തെരഞ്ഞെടുപ്പിലേക്കോ കേളികൊട്ട്?
Saturday, September 2, 2023 2:01 AM IST
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
മണിപ്പുർ കലാപം അഞ്ചാം മാസത്തിലേക്കു കടക്കുന്പോഴും അക്രമങ്ങൾക്ക് അറുതിയില്ല. കലാപം അഞ്ചാം മാസത്തിലേക്കു കടക്കുന്പോഴുണ്ടായ പുതിയ വെടിവയ്പിലും ബോംബേറിലും എട്ടുപേർകൂടി കൊല്ലപ്പെട്ടു. “ഇതു ഞങ്ങളുടെ ഭൂമിയല്ലേ’’എന്ന പ്രശസ്തമായ ദേശഭക്തി ഗാനം രചിച്ച ആദിവാസി കവി എൽ.എസ്. മാംഗ്ബോയ് അടക്കമുള്ളവരുടെ ജീവനുകളാണു പൊലിഞ്ഞത്.
ബിഷ്ണുപുർ- ചുരാചന്ദ്പുർ ജില്ലാതിർത്തിയിൽ മെയ്തെയ്കളും കുക്കികളും മണിക്കൂറുകൾ ഏറ്റുമുട്ടി. വൻ സൈനിക, പോലീസ് സാന്നിധ്യമുള്ള പ്രദേശത്ത് മാസങ്ങളായി അക്രമം തുടരുന്പോഴും കേന്ദ്രത്തിലെയും മണിപ്പുരിലെയും ബിജെപി സർക്കാർ ഉറക്കം നടിക്കുകയാണ്.
ഇന്ത്യയുടെ ആദ്യ സോളാർ ദൗത്യമായ ആദിത്യ എൽ 1 ശ്രീഹരിക്കോട്ടയിൽനിന്ന് ഇന്നു കുതിച്ചുയരുന്നതാണ് പ്രതീക്ഷയുടെ കുതിപ്പ്. ചന്ദ്രയാൻ 3 വിജയമായതിന്റെ സന്തോഷം മാറുംമുന്പാണു ബഹിരാകാശത്തേക്ക് അടുത്ത വൻ കുതിപ്പിനു തുടക്കമാകുന്നത്.
ഒളിച്ചുകളി തുടരുന്ന ചൈന
അരുണാചൽ പ്രദേശും തർക്കപ്രദേശമായ അക്സായി ചിൻ മേഖലയും ഉൾപ്പെടുത്തി ചൈന 2023ലെ ഭൂപടം പുറത്തിറക്കിയതും വിവാദമായി. ലഡാക്കിൽ ചൈന കടന്നുകയറിയെന്നും നാട്ടുകാർക്കെല്ലാം ഇക്കാര്യം അറിയാമെന്നും ലഡാക്കിലെത്തി രാഹുൽ പറഞ്ഞു. ഇന്ത്യയുടെ ഒരിഞ്ചു ഭൂമി പോലും വിദേശശക്തികൾ കൈയേറിയിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന കള്ളമാണെന്ന രാഹുലിന്റെ പ്രസ്താവനയെ അപ്പാടെ നിഷേധിക്കാൻ കേന്ദ്രസർക്കാരിനായിട്ടില്ല.
അടുത്തയാഴ്ച അവസാനം ഡൽഹിയിൽ നടക്കുന്ന ജി 20 ഉച്ചകോടി ഇന്ത്യക്കാകെ ആവേശമാകും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും അടക്കം എത്തുന്ന സമ്മേളനത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ജിംഗ്പിംഗ് എത്തിയേക്കില്ലെന്ന സൂചനയും ഇന്ത്യക്കു തിരിച്ചടിയാണ്. ഒരാഴ്ച മുന്പ് ദക്ഷിണാഫ്രിക്കയിൽ നടന്ന ബ്രിക്സ് രാജ്യങ്ങളുടെ ഉച്ചകോടിയിൽ ഷി ജിംഗ്പിംഗ് പങ്കെടുത്തിരുന്നു. അതിർത്തി തർക്കം വേഗം പരിഹരിക്കാനുള്ള സാധ്യതകൾക്കു കൂടിയാകും മങ്ങലേൽക്കുക.
