ഭൂനിയമ ഭേദഗതി ബില്‍ : തിരിച്ചറിയേണ്ട യാഥാര്‍ഥ്യങ്ങള്‍
Monday, September 11, 2023 10:13 PM IST
അഡ്വ. ജോയ്സ് ജോർജ്
(മുൻ എംപി, ഇടുക്കി)
2023 ലെ കേരള സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുക്കല്‍ (ഭേദഗതി) ബില്‍ നിയമസഭ പരിഗണിച്ചുവരികയാണ്. ഈ ബില്ലിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള അഭിപ്രായങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ജനപക്ഷത്തുനിന്ന് ഈ വിഷയത്തെ സമീപിക്കുന്നവര്‍ക്ക് ഭൂപതിവ് നിയമത്തെ സംബന്ധിച്ചും നിര്‍ദിഷ്ട ഭേദഗതിയെ സംബന്ധിച്ചും വ്യക്തത ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.
ചരിത്ര പശ്ചാത്തലം
കേരള സംസ്ഥാനം രൂപീകരിക്കുന്നതിനു മുമ്പ് സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുത്തിരുന്നത് 1950ലെ തിരുവിതാംകൂര്‍-കൊച്ചി ഭൂമി പതിച്ചുകൊടുക്കല്‍ നിയമപ്രകാരമായിരുന്നു. എന്നാൽ മദ്രാസ് പ്രൊവിന്‍സിന്റെ ഭാഗമായിരുന്ന മലബാര്‍ മേഖലയില്‍ അത്തരത്തില്‍ കൃത്യതയോടെയുള്ള വ്യവസ്ഥകളുണ്ടായിരുന്നില്ല. 1895ലെ ഗവണ്മെന്റ് ഗ്രാന്‍ഡ് നിയമപ്രകാരം മറ്റെല്ലാ നിയമങ്ങളിലും എന്തൊക്കെതന്നെ പറഞ്ഞിരുന്നാലും ഗ്രാന്ഡിലുള്ള വ്യവസ്ഥകള്‍ നിലനില്‍ക്കുമെന്ന വ്യവസ്ഥയോടെയാണ് മലബാര്‍ പ്രദേശത്ത് ഭൂമി പതിച്ചുനല്‍കിയിരുന്നത്. ഈ അവ്യക്തത പരിഹരിക്കുന്നതിനായാണ് 1960ലെ കേരള സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുക്കല്‍ നിയമം നിയമസഭ പാസാക്കിയത്. നിയമം പ്രാബല്യത്തില്‍ വന്നതിനുശേഷം ഒരിക്കല്‍ മാത്രമാണ് ഭേദഗതി ചെയ്തിട്ടുള്ളത്.
1993 ലെ കേരള ഭൂപതിവ് പ്രത്യേക ചട്ടങ്ങളിലെ പതിനഞ്ചാം ചട്ടപ്രകാരം പതിച്ചുകൊടുക്കുന്ന ഭൂമി ഒരിക്കലും കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന അങ്ങേയറ്റം കര്‍ഷകവിരുദ്ധമായ വ്യവസ്ഥയുണ്ടായിരുന്നു. ചട്ടപ്രകാരം പതിച്ചുകിട്ടിയ ഭൂമി കൈമാറ്റം ചെയ്താല്‍ പട്ടയം റദ്ദാക്കപ്പെടുകയും ഭൂമി സര്‍ക്കാരിലേക്ക് നിക്ഷിപ്തമാകുകയും ചെയ്യുമായിരുന്നു. എന്നാല്‍ ഭൂമി പതിച്ചുകിട്ടിയ പലരും ഭൂമി കൈമാറ്റം ചെയ്യുകയും അതിനാല്‍ത്തന്നെ പട്ടയങ്ങള്‍ അസാധുവാകുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. ഈ പ്രതിസന്ധി മറികടക്കാന്‍ നിയമത്തിലെ ഏഴാം വകുപ്പ് 2010 ല്‍ ഓര്‍ഡിനന്‍സിലൂടെ ഭേദഗതി ചെയ്തു.
നിയമഭേദഗതി ബില്ലിന്റെ പശ്ചാത്തലം
1960ലെ ഭൂമി പതിച്ചുകൊടുക്കല്‍ നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരം സര്‍ക്കാര്‍ ഭൂമി നിശ്ചയിക്കപ്പെടുന്ന വ്യവസ്ഥകളോടെയോ അല്ലാതെയോ പതിച്ചുകൊടുക്കുന്നതിനുള്ള അധികാരം സർക്കാരിനുണ്ട്. നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുക്കുന്നതിന് ആവശ്യമായ വ്യവസ്ഥകളും നടപടിക്രമങ്ങളും നിശ്ചയിച്ച് ചട്ടങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള അധികാരം സർക്കാരിലുണ്ട്.
നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം പതിച്ചുനല്‍കുന്ന സര്‍ക്കാര്‍ ഭൂമിയുടെ സ്വഭാവത്തിനനുസരിച്ച് പട്ടയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വ്യവസ്ഥകളോടെയും നിയന്ത്രണങ്ങളോടെയും പരിമിതികളോടെയും ഭൂപതിവ് പ്രാബല്യത്തിലാകും. നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം സര്‍ക്കാരില്‍ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുക്കുന്നതിലേക്കായി 22 ചട്ടങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. 1964-ലെ കേരള ഭൂപതിപ്പ് ചട്ടങ്ങളും 1993ലെ കേരള ഭൂമി പതിച്ചുകൊടുക്കല്‍ പ്രത്യേക ചട്ടങ്ങളും 1968- ലെ ഹൈറേഞ്ച് കോളനൈസേഷന്‍ സ്കീം ചട്ടങ്ങളും 1961ലെ ഏലം കൃഷിക്കായി ഭൂമി പാട്ടത്തിന് നല്‍കുന്നതിനുള്ള ചട്ടങ്ങളും ഇടുക്കി ജില്ലയെ സംബന്ധിച്ച് പ്രസക്തമാകുകയാണ്.
1964ലെ ഭൂമി പതിച്ചുകൊടുക്കല്‍ ചട്ടങ്ങളിലെ നാലാം ചട്ടപ്രകാരം ഭൂമി പതിച്ചുകൊടുക്കാവുന്നത് കൃഷിക്കും വീട് വയ്ക്കുന്നതിനും സമീപസ്ഥമായ ഭൂമിയുടെ ഗുണപരമായ ഉപയോഗത്തിനും മാത്രമാണ്. എട്ടാം ചട്ടപ്രകാരം പട്ടയവ്യവസ്ഥകളുടെ ലംഘനമുണ്ടാകുന്ന പക്ഷമോ വസ്തുതകള്‍ തെറ്റായിക്കാണിച്ചോ അധികാരമില്ലാതെയോ ഭൂമി പതിച്ചുകൊടുക്കുന്ന സാഹചര്യത്തിലോ പട്ടയങ്ങള്‍ റദ്ദാക്കപ്പെടാവുന്നതാണ്.
1964ലെ ഭൂമി പതിച്ചുകൊടുക്കല്‍ ചട്ടപ്രകാരം കൃഷി ചെയ്യുന്നതിനും വീട് വയ്ക്കുന്നതിനുമായി പതിച്ചുനല്‍കപ്പെട്ട സര്‍ക്കാര്‍ ഭൂമി വാണിജ്യ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, ആതുരാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി കാലാകാലങ്ങളില്‍ മനുഷ്യന് ആവശ്യമുള്ളതും അനിവാര്യവുമായ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനാവശ്യമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിവന്നിരുന്നു. ഇപ്രകാരം നടത്തിയിരുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ നിരോധിച്ചിരുന്നില്ല എന്നു മാത്രമല്ല ബില്‍ഡിംഗ് പെര്‍മിറ്റും മറ്റ് അനുബന്ധ അനുമതികളും പൂര്‍ത്തീകരിച്ച് നിയമവിധേയമാക്കിയുമിരുന്നു.
ജനങ്ങളെ സംബന്ധിച്ച് കൃഷിചെയ്തും വീടു വച്ചും മാത്രം ജീവിക്കാനാകില്ല, ആവശ്യമായ മറ്റ് അടിസ്ഥാന സൗകര്യങ്ങളാകെ ഉണ്ടാകേണ്ടതുണ്ട്. മാറുന്ന കാലത്തിനും സാഹചര്യത്തിനുമനുസരിച്ച് ജീവനോപാധികള്‍ കരുപ്പിടിപ്പിക്കുന്നതിന് ഉതകുംവിധം ഭൂമി ഉപയോഗിക്കാനാകണം. ഈ പശ്ചാത്തലത്തില്‍ പതിച്ചുനല്‍കപ്പെട്ട സര്‍ക്കാര്‍ ഭൂമി ടൂറിസമുള്‍പ്പെടെയുള്ള വാണിജ്യ ആവശ്യങ്ങള്‍ക്കായി വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യം രൂപപ്പെട്ടു.
പരിസ്ഥിതി സംരക്ഷണവും മറ്റു കാരണങ്ങളും ചൂണ്ടിക്കാട്ടി പട്ടയഭൂമിയിലെ വാണിജ്യ നിര്‍മാണങ്ങള്‍ക്കെതിരേ നിക്ഷിപ്ത താത്പര്യക്കാരില്നിന്ന് പരാതികളുയരുകയും ഉദ്യോഗസ്ഥതലത്തില്‍ നടപടികളുണ്ടാകുകയും ചെയ്തത് കോടതിവ്യവഹാരങ്ങളിലേക്ക് നയിക്കപ്പെട്ടു. പ്രത്യേക ആവശ്യത്തിനായി പതിച്ചുനല്‍കപ്പെട്ട ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി ഉത്തരവുകളുണ്ടാകുകയും ചെയ്തു. ഈ പ്രശ്നം പരിഹരിക്കുന്നതു സംബന്ധിച്ച് നിയമവിദഗ്ധരുമായി നടത്തിയ കൂടിയാലോചനകളുടെയും ജനപക്ഷത്തുനിന്ന് ഉയര്‍ന്നുവന്ന നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിര്‍ദിഷ്ട ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചിട്ടുള്ളത്.
