അഭിമാനമായി ജി 20
Saturday, September 9, 2023 1:53 AM IST
ആഗോളശക്തരായ രാഷ്ട്രങ്ങളുടെ ജി 20 ഉച്ചകോടി ഡൽഹിയിൽ തുടങ്ങി. ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിൽ നിർമിച്ച ഭാരത മണ്ഡപത്തിൽ ഇന്നും നാളെയും നടക്കുന്ന ലോകത്തിലെ ഏറ്റവും പ്രബല രാഷ്ട്രങ്ങളുടെ ഭരണത്തലവന്മാരുടെ ഉച്ചകോടി ഇന്ത്യക്കും ലോകത്തിനാകെയും പ്രതീക്ഷയും പ്രത്യാശയുമാണ്. ആഗോള ജിഡിപിയുടെ 85 ശതമാനവും വ്യാപാരത്തിന്റെ 75 ശതമാനവും ജനസംഖ്യയുടെ മൂന്നിലൊന്നും പ്രതിനിധാനം ചെയ്യുന്ന ജി 20 രാജ്യങ്ങളുടെ കൂട്ടായ്മയുടെ ഉച്ചകോടിക്ക് ആദ്യമായി ഇന്ത്യ ആതിഥേയത്വം വഹിക്കുന്നതിൽ അഭിമാനിക്കാം. ന്യൂഡൽഹി ഉച്ചകോടി വിജയമാകാൻ ആശംസകൾ.
ലോക സമാധാനവും സ്ത്രീശക്തീകരണവും ലിംഗസമത്വവും ഉറപ്പാക്കാൻ ജി 20 ഉച്ചകോടിയിലെ എല്ലാ രാജ്യങ്ങളും കൂട്ടായി പ്രവർത്തിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പറഞ്ഞത്. “ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി” (വണ്‍ എർത്ത്, വണ്‍ ഫാമിലി, വണ്‍ ഫ്യൂച്ചർ) എന്ന ന്യൂഡൽഹി സമ്മേളനത്തിന്റെ മുദ്രാവാക്യവും ലോകത്തിനാകെ വെള്ളിവെളിച്ചമാണ്. ഇന്ത്യയുടെ സാംസ്കാരിക പാരന്പര്യത്തിനുകൂടി പെരുമയാണു ലോകത്തിനാകെ ആതിഥ്യമേകിയ ഡൽഹി ഉച്ചകോടി. ദക്ഷിണേഷ്യയുടെയും വികസ്വര രാജ്യങ്ങളുടെയും ശബ്ദമായി കൂടിയാണ് ജി 20 അധ്യക്ഷപദവിയെ ഇന്ത്യ ഉപയോഗിച്ചത്.
• ഭാവിയിലേക്കുള്ള കുതിപ്പുകൾ
ജൈവ ഇന്ധനങ്ങൾക്കായുള്ള ആഗോള സഖ്യം, അടിസ്ഥാന സൗകര്യ വികസനത്തിനും നിക്ഷേപത്തിനും വേണ്ടിയുള്ള ആഗോള പങ്കാളിത്തം, റെയിൽവേ, തുറമുഖ പദ്ധതിയിലൂടെ ഗൾഫ് രാജ്യങ്ങളുമായി ഇന്ത്യയെ ബന്ധിപ്പിക്കുന്നതിനുള്ള മിഡിൽ ഈസ്റ്റ് ഇൻഫ്രാസ്ട്രക്ചർ കോറിഡോർ പങ്കാളിത്ത പദ്ധതി എന്നീ മൂന്നു സുപ്രധാന ബഹുമുഖ സംരംഭങ്ങൾക്ക് ജി 20 ഉച്ചകോടി തുടക്കം കുറിക്കും. ചന്ദ്രയാൻ, ആദിത്യ, മംഗൾയാൻ ദൗത്യങ്ങൾ പോലെ ഭാവിയിലേക്കുള്ള വലിയ കുതിപ്പാകുമിത്.
