സമാധാനത്തിനായി കേഴുന്ന മണിപ്പുർ ജനത
Saturday, September 16, 2023 11:12 PM IST
റൂബെൻ കിക്കോണ്, ഇംഫാൽ
ആഭ്യന്തരയുദ്ധത്തിലേക്കു വഴുതിവീഴുകയാണ് മണിപ്പുർ. മേയ് മൂന്നിനു തുടങ്ങിയ കലാപം അഞ്ചു മാസത്തിലെത്തിയിട്ടും കൊലയും കൊള്ളിവയ്പും ഇപ്പോഴും നിർബാധം തുടരുന്നു. എരിതീയിലെണ്ണയൊഴിക്കുകയല്ലാതെ, പ്രശ്നങ്ങൾ പറഞ്ഞൊതുക്കി, അകലുന്ന ഹൃദയങ്ങളെയും പ്രദേശങ്ങളെയും സമാധാനത്തിലേക്കെത്തിക്കാൻ ഡൽഹിയിലെ ഭരണാധികാരികളോ മണിപ്പുരിലെ അധികാരം കൈയാളുന്ന നേതാക്കളോ ഒട്ടുംതന്നെ ശ്രമിക്കുന്നില്ല. യുക്രെയ്ൻ-റഷ്യ യുദ്ധമടക്കമുള്ള അന്താരാഷ്ട്ര പ്രശ്നങ്ങൾ പരിഹരിക്കുന്ന പരിശ്രമത്തിലാണ് ഡൽഹിയിലെ ഭരണാധികാരികളെങ്കിൽ മലയോരനിവാസികളെ പൂർണമായി തഴഞ്ഞ് താഴ്വരയിലെ മെയ്തെയ്കൾക്ക് അഴിഞ്ഞാടാൻ അവസരമൊരുക്കുകയാണ് ബിരേൻ സിംഗിന്റെ നേതൃത്വത്തിലുള്ള മണിപ്പുർ ഭരണം.
ആക്രമണങ്ങൾക്കും കലാപത്തിനും കൂട്ടുനിൽക്കുന്ന മുഖ്യമന്ത്രിയുടെ രാജിയല്ലാതെ പരിഹാരമാർഗമില്ലെന്നാണ് കുക്കി-ചിൻ-സോമി വിഭാഗങ്ങൾ വ്യക്തമാക്കുന്നത്. മാത്രവുമല്ല ഇത്രയും കാലം മലനിരവാസികളെ അവഗണിച്ച് താഴ്വര പ്രധാനമായി ഭരിക്കുന്ന മെയ്തേയ് ഭരണസിരാകേന്ദ്രത്തെ തള്ളിപ്പറഞ്ഞ് മലയോര നിവാസികൾക്കായി പുതിയ ഭരണവും അതിനു മുന്നോടിയായി ചീഫ് സെക്രട്ടറിയും ഡിജിപിയും വേണമെന്നും കുക്കി-ചിൻ-സോമി വിഭാഗങ്ങൾ വാദിക്കുന്നു. ഇതിനിടയിൽ നാഗാലിം എന്ന വിപുല നാഗാലാൻഡിനുവേണ്ടി ശ്രമിക്കുന്ന എൻഎസ്സിഎൻ എന്ന മുയ്വാ നേതൃത്വത്തിലുള്ള താങ്കൂൾ വിഭാഗം നാഗന്മാരുടെ മെയ്തെയ്കളോടുള്ള സഹാനുഭൂതിയും മണിപ്പുരിലെ നാഗന്മാർ യഥാർഥ നാഗന്മാരല്ല എന്ന നാഗാലാൻഡിലെ നാഗന്മാരുടെ പ്രഖ്യാപനവും മണിപ്പുർ സംഘർഷത്തെ കലുഷിതമാക്കുന്നു.
ഇതിനിടയിൽ താങ്കൂൾ വിഭാഗത്തിൽപ്പെട്ട എൻഎസ്സിഎൻ നാഗാ ഒളിപ്പോരാളികൾ സെലിയാൻ റോങ് എന്ന വിളിപ്പേരിലുള്ള സെമെ, ലിയാൻഗ്മൈ, റോങ്മൈ എന്നീ നാഗാ വിഭാഗങ്ങളിലുള്ളവരുമായി ഏറ്റുമുട്ടി ആരാണ് ശക്തർ എന്നു വെളിവാക്കാനുള്ള ശ്രമത്തിലാണ്. രണ്ടു മാസം മുന്പ് താങ്കൂൾ ഒളിപ്പോരാളികൾ സെലിയാൻ റോങിലെ ഒരാളെ കൊല്ലുകയും ഒരാളെ പിടിച്ചുകൊണ്ടു പോവുകയും ചെയ്തപ്പോൾ സെലിയാൻ റോങ് രണ്ട് താങ്കൂൾ ഒളിപ്പോരാളികളെ കൊല്ലുകയും നാലു പേരെ പിടിച്ചുകൊണ്ടു പോവുകയും പരസ്പരം ഭീഷണിപ്പെടുത്തുകയും ചെയ്തു.
