അധ്യാപകരെ ഇനിയും നിർവീര്യമാക്കരുതേ...
Friday, June 9, 2023 10:08 PM IST
ഡോ. ജോർജുകുട്ടി വട്ടോത്ത്
ഏതൊരു സമൂഹത്തിന്റെയും വളർച്ചയിൽ വിദ്യാഭ്യാസത്തിന്റെ പങ്ക് വളരെ വലുതാണ്. അറിവ് നേടുക എന്നതോടൊപ്പം സംസ്കാരം ആർജിക്കുക എന്നതും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമാണ്. അറിവ്, സംസ്കാരം എന്നീ പദങ്ങൾ പലർക്കും പല അർഥമാകും നൽകുന്നത്. അതിനാൽ തന്നെ പലവിധ വാദപ്രതിവാദങ്ങളും അവയെപ്പറ്റി ഉണ്ടാവുക സ്വാഭാവികമാണ്. ഇക്കാരണത്താലാണ് ദേശീയതലത്തിൽ പൊതുവായ വിദ്യാഭ്യാസ നയങ്ങൾ രൂപീകരിക്കുന്നത്. കാലാകാലങ്ങളിൽ സർക്കാരുകൾ ഈ നയങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നുണ്ട്. വിശാലമായ വിദ്യാഭ്യാസ നയങ്ങൾക്കനുസരിച്ച് സംസ്ഥാന സർക്കാരുകളും യൂണിവേഴ്സിറ്റികളും നിയമങ്ങൾ നിർമിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ഇങ്ങനെ പ്രവർത്തിച്ചുപോരുന്ന പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനമാണ് കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള അമൽജ്യോതി എൻജിനിയറിംഗ് കോളജ്.
കോളജ് അധികാരികൾ കുറ്റക്കാരോ?
കോളജ് അധികാരികൾ കുറ്റക്കാരാണെന്നു വിധിക്കുന്നവർ, അവർ ഏതു നിയമമാണ് ലംഘിച്ചതെന്നു വ്യക്തമാക്കണം. ക്ലാസ് റൂമിലും ലാബിലും ലൈബ്രറിയിലും പരീക്ഷാഹാളിലുമൊക്കെ മൊബൈൽ ഫോൺ നിരോധിച്ചിട്ടുള്ള കാര്യം ആർക്കാണ് അറിഞ്ഞുകൂടാത്തത്? ഇവിടങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ പിടിച്ചെടുക്കുക, ശകാരിക്കുക, ഫൈൻ ഈടാക്കുക, രക്ഷിതാക്കളെ അറിയിക്കുക തുടങ്ങിയവ മിക്കവാറും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടക്കുന്ന നിയമാനുസൃതമായ പ്രക്രിയകളാണ്. ഇതു മാത്രമാണ് അമൽജ്യോതിയിലും നടന്നത്. നിർഭാഗ്യവശാൽ ഇതിന്റെ പേരിൽ അവിടെ ഒരു വിദ്യാർഥിനി ജീവനൊടുക്കി എന്നത് വളരെ വേദനാജനകമാണ്.
മാധ്യമവിചാരണയും പരസ്യവിചാരണയും
കോളജ് അധികാരികൾ കുറ്റക്കാരാണെന്നു സ്ഥാപിക്കാൻ ആവേശപൂർവം നടത്തുന്ന മാധ്യമവിചാരണയും പരസ്യവിചാരണയും ഒട്ടും അഭികാമ്യമല്ല. ഹിഡൻ അജണ്ടകളോടുകൂടിയാണ് മിക്കവാറും മാധ്യമങ്ങൾ റിപ്പോർട്ടുകളും ചർച്ചകളുമൊക്കെ നടത്തുന്നത് എന്നു തോന്നിപ്പോകും. നിർഭാഗ്യമെന്നു പറയട്ടെ, വിദ്യാഭ്യാസരംഗവുമായി അടുത്ത പരിചയം ഇല്ലാത്തവർ പോലും ഇക്കാര്യത്തിൽ വിചാരണ നടത്തുന്നതും വിധി പ്രസ്താവിക്കുന്നതും കാണാം. എന്നാൽ, വിദ്യാഭ്യാസരംഗത്തുള്ള അധ്യാപകരോ അനധ്യാപകരോ ആരുംതന്നെ കോളജിനെ കുറ്റം വിധിക്കുമെന്നു തോന്നുന്നില്ല. ഏതൊരു സ്ഥാപനത്തിലും അച്ചടക്കം നിലനിർത്തുവാൻ നിയമാനുസൃതമായ ശിക്ഷണ നടപടികൾ സ്വീകരിക്കേണ്ടിവരുമെന്നും അവർക്ക് നന്നായറിയാം.
