പുഞ്ചിരി മായാതെ... മാർ ജോസഫ് പള്ളിക്കാപറന്പിലിന്റെ മെത്രാഭിഷേക സുവർണ ജൂബിലി നാളെ
Monday, August 14, 2023 4:49 AM IST
വിശ്വാസത്തിന്റെ പച്ചപ്പുള്ള സമൃദ്ധമായ പുൽത്തകിടികളിൽ അജഗണങ്ങളെ ഇടയന്റെ ധീരതയോടെ നയിച്ച മാർ ജോസഫ് പള്ളിക്കാപറന്പിൽ മെത്രാഭിഷേക സുവർണജൂബിലി നിറവിൽ. നിരന്തരമായ പ്രാർഥനയുടെ കരുത്തിൽ ജീവിതം ചിട്ടപ്പെടുത്തിയ പിതാവിന് എപ്പോഴും ജനങ്ങളുമൊത്ത് കഴിയാനാണ് ആഗ്രഹം. മായാത്ത പുഞ്ചിരിയും സരസഭാഷണവുമായി തങ്ങളെ കാത്തിരിക്കുന്ന അദ്ദേഹത്തെ ജനങ്ങൾ വിടാതെ പിന്തുടരുന്നതും അതുകൊണ്ടാണ്.
വിശ്വാസപരമായ കാര്യങ്ങളിൽ കാർക്കശ്യം പുലർത്തുന്പോഴും എളിമയുടെയും പരസ്നേഹത്തിന്റെയും പ്രവൃത്തികളിലൂടെ പരിമളം പ്രസരിപ്പിക്കുവാൻ പിതാവിനു കഴിഞ്ഞുവെന്നത് ഇതിനോടകം കാലം തെളിയിച്ചതാണ്. അതിന്റെ പ്രതിഫലനങ്ങൾ പാലാ രൂപതയിലുടനീളം കാണാനും കഴിയും. ഓരോ കുടുംബത്തിൽനിന്നും കുറഞ്ഞത് ഒരാളെങ്കിലും ദിവസവും വിശുദ്ധ കുർബാനയിൽ സംബന്ധിക്കണമെന്ന് ആഹ്വാനം ചെയ്ത ആദ്യത്തെ ഇടയലേഖനംകൊണ്ടുതന്നെ അദ്ദേഹം തന്റെ ആത്മീയ തേജസ് വെളിപ്പെടുത്തിയിരുന്നു. ദരിദ്രരോടും ദളിത് ക്രൈസ്തവരോടും തോളോടു തോൾ ചേരാൻ ആഗ്രഹിച്ച മാർ പള്ളിക്കാപറന്പിൽ, 1973 ഓഗസ്റ്റ് 15നു പാലാ രൂപതയുടെ സഹായമെത്രാനായി. “അവർക്കു ജീവൻ ഉണ്ടാകുവാൻ” എന്ന വചനമാണ് ആപ്തവാക്യമായി സ്വീകരിച്ചത്.
മാർ സെബാസ്റ്റ്യൻ വയലിലിനൊപ്പം 1981 മാർച്ച് 25വരെ സഹായമെത്രാനായി പ്രവർത്തിച്ചു. തുടർന്നു 2004 മേയ് ഒന്നുവരെ മെത്രാനായി ശ്ലൈഹികശുശ്രൂഷ നിർവഹിച്ച ശേഷമാണ് വിരമിച്ചത്. ശ്രേഷ്ഠമായ മീനച്ചിലിന്റെ വിശ്വാസപാരന്പര്യത്തെ കെടാതെ കാത്തുസൂക്ഷിച്ച് 23 വർഷക്കാലം പാലാ രൂപതയെ നയിച്ച മാർ പള്ളിക്കാപറന്പിൽ ദീപികയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽ മനസു തുറന്നപ്പോൾ.
ജൂബിലിചിന്തകൾ?
97-ാമത്തെ വയസിലാണ് നടക്കുന്നത്. വലിയ ഭാഗ്യമാണ് ദൈവം നൽകിയിരിക്കുന്നത്. മുത്തോലപുരം പോലുള്ള ഗ്രാമത്തിൽ തികച്ചും ക്രൈസ്തവാന്തരീക്ഷത്തിലാണ് ജീവിച്ചു വളർന്നത്. എത്ര മനോഹരമായിട്ടാണ് എന്റെ ജീവിതം ദൈവം ക്രമപ്പെടുത്തിയതെന്ന് എപ്പോഴും ഓർക്കാറുണ്ട്. വാഴ്ത്തപ്പെട്ട തേവർപറന്പിൽ കുഞ്ഞച്ചൻ മാമ്മോദീസ മുക്കിയ കുഞ്ഞാണ് ഞാൻ. ഞാൻ ബിഷപ്പായശേഷം ആദ്യം നടത്തിയ സംസ്കാരശുശ്രൂഷ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റേതായിരുന്നു.