വളഞ്ഞ വഴിയിൽ അദാനി
ഇന്ത്യയാകെ ചർച്ചയാകുന്ന വൻ സംഭവപരന്പരകളുടെ കുത്തിയൊഴുക്കിനിടെയാണ് അദാനി കന്പനികളുടെ തട്ടിപ്പിന്റെ പുതിയ വെളിപ്പെടുത്തലുകളെത്തിയത്. ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിയും ക്രമക്കേടുമാണ് അദാനി കന്പനികൾ നടത്തിയതെന്നാണ് ആരോപണം. വൻ വിവാദമായ ഹിൻഡൻബർഗ് റിപ്പോർട്ടിനു പിന്നാലെ, പ്രധാനമന്ത്രി മോദിയുടെ ഉറ്റ ചങ്ങാതിയായ ഗൗതം അദാനിക്കെതിരേ എത്തിയ പുതിയ ആരോപണം വേഗം ഒതുക്കാനായേക്കില്ല. അദാനി കന്പനികളുടെ ഓഹരിവില പൊടുന്നനെ ഇടിഞ്ഞതു സൂചനയാകും. ഓഹരി, വിപണി മൂല്യം കൃത്രിമമായി പെരുപ്പിച്ചു കാട്ടിയ തട്ടിപ്പിനായി മൗറീഷ്യസിലെ സ്വന്തം കന്പനികൾ വഴി കോടിക്കണക്കിനു രൂപയുടെ അനധികൃത നിക്ഷേപം നടത്തിയെന്നാണു റിപ്പോർട്ട്.
ആഗോള പത്രപ്രവർത്തക കൂട്ടായ്മയായ ദ ഓർഗനെെസ്ഡ് ക്രൈം ആൻഡ് റിപ്പോർട്ടിംഗ് പ്രോജക്ടിന്റെ (ഒസിസിആർപി) അദാനി കന്പനികളുടെ ക്രമക്കേടിനെക്കുറിച്ചുള്ള റിപ്പോർട്ട് രാഷ്ട്രീയ, സാന്പത്തിക മേഖലകളിൽ കോളിളക്കമായതു സ്വാഭാവികം. വൻ അഴിമതികളും തട്ടിപ്പുകളും കുറ്റകൃത്യങ്ങളും പുറത്തുകൊണ്ടുവരാനായി തുടങ്ങിയ അമേരിക്കൻ സ്ഥാപനത്തിന്റെ റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ ഗൗരവമേറിയതാണ്. അദാനി ക്രമക്കേടുകളെക്കുറിച്ച് സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷണമാണ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത്. അദാനിയും മോദിയും ചേർന്ന മൊദാനി തട്ടിപ്പെന്ന ആക്ഷേപവുമായി മറ്റു പ്രതിപക്ഷ നേതാക്കളും രംഗത്തുണ്ട്.
പതിവുപോലെ അദാനി ഗ്രൂപ്പ് ആരോപണങ്ങൾ നിഷേധിച്ചു. അമേരിക്കൻ കോടീശ്വരനായ ജോർജ് സോറസ് ആണ് പുതിയ വെളിപ്പെടുത്തലുകൾക്കു പിന്നിലെന്നും അദാനി ഗ്രൂപ്പ് പറയുന്നു. ജോർജിന്റെ സഹായത്തിലാണ് ഒസിസിആർപിയുടെ പ്രവർത്തനമെന്നാണ് ആരോപണം. എന്നാൽ, ഒസിസിആർപി പുറത്തുവിട്ട രേഖകൾ അപ്പാടെ തെറ്റാണെന്നോ വ്യാജമാണെന്നോ അദാനി പറഞ്ഞില്ല.