ഭരണാധികാരികളുടെ പിന്തുണ
ചില ഭരണാധികാരികൾ കോളജ് അധികൃതർ കുറ്റക്കാരാണെന്ന് പരോക്ഷമായി സൂചിപ്പിക്കും വിധം പ്രതികരണങ്ങൾ നടത്തുകയുണ്ടായി. ഇത് വെടിമരുന്നിനുമേൽ തീപ്പൊരി വീഴുന്നതുപോലായി എന്നു പറയാം. യുവാക്കളായ വിദ്യാർഥികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ മിക്കപ്പോഴും അപക്വവും അപ്രായോഗികവും ആയിരിക്കും. എന്നാൽ, പ്രായവും പക്വതയുമുള്ള ആളുകൾ വിദ്യാർഥികൾ ഉന്നയിക്കുന്ന കാര്യങ്ങളെ അതേപടി പിന്തുണയ്ക്കുന്നത് ശരിയല്ല. സത്യത്തിൽ ജനാധിപത്യത്തിന്റെ ദൗർബല്യങ്ങളിൽ ഒന്നായ വോട്ടുബാങ്ക് രാഷ്ട്രീയം ഇവിടെയും വില്ലനാവുകയാണ് ചെയ്തത്. അതിനാൽ തന്നെയാണു മുതിർന്ന രാഷ്ട്രീയക്കാർ എല്ലാവരുംതന്നെ പ്രതികരിക്കാതിരുന്നതും.
വീണുകിട്ടിയ അവസരം
പല സംഘടനകൾക്കും അമൽജ്യോതി വിഷയം വീണുകിട്ടിയ ഒരു അവസരമായി മാറി. ഇന്ത്യൻ ജനാധിപത്യത്തിൽ നേതാവാകാനുള്ള പ്രധാന മാർഗം ഇന്നും അക്രമസമരങ്ങളാണ് എന്നത് ഏറെ വ്യസനിപ്പിക്കുന്നു. അമൽജ്യോതി സംഭവത്തിനു സമാനമായ സംഭവങ്ങൾ ഇതിനു മുമ്പ് മറ്റു പല കോളജുകളിലും ഉണ്ടായിട്ടുണ്ട്. ക്രൈസ്തവ മാനേജ്മെന്റുകളുടെ കോളജുകളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായപ്പോഴൊക്കെയും വലിയ പ്രക്ഷോഭങ്ങൾ നടക്കുകയും മറ്റു സ്ഥാപനങ്ങളിൽ ഉണ്ടാകുമ്പോൾ നിശബ്ദത പാലിക്കുകയും ചെയ്യുന്ന ഒരു പ്രവണത അടുത്ത കാലത്തായി കാണുന്നു. ഉന്നതവിദ്യാഭ്യാസരംഗത്തെ ഭൂരിപക്ഷം വരുന്ന ക്രിസ്ത്യൻ സ്ഥാപനങ്ങളിൽ അച്ചടക്കരാഹിത്യവും അരാജകത്വവും സൃഷ്ടിച്ച് സ്വന്തം സ്വാധീനം വർധിപ്പിക്കാനുള്ള ചില സംഘടനകളുടെ നിക്ഷിപ്ത താത്പര്യവും ഇതിനു പിന്നിലുണ്ടാവാം. അധ്യാപകരുടെയും അധികൃതരുടെയും നിയന്ത്രണങ്ങളില്ലാത്ത കോളജ് കാമ്പസുകൾക്കായി അവർ ആഗ്രഹിക്കുക സ്വാഭാവികം മാത്രമാണ്.
നിയമാനുസൃതമായ എല്ലാ സ്വാതന്ത്ര്യവും അനുഭവിച്ചുവേണം വിദ്യാർഥികൾ വളരാൻ എന്ന കാര്യത്തിൽ പക്ഷാന്തരമില്ല. ഒറ്റപ്പെട്ട ഏതെങ്കിലും സ്ഥാപനത്തിൽ ഇതിനു വിരുദ്ധമായ അവസ്ഥയുണ്ടായാൽ ഇടപെടാൻ ഭരണാധികാരികൾ മടിക്കരുത്. പക്ഷേ, നിയമം കൈയിലെടുക്കാൻ ആർക്കും അവകാശമില്ല എന്ന കാര്യം മറക്കരുത്.
