നാമൊന്ന്... ഐക്യത്തോടെ നീങ്ങാം...
Sunday, August 20, 2023 1:30 AM IST
ഒരുമയിലേക്കു മനസു ചേർത്തുവയ്ക്കേണ്ട സമയം. എല്ലാ കരങ്ങളെയും ചേർത്തുപിടിക്കേണ്ട സമയം. ഒരുമയോടീ ബലി അർപ്പിക്കാമെന്നു മനസുകൊണ്ടും പ്രവൃത്തികൊണ്ടും ദൈവത്തിനും മനുഷ്യർക്കും മുന്നിൽ സാക്ഷ്യം വഹിക്കാൻ ഇതിനേക്കാൾ നല്ല അവസരമില്ല. അവസാനം വന്നവനെപ്പോലും ചേർത്തുപിടിക്കുന്ന സ്നേഹം എല്ലാവർക്കുമായി കാത്തിരിക്കുന്നു. നമ്മുടെ കുഞ്ഞു പരിഭവങ്ങളും നൊന്പരങ്ങളുമൊക്കെ അലിഞ്ഞില്ലാതാകുന്നത് ഈ സ്നേഹക്കൂട്ടായ്മയിലാണ്. ഈ കൂട്ടായ്മയുടെ കരുത്താണ് നമ്മുടെ ജീവിതത്തിന്റെ ചൈതന്യവും ഊർജവും. ഒറ്റ തിരിഞ്ഞുപോകാനല്ല ഒറ്റക്കെട്ടായി നീങ്ങാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്.
എറണാകുളം-അങ്കമാലി അതിരൂപതയിലെ പതിനായിരക്കണക്കിന് വിശ്വാസികളുടെ പ്രതിനിധികൾ നടത്തുന്ന പ്രതികരണം...
അനുസരിക്കാം, പ്രശ്നങ്ങള്‍ പരിഹരിക്കാം
വിശുദ്ധ കുര്‍ബാന ചൊല്ലുമ്പോള്‍ എങ്ങോട്ടു തിരിഞ്ഞു നില്‍ക്കണം, എന്ന ചെറിയ കാര്യത്തില്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍ ഒരിക്കലും മാര്‍പാപ്പയെ ധിക്കരിക്കാന്‍ തയാറാകില്ല എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. വന്ദ്യ വൈദിക സുഹൃത്തുക്കളെ അലട്ടുന്ന മറ്റെന്തോ വലിയ പ്രശ്നങ്ങള്‍ ഉള്ളതായി ഞാന്‍ ആശങ്കപ്പെടുന്നു.
ആ പ്രശ്നങ്ങള്‍ വൈദിക പ്രതിനിധികളുമായി താമസിയാതെ ചര്‍ച്ച നടത്തി എന്തെല്ലാമാണെന്നു മനസിലാക്കി, പഠനങ്ങള്‍ നടത്തി, ശരിയായ നിഗമനത്തിലെത്തി ന്യായമായ പരിഹാരം സമയബന്ധിതമായി കണ്ടെത്താന്‍ കഴിയും.
അതിരൂപതയിലെ വൈദികര്‍ എല്ലാവരും മാര്‍പാപ്പയെ അനുസരിച്ചു വിശുദ്ധ കുര്‍ബാന ചൊല്ലി നമ്മുടെ അതിരൂപതയിലെ വിശ്വാസികള്‍ എല്ലാവരെയും അനുഗ്രഹിച്ചു പ്രാര്ഥിക്കണമെന്നാണ് അഭ്യര്‍ഥന.
പി.സി. സിറിയക്, മുന്‍ തമിഴ്നാട് ചീഫ് സെക്രട്ടറി
ഈ പ്രതിസന്ധിയും കർത്താവിന്റെ കൃപയാൽ തരണം ചെയ്യും
എറണാകുളം-അങ്കമാലി അതിരൂപതയിൽ, സീറോ മലബാർ സഭയുടെ ഔദ്യോഗിക കുർബാന അർപ്പിക്കുന്നതിനു തടസം നിൽക്കുന്ന വലിയ തെറ്റിൽ നിന്നു സഭാ മക്കൾ തിരിച്ചു വരുന്നതിനുവേണ്ടി, പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയും, സീറോ മലബാർ സഭാ നേതൃത്വവും, വേദനയോടും ആകാംക്ഷയോടുംകൂടെ കാത്തിരിക്കുകയാണ്.
റോക്കോസ് ശീശ്മ, മേലൂസ് ശീശ്മ, പദ്രുവാദോ ശീശ്മ എന്നിവയിലൂടെ കടന്നുപോയിട്ടുള്ള സീറോമലബാർ സഭയ്ക്ക് ഈ പ്രതിസന്ധിയെയും കർത്താവിന്റെ കൃപയാൽ തരണം ചെയ്യാൻ സാധിക്കും. "നിങ്ങൾ ആയിരിക്കുന്ന അതിലോല സാഹചര്യത്തിൽ വിഭജനത്തിന്റെ എല്ലാ വിവാദങ്ങൾക്കും പ്രതിസാക്ഷ്യങ്ങൾക്കുമുപരി നാം കർത്താവിൽ വിതച്ചാൽ, അവിടത്തോടൊത്ത് കൊയ്യാം; നാം കാറ്റ് വിതച്ചാൽ കൊടുങ്കാറ്റ് കൊയ്യും..., പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികർക്കും വിശ്വാസികൾക്കും എഴുതിയ കത്തിലെ ഒരു പ്രസക്തഭാഗമാണ് ഇത്.
അതിനാൽ കർത്താവിന്റെ അധികാരത്തോടെയും പ്രവാചക ധീരതയോടെയും കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ പറഞ്ഞ ഈ കാര്യം എറണാകുളം-അങ്കമാലി അതിരൂപതയിലെ എല്ലാ പുരോഹിതരും വിശ്വാസികളും ഹൃദയത്തിൽ ഏറ്റെടുക്കട്ടെ, അനുസരിക്കട്ടെ.
മാർപാപ്പയുടെ പ്രതിനിധിയുടെ ഉത്തരവ്, ഈശോയുടെ ഉത്തരവാണ്. അത് ഇനിയും അനുസരിക്കാതെ ധിക്കാരം തുടർന്നാൽ പ്രവാചകൻ പറഞ്ഞതുപോലെ, വാളിനിരയായിത്തീരും... അതായത് നിത്യ നാശത്തിലേക്കും ആത്മീയ മരണത്തിലേക്കും ചെന്നു വീഴും എന്നതിൽ സംശയമുണ്ടാകേണ്ടതില്ല.
