവന് ഹാനികരമാകില്ലെന്ന് ഉറപ്പുള്ള അവസ്ഥയിലും അവയവം ദാനം ചെയ്യാവുന്നതും സ്വീകരിക്കാവുന്നതുമാണ്. സാധാരണയായി ഒരു വൃക്കയോ പാൻക്രിയാസിന്റെയോ കരളിന്റെയോ ഒരു ഭാഗമോ ആണ് ഇത്തരത്തിൽ ജീവിച്ചിരിക്കുന്പോൾ ദാനം ചെയ്യുന്നത്.
രണ്ടാമതായി, മരണശേഷം പ്രത്യേകിച്ച് സാധാരണമായ രീതിയിലുള്ള മരണ സ്ഥിരീകരണത്തിനുശേഷം, മൃതശരീരത്തിൽ നിന്നും മജ്ജ, കോർണിയ, ഹൃദയത്തിന്റെ വാൽവുകൾ, ചർമ്മം തുടങ്ങിയ അവയവങ്ങൾ സ്വീകരിക്കാവുന്നതാണ്. മരണശേഷമുള്ള അവയവദാനം വളരെ മഹത്തായതും ഔദാര്യവുമായ ഒരു പുണ്യകർമ്മമാണെന്ന് എല്ലാക്കാലത്തും എല്ലാവരാലും അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. മൃതശരീരത്തോട് കാണിക്കേണ്ട ആദരവും അന്തസും കളയാതെ മാത്രമേ ഈ കർമം നടത്താവൂ എന്നതാണ് പൊതുവെ അംഗീകരിച്ചിരിക്കുന്ന വസ്തുത.
മൂന്നാമതായി, മസ്തിഷ്ക മരണം സംഭവിച്ച ഒരാളിൽനിന്ന് അവയവം സ്വീകരിക്കുന്നതാണ്. വിവാദപരവും പലതരത്തിലുള്ള ദുരുപയോഗ സാധ്യതയുള്ളതുമായ ഒരു മേഖലയാണ് മസ്തിഷ്കമരണത്തെ തുടർന്നുള്ള അവയവസ്വീകരണം. മസ്തിഷ്കത്തിന്റെ എല്ലാ പ്രധാനഭാഗത്തിന്റെയും (cerebrum, cerebellum, brain stem) പ്രവർത്തനം തിരിച്ചെടുക്കാനാവാത്ത വിധത്തിൽ പൂർണമായും നഷ്ടപ്പെടുന്ന അവസ്ഥയെയാണ് മസ്തിഷ്ക മരണം എന്നു പറയുന്നത്. ചില അവയവങ്ങൾ പ്രവർത്തിക്കുമെങ്കിലും ഒരു മനുഷ്യശരീരത്തിന്റെ സമഗ്രതയിലുള്ള പ്രവർത്തനം നഷ്ടപ്പെടും എന്നതാണ് മസ്തിഷ്ക മരണത്തിൽ സംഭവിക്കുന്നത്.
മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിന്റെ മാനദണ്ഡത്തിൽ ഇപ്പോഴും വൈദ്യശാസ്ത്രജ്ഞന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടെന്നുള്ളതും ഒരു വസ്തുതയാണ്. കത്തോലിക്കാ വിശ്വാസമനുസരിച്ച് മരണം എന്നത് ആത്മാവും ശരീരവും തമ്മിലുള്ള വേർപാടാണ്. വൈദ്യശാസ്ത്രത്തിൽ മരണം സ്ഥിരീകരിക്കാനുള്ള മാനദണ്ഡം നിശ്ചയിക്കേണ്ടതും തർക്കമെന്യേ അതു തെളിയിക്കേണ്ടതും വൈദ്യശാസ്ത്രം തന്നെയാണ്. മരണം യഥാർഥത്തിൽ ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെട്ടാൽ മസ്തിഷ്ക മരണമാണെങ്കിലും അതംഗീകരിക്കുന്നതാണ് സഭയുടെ നിലപാട്. അവയവദാനം മഹത്തരമാണെങ്കിലും അതിനു സ്വീകരിക്കുന്ന മാർഗം ധാർമികവും ദാതാവിന്റെയും സ്വീകർത്താവിന്റെയും ജീവനെ ആദരിക്കുന്നതും സംരക്ഷിക്കുന്നതുമായിരിക്കണം എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
ജീവിച്ചിരിക്കുന്പോഴുള്ള അവയവദാനം