മാധ്യമധർമം
ജനാധിപത്യ വ്യവസ്ഥിതിയിലെ നാലാമത്തെ തൂൺ എന്നു വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങൾ ഇന്ന് സാമൂഹ്യപുരോഗതിയുടെ കാവലാൾ എന്ന നിലയിൽനിന്ന് സ്വാർഥലക്ഷ്യപൂർത്തീകരണത്തിനുള്ള സ്ഥാപനങ്ങളായി മാറിയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രീതി കാണുമ്പോൾ ധനസമ്പാദനമോ റേറ്റിംഗ് കൂട്ടലോ ഒക്കെയാണ് ഉദ്ദേശ്യമെന്നു തോന്നിപ്പോകുന്നു. വിധിപ്രസ്താവം ഉടനടി നടത്തുകയും സത്യം താമസിച്ചു മനസിലാക്കുകയും ചെയ്യുന്ന അവസ്ഥയാണ് സോഷ്യൽ മീഡിയയിലും നിലവിലുള്ളത്. സ്കൂളിലും കോളജിലുമൊക്കെ പഠിക്കുന്ന കുട്ടികളുള്ളവർ പോലും സത്യവിരുദ്ധമായ മെസേജുകൾ പ്രചരിപ്പിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നു എന്നത് ഖേദകരമാണ്. ഉത്തരവാദിത്വബോധമുള്ള തലമുറയെ രൂപപ്പെടുത്താൻ ഇന്നത്തെ മാധ്യമപ്രവർത്തനം അപര്യാപ്തമാണ് എന്നു പറയാതെവയ്യ.
ക്രൈസ്തവ സ്ഥാപനങ്ങൾ ചെയ്തതും ചെയ്യുന്നതും
കേരളത്തിന്റെ ഉന്നതമായ വിദ്യാഭ്യാസ നിലവാരത്തിനും പുരോഗതിക്കും ഇന്നാട്ടിലെ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ചെയ്ത നിസ്തുലമായ സേവനങ്ങൾ പകൽപോലെ വ്യക്തമാണ്. ജാതി, മത വ്യത്യാസമില്ലാതെ എല്ലാവർക്കും ഉന്നതവിദ്യാഭ്യാസം ലഭ്യമാക്കുന്നതിൽ ക്രൈസ്തവ സ്ഥാപനങ്ങൾ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഇതു കൂടുതൽ വ്യക്തമായി അറിയണമെങ്കിൽ ഇത്തരം സ്ഥാപനങ്ങൾ കാര്യമായി ഇല്ലാത്ത മറ്റു ചില സംസ്ഥാനങ്ങളുടെ കാര്യം പരിശോധിച്ചാൽ മാത്രം മതി. ഇന്നും പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാതെ നല്ലൊരു ശതമാനം ജനങ്ങൾ അധിവസിക്കുന്ന അത്തരം സംസ്ഥാനങ്ങളിൽ ചിലതിലൊക്കെ വിദ്യാഭ്യാസ നിലവാരം ദേശീയ ശരാശരിയേക്കാൾ താഴെയാണ്! ക്രൈസ്തവ സ്ഥാപനങ്ങളിൽ പഠിച്ചു വളർന്ന ആളുകളാണ് പലപ്പോഴും അടിസ്ഥാനരഹിതമായ ആരോപണങ്ങളും അപ്രായോഗികമായ ആവശ്യങ്ങളുമായി മുന്നോട്ടുവരുന്നത് എന്നത് കഷ്ടം തന്നെ.
മലയാളിയുടെ മനസ് മാറണം
ഉന്നതനിലവാരമുള്ള വ്യക്തിയോ സ്ഥാപനമോ എന്തുമാകട്ടെ അവർ എല്ലാവരും ചൂഷണം ചെയ്യുന്നവരും വെറുക്കപ്പെടേണ്ടവരുമാണെന്ന മലയാളിയുടെ മാനസികാവസ്ഥ മാറേണ്ടിയിരിക്കുന്നു. പ്രധാനമായും ചില പ്രസ്ഥാനങ്ങളുടെ സ്വാധീനഫലമായി അറിഞ്ഞോ അറിയാതെയോ മലയാളികളുടെ മനസിൽ കടന്നുകൂടിയ ഈ ചിന്ത ഒട്ടും ശരിയല്ല. സ്വതവേ മലയാളികൾക്കുള്ള അസഹിഷ്ണുതയെ ത്യജിക്കാനും എല്ലാവരും തയാറാകണം. രാജ്യത്തെ വ്യവസ്ഥാപിതമായ നിയമങ്ങൾ അനുസരിച്ചു പ്രവർത്തിക്കുന്ന എന്തും എതിർക്കപ്പെടേണ്ടതില്ല, പ്രോത്സാഹിക്കപ്പെടേണ്ടതാണ്, അത് ഫാക്ടറിയായാലും വിദ്യാഭ്യാസ സ്ഥാപനമായാലും. കാരണം രാജ്യപുരോഗതിക്ക് അവ അനിവാര്യമാണ്.