ഡോ. അപ്പു സിറിയക്, സെന്റ് ഫ്രാൻസിസ് , അസീസി ഇടവക, കാക്കനാട്
കലഹം വിശ്വാസികളെ വേദനിപ്പിക്കുന്നത്
എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഏകീകൃത ബലിയര്‍പ്പണത്തിന്റെ പേരില്‍ രണ്ടു വിഭാഗമായി തിരിഞ്ഞുള്ള പോരാട്ടം സഭാ വിശ്വാസികളെ വലിയ തോതില്‍ വിഷമിപ്പിക്കുന്നതാണ്. അള്‍ത്താരയിലേക്ക് തിരിയുന്നതിനെ ചൊല്ലിയുണ്ടായ ഭിന്നിപ്പിന്റെ പേരില്‍ വിശ്വാസികളെ തെരുവില്‍ ഇറക്കിയതും തെരുവില്‍ പ്രകടനം നടത്തിയതും ക്രൈസ്തവ വിശ്വാസത്തിനും പാരമ്പര്യത്തിനും ഒട്ടും ചേര്‍ന്നതല്ല. ഇത് സഭാ വിശ്വാസികളില്‍ ഉണ്ടാക്കിയ മുറിവ് പെട്ടെന്ന് ഉണങ്ങുന്നതല്ല.
മാര്‍പാപ്പ അദ്ദേഹത്തിന്റെ കല്പനകള് നടപ്പിലാക്കാനാണു പേപ്പല്‍ ഡെലിഗേറ്റിനെ നിയമിച്ചിട്ടുള്ളത്. അതുകൊണ്ട് ഈ വിഷയത്തിന്റെ അന്തിമമായ ഈ ഘട്ടത്തില്‍ എല്ലാ ഭിന്നതകളും മാറ്റിവച്ച്, സഭാ വിരുദ്ധരുടെയും ബാഹ്യ ശക്തികളുടെയും കൈയിലെ കളിപ്പാവകളാകാതെ, എല്ലാ പുരോഹിതരും ഒറ്റക്കെട്ടായി ഏകീകൃത ബലിയര്‍പ്പിച്ച് സഭയെ പുരോഗതിയിലേക്കു നയിക്കണം.
ജോണി തോട്ടക്കര, മഞ്ഞപ്ര
ക്രിസ്തീയത നഷ്ടമാകരുത്
ഈശ്വര സാക്ഷാത്കാരത്തിന് തിരുമുന്പില് മനസു തുറക്കാന്‍ തുറവിയുള്ള മനസും ശാന്തമായ ഹൃദയവുമാണ് മുഖ്യം. അതിലാണ് ഈശ്വരാനുഭവം ലഭിക്കുക. കുര്‍ബാന ആയാലും പ്രാര്‍ഥന ആയാലും സ്ഥലമോ ദിശയോ ഒന്നും തടസമാകാതെ, സാധ്യമായ സാഹചര്യങ്ങളൊരുക്കി പ്രശ്നങ്ങളില്ലാത്ത ഒരു സഭാ കൂട്ടായ്മയാണ് ക്രിസ്തീയം.
എല്ലാ അര്‍ഥത്തിലും നഷ്ടപ്പെട്ടു പോയിരിക്കുന്നതും ഈ ക്രിസ്തീയതയാണ്. ഒരു അമ്മ എന്ന നിലയ്ക്കും ഒരു സാമൂഹ്യപ്രവര്‍ത്തക എന്ന നിലയ്ക്കും ഇന്ന് സംഭവിക്കുന്നതും നാളെ വരാനിരിക്കുന്നതുമായ ശോഷണങ്ങളെ ഭീതിയോടെ കാണുകയാണ്. അടിച്ചമര്‍ത്തലുകളോ കെട്ടിയേല്പിക്കലോ ഇല്ലാതെ സ്വന്തമായി ചിന്തിക്കാനും തീരുമാനമെടുക്കാനും പ്രാപ്തമാണ് ഇന്നത്തെ വികസിത സമൂഹം. സ്വതന്ത്രമായ മനസോടെ പ്രാര്‍ഥിക്കാന്‍ സാധ്യമായ സാഹചര്യങ്ങള്‍ പിടിവാശിയില്ലാതെ ഒരുക്കാം.
ലീന ജോര്‍ജ് കുടിയിരിപ്പില്, മറ്റൂര്‍
ക്രിസ്തുചൈതന്യം നഷ്ടപ്പെടുത്തരുത്
ജനാഭിമുഖ കുര്‍ബാന നടപ്പിലാക്കുന്നതിനുവേണ്ടി ഇവിടെ നടമാടിക്കൊണ്ടിരിക്കുന്ന സമര രീതികളോടോ വിദ്വേഷ രീതികളോടോ എനിക്കു താല്പര്യമില്ല. അത് അംഗീകരിക്കാനുമാവില്ല. ക്രിസ്തുവിന്റെ അനുയായികള്‍ എന്ന് പറയപ്പെടുന്നവര്ക്കിടയില് ക്രിസ്തുചൈതന്യം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന ആശങ്ക പരക്കെയുണ്ട്. ‘നമ്മുടെ സത്പ്രവൃത്തികള്‍ കണ്ടു മറ്റുള്ളവര്‍ നമ്മുടെ സ്വര്‍ഗസ്ഥനായ പിതാവായ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന് നമ്മുടെ വെളിച്ചം മറ്റുള്ളവരുടെ മുമ്പില്‍ പ്രകാശിക്കണം’ എന്നാണ് ക്രിസ്തു പഠിപ്പിച്ചത്.
വ്യക്തിപരമായി എനിക്കു താത്പര്യം നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ജനാഭിമുഖ കുര്ബാനയോടു തന്നെയാണ്. എന്നാല്‍, കുര്‍ബാന ഏകീകരണം സംബന്ധിച്ചു സീറോമലബാര്‍ സഭയില്‍ ഒരു പൊതുവായ തീരുമാനം അതിന്റെ സിനഡ് കൈക്കൊള്ളുമ്പോള്‍, ആ തീരുമാനം പിന്തുടരണമെന്നു മാര്‍പാപ്പയും ആവശ്യപ്പെടുമ്പോള്‍, അതനുസരിച്ചു മുന്നോട്ടു നീങ്ങാനുള്ള ക്രിസ്തീയ ശൈലിയാണ് നമുക്കുണ്ടാകേണ്ടത്.
