ജനനം കുറയുന്നു, പെൺകുട്ടികളും
Monday, May 29, 2023 1:33 AM IST
2021-ലെ കേരളത്തിലെ ജനസംഖ്യാധിഷ്ഠിത കണക്കുകൾ സംസ്ഥാന ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക് വകുപ്പിന്റെ ജനസംഖ്യാ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു. 2021-ലെ ജനസംഖ്യ 351.56 ലക്ഷം എന്ന് കണക്കാക്കിയിരിക്കുന്നു.
ജനനനിരക്ക്
കേരളത്തിലെ ജനസംഖ്യയിൽ 168.67 ലക്ഷം പുരുഷന്മാരും 182.89 ലക്ഷം സ്ത്രീകളുമാണ്. എന്നാൽ 2021ൽ ആകെ ജനിച്ച കുട്ടികളിൽ 50.86% ആൺകുട്ടികളും 49.14% പെൺകുട്ടികളുമാണ്. 2021ൽ കേരളത്തിൽ 4,19,767 പേരുടെ ജനനം ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2020ൽ ഇത് 4,46,891 ആയിരുന്നു. 2020ൽ 968 ആയിരുന്ന സ്ത്രീ-പുരുഷ അനുപാതം 2021 ആയപ്പോൾ 966 ആയി. സ്ത്രീ-പുരുഷ അനുപാതം ഏറ്റവും ഉയർന്നു നില്ക്കുന്നത് മലപ്പുറത്തും വയനാട്ടിലുമാണ്-977. എന്നാൽ, ഏറ്റവും കുറവ് പത്തനംതിട്ടയിലാണ് -952.
മരണനിരക്ക്
2021ൽ 3,39,648 മരണമാണ് ഔദ്യോഗികമായി രജിസ്റ്റർ ചെയ്തത്. 2020ൽ ഇത് 2,50,983 മാത്രം ആയിരുന്നു. 54.76% പുരുഷന്മാരും 45.24% സ്ത്രീകളുമാണ് 2021 ലെ കണക്കിൽ മരണപ്പെട്ടത്. 2020ലെ 7.17 എന്ന നിരക്കിൽനിന്ന് 9.66 എന്ന വലിയ കണക്കിലേക്കാണ് മരണനിരക്ക് ഉയർന്നത്. ഏറ്റവും ഉയർന്ന മരണനിരക്കായ 12.96 പത്തനംതിട്ടയിലായിരുന്നപ്പോൾ 6.26 നിരക്കിൽ ഏറ്റവും കുറവ് മലപ്പുറം ജില്ല ആയിരുന്നു. മരണസമയത്ത് ആരോഗ്യ പ്രവർത്തകരുടെയും ആശുപത്രികളുടെയും സേവനം 76.03% ആളുകൾക്ക് ലഭിച്ചപ്പോൾ 23.96% പേർക്ക് ആരോഗ്യ പരിരക്ഷ ലഭിച്ചിരുന്നില്ല.
മാതാപിതാക്കൾ
2021ൽ കുട്ടികൾക്ക് ജന്മം നല്കിയതിൽ 0.43% മാതാക്കളും 0.41% പിതാക്കളും നിരക്ഷരരായിരുന്നു. 36.18 % മാതാക്കളും 24. 18% പിതാക്കളും ബിരുദമോ അതിനു മുകളിലോ വിദ്യാഭ്യാസമുള്ളവരാണ്. ഗ്രാമത്തിൽ 15 വയസിൽ താഴെയുള്ള മൂന്ന് പെൺകുട്ടികൾ തങ്ങളുടെ ഒന്നാമത്ത കുട്ടിക്ക് ജന്മം നല്കിയപ്പോൾ 40 - 44 പ്രായപരിധിയിലുള്ള മൂന്നു അമ്മമാർ തങ്ങളുടെ പത്താമത്തെ കുട്ടിക്ക് ജന്മം നല്കി. നഗരത്തിൽ 15 വയസിന് താഴെയുള്ള രണ്ട് പെൺകുട്ടികൾ തങ്ങളുടെ ഒന്നാമത്തെ കുട്ടിക്ക് ജന്മം നല്കിയപ്പോൾ 45 വയസിനു മുകളിൽ പ്രായമുള്ള രണ്ട് അമ്മമാർ തങ്ങളുടെ പത്താമത്തെ കുട്ടിക്ക് ജന്മം നല്കുകയുണ്ടായി.
മരണകാരണങ്ങൾ
ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലം 72,644 പേർ മരിച്ചപ്പോൾ അതിൽ 43,948 പേർ പുരുഷന്മാരും 28,696 പേർ സ്ത്രീകളും ആയിരുന്നു. ആസ്ത്മ മൂലം 25,399 പേർ മരിച്ചു. കരൾരോഗബാധിതരായി 4,194 പേർ മരിച്ചപ്പോൾ രക്തസമ്മർദം 3,451 പേരുടെ മരണത്തിന് കാരണമായി. വൃക്കരോഗം ബാധിച്ച് 6526 പേരും അർബുദം ബാധിച്ച് 21,990 പേരും മരിക്കുകയുണ്ടായി. പൊള്ളലേറ്റ് 279 പേർ മരിച്ചപ്പോൾ മൃഗങ്ങളുടെ കടിയേറ്റ് മരിച്ചവർ 88 ആയിരുന്നു. വെള്ളത്തിൽ വീണ് 1755 പേരും റോഡ് അപകടത്തിൽപ്പെട്ട് 2,370 പേരും മരിക്കുകയുണ്ടായി. 6350 പേർ ആത്മഹത്യ ചെയ്തതിൽ 5,075 പേരും പുരുഷന്മാരായിരുന്നു. 218 പേർ കൊല ചെയ്യപ്പെടുകയുണ്ടായി.
ഏറ്റവും കൂടുതൽ ആത്മഹത്യ 15 മുതൽ 65 വരെ പ്രായപരിധിയിലാണ്. 5നും 14നും ഇടയിൽ പ്രായമുള്ള 80 കുട്ടികളും ആത്മഹത്യ ചെയ്തവരിൽ ഉൾപ്പെടുന്നു. 70 വയസിനു മുകളിൽ പ്രായമുള്ള 662 പേരും ആത്മഹത്യ ചെയ്തവരിൽ വരുന്നുണ്ട് എന്നത് പ്രത്യേകം ശ്രദ്ധ വയ്ക്കേണ്ടുന്ന ഒന്നാണ്.
ആന്റണി ആറിൽച്ചിറ ചമ്പക്കുളം