അധ്യാപകർ രാജശില്പികൾ
Monday, September 4, 2023 10:56 PM IST
ഇന്ന് അധ്യാപകദിനം / അഡ്വ. ജോബി സെബാസ്റ്റ്യൻ
ലോകത്ത് ഒരു രാജാവോ നേതാവോ ഗുരുവിന്റെ സഹായമില്ലാതെ വളർന്നു വന്നിട്ടില്ല. അതെ അധ്യാപകർ രാജശില്പികളാണ്. ‘മാതാ പിതാ ഗുരുർ ദൈവം’ എന്നാണല്ലോ ചൊല്ല്. ദൈവത്തിനൊപ്പമാണ് ഗുരുവിന് സ്ഥാനം. ദൈവത്തെയും ഗുരുവിനെയും ഒരുമിച്ചു കണ്ടാൽ ആദ്യം ഗുരുവിനെ വണങ്ങണം എന്നാണ് ഭാരതീയ സങ്കല്പം. കാരണം ദൈവത്തെ കാണിച്ചു തന്നത് ഗുരുവാണ്. ഒരിക്കലും തിരിച്ചുനൽകാൻ സാധിക്കാത്ത കടപ്പാടാണ് ശിഷ്യന് ഗുരുവിനോടുള്ളത്.
കാഴ്ചയും കേൾവിയുമില്ലാതിരുന്ന ഹെലൻ കെല്ലറെ വിശ്വപ്രശസ്ത മഹതിയാക്കിയത് ആനി സള്ളിവൻ എന്ന അധ്യാപികയാണ്. ലോകത്തിലെ ഏറ്റവും നല്ലതും മനോഹരവുമായ കാര്യങ്ങൾ ഹൃദയത്തിൽ അനുഭവിച്ചറിയുവാൻ ആനി സള്ളിവൻ ഹെലനെ പഠിപ്പിച്ചു.
അധ്യാപകർ ഓരോ വിദ്യാർഥിയെയും പറഞ്ഞു മനസിലാക്കേണ്ട പ്രധാന കാര്യം നീ നീയായി വളരുക എന്നതാണ്. നമുക്ക് മറ്റൊരാളായി മാറുവാൻ ഒരിക്കലും സാധിക്കുകയില്ല. റോൾ മോഡലുകളുടെ നല്ല മാതൃകകൾ ജീവിതത്തിൽ പകർത്താം.
ജീവിതം നല്ല ബുദ്ധിമുട്ടുള്ള ഒരു പരീക്ഷയാണ്. അതിൽ മിക്കവരും തോൽക്കാൻ കാരണം ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകം ചോദ്യപേപ്പർ ആണ് നൽകിയിരിക്കുന്നത് എന്ന് മനസിലാക്കാതെ അവർ മറ്റുള്ളവരെ കോപ്പിയടിക്കുവാൻ ശ്രമിക്കുന്നതിനാലാണ്. വിദ്യാർഥികൾ സ്വന്തം കഴിവുകളിൽ വിശ്വസിക്കണമെങ്കിൽ താൻ ആരെക്കാളും വലിയവനോ ചെറിയവനോ സമനോ അല്ല, ദൈവത്തിന്റെ ഒരു അതുല്യ സൃഷ്ടിയാണെന്നും മറ്റാർക്കുമില്ലാത്ത കഴിവുകളും അത്ഭുത സിദ്ധികളും തന്നിൽ നിക്ഷേപിച്ച് പ്രത്യേക ദൗത്യങ്ങൾ ഏല്പിച്ചാണ് ഈ മനോഹരമായ ഭൂമിയിലേക്ക് അയച്ചതെന്നും അത് നിർവഹിക്കാതിരുന്നാൽ തന്റെ സംഭാവനയുടെ കുറവ് ഈ ഭൂമിയിൽ ഉണ്ടാകുമെന്നും തിരിച്ചറിയണം.
അധ്യാപകർക്ക് വിദ്യാർഥികളിലെ ഒളിഞ്ഞു കിടക്കുന്ന സിദ്ധികളും സർഗവാസനകളും പുറത്തു കൊണ്ടു വരുവാനും പ്രോത്സാഹിപ്പിക്കുവാനും പ്രചോദിപ്പിക്കുവാനും കഴിയണം. ഗുരു എന്ന വാക്കിന്റെ അർഥം ഇരുൾ അകറ്റുന്നവൻ എന്നാണ്. നല്ല പുസ്തകങ്ങൾ തെരഞ്ഞെടുക്കാൻ അധ്യാപകർ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കണം.
നല്ല പുസ്തകങ്ങൾ വായിക്കുന്പോൾ അറിവിന്റെ ചക്രവാളം വികസിക്കുന്നു. ചിന്തയും ഭാവനയും ഉണരുന്നു. തലച്ചോറിനു വ്യായാമം ലഭിക്കുന്നു. മികച്ച അധ്യാപകൻ വിദ്യാർഥികളെ നിരന്തരം പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവരാണ്.