ഇതര ലോകരാജ്യങ്ങളെക്കൂടി ചേർത്ത് ഒരേ ഭാവിക്കായുള്ള സഖ്യം (വണ്‍ ഫ്യൂച്ചർ അലയൻസ്) എന്ന ലക്ഷ്യത്തോടെ കൊണ്ടുവരാൻ ഇന്ത്യ ലക്ഷ്യമിടുന്ന പൊതു ഡിജിറ്റൽ സംരംഭമായ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിന്റെ (ഡിപിഐ) കാര്യത്തിലും ഉച്ചകോടിയിൽ ക്രിയാത്മക സഹകരണം ഉണ്ടാകുമെന്നാണു പ്രതീക്ഷ. ഇതടക്കമുള്ള സാങ്കേതിക വിദ്യകൾക്ക് ഇന്ത്യ ഊന്നൽ നൽകും. ഇന്ത്യയിൽ വൻ വിജയമായ പണമിടപാടുകൾക്കുള്ള ഡിജിറ്റൽ പേമെന്റ് സംവിധാനമായ യുപിഐയുടെ (യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ്) സേവനം മറ്റു രാജ്യങ്ങളിലും നൽകുന്നത് നേട്ടമാകും.
റിസർവ് ബാങ്കിന്റെ ഡിജിറ്റൽ കറൻസിയടക്കം പരീക്ഷണഘട്ടത്തിലുള്ള ധനകാര്യ മേഖലയിലെ പുതിയ സാങ്കേതികവിദ്യകൾ ഉച്ചകോടിയിൽ ഇന്ത്യ പ്രദർശിപ്പിക്കുമെന്ന് ജി 20യുടെ ചീഫ് കോ-ഓർഡിനേറ്റർ ഹർഷ് വർധൻ ശ്രിംഗ്ല അറിയിച്ചു. ഇന്ത്യയിലെത്തുന്ന വിദേശികൾക്ക് അവരുടെ മൊബൈൽ വാലറ്റുകളിൽ പണം ലഭിക്കുകയും അതു ഡിജിറ്റലായി ഇന്ത്യയിൽ ഉപയോഗിക്കുകയും ചെയ്യാൻ കഴിയുന്നതാണ് ഡിജിറ്റൽ കറൻസിയെന്ന് ഉച്ചകോടി നടക്കുന്ന പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപത്തിലെ ഇന്റർനാഷണൽ മീഡിയ സെന്ററിൽ ഇന്നലെ വൈകുന്നേരം നടത്തിയ പത്രസമ്മേളനത്തിൽ ശ്രിംഗ്ല വിശദീകരിച്ചു. ഇന്ത്യയിൽ ബാങ്ക് അക്കൗണ്ടുകളില്ലാത്തവർക്കെല്ലാം ഡിജിറ്റൽ കറൻസി വലിയ ഉപകാരമാകും.
• വരുന്നൂ കൊലയാളി ഡ്രോണുകൾ
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണ്‍, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിദ് കുമാർ ജുഗനാഥ് തുടങ്ങിയവരുമായി ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഉഭയകക്ഷി ചർച്ചകളും പ്രധാനമാണ്.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്ക്, ജപ്പാൻ പ്രധാനമന്ത്രി ഫ്യുമിയോ കിഷിദ, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മോലോണി തുടങ്ങിയവരുമായുള്ള മോദിയുടെ പ്രത്യേക ചർച്ച ഇന്നു നടക്കും. ജി 20 ഉച്ചകോടിക്കിടെയുള്ള പൊതു ചർച്ചകൾക്കു പുറമെയാണ് 15 രാജ്യങ്ങളുടെ തലവന്മാരുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി ചർച്ചകൾ.