അദാനിയെ അറിയാതെ ഇഡി
പ്രതിപക്ഷത്തെ ചെറിയ നേതാക്കളുടെ വീടുകളിലേക്ക് ഇഡിയെ (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) പറഞ്ഞുവിടുന്നവർ അദാനിക്കെതിരേയുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ ഇഡി, സിബിഐ, ആദായനികുതി അടക്കം ആരെയും മെനക്കെടുത്തുന്നില്ല. ബിജെപി നേതാക്കൾക്കും വൻകിട കോർപറേറ്റുകൾ അടക്കം അവരുടെ ഇഷ്ടക്കാർക്കുമെതിരേയുള്ള ആരോപണങ്ങളിൽ അന്വേഷണത്തിനുപോലും തയാറല്ലാത്തതിൽ പലതും മറയ്ക്കാനുണ്ടെന്ന സംശയം കൂടുകയേയുള്ളൂ.
അദാനി ഗ്രൂപ്പ് കന്പനികളിലെ മുൻ ഡയറക്ടർമാരായ രണ്ടു പേരാണു പുതിയ വിവാദത്തിലെ കേന്ദ്രസ്ഥാനത്തുള്ളത്. തായ്വാൻ സ്വദേശി ചാംഗ് ചുംഗ് ലിംഗും യുഎഇക്കാരനായ നാസർ അലി ഷബാൻ അഹ്ലിയും. ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിയുടെ അടുപ്പക്കാരാണിവർ. മൗറീഷ്യസ്, ബ്രിട്ടീഷ് വെർജിൻ ഐലൻഡ്സ്, യുഎഇ എന്നീ രാജ്യങ്ങളിൽ ഇവർ രജിസ്റ്റർ ചെയ്ത നാലു കന്പനികളിലൂടെയാണ് അദാനി ഗ്രൂപ്പ് കന്പനികളിലേക്കു കോടികളുടെ വിദേശനിക്ഷേപം എത്തിയത്. അദാനി കന്പനികളുടെ ഓഹരികൾ 2013 മുതൽ അഞ്ചു വർഷക്കാലം ഓഹരിവിപണി നിയന്ത്രണ സംവിധാനമായ സെബി ചട്ടങ്ങൾ മറികടന്ന് വിദേശ ഉടമകൾ വാങ്ങിക്കൂട്ടിയെന്നാണു കണ്ടെത്തൽ.
അദാനി ഗ്രൂപ്പിന്റെ പ്രധാന പൊതുനിക്ഷേപകരിൽ ചിലർ യഥാർഥത്തിൽ അദാനിയുടെ അടുപ്പക്കാരായിരുന്നു. ഇന്ത്യൻ സെക്യൂരിറ്റീസ് നിയമത്തിന്റെ ലംഘനമാണിതെന്നതാണ് ആരോപണം. ഹിൻഡൻബെർഗ് റിപ്പോർട്ടിലെ ആരോപണങ്ങൾ പഠിക്കാൻ സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതിക്ക് ആ നിക്ഷേപകരെ തിരിച്ചറിയാൻ കഴിഞ്ഞില്ല! വിദേശത്തുള്ള രഹസ്യ ഓഫ്ഷോർ ഘടനകൾക്കു പിന്നിൽ മറഞ്ഞിരുന്ന നിക്ഷേപകരെ കണ്ടെത്താൻ സെബിയും വിദഗ്ധ സമിതിയും ശ്രമിക്കാതിരുന്നതിന്റെ കാരണം വ്യക്തം.