ജെയ്മോന് തോട്ടുപുറം, ഫാമിലി യൂണിയന് സെന്‍ട്രല്‍ കമ്മിറ്റി ജന. സെക്രട്ടറി, പൂണിത്തുറ ഇടവക
മാര്‍പാപ്പയെ അനുസരിക്കണം
മാര്‍പാപ്പയെ അനുസരിക്കുക എന്നത് ഏതൊരു കത്തോലിക്ക വിശ്വാസിയുടെയും പരമപ്രധാനമായ ഉത്തരവാദിത്വമാണ്. പരിശുദ്ധ പിതാവിനെയും കത്തോലിക്കാ സഭയെയും പിന്തുടരാന് ആഗ്രഹിക്കുന്നവരെല്ലാം മാര്‍പാപ്പയെ അനുസരിച്ചേ മതിയാകൂ. അനുസരണം കൂടാതെ ഒരു പ്രസ്ഥാനത്തിനോ സഭയ്ക്കോ മുന്നോട്ടുപോകാനാവില്ല.
തുടര്‍ച്ചയായ ഒട്ടും ക്രൈസ്തവികമല്ലാത്ത പ്രതിഷേധങ്ങളും തിരസ്കരണങ്ങളും സഭയ്ക്ക് വലിയ ദോഷം ഉണ്ടാക്കിയിട്ടുണ്ട്. നമ്മെ നിരീക്ഷിക്കുന്നവരുടെ മുന്നില്‍ അപമാനഭാരം കൊണ്ട് തല കുനിച്ചു നില്‍ക്കേണ്ടി വരുന്നു. ദൈവത്തിന് നിരക്കാത്ത അനുസരണക്കേടിന്റെ ഫലം വലിയ ആത്മീയ നാശം സൃഷ്ടിക്കും.
മാര്‍പാപ്പയുടെ പ്രതിനിധിയുടെ കല്പന അനുസരിക്കാന്‍ സഭാമക്കള്‍ക്ക് ബാധ്യതയുണ്ട്. എന്നും സഭയോടൊപ്പം നില്‍ക്കാനും ഏത് കാര്യത്തിലും ദൈവഹിതം ആരായുവാനുമാണ് അധികാരികള്‍ ചെറുപ്പം മുതലേ പഠിപ്പിച്ചിട്ടുള്ളത്. എന്റെ ഇഷ്ടങ്ങളെക്കാള്‍, താത്പര്യങ്ങളെക്കാള്‍ ദൈവഹിതം നിറവേറട്ടെ എന്നാണ് പ്രാര്‍ഥനയും. പ്രാദേശിക വിഭാഗീയതയെക്കാള്‍ സഭയ്ക്കൊപ്പം നില്‍ക്കാനാണ് എന്നും പറഞ്ഞു പഠിപ്പിച്ചത്. സഭാ കൂട്ടായ്മയ്ക്ക് ഒപ്പം ചരിക്കുകയും മാര്‍പാപ്പയെ അനുസരിക്കാന്‍ തയാറാവുകയും ചെയ്യുമ്പോഴാണ് നമ്മള് സഭാമക്കളാകുക. ആ തുറവിയിലേക്ക് പരിശുദ്ധാത്മാവ് നമ്മെ നയിക്കട്ടെ.
അഡ്വ. ചാര്‍ളി പോള്‍, പാസ്റ്ററല്‍ കൗണ്‍സില്‍ മുന്‍ സെക്രട്ടറി, സിഎല്‍സി, കെസിഎസ്എല്‍ മുന്‍ സംസ്ഥാന പ്രസിഡന്റ്
സഭയ്ക്കൊപ്പം ഒന്നിച്ചുനിൽക്കാം
ശത്രുവിനെ പോലും സ്നേഹിക്കണമെന്ന് ലോകത്തെ പഠിപ്പിക്കുകയും കുരിശില്‍ കിടന്നു കൊണ്ട് തന്നെ പീഡിപ്പിച്ചവരോടു പോലും ക്ഷമിക്കുകയും ചെയ്ത ക്രൂശിതനെ വീണ്ടും അവഹേളിക്കുന്ന വിധത്തില്‍, വിശുദ്ധ കുര്‍ബാനയുടെ പേരില്‍ കലഹങ്ങള്‍ ഇനിയും നീണ്ടു പോകാതെ രമ്യതയിലെത്താന്‍ എല്ലാവരും തയാറാകണം. ലോകമെങ്ങും സുവിശേഷം എത്തിക്കുക എന്ന ഈശോയുടെ ആഹ്വാനത്തിനാവട്ടെ നമ്മുടെ പ്രഥമ പരിഗണന. അതിനായി മാര്‍പാപ്പയോടും കത്തോലിക്കാ സഭയോടും ചേര്‍ന്ന് നിന്ന് നമുക്ക് ഒരുമിച്ച് പ്രയത്നിക്കാം.
സനോജ് പി. തോമസ് (മതബോധന അധ്യാപകന്
കുര്‍ബാനയെ സമരായുധമാക്കരുതേ..!
സഭയുടെ കൗദാശികതയും ദൗത്യവും എല്ലാ ശുശ്രൂഷാവേദികളും ഒന്നുചേരുന്ന ഇടമാണു പരിശുദ്ധ കുര്‍ബാനയെന്ന് ദൈവശാസ്ത്ര പണ്ഡിതര്‍ ഓര്‍മിപ്പിക്കുന്നു. ഈ വിശുദ്ധ കുര്‍ബാന ഒരു സമര മാര്‍ഗമായി മാറുന്ന കാഴ്ച ഉള്ളുപൊള്ളിക്കുന്നതാണ്.
ശാരീരികഭക്ഷണം ഒരുവനെ ശാരീരികമായി ശക്തീകരിക്കുന്നതുപോലെ ആത്മീയഭക്ഷണമായ വിശുദ്ധ കുര്‍ബാന ഒരുവനെ ആത്മീയമായി ശക്തനാക്കുന്നു (സിസിസി1394). ആത്മീയ ഭക്ഷണമായ കുര്‍ബാനയെ വിശുദ്ധമായും പരിപാവനമായും ജനങ്ങളിലേക്ക് എത്തിക്കാന്‍ നിയുക്തരായ വൈദികരോട് അപേക്ഷ- ഇനിയും വിശുദ്ധ കുര്‍ബാന ഒരു സമരായുധമാക്കി മാറ്റരുതേ. ജയ-പരാജയങ്ങളുടെ കണക്കെടുക്കാന്‍ ഇത് ഒരുമൈതാനക്കളി അല്ലല്ലോ!