ബൈഡനുമായുള്ള ചർച്ചയിൽ പതിവുപോലെ ആയുധം വാങ്ങലാണു മുഖ്യം. വേട്ടയാടി കൊല്ലുന്ന ഡ്രോണുകൾ (പ്രിഡേറ്റർ- ബി ഡ്രോണ്‍ അല്ലെങ്കിൽ എംക്യു-9ബി റീപ്പർ) ആണ് ഇടപാടിൽ മുഖ്യം. മാരകായുധങ്ങൾ വഹിക്കാൻ ശേഷിയുള്ളതും റിമോട്ട് കണ്ട്രോളിൽ പ്രവർത്തിപ്പിക്കാവുന്നതുമായ ചെറുവിമാനങ്ങൾ പോലെയുള്ള 31 പ്രിഡേറ്റർ- ബി ഡ്രോണുകൾ ആവശ്യപ്പെട്ട് ഇന്ത്യ താത്പര്യപത്രം നൽകിയിരുന്നു. നാവിക സേനയ്ക്ക് പതിനഞ്ചും കര, വ്യോമസേനകൾക്കായി 15 എണ്ണവുമാണു വാങ്ങുന്നത്. 310 കോടി ഡോളറിന്റേതാണ് (ഏകദേശം 26,000 കോടി രൂപ) ഇടപാട്.
• ആഫ്രിക്കൻ യൂണിയനു സ്വാഗതം
ഗ്രൂപ്പ് 20 എന്നറിയപ്പെടുന്ന ജി 20 യിലേക്ക് ആഫ്രിക്കൻ യൂണിയനുകൂടി അംഗത്വം നൽകാൻ ന്യൂഡൽഹി ഉച്ചകോടിയിൽ തീരുമാനമാകുമെന്നാണു പ്രതീക്ഷ. അമേരിക്ക, ചൈന, ഇന്ത്യ, ബ്രിട്ടൻ, റഷ്യ, സൗദി അറേബ്യ, ജപ്പാൻ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ബ്രസീൽ, കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ഇന്തോനേഷ്യ, അർജന്റീന, മെക്സിക്കോ, തുർക്കി എന്നീ രാജ്യങ്ങളും യൂറോപ്യൻ യൂണിയനുമാണ് നിലവിലെ ഇരുപതംഗങ്ങൾ. യുഎഇ, സിംഗപ്പുർ, സ്പെയിൻ, നെതർലാൻഡ്സ്, ഈജിപ്ത്, ബംഗ്ലാദേശ്, ഒമാൻ, നൈജീരിയ, മൗറീഷ്യസ് എന്നീ രാജ്യങ്ങൾ ന്യൂഡൽഹി ഉച്ചകോടിയിൽ ക്ഷണിതാക്കളാണ്. ക്ഷണിതാക്കളടക്കം 40 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ ദ്വിദിന ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
• സമവായവും സമഭാവനയും
റഷ്യ- യുക്രെയ്ൻ യുദ്ധത്തെക്കുറിച്ച് ഉച്ചകോടിയുടെ സമാപന പ്രസ്താവനയിൽ പരാമർശിക്കണമെന്ന് അമേരിക്കയും ജി 7 രാജ്യങ്ങളും ആവശ്യപ്പെടുന്പോൾ അതിനെതിരേ റഷ്യയും ചൈനയും കർശന നിലപാടിലാണ്. യുക്രെയ്ൻ വിഷയത്തിൽ ധാരണയിലെത്താനുള്ള ചർച്ചകൾ വിജയിക്കട്ടേയെന്നു പ്രത്യാശിക്കാം. ഉച്ചകോടിയിൽ സമവായം ഉരുത്തിരുമെന്നാണു പ്രതീക്ഷയെന്നാണ് ഇന്ത്യയുടെ ജി 20 ഷെർപയായ അമിതാഭ് കാന്ത് പറഞ്ഞത്.
ജി 20-യിലെ എല്ലാ അംഗരാജ്യങ്ങൾക്കും വീറ്റോ അധികാരമുള്ളതിനാൽ എല്ലാ വിഷയങ്ങളിലും സമവായമുണ്ടാകണമെന്നതാണു ഡൽഹി ചർച്ചയുടെ വെല്ലുവിളി. ചൈന ബഹുമുഖ കളിക്കാരനാണ്. ബഹുമുഖ ചർച്ചകളിലെ പ്രശ്നങ്ങൾ ഉഭയകക്ഷി പ്രശ്നങ്ങളിൽനിന്നു വ്യത്യസ്തമാണ്. ചൈനക്കാർ അവരുടെ കാഴ്ചപ്പാടിൽനിന്നു വളർച്ചയുടെയും വികസനത്തിന്റെയും പ്രശ്നങ്ങൾ ചർച്ച ചെയ്യുകയാണെന്നും അമിതാഭ് വിശദീകരിക്കുന്നു. സംയുക്ത പ്രസ്താവനയെന്നോ, പ്രഖ്യാപനം എന്നോ പറയുന്ന ജി 20 ഉച്ചകോടിയുടെ സമാപന പ്രസ്താവനയിൽ സമവായമുണ്ടാക്കാൻ തിരക്കിട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. 2008നുശേഷം എല്ലാ ജി 20 ഉച്ചകോടികളിലും സംയുക്ത പ്രസ്താവനയ്ക്കായി യോജിപ്പിലെത്തിയിരുന്നു.