സന്പന്നജീവിതം നയിക്കാൻ ആഗ്രഹിച്ചിട്ടില്ല. പ്രാർഥന നിറഞ്ഞ ഒരു കുടുംബത്തിൽ ഈശ്വരചിന്തയുള്ള മാതാപിതാക്കളുടെ മകനായി ജനിച്ചതുകൊണ്ടാണത്. കുടുംബപ്രാർഥനയ്ക്കു പ്രാധാന്യം നൽകുന്ന കർഷക കുടുംബം. പരസ്പര സ്നേഹത്തിന്റെ മാധുര്യം ആവോളം നുകരാൻ കഴിയുന്ന ഗ്രാമ ജീവിതം. എല്ലാം ദൈവം എന്നെ രൂപപ്പെടുത്താൻവേണ്ടി സൃഷ്ടിച്ചതുപോലെ തോന്നുന്നു. പള്ളികളിൽ ഇടവക വികാരിയായിരുന്നിട്ടില്ല. സെമിനാരികളിൽ പഠിപ്പിച്ചും വൈദിക വിദ്യാർഥികളെ ഒരുക്കിയും നടന്ന എന്നെ ദൈവം മെത്രാനാക്കുകയായിരുന്നു. എന്റെ ദൈവവിളിപോലും അഭ്ഭുതമായിരുന്നു. ലയോള കോളജിൽ പഠിക്കുന്പോൾ കണ്ടുമുട്ടിയ വൈദികൻ പകർന്നു നൽകിയ ദൈവചിന്തകളാണ് സെമിനാരിയിലേക്കു നയിച്ചത്. ഇപ്പോൾ തിരിഞ്ഞുനോക്കുന്പോൾ അദ്ഭുതം തോന്നുന്നു.
പാലാ രൂപതയിൽ ജനിച്ചു വളർന്നുവെങ്കിലും ഒരു പള്ളി പോലും നയിക്കാത്തവനാണ് ഞാൻ. പാലാ രൂപതയിലെ വൈദികരുമായി വ്യക്തിപരമായി യാതൊരു ബന്ധവുമില്ലായിരുന്നു. എന്റെ കുറവ് സഭയെ അറിയിച്ചിരുന്നു. എന്നിട്ടും പാലാ രൂപതയെ നയിക്കാൻ ദൈവം എന്നെ തെരഞ്ഞെടുത്തു. ഞായറാഴ്ചകളിൽ ഇടവക സന്ദർശനം നടത്തി രൂപതയെ അടുത്തറിഞ്ഞു. നിങ്ങൾക്കുവേണ്ടി ഞാനൊരു മെത്രാനാണ്, നിങ്ങളോടുകൂടി ഞാനൊരു വൈദികനാണെന്നു വിശുദ്ധ ആഗസ്തീനോസിനെപ്പോലെ പറയാനും മടിച്ചിരുന്നില്ല. കാലപ്പഴക്കത്തിൽ ജീർണിക്കാനുള്ളതല്ല പൗരോഹിത്യമെന്നും ഉറച്ചു വിശ്വസിക്കുന്നു. അതു നിത്യനൂതനമായി കൂടുതൽ പ്രശോഭിക്കാൻ, പുതുജീവനേകാൻ, മനുഷ്യജീവിതത്തെ മധുരതരമാക്കാൻ ഉള്ളതാണെന്ന് ഉറച്ചു വിശ്വസിക്കുന്നു.
അജപാലനശുശ്രൂഷയിൽ ശ്രദ്ധിച്ചത്?
അജപാലനശുശ്രൂഷയിൽ ഏറ്റവുമധികം ശ്രദ്ധിച്ചിരുന്നതു കുടുംബങ്ങളുടെ വിശുദ്ധീകരണത്തിനാണ്. ആധുനികതയുടെ കടന്നാക്രമണത്തിൽ കുടുംബങ്ങളുടെ ധാർമികത കുറെയൊക്കെ നഷ്ടപ്പെട്ടതായാണ് എനിക്കു മനസിലാക്കാൻ കഴിഞ്ഞത്. കാലഘട്ടത്തിന്റെ മാറ്റങ്ങൾ കുടുംബങ്ങളെ നിശ്ചയമായും സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ട് കുടുംബങ്ങളെ ഗാർഹിക സഭയായി വളർത്തിയെടുക്കാനാണ് പരിശ്രമിച്ചത്.