സഭാതനയരുടെ പാപമോചനം, വിശുദ്ധീകരണം, ശക്തീകരണം ഇവയെല്ലാം നടക്കുന്ന വിശുദ്ധ കുര്‍ബാനയുടെ വേദിയില്ലാതെ മറ്റൊരിടത്തുനിന്നും സഭയ്ക്കു വളരാന്‍ കഴിയുകയില്ല. ആ ബലിവേദിയില്‍ അനുരഞ്ജനത്തിന്റെ സന്ദേശങ്ങള്‍ ഉയര്‍ന്നു കേള്‍ക്കട്ടെ.
അനുരഞ്ജനത്തിന്റെയും വിട്ടുവീഴ്ചയുടെയും പാതയില്‍ സീറോമലബാര്‍ സഭയാകുന്ന അമ്മമരത്തിന്റെ തണലില്‍ നമുക്ക് ഒരുമയുടെ ബലിയര്‍പ്പിക്കാം.
ഡോ. സെമിച്ചന് ജോസഫ്,സ്മാര്‍ട്ട് ഇന്ത്യ ഫൗണ്ടേഷന് കോ -ഫൗണ്ടര്‍
അര്‍ഥവത്തായ എഡിറ്റോറിയല്‍
ഓഗസ്റ്റ് 19ലെ ദീപിക എഡിറ്റോറിയല്‍ എറണാകുളം-അങ്കമാലി അതിരൂപതയുടെ നിലവിലെ സാഹചര്യത്തില്‍ അര്‍ഥവത്താണ്. മാര്പാപ്പയെയും സഭാസിനഡിനെയും നിഷ്കരുണം നിഷേധിക്കുന്ന വൈദികര്‍, പള്ളികളില്‍ ജനങ്ങള്‍ സ്നേഹവും അനുസരണവും പാലിക്കണമെന്ന് പ്രസംഗിക്കുന്നത് യുക്തിസഹമല്ല. വിശ്വാസികളുടെ അവകാശമായ കുര്‍ബാന സഭാ നിയമപ്രകാരം അര്‍പ്പിക്കാത്ത വൈദികര്‍ക്കെതിരേ ശക്തമായ നടപടി വേണം.
സിന്ധു കുര്യാക്കോസ്, വല്ലകം സെന്റ് മേരീസ് ഇടവക
മാര്‍പാപ്പയെ ധിക്കരിക്കരുത്
സഭയിലെ തീരുമാനങ്ങള്‍ക്ക് മാര്‍പാപ്പയാണ് അവസാന വാക്ക്. അദ്ദേഹത്തിന്റെ വാക്ക് ധിക്കരിച്ചു സഭയില്‍ അംഗമായിരിക്കാന്‍ സാധിക്കില്ല.
കുര്‍ബാനയര്‍പ്പണം സംബന്ധിച്ചു മാര്‍പാപ്പ എന്തു പറയുന്നോ അത് അനുസരിക്കാന്‍ നാം കടപ്പെട്ടവരാണ്. ദൈവത്തിങ്കലേക്കു നോക്കി, ദിവ്യബലിയര്‍പ്പിച്ച് നമുക്കു നവീകരണത്തിലേക്കു വരാം. ദീപികയുടെ ശക്തമായ എഡിറ്റോറിയലിന് അഭിനന്ദനങ്ങള്‍.
ജെയിംസ് ഇലവുംകുടി, മര്‍ച്ചന്റ് അസോ. മുന്‍ പ്രസിഡന്റ്, പെരുമ്പാവൂര്‍
ആദ്യം അനുസരിക്കട്ടെ
അനുസരണം ജീവിതവ്രതമാക്കിയവര്‍ക്ക് അനുസരണം ആവശ്യമില്ലേ? ആദ്യം ഈ വൈദികര്‍ സഭയെ അനുസരിക്കട്ടെ. എല്ലാ വീടുകളും സന്ദര്‍ശിച്ചിട്ടുണ്ട്. ജനത്തിനു സഭയ്ക്കൊപ്പം നില്‍ക്കാനാണ് താത്പര്യം.
ജനം പ്രതികരിക്കുന്നില്ലെന്നുമാത്രം. 90 ശതമാനം വിശ്വാസികളും സഭയ്ക്കൊപ്പമാണ്. അഹങ്കാരം കാണിച്ചു കുറച്ചു വൈദികര്‍ മാറിനില്ക്കുന്നുവെന്നുമാത്രം.
വെറും ട്രേഡ് യൂണിയന് നേതാക്കളെ പോലെയാണ് ഏതാനും വൈദികര്‍ പ്രവര്‍ത്തിക്കുന്നത്. വിമതര്‍ ഭീഷണിപ്പെടുത്തി പല വൈദികരെയും വിശ്വാസികളെയും കൂടെനിര്‍ത്തുന്നു. വിമതര്‍ക്കു വിശ്വാസികളുടെ പിന്തുണയൊന്നുമില്ല.
ജോര്‍ളി കൈതക്കാട്ട്, കൊതവറ സെന്റ് സേവ്യഴ്സ് ഇടവക, വൈക്കം ഫൊറോന
നിലപാടില്‍ ഉറച്ച്
സഭയുടെ നിലപാടില്‍ തന്നെ. നിശബ്ദത വിമതവൈദികര്‍ അനുകൂലമാക്കി മാറ്റാന്ശ്രമിക്കുന്നു. വിശ്വാസികള്‍ മാര്പാപ്പയ്ക്കൊപ്പമാണ്. മാര്‍പാപ്പയെ വിട്ട് ഒരു വിശ്വാസിയും പോകില്ല. സഭയില്‍നിന്നു മാറിനില്‍ക്കുന്ന വൈദികര്‍ ഏകീകൃതകുര്‍ബാന അര്‍പ്പിക്കാന്‍ വിട്ടുവീഴ്ച ചെയ്തു മുന്നോട്ടു വരുമെന്നാണ് പ്രതീക്ഷ. തെറ്റായ സിദ്ധാന്തങ്ങളുടെ പിന്നാലെ പോകുന്ന വൈദികര്‍ക്ക് മറ്റു ലക്ഷ്യങ്ങളുണ്ട്. മാര്പാപ്പയെവരെ അനുസരിക്കില്ലെന്നു വാശിപിടിക്കുന്നവര്‍ എന്ത് പ്രബോധനമാണ് വിശ്വാസികള്‍ക്ക് നല്‍കുന്നത്.
ബിനോയ് ദേവസ്യ, ആലിന്ചുവട്ടില്, ലിറ്റില്‍ ഫ്ളവര്‍ ഇടവക നടേല്, വൈക്കം
അവസാനവാക്ക് മാര്‍പാപ്പയുടേത്
ആഗോളകത്തോലിക്കസഭയുടെ അവസാനവാക്ക് മാര്പാപ്പയുടെതാണ്. സീറോമലബാര്‍ സഭയില്‍ ഏകീകൃതകുര്‍ബാന വേണമെന്ന് മാര്‍പാപ്പ കല്പിക്കുന്നു. സഭയില്‍ തുടരണമെങ്കില്‍ മാര്‍പാപ്പയെ അനുസരിക്കണം.