ചൈനീസ് പ്രസിഡന്റ് ഷി ചിംഗ്പിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും ഉച്ചകോടിയിൽനിന്നു വിട്ടുനിന്നത് തിരിച്ചടിയാണ്. എന്നാൽ ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാംഗും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്റോവും എത്തി. ഇന്ത്യയുടെ അരുണാചൽ പ്രദേശും അക്സായി ചിൻ പ്രദേശവും ഉൾപ്പെടുത്തി ചൈന ഇറക്കിയ പുതിയ ഭൂപടവും ലഡാക്കിൽ ഇന്ത്യൻ പ്രദേശങ്ങളിലേക്കു നടത്തിയ കടന്നുകയറ്റവും വഷളാക്കിയ ഇന്ത്യ- ചൈന ബന്ധം മെച്ചപ്പെടുത്താനായില്ലെങ്കിൽ അമേരിക്കയുടെ സമ്മർദങ്ങൾക്ക് ഇന്ത്യ കൂടുതൽ വിധേയമാകേണ്ടി വരുമെന്നതും ആശങ്കയാണ്.
അന്താരാഷ്ട്ര അതിർത്തികൾ പൂർണമായി പാലിക്കേണ്ടതും എല്ലാ രാജ്യങ്ങളുടെയും അഖണ്ഡത ശക്തിപ്പെടുത്തേണ്ടതും അനിവാര്യമാണെന്ന് ഇന്തോനേഷ്യയിൽ നടന്ന കിഴക്കനേഷ്യൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി നടത്തിയ പ്രസ്താവന പ്രസക്തമാണ്.
• രാഷ്ട്രീയം കളിക്കാനല്ല ഉച്ചകോടി
ലോകരാജ്യങ്ങൾക്കു മുന്നിൽ ഇന്ത്യയുടെ യശസ് ഉയർത്തുന്ന ഉച്ചകോടിക്കിടെ തരംതാണ രാഷ്ട്രീയക്കളികളും തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള വിവാദങ്ങൾ സൃഷ്ടിക്കുന്നതും തീർത്തും തെറ്റാണ്. സഹകരണത്തിനും സമവായത്തിനും സമഭാവനയ്ക്കും സമാധാനത്തിനും പ്രാമുഖ്യം നൽകുന്ന ഉച്ചകോടിയുടെ സന്ദേശം രാജ്യത്ത് ആദ്യം പ്രാവർത്തികമാക്കാൻ പ്രധാനമന്ത്രി മോദിക്കും കേന്ദ്രസർക്കാരിനും ഭരണകക്ഷിയായ ബിജെപിക്കും ഉത്തരവാദിത്വമുണ്ട്. ഭാരത് മണ്ഡപത്തിലെ പ്രത്യേക ഡൈനിംഗ് ഹാളിൽ ഉച്ചകോടിക്കെത്തുന്ന അതിഥികൾക്കായി രാഷ്ട്രപതി ദൗപദി മുർമു ആതിഥ്യമരുളുന്ന ഇന്നു രാത്രിയിലെ അത്താഴവിരുന്നിൽ പോലും രാഷ്ട്രീയം കടന്നുകൂടിയതു നിർഭാഗ്യകരമായി.
