സന്തുഷ്ട വിദ്യാഭ്യാസം
Monday, September 4, 2023 10:50 PM IST
ഡോ. റോസമ്മ ഫിലിപ്
വിവരദാതാക്കൾ, വിവരവിനിമയം നടത്തുന്ന കേന്ദ്രങ്ങളായി വിദ്യാഭ്യാസസ്ഥാപനങ്ങളെ കാണുന്ന കാലം അസ്തമിച്ചു. ലഭ്യമായ വിവരങ്ങളെ അപഗ്രഥിച്ച്, അറിവാക്കി പങ്കുവയ്ക്കുകയും വിവരത്തിൽനിന്നു വിജ്ഞാനത്തിലേക്ക് കുട്ടികളെ ഉയർത്തുകയും ചെയ്യുന്ന അധ്യാപകരാണ് സ്ഥാപനങ്ങളെ വിദ്യാലയ പദവിയിലേക്ക് നയിക്കുന്നത്.
പാരസ്പര്യത്തിന്റെ പാഠശാല
നൂതനസാങ്കേതികവിദ്യകളും നിർമിത ബുദ്ധിസങ്കേതങ്ങളും അനുനിമിഷം വർധിക്കുമ്പോൾ കുട്ടിയുടെ സ്വാഭാവിക ബുദ്ധിയിലെ അസ്വാഭാവികതകൾ കണ്ടെത്താൻ അധ്യാപകർക്കല്ലാതെ മറ്റാർക്കു സാധിക്കും! 2023ജൂണിൽ യുനെസ്കോ പ്രസിദ്ധീകരിച്ച ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ വിദ്യാഭ്യാസ ഉപയോഗത്തെക്കുറിച്ചുള്ള നയരേഖയിൽ കൃത്യമായി സൂചിപ്പിക്കുന്നു “അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള പാരസ്പര്യവും മാനുഷിക ഇടപെടലുകളുമാണ് വിദ്യാഭ്യാസത്തിന്റെ സത്തയായി തുടരേണ്ടത്.” അധ്യാപകർ പുലർത്തുന്ന മാനുഷികമൂല്യം, കുട്ടികളെ യഥാർഥ മനുഷ്യരാക്കി മാറ്റുന്നതിൽ സ്വാധീനിക്കേണ്ടതാണ് എന്നർഥം.
“നീയിങ്ങനെ പോയാൽ തോറ്റുപോകും” എന്നതിനെക്കാൾ “നല്ല മാർക്കോടെ ജയിക്കാൻ നിനക്കു കഴിവുണ്ട്, പരിശ്രമിക്കണം” എന്ന പ്രോത്സാഹനമാണ് മാനുഷികത.
“നിന്നെ വീട്ടിലാരും ശ്രദ്ധിക്കുന്നില്ലല്ലോ കഷ്ടം..”എന്നതിനെക്കാൾ “ഞാൻ നിന്നെ ശ്രദ്ധിക്കുന്നുണ്ട്....”എന്നതാണ് ശരിയായ സമീപനം. ഇപ്രകാരം സഹരക്ഷിതാവായി മാറുന്ന അധ്യാപകർ, കുട്ടികളുടെ വികാരങ്ങളെ തിരിച്ചറിഞ്ഞ് വിചാരങ്ങളെ വിശുദ്ധമാക്കി കുട്ടികളെ മനുഷ്യരാക്കി മാറ്റുന്ന വിദ്യ അഭ്യസിപ്പിക്കുന്നു.
ഹിംസ വെടിഞ്ഞ ഭാഷാസംവേദനം
നിർമിത ബുദ്ധിയും (Artificial Intelligence) മിഥ്യാ യാഥാർഥ്യവും (Virtual Reality)തുറക്കുന്ന വാതിലുകളുടെ നന്മകൾ സ്വീകരിക്കേണ്ടതും പുതുമയുള്ളസംരഭങ്ങൾ രൂപീകരിക്കേണ്ടതും അനിവാര്യമാണ്. ബൗദ്ധികവികാസത്തിന് ഇവയെല്ലാം സഹായകരമാണ്.
എന്നാൽ പരസ്പര ബന്ധത്തിന്റെ ചാലകശക്തിയായ ഭാഷാശേഷിയും വ്യക്തിപരമായ സർഗസിദ്ധിയും യന്ത്രങ്ങളുടെ തീരുമാനത്തിനനുസരിച്ച് വിട്ടുകൊടുക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ഹൃദ്യമായ ഭാഷയുള്ള അധ്യാപകർ കാലഘട്ടത്തിന്റെ ആവശ്യമാണ്. നേരിട്ടും സമൂഹ മാധ്യമങ്ങൾ മുഖേനയും ഹിംസാത്മകഭാഷണം തീവ്രമാകുന്ന കാലത്ത് സമാധാനത്തിന്റെയും സമചിത്തതയുടെയും ഭാഷയിൽ സംവദിക്കുന്ന അധ്യാപകർ കുട്ടികൾക്ക് മാതൃകയാണ്.