അവയവമാറ്റത്തിന് ഇന്ത്യയിൽ 1994ലെ നിയമമനുസരിച്ച് ജീവിച്ചിരിക്കുന്നവരിൽനിന്നും മരിച്ചവരിൽനിന്നും അവയവം സ്വീകരിക്കാവുന്നതാണ്. മരിച്ചവരിൽനിന്ന് എടുക്കുന്ന അവയവം സ്വീകർത്താവിൽ എത്രയും പെട്ടെന്ന് മാറ്റിവയ്ക്കേണ്ടതുള്ളതിനാൽ “ഗ്രീൻ കോറിഡോർ’ പോലെ ആംബുലൻസുകൾക്ക് മാർഗതടസം ഒഴിവാക്കി ലക്ഷ്യസ്ഥാനത്ത് എത്താനുള്ള സംവിധാനവും ഇന്ത്യയിലുണ്ട്. മരിച്ചവരിൽനിന്ന് എന്നതിനെക്കാൾ ജീവിച്ചിരിക്കുന്നവരിൽനിന്നുള്ള അവയവദാനമാണ് ഇന്ത്യയിൽ കൂടുതലുള്ളത്. അവയവം ആവശ്യമുള്ള രോഗികൾക്ക് അവയവം മാറ്റിവയ്ക്കുകയല്ലാതെ ജീവൻ രക്ഷിക്കാൻ മറ്റൊരു മാർഗവുമില്ലാത്തതിനാൽ അവയവം ലഭിക്കാൻ ഏതു മാർഗവും സ്വീകരിക്കാൻ സ്വാഭാവികമായും ശ്രമം നടത്തും. അവയവം ലഭിക്കേണ്ടതിന്റെ ആവശ്യകത വളരെയധികം ഉയർന്നതിന്റെ ഫലമായാണ് അവയവകച്ചവടവും റാക്കറ്റുകളും വർധിച്ചത്.
2008ൽ കുപ്രസിദ്ധമായ ഗുർഗവോൻ കിഡ്നി റാക്കറ്റിന്റെ കോടികളുടെ അവയവകച്ചവടം പുറത്തുവന്നതിനുശേഷമാണ് ഇന്ത്യയിലെ അവയവമാറ്റനിയമം 2009ൽ കൂടുതൽ കർക്കശമാക്കിയത്. നോയിഡയിലെയും മീററ്റിലെയും ആശുപത്രികളിലെ ഡോക്ടർമാരുടെയും മറ്റാളുകളുടെയും സഹായത്തോടെയാണ് നൂറുക്കണക്കിന് പാവപ്പെട്ട ആളുകളിൽ നിന്നും നിസ്സാരവിലയ്ക്കു കിഡ്നി വാങ്ങി വിദേശത്തും സ്വദേശത്തുമുള്ള ആളുകൾക്കായി കോടികളുടെ അവയവക്കച്ചവടം ഈ റാക്കറ്റുകൾ നടത്തിയത്. ആശുപത്രികൾ കേന്ദ്രീകരിച്ചുള്ള അവയവമാറ്റത്തിലെ തട്ടിപ്പുകൾ അവസാനിച്ചിട്ടില്ല എന്നു തന്നെയാണ് വീണ്ടും വീണ്ടും ഉയർന്നുവരുന്ന ആരോപണങ്ങൾ സൂചിപ്പിക്കുന്നത്.
ജീവിച്ചിരിക്കുന്പോൾ മാനവികതയുടെയും പരസ്പരസ്നേഹത്തിന്റെയും ഔദാര്യപൂർവമായ ത്യാഗത്തിന്റെയും പേരിൽ ബന്ധുക്കൾക്കോ യാതൊരു പരിചയമില്ലാത്തവർക്കോവേണ്ടി അവയവദാനം നടത്തുന്നത് വളരെ ഹൃദ്യമായ ഒരു സത്കർമ്മമാണ്. അവശരായ, പാവപ്പെട്ടവരായ, അവയവമാറ്റമല്ലാതെ മറ്റൊരു രീതിയിലും ജീവൻ രക്ഷിക്കാൻ മാർഗമില്ലാത്തവർക്കുവേണ്ടി അവയവം നൽകാനും ചികിത്സാ ചെലവിനായി ലക്ഷങ്ങൾ ആളുകൾ പിരിവെടുത്ത് പണം സമാഹരിക്കാനും നല്ലവരായ മനുഷ്യർ തയാറാകുന്നത് രാഷ്ട്രീയവൈരത്തിന്റെയും വർഗീയ വിദ്വേഷത്തിന്റെയും നടുവിലും മനുഷ്യത്വം മരവിച്ചിട്ടില്ലെന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന സംഭവങ്ങളാണ്. അതേസമയം ഇത്തരം അവസരത്തെ കൊള്ള നടത്താനുള്ള അവസരമായി ചില ആശുപത്രികളെങ്കിലും ദുരുപയോഗപ്പെടുത്തുന്നു എന്നുള്ളത് സങ്കടകരമായ വസ്തുതയാണ്.