മാവോ, പൂമെയ് തുടങ്ങിയ നാഗാ വിഭാഗങ്ങൾ 1993ൽ കുക്കികളുമായുണ്ടായ കലാപത്തിലെ പരാജയത്തിന്റെ രുചിയറിഞ്ഞ്, ഉള്ളിൽ തികട്ടിവരുന്ന വേദന കടിച്ചമർത്തി ജീവിക്കുന്നവരാണ്. കാംഗ്പോക്പി പ്രദേശത്തുള്ള മാവോ-പൂമെയ് നാഗാ വിഭാഗത്തിന്റെ ഒട്ടേറെ കൃഷിയിടങ്ങൾ കുക്കികൾ പിടിച്ചെടുത്ത് തങ്ങളുടേതാക്കി ജില്ല വരെ സ്ഥാപിച്ചിട്ടുണ്ട്. അവർ അടുത്ത ലക്ഷ്യമായ വിഭജിതമായ മലയോര പ്രദേശത്തിനുവേണ്ടി മുറവിളി കൂട്ടുന്പോൾ അനുകൂലിക്കാനും എതിർക്കാനും വയ്യാത്ത അവസ്ഥയിലാണ് മാവോ-പൂമെയ് നാഗാ വിഭാഗക്കാർ. തന്മൂലം ക്രൈസ്തവസഭകളും വിഘടിതമാണ്. നാഗാ വിഭാഗങ്ങളിലെ ക്രൈസ്തവർ പരസ്യമായി കുക്കികളെ സഹായിക്കാതെ “അവരും കുറച്ചനുഭവിക്കട്ടെ” എന്ന മനോഭാവത്തിൽ തങ്ങളനുഭവിച്ച പീഡനങ്ങൾക്ക് തെല്ലെങ്കിലും ആശ്വാസമാവട്ടെ എന്ന ചിന്തയിൽ അലസരായി കഴിയുന്നു.
കുക്കികളും നാഗന്മാരും ഒരുമിച്ചു നിന്നിരുന്നെങ്കിൽ മെയ്തെയ്കൾ പണ്ടേ അനുരഞ്ജനത്തിലെത്തുമായിരുന്നു. പക്ഷേ നാഗന്മാരെ നിഷ്പക്ഷരാക്കി നിറുത്തുന്നതിൽ ബിരേന്റെ നേതൃത്വം വിജയിച്ചിട്ടുണ്ട്. ഇടയ്ക്കിടെ താങ്കൂൾ നേതൃത്വം കുക്കികൾ ‘വരത്തന്മാരാ’ണെന്നും അവർക്ക് മണിപ്പുരിൽ ഭൂമിയവകാശമില്ലെന്നും തുരത്തപ്പെടേണ്ട ‘നാർകോ ഭീകരരാ’ണെന്നും പ്രസ്താവനകൾ ഇറക്കി തങ്ങളുടെ നിഷ്പക്ഷമതിത്വവും മെയ്തെയ്കളോടുള്ള സഹാനുഭൂതിയും വ്യക്തമാക്കുന്നുണ്ട്. പകരമായി, താങ്കൂൾ തങ്ങളുടെ ജ്യേഷ്ഠസഹോദരന്മാരാണെന്നും അവരുമായി നൂറ്റാണ്ടുകളായുള്ള ഉറ്റചങ്ങാത്തം തങ്ങൾക്കുണ്ടെന്നും മെയ്തെയ്കൾ വീരവാദം മുഴക്കുന്നു. നാഗന്മാരുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെടുന്നതിനായി മെയ്തെയ്കൾ കുക്കികളെ ബഫർ സോണ് പോലെ ഇരുവരുടെയുമിടയിൽ വിന്യസിച്ചതാണെന്നചരിത്രബോധം ഇതിനിടയിൽ നാഗന്മാർ മറന്നുപോയി.
ഒരു ലക്ഷത്തോളം വരുന്ന പാങ്ങന്മാർ എന്നറിയപ്പെടുന്ന മുസ്ലിംകൾ താഴ്വരനിവാസികളാണ്. നിഷ്പക്ഷമാണവരുടെ നിലയെങ്കിലും കുക്കികൾക്കെതിരേ ഇടയ്ക്കിടെ അവർ ക്ഷോഭിക്കുകയും പ്രസ്താവനകൾ വഴി മുന്നറിയിപ്പുകൾ നൽകി തങ്ങൾ ആരുടെ ഭാഗത്താണെന്ന നിലപാട് വ്യക്തമാക്കുകയും ചെയ്യുന്നു. ആരുടെയും സഹായ-സഹകരണമില്ലാതെ, എവിടെയും പോകാനാവാതെ മരണംവരെ പോരാടും; അല്ലെങ്കിൽ മലയോര നിവാസികൾക്കായുള്ള ഭരണ സിരാകേന്ദ്രം ഉറപ്പാക്കും എന്ന നിലപാടിൽ കുക്കി-ചിൻ-സോമികൾ ഉറച്ചുനിൽക്കുന്നു.
നാഗന്മാരെ കൊന്ന മെയ്തെയ്കൾക്കു മാപ്പു നൽകി, അവർ ശത്രുപക്ഷത്തേക്കു പോവാതെ പിടിച്ചുനിർത്തുന്നത് ബിരേന്റെ നാഗാ ഭാര്യമാരാണെന്ന ആരോപണമുണ്ട്. നാഗന്മാരുമായി മെയ്തെയ്കൾക്കുള്ള പാലമായി വർത്തിച്ച് കുക്കികളെ ഒറ്റപ്പെടുത്താൻ ബിരേനെ സഹായിക്കുന്നത് ചന്ദേലിൽനിന്നുള്ള എംഎൽഎഎയായ ഒല്ലീഷും അവരുടെ അനുയായിസംഘവുമാണെന്നും കുക്കികൾ കരുതുന്നു. അങ്ങനെ കുക്കികളെ പത്മവ്യൂഹം ചമച്ച് തോല്പിക്കാമെന്ന വിശ്വാസമാണ് അടപടലം കടപുഴകി വീണുകൊണ്ടിരിക്കുന്നത്.
യുഎൻ, യൂറോപ്യൻ യൂണിയനുകളുടെ ശാസന
അന്താരാഷ്ട്രതലത്തിൽ യുഎൻ, യൂറോപ്യൻ യൂണിയൻ തുടങ്ങിയ സംഘടനകൾ മെയ്തെയ്കളെ അതിനിശിതിമായി വിമർശിച്ചു. ഇതിനെതിരേ താഴ്വരയിലെ പത്രങ്ങളും മെയ്തെയ്കളും ഒച്ചപ്പാടുയർത്തി. എങ്കിലും മെയ്തെയ് ഭൂരിപക്ഷം കുക്കി ന്യൂനപക്ഷത്തെ ഭരണപക്ഷ സഹായത്തോടെ ഉന്മൂലനം ചെയ്യുന്നുവെന്ന ആരോപണം ഉറപ്പിക്കാനേ, മെയ്തെയ്കളുടെയും അവരുടെ നേതാവായ ബിരെന്റെയും ഓരോ നടപടിയും സഹായിക്കുന്നുള്ളൂ.
ചുരാചാന്ദ്പുരിലെ ആക്രമണവും കാംഗ്പോക്പിയിലെ കൊലപാതകങ്ങളും പത്രപ്രവർത്തകരെ പ്രതിചേർത്ത്കേസെടുത്തതുമെല്ലാം പാളിപ്പോയി. എഡിറ്റേഴ്സ് ഗിൽഡിന്റെ വസ്തുതാന്വേഷണ റിപ്പോർട്ടിന്റെ പേരിലെടുത്ത കേസിൽ പത്രപ്രവർത്തകരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇത്തരത്തിലുണ്ടായ തിരിച്ചടികൾ മെയ്തെയ്കളെ കൂടുതൽ നിരാശപ്പെടുത്തുകയും ആക്രമണോത്സുകരാക്കുകയും ചെയ്യുന്നു. ഇതേത്തുടർന്നുണ്ടായതാണ് ചുരാചാന്ദ്പുരിലെ ആക്രമണവും മെയ്തെയ്കളുടെ ആൾനാശവും.
(തുടരും)