മാര്‍പാപ്പയുടെ പ്രതിനിധിയെപോലും അവഗണിക്കാനും ആക്രമിക്കാനും തയാറായ വിമതവൈദികര്‍ സഭാവിരുദ്ധശക്തികള്ക്കൊപ്പംനിന്നു പ്രവര്‍ത്തിക്കുകയാണ്. അവര്‍ അനുസരണക്കേട് പഠിപ്പിക്കുന്നതു കണ്ടുനില്ക്കാന് വിശ്വാസികള്‍ക്കു കഴിയില്ല. പൗരോഹിത്യവ്രതങ്ങള്ക്ക് എതിര്‍സാക്ഷ്യം നല്‍കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഇവര്‍ നല്കുന്ന കൂദാശകള്‍പോലും ഫലപ്രദമല്ല. ഇവര്‍ സഭയെ വ്യതിചലിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇവര്‍ക്കെതിരേ കടുത്ത നടപടി ഉണ്ടാകുന്നതു കാണാന്‍ വിശ്വാസികള്‍ കാത്തിരിക്കുന്നു.
സീലിയ ആന്റണി പൊറത്തൂര്‍, സെന്റ് മേരീസ് ബസിലിക്ക ഇടവക, എറണാകുളം
വൈദികർ വിട്ടുവീഴ്ചയ്ക്കു തയാറാകണം
ഏകീകൃത കുർബാനയെ ഇതുവരെ എതിർത്തിരുന്ന എറണാകുളം-അങ്കമാലിയിലെ വൈദികർ സഭയുടെ നന്മയെ കരുതി വിട്ടുവീഴ്ചയ്ക്കു തയാറാകണം. പ്രകോപനങ്ങളും പോർവിളികളും ഒന്നിനും പരിഹാരമല്ല. സഭയാണ് എല്ലാറ്റിലും വലുത്. അവിടെ പ്രാദേശികവാദങ്ങൾക്കു പ്രസക്തിയില്ല.
സഭയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന പ്രവർത്തികളിൽനിന്നും പ്രചാരണങ്ങളിൽനിന്നും എല്ലാവരും പിന്മാറണം. വിശുദ്ധ കുർബാനയർപ്പണ രീതിയെച്ചൊല്ലി കഴിഞ്ഞ ഏതാനും നാളുകളായി ആഗോളതലത്തിൽ അതിരൂപതയ്ക്കുണ്ടായ പേരുദോഷത്തിൽ വിശ്വാസികൾ വളരെയേറെ വിഷമത്തിലാണ്. നാളിതുവരെയുളള അകൽച്ചകളും അനൈക്യവും മാറ്റിനിർത്തി സഭാതലവനായ മാർപാപ്പയെ അനുസരിച്ച് സഭയെ ശക്തിപ്പെടുത്തി മുന്നോട്ടുപോകാൻ എല്ലാവരും തയാറാകണം.
ജോണി ആന്റണി, മതബോധന അധ്യാപകൻ, താമരച്ചാൽ തിരുഹൃദയ ഇടവക.
നിലപാടുണ്ടാവുക, അതില്‍ ഉറച്ചു നില്ക്കുക
സഭയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സഭയ്ക്കും സഭാമക്കള്‍ക്കും കൃത്യമായ നിലപാടുണ്ടാവുക എന്നതു പ്രധാനമാണ്. എടുത്ത നിലപാടില്‍ ഉറച്ചു നില്‍ക്കുകയെന്നതും പ്രധാനമാണ്. പലപ്പോഴും നിലപാടുകളിലെ വ്യക്തതക്കുറവാണ് പല പ്രശ്നങ്ങളിലേക്കും വഴിതെളിച്ചിട്ടുള്ളത്.
ഏകീകൃത കുര്‍ബാനയര്‍പ്പണം സംബന്ധിച്ചു സഭയുടെ നിലപാടും സഭാമക്കള്ക്കുണ്ടാകേണ്ട കാഴ്ചപ്പാടും സുവ്യക്തമായി ദീപിക എഡിറ്റോറിയലിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. വിഷയത്തിലുള്ള സഭാദര്‍ശനത്തെ പൂര്‍ണതയോടെ ഉള്‍ക്കൊള്ളാന്‍ അതിലൂടെ സാധിച്ചു. ഈ നിലപാടിനോടു ചേര്‍ന്നു നില്‍ക്കാനും പ്രശ്നങ്ങള്‍ക്കു പരിഹാരമുണ്ടാക്കാനുമുള്ള നടപടികളാണ് ഇനി ആവശ്യം. ആരെല്ലാം നഷ്ടമായാലും യുഗാന്ത്യം വരെ സഭയ്ക്കൊപ്പമുള്ള ദൈവം അതിനു കരുത്തു പകരും.
തമ്പി ഉതുപ്പാന്, വിന്‍സന്റെ ഡി പോള്‍ സൊസൈറ്റി, വല്ലം ഏരിയ കൗണ്‍സില്‍ വൈസ് പ്രസിഡന്റ്
അനുസരണവും അനുരഞ്ജനവും അനിവാര്യം
ഏതൊരു സംവിധാനത്തിനും നേതാവും നേതൃത്വവും അനുസരണവും അനുരഞ്ജനവും ആവശ്യമാണ്. ഒരു പ്രസ്ഥാനത്തിനും അച്ചടക്കമില്ലാതെ മുന്നോട്ടു പോകാന്‍ കഴിയുകയില്ല. ചെറിയ വിയോജിപ്പുകളുടെ പേരില്‍ മാര്‍പാപ്പയെ പോലും അനുസരിക്കാത്തവര്‍ക്ക് അനുസരണത്തെക്കുറിച്ച് ആത്മവഞ്ചന കൂടാതെ പ്രസംഗിക്കാന്‍ കഴിയുമോ.
പൊതുസമൂഹത്തില്‍ സീറോമലബാര്‍ സഭയും ആഗോള കത്തോലിക്കാ സഭയും അവഹേളിക്കപ്പെടുന്നതിൽ ദുഃഖമുണ്ട്. തായ് തണ്ടിനോട് ചേര്‍ന്നു നില്ക്കുന്ന ശിഖരങ്ങളേ കിളിര്‍ക്കുകയുള്ളൂ. മാര്‍പാപ്പയോടും സഭയോടും സഭാ സിനഡിനോടും ചേര്‍ന്നു നിന്നുകൊണ്ട് ഒരുമയുടെ ബലിയര്‍പ്പണത്തിന് നാം തയാറാവണം.
