അധ്യാപകരും ധാർമികതയും
Monday, September 4, 2023 10:48 PM IST
ഷാജിൽ അന്ത്രു
യുനെസ്കോ ലോകവ്യാപകമായി ഒക്ടോബർ 15 അധ്യാപകദിനം ആചരിക്കാമെന്ന് തീരുമാനിച്ചത് 1994ലാണ്. എന്നാൽ അതിനു മുമ്പുതന്നെ 1962 മുതൽ ഇന്ത്യയിൽ രണ്ടാമത്തെ രാഷ്ട്രപതി സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ച് അധ്യാപക ദിനമായി ആഘോഷിച്ചു വരുന്നു.
സർവേപ്പള്ളി രാധാകൃഷ്ണൻ അധ്യാപകരെ കുറിച്ച് നടത്തിയ നിരീക്ഷണം വളരെ ശ്രദ്ധേയമാണ്. “അദ്ധ്യാപകർ രാജ്യത്തെ ഏറ്റവും മികച്ച മനസുള്ളവരായിരിക്കണം.’’
ഖലീൽ ജിബ്രാൻ പറഞ്ഞു: “ഒരധ്യാപകൻ ജ്ഞാനിയാണെങ്കിൽ, അവൻ വിദ്യാർഥികളോട് അധ്യാപകന്റെ ജ്ഞാനത്തിന്റെ ഭവനത്തിൽ പ്രവേശിക്കാൻ കൽപ്പിക്കുന്നില്ല. പകരം വിദ്യാർഥികളെ സ്വന്തം മനസിന്റെ ഉമ്മറപ്പടിയിലേക്കു നയിക്കുന്നു.”
സ്കൂൾ, കോളജ് തലങ്ങളിൽ വിദ്യാർഥികൾക്ക് ധാർമികതയുടെയും നീതിശാസ്ത്രത്തിന്റെയും ശരിയായ വിദ്യാഭ്യാസം നൽകണമെന്നാണ് മഹാത്മാഗാന്ധി എല്ലാ അധ്യാപകരോടും ആഹ്വാനം ചെയ്തത്. വിദ്യാർഥികളിൽ ഉയർന്ന ധാർമികതയും ശക്തമായ സ്വഭാവവും വളർത്തിയെടുക്കേണ്ടത് അധ്യാപകരുടെ കടമയാണെന്നും അധ്യാപകൻ സമൂഹത്തിനും വിദ്യാർഥികൾക്കും മുന്നിൽ മാതൃക കാട്ടണമെന്നും അദ്ദേഹം പറഞ്ഞു. ഉയർന്ന ധാർമികതയോടും ശക്തമായ സ്വഭാവത്തോടുംകൂടി അവൻ തന്നെ തന്റെ ജീവിതം നയിക്കുമ്പോൾ മാത്രമേ ഇത് ചെയ്യാൻ കഴിയുവെന്നും ഗാന്ധിജി നിരീക്ഷിക്കുന്നുണ്ട്.
കമ്പോളവത്കരിക്കപ്പെട്ട സമകാലിക യുഗത്തിൽ, അധ്യാപകർ ധാർമികതയും നീതിശാസ്ത്രവും ജീവിതക്രമത്തിൽ എങ്ങനെ ഉൾക്കൊള്ളിക്കുമെന്നത് ഒരു വലിയ ചോദ്യചിഹ്നമാണ്. അധ്യാപകനാകാൻ വ്യാജ യോഗ്യതാ പരിചയ സർട്ടിഫിക്കറ്റുകൾ നിർമിച്ചെടുക്കുക, സൃഷ്ടിപരമായ ബുദ്ധിശക്തിയുണ്ടെന്ന് ബോധ്യപ്പെടുത്താൻ അന്യന്റെ രചനകൾ മോഷ്ടിച്ചു സ്വന്തം പേരിലാക്കുക, പ്രബന്ധങ്ങൾ മോഷ്ടിച്ച് നിർമിച്ചെടുക്കുക, തൊഴിലിടത്തുനിന്ന് വളരെ ദൂരെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചതായി രേഖയും ബിരുദങ്ങളും സമ്പാദിക്കുക, അധികാരത്തിന്റെ വഴി ഉപയോഗിച്ച് എതിർലിംഗത്തിൽ പെട്ടവരെ പ്രലോഭിപ്പിച്ച് അനാശാസ്യനടപടികൾക്കു വിധേയമാക്കുക തുടങ്ങിയവയൊക്കെ അധ്യാപകവൃത്തിയുടെ പരിപാവനതയ്ക്ക് തീരാക്കളങ്കമാണ്.
ജിബ്രാൻ പറഞ്ഞതുപോലെ അധ്യാപകൻ ജ്ഞാനിയായിരിക്കുകയും വിദ്യാർഥികൾ സ്വന്തം മനസിന്റെ ശക്തിയും ബലഹീനതയും മനസിലാക്കാൻ വഴിയൊരുക്കുകയും ശക്തി സുസ്ഥിരമായി നിർത്താനും ബലഹീനത അതിജീവിക്കാനുള്ള മാർഗം വിദ്യാർഥിക്ക് പകർന്നു നൽകുകയും ചെയ്താൽ പ്രതിസന്ധികളിൽ ഒരാളും തളർന്നു പോകില്ല. ഈ അർഥത്തിൽ സമൂഹത്തിൽ ഉണ്ടാകുന്ന നന്മയിലും തിന്മയിലും അധ്യാപകരുടെ പങ്ക് വളരെ വലുതാണ്.
നമ്മുടെ സമൂഹത്തിൽ ലക്ഷ്യം കൈവരിച്ച ഒട്ടനവധി അധ്യാപകർ ഉണ്ട്. അവരെ പലപ്പോഴും അധികാരകേന്ദ്രങ്ങൾ തിരിച്ചറിയാതെ പോകും; പക്ഷെ സമൂഹം തിരിച്ചറിയുക തന്നെ ചെയ്യും .
(ബഹുഭാഷാ സാഹിത്യകാരനായ ലേഖകൻ ആറ്റിങ്ങൽ പോളിടെക്നിക്ക് കോളജ് പ്രിൻസിപ്പലാണ്.)