കള്ളി വെളിച്ചത്താകും തെളിവുകൾ
ഹിൻഡൻബർഗ് റിപ്പോർട്ടിലെ വിദേശനിക്ഷേപകർ ആരാണെന്നു കണ്ടെത്താനായിരുന്നില്ലെങ്കിൽ, ഒസിസിആർപി റിപ്പോർട്ടിൽ നാസർ അലി ഷബാൻ അഹ്ലിയും ചാംഗ് ചുംഗ് ലിംഗുമാണ് നിക്ഷേപകരെന്നു കൃത്യമായി കണ്ടെത്തിയെന്നതാണു പ്രധാനം. ഇരുവരും അദാനിമാരുടെ വളരെയടുത്ത് ആളുകളും മുൻ ഡയറക്ടർമാരുമാണ്. ദി ഗാർഡിയൻ, ഫിനാൻഷ്യൽ ടൈംസ് എന്നീ അന്താരാഷ്ട്ര പത്രങ്ങൾ പ്രസിദ്ധീകരിച്ച റിപ്പോർട്ടിനോടൊപ്പം നികുതിവെട്ടിപ്പിന് സഹായിക്കുന്ന മൗറീഷ്യസ് അടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള ഫയലുകൾ, ബാങ്ക് ഇടപാടുകളുടെ രേഖകൾ, അദാനി ഗ്രൂപ്പിന്റെ ആഭ്യന്തര ഇ-മെയിലുകൾ എന്നിവ ഉൾപ്പെടെ തെളിവുകളുണ്ട്.
മൗറീഷ്യസിലും യുഎഇയിലും തുടങ്ങിയ നാലു കന്പനികളിൽനിന്ന് അറ്റ്ലാന്റിക് സമുദ്രത്തിലെ ദ്വീപായ ബർമുഡയിലെ ഗ്ലോബൽ ഓപ്പർച്യൂണിറ്റീസ് ഫണ്ടിലേക്കാണ് ആദ്യം നിക്ഷേപം നടത്തിയത്. അവിടെനിന്ന് വീണ്ടും മൗറീഷ്യസിലെ എമർജിംഗ് ഇന്ത്യ ഫോക്കസ് ഫണ്ട്സിലേക്കും ഇഎം റിസർജന്റ് ഫണ്ടിലേക്കും പണമെത്തിയെന്നാണു മലയാളി പത്രപ്രവർത്തകനായ രവി നായർ അടക്കമുള്ള ഒസിസിആർപി സംഘം കണ്ടെത്തിയത്. സ്വന്തം പങ്കാളിത്തം മറച്ചുവച്ചാണ് മൗറീഷ്യസ് ഫണ്ടുകൾ വഴി അദാനി കോടികളുടെ ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്തത്.
വിമാനത്താവളങ്ങളും തുറമുഖങ്ങളും മുതൽ സിമന്റും ഭക്ഷ്യയെണ്ണകളും വരെയുള്ള മേഖലകളിൽ വന്പൻ സാന്നിധ്യമുള്ള അദാനി ഗ്രൂപ്പ് എൻഡിടിവി അടക്കം ടെലിവിഷൻ വാർത്താചാനലുകളും പിടിച്ചടക്കി. ഗതാഗതം, ലൊജിസ്റ്റിക്സ്, പ്രകൃതിവാതക വിതരണം, റോഡ് നിർമാണം, ഡാറ്റാ സെന്ററുകൾ, റിയൽ എസ്റ്റേറ്റ്, വൈദ്യുതി ഉത്പാദനം, കൽക്കരി വ്യാപാരവും ഉത്പാദനവും എന്നിവയുൾപ്പെടെ ഇന്ത്യയിലും വിദേശത്തും അദാനി കൈവയ്ക്കാത്ത മേഖലകളില്ല. നരേന്ദ്ര മോദി അധികാരത്തിലെത്തിതിനു മുന്പ് 2013 സെപ്റ്റംബറിൽ വെറും 800 കോടി ഡോളറിൽ താഴെയായിരുന്നു അദാനി ഗ്രൂപ്പിന്റെ വിപണിമൂല്യം. ഒന്പതു വർഷംകൊണ്ട് ഇതു 15,400 കോടി ഡോളറായി വളർന്നതാണു മോദി- അദാനി മാജിക്.