അഡ്വ. ജേക്കബ് മഞ്ഞളി, മഞ്ഞപ്ര
ഏകീകൃതകുര്‍ബാന അര്‍പ്പിക്കണം
സഭയ്ക്കൊപ്പം നില്‍ക്കാതിരിക്കുന്ന വൈദികര്‍ പോലും ചിലരെ ഭയന്നാണ് മാറിനിൽക്കുന്നത്. ഏകീകൃത കുര്‍ബാനയില്‍ പങ്കെടുക്കണമെന്നാണ് 99ശതമാനം വിശ്വാസികളുടെയും ആഗ്രഹം.
മാര്‍പാപ്പയെ അനുസരിച്ച് എറണാകുളം അങ്കമാലി അതിരൂപതയൊന്നാകെ ഏകീകൃതകുര്‍ബാന അര്‍പ്പിക്കുമെന്നാണ് പ്രതീക്ഷ.
വിശ്വാസികളെല്ലാം സഭയ്ക്കൊപ്പമാണ്. അനുസരണയില്ലാത്ത വൈദികസമൂഹത്തിന്റെകൂടെ നില്ക്കാന് ആരും കാണില്ല. മാര്‍പാപ്പ ഏകീകൃതകുര്‍ബാന അര്‍പ്പിക്കണമെന്ന് കല്പിച്ചതില് ഞാനും കുടുംബവും സന്തോഷിക്കുന്നു.
പി.കെ. കുര്യാക്കോസ് പഴയമഠം, വല്ലകം സെന്റ് മേരീസ് ഇടവക, വൈക്കം ഫൊറോന
ജനങ്ങളുടെ വികാരം സഭയ്ക്കൊപ്പം
മാര്‍പാപ്പയെ അനുസരിച്ച് സഭയ്ക്കൊപ്പം നില്‍ക്കണമെന്നാണ് വിശ്വാസജനസമൂഹം ആഗ്രഹിക്കുന്നത്. ഏതാനും വൈദികരാണ് പ്രശ്നമെല്ലാം സൃഷ്ടിക്കുന്നത്. 90ശതമാനം വിശ്വാസികളും ഞങ്ങളുടെ ഇടവകയില്‍ സഭയ്ക്കൊപ്പമാണ്. പാരീഷ് കൗണ്‍സില്‍ പോലും സഭയ്ക്കൊപ്പം നില്ക്കുമ്പോള് ഭൂരിപക്ഷം വൈദികരും ചിലരെ ഭയന്നാണ് ഏകീകൃതകുര്‍ബാന അര്‍പ്പിക്കാത്തത്.
തിരുപ്പട്ടം സ്വീകരിക്കുമ്പോള്‍ എടുക്കുന്ന പ്രതിജ്ഞകള്‍ അനുസരിച്ച് സഭയ്ക്കൊപ്പം നില്ക്കാന് തയാറാകണം. അനുസരണക്കേട് കാണിച്ചു കണ്ണടച്ചിരുട്ടാക്കാനുള്ള നീക്കമാണ് പലരും നടത്തുന്നത്.
ആന്റണി പട്ടശേരി, ചേര്‍ത്തല ഫൊറോന, ഉഴുവ സെന്റ് ആന്‍സ് ഇടവക
35ൽ 34ലും ഏകീകൃത കുർബാന
സീറോമലബാർ സഭയിലെ 35 രൂപതകളിൽ 34ലിലും ഏകീകൃത വിശുദ്ധ കുർബാനയർപ്പണമാണു നടക്കുന്നത്.
എന്നാൽ സീറോമലബാർ സഭയുടെ ആസ്ഥാന ദൈവാലയം ഉൾപ്പെടുന്ന മേജർ അതിരൂപത എന്ന സവിശേഷത പേറുന്ന എറണാകുളം-അങ്കമാലി അതിരൂപതയിൽ സഭാ നേതൃത്വം പറയുന്ന വിശുദ്ധ കുർബാനയർപ്പണം ഇന്നു മുതൽ ആരംഭിക്കുന്നതിൽ അത്യന്തം സന്തോഷമുണ്ട്. കൃതജ്ഞത അർപ്പിക്കുന്നു.അനുസരണം ബലിയേക്കാൾ ശ്രേഷ്ഠമാണ്. ഇതാകണം നമ്മൾ മുറകെപ്പിടിക്കേണ്ടത്.
ഷൈബി പാപ്പച്ചൻ, തിരുതനത്തിൽ, മഞ്ഞപ്ര മാർ സ്ലീവ ഫൊറോന ഇടവക
പ്രതിസന്ധികളെ സഭ അതിജീവിക്കും
ക്രിസ്തീയ സഭ എക്കാലത്തും കടുത്ത പ്രതിസന്ധികളെ അതിജീവിച്ചു തന്നെയാണ് ഇന്നത്തെ നിലയിലെത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ എതിര്‍പ്പുകളിലും പ്രതിസന്ധികളിലും സഭയ്ക്ക് പുതുമയോ ഭയമോ ഇല്ല.
ബാഹ്യലോകത്തിന്റെ നിയമങ്ങളെയും തീരുമാന രീതികളെയും സഭയുടെ പ്രവര്‍ത്തന ശൈലിയുമായി താരതമ്യം ചെയ്യാനും കൂട്ടിക്കെട്ടാനും ചിലര്‍ നടത്തുന്ന വികല ശ്രമങ്ങളാണ് ഇപ്പോള്‍ സഭ നേരിടുന്ന പ്രശ്നങ്ങളുടെ അടിസ്ഥാനം.
സഭയുടെ ചരിത്രവും പാരമ്പര്യവും അറിയാത്തവരെ അല്ലെങ്കില്‍ അല്പജ്ഞാനികളായ സാധാരണ വിശ്വാസികളെ കൂടെക്കൂട്ടി ഇവര്‍ സഭാ നേതൃത്വത്തിനെതിരേ പോരിനിറങ്ങുന്നതിനും വെല്ലുവിളിക്കുന്നതിനും അടുത്തകാലങ്ങളില്‍ നമ്മള് സാക്ഷികളാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മാധ്യമങ്ങളുള്‍പ്പെടെയുള്ളവര്‍ സഭയോടു ചേര്‍ന്നുള്ള തങ്ങളുടെ നിലപാടുകള്‍ തുറന്നു പറയുന്നതിനും അതിനായി നിലകൊള്ളേണ്ടതും അനിവാര്യമാണ്. ഇതിന് ആരെയും ഭയപ്പെടേണ്ടതുമില്ല.