പ്രധാനമന്ത്രിയെ പോലെ ജനാധിപത്യത്തിൽ പ്രധാന പദവിയിലുള്ള പ്രതിപക്ഷ നേതാവും കാബിനറ്റ് മന്ത്രിയുടെ റാങ്കുമുള്ള മല്ലികാർജുൻ ഖാർഗെയെ രാഷ്ട്രപതിയുടെ വിരുന്നിലേക്കു ക്ഷണിക്കാതിരുന്നതാണു വിവാദമായത്. മുൻ പ്രധാനമന്ത്രിമാർ, മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ എന്നിവർ മുതൽ കോർപറേറ്റ് കുത്തക മുതലാളിമാരായ ഗൗതം അദാനി, മുകേഷ് അംബാനി, എൻ. ചന്ദ്രശേഖരൻ, കുമാർ മംഗളം ബിർള, സുനിൽ മിത്തൽ ഉൾപ്പെടെ 500 വ്യവസായ പ്രമുഖരെ ക്ഷണിച്ച അത്താഴവിരുന്നിലാണ് മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ ദേശീയ പ്രസിഡന്റുകൂടിയായ പ്രതിപക്ഷ നേതാവ് ഖാർഗെയെ തഴഞ്ഞത്.
വിവാദമായ “ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്” നീക്കത്തിന് എണ്ണ പകരാനായി നിയോഗിച്ച മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമിതിയിൽനിന്നു ഖാർഗെയെ ഒഴിവാക്കിയതു വിവാദമായതിനു പിന്നാലെയാണ് രാഷ്ട്രപതിയുടെ വിരുന്നിൽനിന്നുള്ള ഒഴിവാക്കൽ. ഇന്ത്യയും ഭാരതവും ഒരുമയോടെ ഉപയോഗിച്ചും അംഗീകരിച്ചും വന്നിരുന്ന രാജ്യത്ത് പെട്ടെന്നൊരു ദിവസം ഇന്ത്യയെ തഴഞ്ഞ് ഭാരതം എന്നാക്കി മാറ്റാനുള്ള കരുനീക്കവും അനാവശ്യമാണ്. ഇൻഡസ് വാലി സംസ്കാരത്തിൽ അഭിമാനം കൊള്ളുന്നതും ഭരണഘടനാ ശില്പികൾ കൃത്യമായി തീരുമാനമെടുത്തിരുന്നതുമായ രാജ്യത്താണു വോട്ടുകൾ ലാക്കാക്കി വിവാദം സൃഷ്ടിക്കുന്നത്.
• വിവാദങ്ങളല്ല, വരട്ടെ വിജയങ്ങൾ
ഒറ്റ തെരഞ്ഞെടുപ്പ്, ഭാരതം എന്ന പേരു മാറ്റം തുടങ്ങിയവ പ്രായോഗികമായി നടപ്പാക്കാൻ പ്രയാസമാണെങ്കിലും ഇതിന്റെ പേരിൽ ജനകീയ വിഷയങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാമെന്നതാകും ബിജെപിയുടെ താത്പര്യം. ഓരോ സംസ്ഥാനത്തും വ്യത്യസ്തമായ രാഷ്ട്രീയ സാഹചര്യമുള്ള രാജ്യത്താകെ ഒരുമിച്ച് തെരഞ്ഞെടുപ്പെന്ന നീക്കവും രാഷ്ട്രീയലാക്കോടെയാണെന്നു കാണാനാകും.
മണിപ്പുർ കലാപം, ഹരിയാനയിലെ നൂഹിലെ വർഗീയ സംഘർഷം എന്നിവ മുതൽ രൂപയുടെ റിക്കാർഡ് വിലയിടിവ്, രൂക്ഷമായ അവശ്യസാധന വിലക്കയറ്റം, തൊഴിലില്ലായ്മ, കർഷക ആത്മഹത്യകൾ അടക്കമുള്ള കാർഷിക പ്രതിസന്ധി തുടങ്ങിയവ പരിഹരിച്ച് രാജ്യത്തെ പുരോഗതിയിലേക്കും സമാധാനത്തിലേക്കും നയിക്കുകയാണ് ആവശ്യം.
ഡൽഹി ഡയറി / ജോർജ് കള്ളിവയലിൽ