എപ്പോഴും പ്രസന്നഭാവം?
ആഡംബരങ്ങളോട് ഒരിക്കലും താത്പര്യം കാണിച്ചിട്ടില്ല. അധികാരങ്ങളെ ദൈവമഹത്വത്തിനായി ഉപയോഗിക്കുന്നതിലായിരുന്നു സന്തോഷം. ജീവിതത്തിൽ സ്വയം സന്തോഷിക്കാനും മറ്റുള്ളവരെ സന്തോഷിപ്പിക്കാനും കഴിയണം. കുറെ പണം കൈയിലുണ്ടെങ്കിൽ സന്തോഷമുണ്ടാകുമെന്നു പറയുന്നതു ശരിയല്ല. ഉള്ളതുകൊണ്ടു സംതൃപ്തനാകുന്പോഴാണ് സന്തോഷമുണ്ടാകുന്നത്. ഇന്നു പലർക്കും കിട്ടിയതു പോരാ എന്ന ചിന്തയാണ്.
ആർക്കും തൃപ്തിയില്ലാത്ത അവസ്ഥ. എനിക്കുള്ളതെല്ലാം ദൈവം നൽകിയതാണ്. അതിൽ സന്തോഷിക്കുന്നു. നന്ദിയുള്ള മനസോടെ ദൈവത്തിനു മുന്നിൽ നിന്നാൽ സന്തോഷമുണ്ടാകും. അത് മുഖത്തേക്കു പ്രസരിക്കുകയും ചെയ്യും. ജീവിതത്തിൽ പ്രത്യാശയാണ് വേണ്ടത്. അതില്ലെങ്കിൽ ജീവിതം നരകതുല്യമാകും.
വിദ്യാഭ്യാസരംഗത്തെ കുതിപ്പ്?
മൂല്യാധിഷ്ഠിതമായ വിദ്യാഭ്യാസമാണ് ആവശ്യം. അച്ചടക്കമില്ലാത്തിടത്ത് മൂല്യങ്ങൾ വളരുകയില്ല. വിദ്യാഭ്യാസരംഗം കച്ചവടമാക്കാൻ ഒരു കാലത്തും ശ്രമിച്ചിട്ടില്ല. ആർക്കും എപ്പോഴും പരിശോധിക്കാവുന്ന വിധം സുതാര്യമാണ് ഈ രംഗത്തുള്ള പ്രവർത്തനം. പാലായുടെ ഇന്നത്തെ വളർച്ചയ്ക്കു വിത്തുപാകിയതു മാർ സെബാസ്റ്റ്യൻ വയലിൽ പിതാവായിരുന്നു.
പണമില്ല, സ്ഥലമില്ല, കെട്ടിടമില്ല. എന്നിട്ടും വയലിൽ പിതാവിന്റെ ഇച്ഛാശക്തിയിൽ രൂപത വളർന്നു. സെന്റ് തോമസ് കോളജ് ആരംഭിച്ചു. തുടർന്ന് ബിഎഡ് കോളജും അൽഫോൻസാ കോളജും തുടങ്ങി. ദീർഘവീക്ഷണവും ധൈര്യവും പിതാവിന്റെ കൂടെപ്പിറപ്പായിരുന്നു. പിതാവിന്റെ കാലടികൾ പിന്തുടർന്നാണ് രാമപുരം മാർ ആഗസ്തീനോസ് കോളജും ചേർപ്പുങ്കൽ ബിഷപ് വയലിൽ മെമ്മോറിയൽ കോളജും ചൂണ്ടച്ചേരിയിൽ സെന്റ് ജോസഫ്സ് കോളജ് ഓഫ് എൻജിനിയറിംഗും ആരംഭിച്ചത്.
പ്രാർഥനാജീവിതം?