സാധാരണ ചികിത്സയും അസാധാരണ ചികിത്സയും
കത്തോലിക്കാ സഭയുടെ പഠനമനുസരിച്ച് ഒരു ചികിത്സ സാധാരണമാണോ അസാധാരണമാണോ എന്നു നിശ്ചയിക്കുന്നത് ഓരോ രോഗിയുടെയും സാഹചര്യവും അവസ്ഥയും പരിഗണിച്ചാണ്. രോഗിക്ക് ഒരു തരത്തിലുള്ള അഭിവൃദ്ധിയും വൈദ്യശാസ്ത്രപരമായ ചികിത്സകൊണ്ട് ലഭിക്കാതിരിക്കുകയും രോഗിക്കും കുടുംബത്തിനും സാന്പത്തികമായും ആരോഗ്യപരമായും കൂടുതൽ ഭാരവും ബുദ്ധിമുട്ടും ഉണ്ടാവുകയും ചെയ്താൽ അത്തരം ചികിത്സകളെയാണ് അസാധാരണ ചികിത്സകൾ എന്നു വിളിക്കാവുന്നത്. രോഗിക്ക് കൂടുതൽ പ്രയോജനമാണോ പ്രയാസമാണോ ചികിത്സാനന്തരം ഉണ്ടാകുന്നത് എന്നതാണ് പ്രധാന മാനദണ്ഡം.
പലപ്പോഴും രോഗിക്ക് വലിയ പ്രയോജനമൊന്നുമില്ല എന്നു തിരിച്ചറിഞ്ഞിട്ടും സാന്പത്തിക ലാഭം മാത്രം ലക്ഷ്യംവച്ചുകൊണ്ട് അസാധാരണ ചികിത്സകൾക്ക് ചില ആശുപത്രികളെങ്കിലും മുൻകൈയെടുക്കാറുണ്ട്.
മരണം ഉറപ്പായ സാഹചര്യത്തിൽപോലും ലോകത്തിൽ ലഭ്യമായ സർവ യന്ത്രങ്ങളും ഉപയോഗിച്ച് കൃത്രിമമായി ശ്വാസോച്ഛ്വാസത്തെയോ ഹൃദയത്തിന്റെ പ്രവർത്തനത്തെയോ അനാവശ്യമായി വലിച്ചു നീട്ടിയല്ല ആ ജീവനോടുള്ള സ്നേഹം പ്രകടിപ്പിക്കേണ്ടത്. മരണം സുനിശ്ചിതമായ ഒരു രോഗിയെ അനാവശ്യമായ ചികിത്സയിലൂടെ ഭാരപ്പെടുത്താതെ അന്തസായി മരിക്കാൻ അനുവദിക്കുന്നതും കുടുംബത്തോടൊപ്പം അവസാന നിമിഷങ്ങൾ ചെലവഴിക്കാൻ അനുവദിക്കുന്നതും നമ്മുടെ നാട്ടിൽ ഇനിയും ഉണ്ടാകേണ്ട ഒരു സംസ്കാരമാണ്. അനാവശ്യവും അസാധാരണവുമായ ചികിത്സകൾ ഒഴിവാക്കുന്നത് ഒരിക്കലും രോഗിയെ മരണത്തിലേക്ക് മനഃപൂർവം തള്ളിവിടുന്നതിനല്ല മറിച്ച് മരണാസന്നനായ ഒരു രോഗിയുടെ സ്വാഭാവികവും സുനിശ്ചിതവുമായ മരണത്തെ അംഗീകരിച്ച് സമാധാനത്തോടെ മരിക്കാൻ അനുവദിക്കുന്നതിനാണ്.
യാതൊരു ചികിത്സയും പ്രയോജനപ്പെടാത്തരീതിയിൽ മരണാസന്നരായ രോഗികൾക്കും വാർധക്യം മൂലം മരണാസന്നരായ വ്യക്തികൾക്കും തുടർന്നു വേണ്ടത് വിലകൂടിയ അനാവശ്യ ചികിത്സകളോ മുന്തിയ ആശുപത്രികളിലെ അന്തരീക്ഷമോ അല്ല മറിച്ച് ബന്ധുക്കളുടെയും
സ്നേഹമുള്ളവരുടെയും സാന്നിധ്യവും ശുശ്രൂഷയും സാന്ത്വന പരിചരണവുമാണ്. മരണം എന്നത് ജീവിതത്തിന്റെ ഏറ്റവും ഉറപ്പുള്ള സത്യമാണ്.