അധ്യാപകരുടെ ആത്മധൈര്യം നഷ്ടപ്പെടുത്തരുതേ
ഇത് എല്ലാവരോടുമായുള്ള ഒരു അഭ്യർഥനയാണ്. മൊബൈൽ ഫോൺ ഉപയോഗം, കോപ്പിയടി, റാഗിങ്, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ അവസരങ്ങളിൽ അധ്യാപകർ ആവശ്യമായ നിയമാനുസൃത നടപടികൾ സ്വീകരിക്കണമെന്ന് ഒരു വശത്ത് പറയുകയും മറുവശത്ത് അവരെ ക്രൂശിക്കണമെന്ന് അട്ടഹസിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നിർത്തുക. അല്ലെങ്കിൽ അത് അധ്യാപകരെ തീർത്തും നിഷ്ക്രിയരാക്കും. കോപ്പിയടി പിടിച്ചതിന്റെ പേരിൽ മുമ്പുണ്ടായിട്ടുള്ള ദുരനുഭവങ്ങൾ അവരുടെ ആത്മവിശ്വാസത്തെ ഇപ്പോൾത്തന്നെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. അധ്യാപകർ നിഷ്ക്രിയരായാൽ ഭാവി തലമുറകളുടെ ശരിയായ രൂപീകരണത്തെ അത് പ്രതികൂലമായി ബാധിക്കും. തങ്ങളുടെ ഇഷ്ടങ്ങൾക്കനുസരിച്ചുള്ള, അരാജകത്വമുള്ള കാമ്പസുകൾ രൂപപ്പെടാൻ അധ്യാപകർ നിഷ്ക്രിയരാകണമെന്ന് ആഗ്രഹിക്കുന്ന വളരെപ്പേരുണ്ടെങ്കിലും ഭൂരിപക്ഷവും അത്തരക്കാരല്ല. പക്ഷെ ആ ഭൂരിപക്ഷത്തിന്റെ നിശബ്ദത വല്ലാതെ അലോസരപ്പെടുത്തുന്നു. രാഷ്ട്രീയമായ അടിമത്തം കൂടുതൽ പേരെയും തെറ്റിനു നേരേ ശബ്ദമുയർത്താൻ അനുവദിക്കുന്നില്ല എന്നതാണ് സത്യം. അതെ, രാഷ്ട്രീയ അടിമത്തം വലിച്ചറിയാൻ സമയമായിരിക്കുന്നു.
വിദ്യാർഥികളോട്...
സ്വാശ്രയ കോളജായ അമൽജ്യോതിയിൽ പഠിക്കുന്നവർ അവിടത്തെ നിയമങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥരാണ്. രാത്രി എട്ടിനു ശേഷം ഹോസ്റ്റലിൽനിന്ന് പുറത്തു പോകാൻ അനുവദിക്കുന്നില്ല, ഷോർട്സ് ധരിക്കാൻ അനുവദിക്കുന്നില്ല തുടങ്ങിയ ബാലിശമായ ആരോപണങ്ങൾ ഉന്നയിച്ചു നിങ്ങൾ സ്വയം അപഹാസ്യരാകാതിരിക്കുക. ഇത്തരം ആവശ്യങ്ങൾ അനുവദിക്കാത്തതിലുള്ള ദേഷ്യം തീർക്കാനുള്ള അവസരമായി ഈ സംഭവത്തെ മാറ്റിയെടുക്കാതിരിക്കുക. രാഷ്ട്രീയ അടിമത്തം അവസാനിപ്പിച്ച് സ്വതന്ത്രമായി ചിന്തിക്കാൻ പഠിക്കുക.
രക്ഷിതാക്കൾ അറിയാൻ...
സമരാഭാസങ്ങളിലൂടെ മാനേജ്മെന്റിന്റെ ആത്മധൈര്യം നഷ്ടപ്പെടുത്തി ഭാവിയിൽ നിസാര അച്ചടക്ക നടപടികൾ എടുക്കുന്നതിൽനിന്നു പോലും അവരെ പിന്തിരിപ്പിക്കുക എന്ന ഗൂഢലക്ഷ്യവും ഇതിന്റെ പിന്നിൽ ഉണ്ടെന്നു രക്ഷിതാക്കൾ തിരിച്ചറിയണം. ഇന്നത്തെ കാലഘട്ടത്തിൽ വിദ്യാർഥികൾ പലവിധ പ്രലോഭനങ്ങളുടെയും പ്രതിസന്ധികളുടെയും നടുവിലൂടെയാണ് കടന്നുപോകുന്നത്. അവർക്ക് ആവശ്യമായ ആത്മധൈര്യവും പരിശീലനവും വീടുകളിലും നൽകേണ്ടതുണ്ട്. അമൽജ്യോതിയിൽ അവരെ ചേർത്തിരിക്കുന്നത് അത് നല്ല അച്ചടക്കമുള്ള ഒരു കോളജാണ് എന്ന് ബോധ്യമുള്ളതുകൊണ്ടാണെന്ന് പറഞ്ഞു മനസിലാക്കണം.
(ചേർപ്പുങ്കൽ ബിവിഎം കോളജ് ഡീൻ ഓഫ് സ്റ്റഡീസ് ആണ് ലേഖകൻ)