എന്റെ പ്രാർഥനാജീവിതം രൂപപ്പെട്ടതു വീട്ടിൽ നിന്നാണ്. രാവിലെയും വൈകിട്ടും വീട്ടിൽ പ്രാർഥന മുടങ്ങിയിരുന്നില്ല. കുരിശുമണി അടിച്ചാൽ വല്യപ്പൻ പ്രാർഥനയ്ക്കെത്തും. അതു സാവധാനത്തിൽ ദിനചര്യയായി മാറുകയായിരുന്നു. ഇപ്പോഴും വെളുപ്പിനെ 4.15ന് എഴുന്നേൽക്കും. അഞ്ചിന് പള്ളിയിലെത്തും. ക്രൈസ്തവജീവിതം പ്രാർഥനയുടെ ജീവിതമാണ്. കുടുംബപ്രാർഥനയാണ് വ്യക്തിയെ രൂപപ്പെടുത്തുന്നത്. പ്രാർഥനയ്ക്ക് അവധി നൽകുന്നത് അപകടമാണ്. നോന്പും ഉപവാസവും ദാനധർമവും പ്രാർഥനാജീവിതത്തെ സന്പൂർണമാക്കും.
കൂടുംബകൂട്ടായ്മ?
ഇടവകതലത്തിൽ കുടുംബകൂട്ടായ്മസമ്മേളനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ബോധ്യമുണ്ടായിരുന്നു. കേരളത്തിൽ പ്രചാരണം ആരംഭിക്കുന്നതിനു മുന്പുതന്നെ ഇടവകകളിൽ വാർഡടിസ്ഥാനത്തിലുള്ള പ്രാർഥനാസമ്മേളനങ്ങൾ പാലാരൂപതയിൽ ആരംഭിച്ചിരുന്നു. ക്രിസ്തീയ സഹോദര്യം വളർത്തുന്നതിനും പ്രാർഥനാ ചൈതന്യം കാത്തുസൂക്ഷിക്കുന്നതിനും കുടുംബകൂട്ടായ്മകൾക്കു സാധിച്ചിട്ടുണ്ട്. വാർഡുകളും ഇടവകകളും മാത്രമല്ല, രൂപതതന്നെ ഒരു കുടുംബം ആണെന്ന ചിന്ത ഇതിലൂടെ വളർന്നു.
ലഹരിക്കെതിരേ?
മദ്യനയത്തിൽ മാറിമാറി വന്ന സർക്കാരുകളുമായി മല്ലടിക്കേണ്ടി വന്നിട്ടുണ്ട്. ഒരു ദിവസമെങ്കിലും അതിക്രമമില്ലാത്ത വാർത്തയില്ല. അമ്മയെവരെ തല്ലിക്കൊല്ലുന്നു. മയക്കുമരുന്നിന്റെ വ്യാപനം നമ്മുടെ സമൂഹത്തിൽ വർധിച്ചിരിക്കുന്നത് ആശങ്കയോടെ മാത്രമേ കാണാൻ സാധിക്കൂ. മദ്യത്തിന്റെ ലഭ്യത കൂടുതലാണ്. മദ്യത്തിനെതിരേ സംയുക്ത ക്രൈസ്തവമദ്യവർജനസമിതിയെ നയിച്ചു. സ്കൂൾ-കോളജ് വിദ്യാർഥികൾക്കും കുടുംബങ്ങൾക്കുമായി ബോധവത്കരണ ക്ലാസുകൾ നയിച്ചു.
സഭയെ ആക്രമിക്കുന്നു?
വെളുത്ത ഭിത്തിയിൽ കരികൊണ്ടു വരയ്ക്കുന്നതുപോലെയാണ് സഭയെ ആക്രമിക്കുന്നത്. സഭയെ ആക്രമിക്കുന്നതു വലിയകാര്യമാണെന്നു ചിന്തിക്കുകയാണ്. സഭ ചെയ്യുന്ന നന്മകളൊന്നും ഇവർക്കു പ്രശ്നമില്ല. എത്ര സുതാര്യമായാണ് ഓരോ കാര്യവും സഭ ചെയ്യുന്നത്. ഒറ്റപ്പെട്ട സംഭവങ്ങളെ സഭയുടെമേൽ കുറ്റമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നു. നീതി നിഷേധിക്കപ്പെടുകയാണ്. കുന്പസാരത്തെക്കുറിച്ചു സാമൂഹ്യമാധ്യമങ്ങളിലൂടെ അസത്യം പ്രചരിപ്പിച്ചു. തെറ്റാണെന്നറിഞ്ഞിട്ടും പ്രചാരണം തുടർന്നു.
ജോണ്സണ് വേങ്ങത്തടം