വില്സന് വടക്കുംചേരി, മാണിക്കമംഗലം
സഭ വിട്ടു പോകണമെന്ന ചിന്ത ഒരു വിശ്വാസിക്കുമില്ല
സീറോ മലബാർ സഭയുടെ ആരാധനക്രമമനുസരിച്ചുള്ള കുർബാനയാണ് സിനഡ് നിർദേശിക്കുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയിലെ എല്ലാ വൈദികരും അത് അംഗീകരിക്കണമെന്നാണ് വിശ്വാസികളും ആഗ്രഹിക്കുന്നത്. സീറോമലബാർ സഭ വിട്ടു പോകണമെന്ന ചിന്ത ഒരു വിശ്വാസിക്കുമില്ല.
ആന്റണി കൊണത്താപ്പള്ളി, ടിവി പുരം വൈക്കം
സഭയിൽ അച്ചടക്കം അനിവാര്യം
വിശുദ്ധ കുര്‍ബാന അര്‍പ്പണത്തില്‍ യോജിപ്പിനും സഭയിലെ അച്ചടക്കത്തിനും വേണ്ടി ദീപിക നടത്തിയ ആഹ്വാനം ഏറ്റവും ഉചിതമായി. അച്ചടക്കത്തിന്റെയും സാമാന്യ മര്യാദകളുടെയും സീമകള്‍ ലംഘിച്ച് ഒരു കൂട്ടം വൈദികരും അവരുടെ കൂട്ടാളികളും നടത്തുന്ന സമരാഭാസങ്ങള്‍ എറണാകുളം-അങ്കമാലി അതിരൂപതയെ മാത്രമല്ല, സീറോമലബാര്‍ സഭയെയും കത്തോലിക്ക സഭ മുഴുവനെയും ബാധിക്കുന്നതാണ്. ഇപ്പോള്‍ ആഗോള കത്തോലിക്കാസഭയുടെ തലവനായ മാര്പാപ്പയെയും ചിലര്‍ വെല്ലുവിളിക്കുകയാണല്ലോ. ഇവരുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തികള്‍ ഏതെന്നു വ്യക്തമല്ല.
ഒരു പ്രസ്ഥാനത്തിനും അച്ചടക്കമില്ലാതെ മുന്നോട്ടുപോകാന്‍ കഴിയില്ല. നീതിയെന്നും സത്യമെന്നും ഉരുവിട്ടുകൊണ്ട് നഗ്നമായ അച്ചടക്ക ലംഘനങ്ങളെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് പാഴ്വേലയാണ്.
റവ. ഡോ. ജോര്‍ജ് നെല്ലിശേരി, വികാരി, സെന്റ് ജോസഫ് ചര്‍ച്ച് ചുണങ്ങംവേലി
വിശ്വാസത്തിന്റെ ആണിക്കല്ല് ഇളക്കരുത്
മാര്പാപ്പയെയും മതമേലധ്യക്ഷന്മാരെയും അനുസരിച്ച് അവരുടെ കല്പനകള് പാലിച്ച് വൈദികര്‍ മുന്നോട്ടുപോകുന്ന പാരമ്പര്യമാണ് സഭയ്ക്കുള്ളത്. സഭയുടെ പരസ്പര വിശ്വാസത്തിന്റെ ആണിക്കല്ല് ഇളക്കുന്ന പ്രവര്‍ത്തനവുമായി സഭാവിരുദ്ധ ചേരിയുമായി വൈദികര്‍ ബന്ധം സ്ഥാപിക്കരുത്.
ഇത്തരം ബന്ധങ്ങള്‍ വൈദികരുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കും. സഭയൊടൊപ്പം നില്‍ക്കാനും സഭ നിര്‍ദേശിക്കുന്ന ഏകീകൃത കുര്‍ബാന അര്‍പ്പിക്കുവാനുമാണ് വിശ്വാസികള്‍ ആഗ്രഹിക്കുന്നത്. സഭാവിരുദ്ധ നിലപാടുമായി മുന്നോട്ടു പോകുന്നവരെ അംഗീകരിക്കാന്‍ വിശ്വാസികള്‍ക്ക് ഒരിക്കലും സാധിക്കില്ല. മാര്‍പാപ്പയെ ധിക്കരിക്കുന്നതും മാര്‍പാപ്പയുടെ പ്രതിനിധിയെ ആക്രമിക്കാൻ ശ്രമിക്കുന്നതും ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. ഏതാനും പേര് ചേര്‍ന്നു നടത്തുന്ന സഭാവിരുദ്ധ പ്രവര്‍ത്തനത്തിന് എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസികള്‍ മുഴുവന്‍ അനുഭവിക്കേണ്ടി വരുന്നത് വലിയ ദുരന്തമാണ്. ഏകീകൃത കുര്‍ബാന അര്‍പ്പിച്ച് സഭയെ ശക്തിപ്പെടുത്താന്‍ വൈദികര്‍ തയാറാകണം.
അഡ്വ. മാര്ട്ടിന് ഡി. ആലുങ്കര, സെന്റ് സെബാസ്റ്റ്യന്‍സ് ഇടവക, മൂത്തേടത്തുകാവ്, വൈക്കം
മാര്‍പാപ്പയെ അംഗീകരിക്കണം
മാര്‍പാപ്പയെ അംഗീകരിക്കുന്നു. എല്ലാ വൈദികരും വിശ്വാസികളും അംഗീകരിക്കണം. തിരുസഭയുടെ കല്പന അനുസരിച്ച് ജീവിക്കുന്ന പാരമ്പര്യമാണ് എന്റെ കുടുംബത്തിനുള്ളത്. വിശ്വാസത്തില്‍ വെള്ളം ചേര്‍ക്കാനില്ല. കത്തോലിക്കസഭ പഠിപ്പിക്കുന്നത് അനുസരിക്കും. സഭയ്ക്കൊപ്പം നില്‍ക്കാനും സഭയിലൂടെ ക്രിസ്തുശിഷ്യന്മാരാകാനുമാണ് ആഗ്രഹം.
ജോസി ജയിംസ്, വൈക്കം സെന്റ് ജോസഫ്, ഫൊറോന ഇടവക
സഭയോടും പിതാക്കന്മാരോടും ഒപ്പം നമുക്ക് ഒന്നാകാം
സഭയോടും വിശ്വാസികളോടുമൊപ്പം എന്നും നിലകൊള്ളുക എന്ന അനുസരണ വ്രതം പാലിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. എല്ലാവരും സഭയോടൊത്ത് നിൽക്കണം. അഭിപ്രായ വ്യത്യാസം എന്തുതന്നെ ആയാലും പറഞ്ഞ്, ക്ഷമിച്ച് തീര്‍ക്കാവുന്നതാണ്. ഈ സാഹചര്യം മുതലെടുക്കുന്നവരെ തിരിച്ചറിയുകതന്നെ വേണം.