1960ലെ ഭൂമി പതിച്ചുകൊടുക്കല്‍ നിയമത്തിന് കീഴില്‍ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളനുസരിച്ച് ഏതെങ്കിലും പ്രത്യേക ആവശ്യത്തിനുവേണ്ടിയാണ് ഭൂമി പതിച്ചു നല്‍കിയിട്ടുള്ളത്. ഇപ്രകാരം പ്രത്യേക ആവശ്യങ്ങള്‍ക്കായി പതിച്ചുനല്‍കിയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് അനുമതി നല്‍കണമെന്ന ആവശ്യം കാലാകാലങ്ങളായി ഉയര്‍ന്നുവന്നിരുന്നുവെങ്കിലും മുന്‍ സര്‍ക്കാരുകളൊന്നും നയപരമായ തീരുമാനമെടുത്തിരുന്നില്ല.
എന്നാലിപ്പോള്‍ പ്രത്യേക ആവശ്യങ്ങള്‍ക്കായി പതിച്ചുനല്‍കിയ സര്‍ക്കാര്‍ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി അനുമതി നല്കാന് സര്‍ക്കാര്‍ തീരുമാനിക്കുകയും നിയമനിര്‍മാണത്തിലേക്ക് കടക്കുകയും ചെയ്തിരിക്കുന്നു. ആറു പതിറ്റാണ്ടിലേറെ നിലനിന്നിരുന്ന നിയമപരമായ പ്രതിസന്ധിയാണ് നിര്‍ദിഷ്ട 2023ലെ ഭൂമി പതിച്ചുകൊടുക്കല്‍ (ഭേദഗതി) ബിൽ നിയമമാകുന്നതിലൂടെ പരിഹരിക്കപ്പെടുന്നത്.
ബില്ലിന്റെ ഉള്ളടക്കം
ഈ നിയമ ഭേദഗതിപ്രകാരം 1960ലെ കേരള സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുക്കല്‍ നിയമത്തില്‍ നാല് വ്യവസ്ഥകളാണ് കൂട്ടിച്ചേര്‍ക്കുന്നത്. പതിച്ചുകിട്ടിയ ഭൂമി യഥാര്‍ഥ ആവശ്യത്തില്‍നിന്നു മാറി മറ്റാവശ്യങ്ങള്ക്കുപയോഗിച്ചത് സാധൂകരിക്കുന്നതിനും തുടര്‍ന്നങ്ങോട്ട് അനുമതി നല്‍കുന്നതിനും ആവശ്യമായ ചട്ടങ്ങള്‍ നിര്‍മിക്കുന്ന ഘട്ടത്തില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്തവിധം പൊതുജനതാത്പര്യത്തെ മുന്‍നിര്‍ത്തി മാനദണ്ഡങ്ങളും നടപടിക്രമങ്ങളും തീരുമാനിക്കേണ്ടതുണ്ട്. ഈ ഭേദഗതിയിലൂടെ ഉദ്ദേശിക്കുന്നത് ഇതു മാത്രമാണ്. ചട്ടങ്ങള്‍ ഉണ്ടാക്കുന്ന ഘട്ടത്തില്‍ ജനങ്ങളെ വിശ്വാസത്തിലെടുക്കുകയും കൂടിയാലോചനകളിലൂടെ തീരുമാനിക്കുകയും ചെയ്യേണ്ടതാണ്.
പ്രത്യേക ആവശ്യങ്ങള്‍ക്ക് പതിച്ചുകൊടുക്കപ്പെട്ട ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചത് സാധൂകരിക്കുന്നതിനോ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് അനുമതി നല്‍കുന്നതിനോ നിലവിലുള്ള നിയമപ്രകാരം സര്‍ക്കാരിന് അധികാരമില്ല. ഈ കാര്യത്തിലാണ് യഥാര്‍ഥത്തില്‍ പതിച്ചുകൊടുക്കപ്പെട്ട ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കാമെന്ന നയപരമായ തീരുമാനം സർക്കാർ എടുക്കുകയും ബില്ലായി നിയമസഭയില്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുള്ളത്. വസ്തുതാവിരുദ്ധമായ ആക്ഷേപങ്ങള്‍ ഉന്നയിക്കുകയും പൊതുസമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കുകയും ചെയ്യുന്നത് പ്രശ്നപരിഹാരത്തിന് ഉതകില്ലെന്നു മാത്രമല്ല മലയോര ജനതയുടെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളെ തുരങ്കം വയ്ക്കലാകുകയും ചെയ്യും.