അഴിമതിക്കു കുടപിടിക്കരുത്
അദാനി കന്പനികൾ നടത്തിയ ശതകോടികളുടെ തട്ടിപ്പും വെട്ടിപ്പും ക്രമക്കേടും അന്വേഷിക്കപ്പെടാതെ പോകരുത്. അഴിമതിക്കെതിരേയുള്ള ജനവികാരം മുതലെടുത്താണ് അധികാരത്തിലെത്തിയതെന്ന് മോദി മറന്നാലും രാജ്യത്തെ ജനം മറക്കില്ല. ആവശ്യമായ ഇടപെടലുകൾക്ക് കോടതികൾ വൈമനസ്യം കാട്ടില്ലെന്നു വിശ്വസിക്കാം.
“ജനാധിപത്യം നല്ലതാണ്. മറ്റു സംവിധാനങ്ങൾ മോശമായതിനാലാണ് ഇതു പറയുന്നത്’’ ജവഹർലാൽ നെഹ്റുവിന്റെ ഈ വാക്കുകളിൽ ഇന്ത്യൻ ജനതയുടെ ദുര്യോഗം വ്യക്തമാണ്.
പാർലമെന്റും ഇന്ത്യ സഖ്യവും
ഈ മാസം 18 മുതൽ മുതൽ അഞ്ചു ദിവസം മാത്രം നീളുന്ന പ്രത്യേക പാർലമെന്റ് സമ്മേളനം ചേരാനുള്ള കേന്ദ്രസർക്കാരിന്റെ അപ്രതീക്ഷിത പ്രഖ്യാപനമാണ് ദേശീയ രാഷ്ട്രീയത്തിൽ ചലനമുണ്ടാക്കുന്ന മറ്റൊരു സംഭവം. രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്കു നീങ്ങുകയാണോയെന്ന ശങ്ക എല്ലാവരിലും സൃഷ്ടിക്കാൻ ഇതിനു കഴിഞ്ഞു.
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മോഹത്തിനായി മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായി സമിതി രൂപീകരിച്ചതോടെ വിഷയം ചർച്ചയാക്കിയാലും ഉടൻ പ്രാവർത്തികമാകില്ലെന്ന സൂചനയായി. ഈ വർഷാവസാനം നടക്കേണ്ട മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലുങ്കാന, മിസോറാം നിയമസഭാ തെരഞ്ഞെടുപ്പിനോടൊപ്പം ലോക്സഭാ തെരഞ്ഞെടുപ്പുകൂടി നടത്താൻ മോദി ആലോചിക്കുന്നതിന്റെ സൂചനയാണ് 200 രൂപ പാചകവാതകത്തിനു കുറച്ചതെന്നാണ് അഭ്യൂഹം.
മുംബൈയിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ ഇന്ത്യ സഖ്യം യോഗം കഴിയുന്നത്ര യോജിച്ചു തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രമേയം പാസാക്കിയത് രാഷ്ട്രീയം ഉഷാറാക്കി. സീറ്റുവിഭജനം വേഗം പൂർത്തിയാക്കാനാണു ധാരണ. ഇന്ത്യ സഖ്യത്തിന്റെ ഏകോപനത്തിനായി 14 അംഗ സമിതിയിൽനിന്നു ഗാന്ധി കുടുംബാംഗങ്ങൾ വിട്ടുനിന്നതും പ്രധാനമന്ത്രിപദവി അടക്കം പിടിവാശിക്കില്ലെന്ന സൂചനയാകും. ഭാരത് ജോഡോ യാത്ര രാഹുലിനെ ആകെ മാറ്റിയിട്ടുണ്ട്. ഒരിക്കലും യോജിക്കില്ലെന്നു പലരും കരുതിയിരുന്ന കോണ്ഗ്രസും കമ്യൂണിസ്റ്റുകളും തൃണമൂലും ആം ആദ്മിയും അടക്കമുള്ള പാർട്ടികൾ ബിജെപിക്കെതിരേ ഒന്നിച്ചതു നിസാരമല്ല.