ബെന്നി മൂഞ്ഞേലി, അങ്കമാലി നഗരസഭാ കൗൺസിലർ
മാര്‍പാപ്പയോടും സഭയോടും ചേര്ന്നുനില്ക്കും
ജീവിതകാലം മുഴുവന്‍ മാര്‍പാപ്പയോടും സീറോമലബാര്‍ സഭയോടും സഭാപിതാക്കന്മാരോടും ചേര്‍ന്നു നില്ക്കും. മറ്റുള്ളവര്‍ക്ക് മാറിനിന്നു ചിരിക്കാന്‍ തക്ക പ്രവൃത്തി ആരു ചെയ്താലും അത് അംഗീകരിക്കാനാവില്ല. അനുസരണം തന്നെ മുഖ്യം.
ലക്സി ജോയ്, അങ്കമാലി, ഓള് ഇന്ത്യ കാത്തലിക് യൂണിയന് മുന്‍ സംസ്ഥാന സെക്രട്ടറി
മാർപാപ്പയ്ക്കും പ്രതിനിധികൾക്കും പൂർണ പിന്തുണ
ഒരു പുരോഹിതന്റെ ദൗത്യം എന്താണെന്ന് മറന്നും മാർപാപ്പയെയും പ്രതിനിധികളെയും ധിക്കരിച്ചും ഏതാനും വൈദികർ നടത്തിവരുന്ന പ്രവർത്തനങ്ങൾ അപലപനീയമാണ്. മാർപാപ്പയ്ക്കും പ്രതിനിധികൾക്കും പൂർണ പിന്തുണ നൽകി ഭൂരിഭാഗം വിശ്വാസികളും ഒപ്പം നിൽക്കുകയാണ്.
സേവ്യർ കണ്ണാട്ട്, കൊതവറ വൈക്കം
അനുസരണം ബലിയേക്കാള്‍ ശ്രേഷ്ഠം
അനുസരണം ബലിയേക്കാള്‍ ശ്രേഷ്ഠം. അതിനനുസരിച്ച് പരിശുദ്ധ സിംഹാസനത്തിന്റെ കല്പന പാലിച്ച് സീറോ മലബാര്‍ സിനഡിന്റെ നിര്‍ദേശങ്ങള്‍ പ്രകാരം എല്ലാ വൈദികരും സന്ന്യസ്തരും അല്മായരും ഏകീകൃത കുര്‍ബാനയുമായി സഹകരിക്കേണ്ടതാണ്.
ജോര്‍ജ് കുര്യന് പാറയ്ക്കല്‍, പ്രസിഡന്റ്, സീറോ മലബാര്‍ ലെയ്റ്റി അസോസിയേഷന്, അങ്കമാലി
തർക്കങ്ങൾ വേദനാജനകം
ഒരു വിശ്വാസി എന്ന നിലയില്‍ അതിരൂപതയിൽ ഉളവായിരിക്കുന്ന തര്‍ക്കങ്ങളിൽ വളരെയേറെ വേദനയുണ്ട്. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ മാർപാപ്പയെ അനുസരിക്കുക എന്നുള്ളത് വൈദികരുടെ കടമയാണ്. അത് നിര്‍വഹിക്കാത്തവര്‍ക്ക് വിശ്വാസികളെ നയിക്കാന്‍ എന്ത് അര്‍ഹതയാണ് ഉള്ളത്. ഏതൊരു കുടുംബത്തിനും ഒരു തലവനുണ്ടായിരിക്കണം. തലവനെ അനുസരിക്കാത്ത കുടുംബം ഛിന്നഭിന്നമാകും. ബൈബിള്‍ വാക്യം ഉദ്ധരിച്ചാല്‍, ദാസന് യജമാനനെക്കാള്‍ വലിയവനാകരുത്, ശിഷ്യന് ഗുരുവിനെക്കാളും വലിയവനും ആകരുത്.
ജനത്തിന് അഭിമുഖമായി കുര്‍ബാന ചൊല്ലുമ്പോള്‍ വൈദികര്‍ ജനത്തെയാണ് നോക്കുന്നത്. കുര്‍ബാന സ്വര്‍ഗസ്ഥനായ പിതാവിനാണ് അര്‍പ്പിക്കുന്നത്. വൈദികന് കുര്‍ബാനയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അത് ഉപകരിക്കും.
ഓമന ഏബ്രഹാം, മുപ്പത്തടം
എന്റെ വിശ്വാസം, എന്റെ സഭ
എന്റെ ദൈവം, എന്റെ വിശ്വാസം, എന്റെ സഭ ഇതാണ് വിശ്വാസികളുടെ മനസെന്ന് മനസിലാക്കുക. എറണാകുളം അതിരൂപതയിലെ മുഴുവന്‍ വിശ്വാസികളുടെയും അവകാശവും ആവശ്യവുമാണ് സിനഡും മാര്‍പാപ്പയും നിര്‍ദേശിക്കുന്ന വിശുദ്ധ കുര്‍ബാന. അത് ആത്മാര്‍ഥതയോടെ മുഴുവന്‍ വൈദികരും അര്‍പ്പിക്കുമെന്നാണ് എന്റെ പ്രതീക്ഷ. ഇതിനു വിരുദ്ധമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് വിശ്വാസവിരുദ്ധമാണ്.
വേറിട്ട വികൃത ചിന്തകളും നികൃഷ്ട പ്രവര്‍ത്തനങ്ങളും നടത്തുന്നവര്‍ക്ക് സ്ഥാനമില്ല. അവര്‍ സ്വാഭാവികമായി സഭയ്ക്കു പുറത്താണ്. പാപ്പായുടെ ആത്മീയനേതൃത്വം സ്വീകരിച്ചാണ് മെത്രാപ്പോലീത്തമാരും മെത്രാന്മാരും രൂപതകളെ നയിക്കുന്നത്. ഇത് സഭയിലും സമൂഹത്തിലും നന്മകളായി വര്‍ധിക്കുകയാണ്.
സാബു ജോസ് പാലാരിവട്ടം, സെന്റ് മാര്ട്ടിന് ഇടവക, സീറോമലബാര്‍ സഭ പ്രൊലൈഫ് അപ്പോസ്തലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി