രാഷ്ട്രീയ മാന്യത: സിപിഎം പുനരാലോചിക്കണം
Wednesday, September 13, 2023 1:59 AM IST
മരിക്കുന്നതിനു മുമ്പ് സോളാര്‍ കേസില്‍ സിബിഐ കുറ്റവിമുക്തനാക്കിയെന്ന് ഉമ്മന്‍ ചാണ്ടി അറിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും കോണ്‍ഗ്രസ് പുനഃസംഘടനയില്‍ എല്ലാവരെയും ഉള്‍പ്പെടുത്തി മുന്നോട്ടു പോയാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മിന്നുന്ന ജയം ഉണ്ടാകുമെന്നും മുന്‍ മന്ത്രിയും കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതിയംഗവുമായ കെ.സി. ജോസഫ്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനു ചുക്കാന്‍പിടിച്ച കെ.സി. ജോസഫ് ദീപികയോട് സംസാരിക്കുന്നു.
?സോളാര്‍ കേസിൽ കോൺഗ്രസുകാരാണ് ഉമ്മൻ ചാണ്ടിയെ വേട്ടയാടിയത് എന്നാണല്ലോ എൽഡിഎഫ് നേതാക്കൾ പറയുന്നത്.
ചരിത്രത്തിലുണ്ടാകാത്തവിധം മലീമസമായ രീതിയിലാണ് സോളാർ കേസില്‍ ഉമ്മന്‍ ചാണ്ടിയെ സിപിഎം അപമാനിച്ചത്. കൃത്യമായ തിരക്കഥയുണ്ടാക്കി മുന്നോട്ടു പോയതിനു പിന്നില്‍ ആരാണെന്ന് സിബിഐ അന്വേഷണ റിപ്പോര്‍ട്ടില്‍ കൃത്യമായി പറയുന്നുണ്ട്. സെക്രട്ടേറിയറ്റ് വളയല്‍ സമരമൊക്കെ സിപിഎം ആസൂത്രിതമാണ്. വ്യക്തിഹത്യയെക്കുറിച്ചും രാഷ്ട്രീയ മാന്യത വിട്ടു പ്രവർത്തിക്കുന്നതിനെക്കുറിച്ചും സിപിഎം പുനരാലോചിക്കണം. സിപിഎം മാന്യമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തണം. ബെന്നി ബഹനാനെയും മറ്റു ചിലരെയും കുറ്റപ്പെടുത്തിയത് ഫോണ്‍ സംസാരമാണ്. ഇവരുടെ പങ്കിനെപ്പറ്റി ഒന്നും റിപ്പോര്‍ട്ടില്‍ പറയുന്നില്ല.
സിബിഐ അന്വേഷണ റിപ്പോര്‍ട്ട് ഉമ്മന്‍ ചാണ്ടിക്കു നേരത്തേ കിട്ടിയിരുന്നു. അദ്ദേഹം മാന്യതയുടെ പേരില്‍ പുറത്തു പറഞ്ഞില്ല. സിബിഐ റിപ്പോര്‍ട്ട് കോടതിയംഗീകരിച്ചു പൂര്‍ത്തിയാകണമെന്ന നിയമവശമുണ്ടായിരുന്നു. മരിക്കുന്നതിനു മുമ്പ് കുറ്റവിമുക്തനായെന്ന് അദ്ദേഹം അറിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ട്.
?നിയമസഭയിലെ സോളാര്‍ ചര്‍ച്ച തിരിച്ചടിയായോ.
നിയമസഭയിലെ സോളാര്‍ ചര്‍ച്ച കോണ്‍ഗ്രസിനു തിരിച്ചടിയല്ല. ചാണ്ടി ഉമ്മന്‍ നിയമസഭയില്‍ വന്ന ദിവസംതന്നെ ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ ചര്‍ച്ച നടന്നു. ചര്‍ച്ചയില്‍ ഭരണപക്ഷാംഗങ്ങള്‍ പോലും ഉമ്മന്‍ ചാണ്ടിയെ കുറ്റപ്പെടുത്തിയിട്ടില്ല. ഇതിനു പിന്നില്‍ കോണ്‍ഗ്രസാണെന്നാണ് സിപിഎം പറഞ്ഞത്. ഉമ്മന്‍ ചാണ്ടിയുടെ സംശുദ്ധിയെ ചോദ്യംചെയ്യാന്‍ ആരും തയാറായില്ല. ഇതുകേള്ക്കാനുള്ള ഭാഗ്യം ചാണ്ടി ഉമ്മനുണ്ടായി.
സ്വന്തം പിതാവ് അഗ്നിശുദ്ധി വരുത്തി വന്ന കാഴ്ച അദ്ദേഹത്തിന്റെ നല്ല തുടക്കമാണ്. സോളാര്‍ കേസിലെ വ്യാജ കത്ത് മുഖ്യമന്ത്രിയുടെ അടുത്തെത്തിയപ്പോള്‍ എന്തുകൊണ്ടു പരിശോധനയില്ലാതെ കത്തിനേക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടു എന്നതാണു മുഖ്യമന്ത്രിയുടെ പങ്കില്‍ സംശയം തോന്നാന്‍ കാരണം. അന്വേഷണത്തിനു മുഖ്യമന്ത്രി പെട്ടെന്ന് ഉത്തരവിട്ടതില്‍ സംശയമുണ്ട്. നിയമസഭയില്‍ യുവ എംഎല്‍എമാര്‍ വിഷയം നല്ല രീതിയില്‍ അവതരിപ്പിച്ചു.
ഉമ്മന്‍ ചാണ്ടി മരിക്കുന്നതിനു മുമ്പ് അദ്ദേഹം കുറ്റവിമുക്തനാണെന്ന് ബോധ്യപ്പെട്ടു. ഇനി അദ്ദേഹത്തിന്റെ സംശുദ്ധിക്കായി മുന്നോട്ടു പോകേണ്ട കാര്യമില്ല. ക്രൈംബ്രാഞ്ചും ഉന്നത ഉദ്യോഗസ്ഥരും റിട്ടയേഡ് ജഡ്ജിയും ഉമ്മന്‍ ചാണ്ടിയെ പ്രതിയാക്കാനുള്ള ഒരു തെളിവുമില്ലെന്നു പറഞ്ഞിട്ടും വീണ്ടും സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിനു പോയതാണ്. ശിവരാജന് കമ്മീഷന്റെ പല നടപടികളും വഴിവിട്ടതാണെന്നു ഞങ്ങള്‍ക്ക് അഭിപ്രായമുണ്ടായിരുന്നു.
പൈങ്കിളിക്കഥകള്‍ അറിയാനാണ് ജസ്റ്റീസ് കൂടുതലും ശ്രമിച്ചത്. ഉമ്മന്‍ ചാണ്ടി ഒരു അപ്രമാദിത്വ നേതാവാണെന്ന തോന്നല്‍ പലപ്പോഴും ഉണ്ടായി. അന്നു വിഷയങ്ങള്‍ ഉണ്ടാക്കുന്നതില്‍ കോണ്‍ഗ്രസിലെ ചില നേതാക്കളുണ്ടായിരുന്നു. സിപിഎം ഒരു സ്ത്രീയെ മുന്‍നിര്‍ത്തി പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. പിണറായി വിജയന് പാര്‍ട്ടി സെക്രട്ടറിയായപ്പോള്‍ പിആര്‍ വര്‍ക്കിലൂടെ അജണ്ട സൃഷ്ടിച്ച് ഉമ്മന്‍ ചാണ്ടിയെ തേജോവധം ചെയ്യുകയായിരുന്നു.
?പേഴ്സണല്‍ സ്റ്റാഫിനെ അറസ്റ്റ് ചെയ്തത് ഉമ്മൻ ചാണ്ടി അറിഞ്ഞില്ലെന്നു പറയുന്നതു
ശരിയാണോ.
സോളാര്‍ കേസില്‍ ഉമ്മൻ ചാണ്ടിയുടെ പേഴ്സണല്‍ സ്റ്റാഫ് ടെനി ജോപ്പനെ അറസ്റ്റ് ചെയ്തതു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി അറിഞ്ഞില്ലെന്നു പറയുന്നത് യാഥാര്‍ഥ്യമാണ്. ഹേമചന്ദ്രന്റെ വെളിപ്പെടുത്തലിലും ഇതു പറയുന്നുണ്ട്. ബാക്കി കാര്യങ്ങള്‍ അറിയില്ല.
ജോപ്പന്റെ അറസ്റ്റില്‍ നടപടിക്രമം പാലിക്കേണ്ടതായിരുന്നു. എന്തുകൊണ്ടാണ് നടപടിക്രമം പാലിക്കാതിരുന്നതെന്നതിന് ഉത്തരം പറയേണ്ടത് ഞാനല്ല. ആഭ്യന്തരവകുപ്പ് ഉദ്യോഗസ്ഥരാണു മറുപടി പറയേണ്ടത്. ആഭ്യന്തരമന്ത്രിയെ അറിയിച്ചിരുന്നില്ലെന്നാണ് ഹേമചന്ദ്രന് പറയുന്നത്. എനിക്ക് ഉത്തരം പറയാന്‍ പറ്റുന്ന കാര്യമല്ല. നിയമസഭയുടെ ഫ്ളോറില്‍ ഷാഫി പറമ്പിലും സതീശനും കൃത്യമായി പറയുന്നുണ്ട് സിബിഐ അന്വേഷണം വേണമെന്ന്. ശിവരാജന് കമ്മീഷനു പൈങ്കിളിക്കഥ കേള്‍ക്കാനായിരുന്നു താത്പര്യമെന്ന് പലരും പറയുന്നുണ്ട്.