സ്വാഭാവിക മരണത്തെ സ്വീകരിക്കുന്നതും അനുവദിക്കുന്നതും ജീവനെ നിഷേധിക്കലല്ല, മനുഷ്യജീവന്റെ അവസ്ഥയെ അംഗീകരിക്കലാണ്. മരിക്കുമെന്നുറപ്പുണ്ടായിട്ടും ഭീമമായ പണം ചെലവഴിച്ച് അവയവമാറ്റ ശസ്ത്രക്രിയയുൾപ്പെടെയുള്ള അസാധാരണ ചികിത്സകൾ നടത്തി ഏതാനും ദിവസങ്ങൾക്കുശേഷം രോഗി മരണപ്പെടുകയും ചികിത്സയ്ക്കുവേണ്ടി കിടപ്പാടമുൾപ്പെടെ സർവതും വിറ്റതിന്റെ ഫലമായി വഴിയാധാരമായ എത്രയോ കുടുംബങ്ങളാണ് നമ്മുടെ സമൂഹത്തിലുള്ളത്.
ഔദാര്യം അവിവേകമാകാതെയും നോക്കണം
2003ലെ ലോകരോഗീദിനത്തിൽ ജോണ് പോൾ രണ്ടാമൻ മാർപാപ്പ ഓർമിപ്പിച്ചത്: “ഒരു മനുഷ്യനെ രക്ഷിക്കാൻ മറ്റൊരു മനുഷ്യന്റെ ജീവൻ നശിപ്പിക്കുന്നത് എപ്പോഴും അധാർമികമാണെന്നാണ്’’. അതുപോലെ കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം പഠിപ്പിക്കുന്നത് അവയവദാതാവിനുണ്ടാകുന്ന ശാരീരികവും മാനസികവുമായ നഷ്ടവും അപകട സാധ്യതകളും സ്വീകർത്താവ് ആഗ്രഹിക്കുന്ന നന്മയും ആനുപാതികമെങ്കിൽ മാത്രമാണ് അവയവദാനം ധാർമികവും പ്രശംസാർഹവുമാകുന്നത് ”(CCC 2296) എന്നാണ്.
ഇതു രണ്ടും കൂട്ടിവായിച്ചാൽ വളരെ ഔദാര്യത്തോടെയും പരസ്പര സ്നേഹത്തെപ്രതിയും ചെയ്യുന്ന അവയവദാനം വളരെയധികം ജാഗ്രതയോടെ വേണമെന്ന കാര്യം മനസിലാകും. അവയവം ദാനം ചെയ്തതിനുശേഷം ദാതാവിന്റെ ആരോഗ്യവും ജീവനും അപകടത്തിലായ പല സംഭവങ്ങൾ ഉള്ളതിനാൽ രോഗിയുടെ ജീവനും ആരോഗ്യവും ഉറപ്പുവരുത്തുന്നതോടൊപ്പം ദാതാവിന്റെ ആരോഗ്യവും സാഹചര്യവും പരിഗണിച്ചുമാണ് ഇത്തരം ചികിത്സകൾ നടത്തുന്നതെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. അവയവദാനം എന്ന മഹത്തായ കർമം ധാർമികവും നന്മയുള്ളതുമാകുന്നത് അവയവം സ്വീകരിക്കുന്ന മാർഗം ധാർമികമാണ് എന്ന് ഉറപ്പു വരുത്തുന്പോഴും അതു സ്വീകരിക്കുന്ന വ്യക്തിയുടെ ആരോഗ്യത്തോടൊപ്പം ജീവനുള്ള ദാതാവിൽ നിന്നാണെങ്കിൽ അയാളുടെ ആരോഗ്യവും ജീവനും ഹാനി സംഭവിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുന്പോഴുമാണ്.
ഡോ. ടോം കൈനിക്കര
(കുടുംബ-വിവാഹ ദൈവശാസ്ത്ര ഗവേഷണ പഠന കേന്ദ്രമായ ചങ്ങനാശേരി കാനാ ജോണ് പോൾ രണ്ടാമൻ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വൈസ് പ്രസിഡന്റാണ് ലേഖകൻ)