ശരീരപരമായ ബുദ്ധി പരമ പ്രധാനം
മനുഷ്യവിഭവശേഷിയാണ് നമ്മുടെരാജ്യത്തിന്റെ അഭിമാനസ്വത്ത്. എന്നാൽ കുട്ടികളുടെ ശാരീരിക, മാനസിക വളർച്ച മുരടിച്ചുപോകുന്ന ‘ലഹരിയുള്ള ആസ്വാദ്യകരമായവിഭവങ്ങൾ’ സുലഭമായ ഇക്കാലത്ത് പ്രജ്ഞ പൂർണതയിലെത്താതെ യുവത നശിക്കാൻ പാടില്ല. ‘ശരീരപരമായ ബുദ്ധി’ ആരോഗ്യമുള്ള തലമുറയുടെ അടിസ്ഥാന നിക്ഷേപമാണ്. കുട്ടികളുടെ ശരീരം നേരിടേണ്ടി വരുന്ന വെല്ലുവിളികൾ , ചൂഷണങ്ങൾ ഇവ തിരിച്ചറിയാൻ കുട്ടികൾക്ക് പരിശീലനങ്ങൾ നൽകേണ്ട കാലമായി. ശരീരപരബുദ്ധിക്ക് സഹായകമായ നിലനിൽപ്പിലേക്കുള്ള ശേഷികൾ (Survival Skills), പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറാനുള്ള സുസ്ഥിര വികസന ശേഷികൾ (Sustainable development Skills) ഇവ കുട്ടികളിൽ വളർത്താൻ അധ്യാപകർക്ക് ഉത്തരവാദിത്വമുണ്ട്
സന്തുഷ്ട അധ്യാപകർ - സന്തുഷ്ട പഠനം
ആഗോള തലത്തിലും ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസനയത്തിലും സന്തുഷ്ട പാഠ്യപദ്ധതിക്ക് ഊന്നൽ കൊടുക്കുന്നു. സ്വാഭാവികസന്തോഷം നഷ്ടമായിക്കൊണ്ടിരിക്കുന്നതിനാലും, സമ്മർദങ്ങൾ ഏറുന്നതിനാലും “എന്റെ ആനന്ദം - എന്റെ സ്വാതന്ത്ര്യം” എന്ന ചിന്തയിൽ കൃത്രിമ സന്തോഷ ഉപാധികൾ തേടുന്ന പ്രവണത വർധിക്കുന്നു. വ്യക്തിയുടെയും സമൂഹത്തിന്റെയും സമൃദ്ധി ലക്ഷ്യമാക്കുന്ന ആഹ്ളാദമാകണം വിദ്യാഭ്യാസ അനുഭവം എന്നാണ് നൂറ്റാണ്ടുകൾക്കുമുമ്പ് പ്ലേറ്റോയും അരിസ്റ്റോട്ടിലും പറഞ്ഞുവച്ചത്. ഏതു വിധേനയും ആനന്ദിക്കുന്ന അഭിനിവേശത്തിനായി വിദ്യാഭ്യാസത്തെ ഉപാധിയാക്കുന്ന പ്രവണതകൾ കുട്ടികൾ അനുകരിക്കാൻ ശ്രമിക്കുന്നത് അധ്യാപകർക്കുണ്ടാക്കുന്ന സമ്മർദം ഇരട്ടിപ്പിക്കുന്നു. സന്തോഷകരമായ പഠനാനുഭവങ്ങൾ വിദ്യാർഥികൾക്കു നൽകാൻ സന്തോഷചിത്തരായ അധ്യാപകസമൂഹം വേണം. അധ്യാപകർ നേരിടുന്ന പ്രയാസങ്ങൾ മനസിലാക്കുന്നതിനും പരിഹരിക്കുന്നതിനും യോജ്യമായ സംവിധാനങ്ങളുടെ അഭാവം നമ്മുടെ വിദ്യാഭ്യാസരംഗത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്.
ദേശീയതലത്തിലും സംസ്ഥാനതലത്തിലും അവാർഡുകൾ ഏറ്റുവാങ്ങുന്ന അധ്യാപകർ മാത്രമല്ല, ഓരോ കുഞ്ഞിന്റെയും പിന്നാലെ നന്മ നിറഞ്ഞ ഭാവി പ്രത്യാശയോടെ വീക്ഷിക്കുന്ന ശ്രേഷ്o അധ്യാപകർ ആദരവ് അർഹിക്കുന്നു. മാതാപിതാക്കളേക്കാൾ കൂടുതലായി പകൽ വെളിച്ചത്തിൽ കുഞ്ഞുങ്ങളുടെ കണ്ണുകൾ നോക്കി കാഴ്ചപ്പാടുകൾ അറിഞ്ഞ്, തിരിച്ചറിവിലേക്ക് നയിക്കുന്ന അധ്യാപകരുടെ വെളിച്ചത്താൽ സർവ അന്ധകാരങ്ങളും മായട്ടെ.
(പത്തനാപുരം മൗണ്ട് താബോർ ട്രെയിനിംഗ് കോളജ് പ്രഫസറാണ് ലേഖിക)