?അന്നത്തെ ഭരണകക്ഷി എംഎൽഎമാരെക്കൂടി പ്രതിചേർക്കുകയാണല്ലോ.
അന്നത്തെ ഭരണപക്ഷ എംഎല്‍എമാരായിരുന്ന കെ. ശിവദാസന്‍ നായരെയും എം.എ. വാഹിദിനെയും പ്രതിചേര്‍ത്ത് കേസ് വഴിതിരിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുകയാണ്. നിയമസഭയിലെ സംഭവങ്ങള്‍ ലോകം മുഴുവന്‍ ദൃശ്യമാധ്യമങ്ങളിലൂടെ തത്സമയം കണ്ടതാണ്. അന്ന് ഭരണകക്ഷി ബെഞ്ചിലേക്ക് പ്രതിപക്ഷ എംഎല്‍എമാര്‍ അതിക്രമിച്ചു കയറി. ഭരണപക്ഷ എംഎല്‍എമാര്‍ മറുഭാഗത്തേക്കു പോയിട്ടില്ല. നിയമസഭാ നടപടി അനുസരിച്ച്, സഭ നടക്കുമ്പോള്‍ എംഎല്‍എമാര്‍ കൂട്ടമായി മാറി മറ്റൊരു ഭാഗത്തേക്കു പോകാന്‍ പാടില്ല. ഇതെല്ലാം ലംഘിച്ചു സഭയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലാത്ത അക്രമമാണ് ഇന്നത്തെ പല മന്ത്രിമാരും ഭരണപക്ഷ എംഎല്‍എമാരുമടക്കം നടത്തിയത്. സ്പീക്കറുടെ കസേര മറിച്ചിട്ടു. കംപ്യൂട്ടര്‍ തല്ലിപ്പൊട്ടിച്ചു. ഇത് ഞങ്ങളുടെ ആക്ഷേപമല്ല. അന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചുറ്റുമാണ് ശിവദാസന്‍നായരും വാഹിദും അടക്കമുള്ള എംഎല്‍എമാര്‍ നിന്നത്.
മുഖ്യമന്ത്രിയുടെ സീറ്റിലേക്ക് അതിക്രമിച്ചു കടക്കാനും അദ്ദേഹത്തെ കൈയേറ്റം ചെയ്യാനുമാണു വനിതാ എംഎല്‍എമാരടക്കം ശ്രമിച്ചത്. മുഖ്യമന്ത്രിയെ രക്ഷിക്കാനായി ശിവദാസന്‍നായരും വാഹിദും ഉള്‍പ്പെടെ എംഎല്‍എമാര്‍ കവചമായി നിന്നാണ് മുഖ്യമന്ത്രിയെ പ്രതിരോധിച്ചത്. ആ കേസ് വിചാരണ പൂര്‍ത്തിയായാല്‍ മന്ത്രിയടക്കം ശിക്ഷിക്കപ്പെടും. അദ്ദേഹം രാജിവയ്ക്കേണ്ടിവരും. ഇതു തടയാന്‍ വേണ്ടിയാണ് അന്വേഷണം നീട്ടിക്കൊണ്ടുപോകുന്നത്. ശിവദാസന്‍നായരെയും വാഹിദിനെയും പ്രതിയാക്കാനുള്ള നീക്കം നിയമപരമായി നേരിടും. ഈ സര്‍ക്കാരിന്റെ കാലം കഴിയുന്നിടം വരെയെങ്കിലും കേസിന്റെ വിചാരണ പൂര്‍ത്തിയാക്കരുതെന്ന വാശിയാണു കേസ് വഴിതിരിച്ചുവിടുന്നതിനു പിന്നിലുള്ളത്.
?പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം വി.ഡി. സതീശന് ഹൈജാക്ക് ചെയ്തു എന്ന ആരോപണത്തിൽ കഴമ്പുണ്ടോ.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആരെയും ഹൈജാക്ക് ചെയ്തിട്ടില്ല. ജില്ലാ നേതാക്കളോടും എന്നോടും തിരുവഞ്ചൂര്‍ രാധാകൃഷ്ണനോടും ചോദിക്കാതെ ഒന്നും ചെയ്തിട്ടില്ല. ഞങ്ങള്‍ ഞങ്ങളുടെ ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിച്ചു. എല്ലാം കോ-ഓര്‍ഡിനേറ്റ് ചെയ്തത് സതീശനാണ്.
?പുതുപ്പള്ളി വിജയം യുഡിഎഫിനു നൽകുന്ന സന്ദേശമെന്താണ്.
നിലവിലെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണ്. പുതുപ്പള്ളി വിജയം ഇതിന്റെ സൂചനയാണ്. ഉമ്മന്‍ ചാണ്ടിയോടുള്ള ജനങ്ങളുടെ സ്നേഹപ്രകടനത്തോടൊപ്പം ഭരണവിരുദ്ധവികാരം നിഴലിച്ചുനിന്നത് ഫലത്തില്‍ വ്യക്തമായി. മണ്ഡലത്തിലെ 182 ബൂത്തുകളിലായി യുഡിഎഫ് 200 കുടുംബയോഗങ്ങള്‍ നടത്തി. സര്‍ക്കാരിന്റെ അഴിമതി, മുഖ്യമന്ത്രിയുടെ ധൂര്‍ത്ത്, ധാര്‍ഷ്ട്യം എന്നിവയാണ് ബൂത്ത് യോഗങ്ങളില്‍ ലക്ഷ്യം വച്ചത്. ഇതു ജനങ്ങള്‍ക്ക് നന്നായി ബോധ്യപ്പെട്ടു.
ഇടപെട്ടിട്ടില്ലെന്ന കെ.ബി. ഗണേഷ്കുമാറിന്റെ വാദം അംഗീകരിക്കുന്നുണ്ടോ.
ആരോപണങ്ങള്‍ നിഷേധിക്കാന്‍ കെ.ബി. ഗണേഷ്കുമാറിന് എളുപ്പമാണ്. ആര്. ബാകൃഷ്ണപിള്ള എന്തിനു പരാതിക്കാരിയുടെ കത്തു വാങ്ങി, വിവാദനായികയെ എന്തിനു തടവില്‍ പാര്‍പ്പിച്ചു തുടങ്ങി ഒരു കാര്യവും മൂടിവയ്ക്കാന്‍ പറ്റില്ല. സംഭവങ്ങളുടെ ചുരുളഴിഞ്ഞതോടെ കോണ്‍ഗ്രസ് പാര്‍ട്ടിയും യുഡിഎഫും ഉമ്മന്‍ ചാണ്ടിയുടെ പിന്നില്‍ ഉറച്ചുനിന്നു. പി.സി. ജോര്‍ജ് ഇക്കാര്യത്തില്‍ മറുപടി പറഞ്ഞിട്ടുണ്ട്. സോളാര്‍ കേസില്‍ ഇടതുപക്ഷത്തിന്റെ പങ്കാളിത്തമുണ്ട്. വിവാദ കത്തും കൂട്ടിച്ചേര്ക്കലുകളുമുണ്ടായപ്പോള് കിട്ടിയ പരാതിയിന്മേല് മുഖ്യമന്ത്രി അന്വേഷണം നടത്തി.
നിയമസഭ കൈയാങ്കളി കേസിൽ പിണറായി സർക്കാരിന്റെ നീക്കം സംശുദ്ധമാണോ.
2015 മാര്‍ച്ച് 13നു സംസ്ഥാന നിയമസഭയിലെ ബജറ്റ് അവതരണവേളയിലുണ്ടായ കൈയാങ്കളി കേസ് നീട്ടികൊണ്ടുപോകാനും പ്രതികളെ രക്ഷിക്കാനുമുള്ള ബോധപൂര്‍വമായ ശ്രമമാണ് സിപിഎമ്മും സര്‍ക്കാരും നടത്തിക്കൊണ്ടിരിക്കുന്നത്. സംഭവം എട്ടു കൊല്ലം കഴിഞ്ഞിരിക്കുന്നു. അന്വേഷണം ഒച്ചിന്റെ വേഗത്തിലാണു മുന്നോട്ടു പോയത്.
തിരുവനന്തപുരം കോടതിയില്‍ വിസ്താരം ആരംഭിക്കാന്‍ പോകുന്നതിനു മുമ്പ് സര്‍ക്കാര്‍ വീണ്ടും പെറ്റീഷന് നല്കി. കേസ് സംബന്ധിച്ചു കുറച്ചുകൂടി പരാതികളുണ്ടായതിനാല്‍ തുടരന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. പുനരന്വേഷണം ആരംഭിച്ചു. ഞങ്ങളെയെല്ലാം കണ്ട് ക്രൈംബ്രാഞ്ച് മൊഴിയെടുത്തു.
ജോമി കുര്യാക്കോസ്