കാട്ടിലെ വിവിഐപിമാർ
Tuesday, May 23, 2023 10:00 PM IST
നാട്ടിൽ വേണ്ട കാട്ടു നീതി -4 / റെജി ജോസഫ്
കാട്ടാന കൊന്നാൽ നഷ്ടപരിഹാരം പത്തു ലക്ഷം രൂപ. പന്ത്രണ്ടുപേരെ അരുംകൊല ചെയ്ത ചിന്നക്കനാലിലെ അരിക്കൊന്പനെയും ധോണിയിലെ പിടി സെവനെയും പിടികൂടാൻ വനംവകുപ്പ് മുടക്കിയത് ഇതിന്റെ പതിന്മടങ്ങ് തുക. ഫോറസ്റ്റ് കണ്സർവേറ്റർ മുതൽ ഗാർഡുവരെ നൂറോളം ഉദ്യോഗസ്ഥരെക്കൂടാതെ പോലീസ്, റവന്യു, ഫയർ, വെറ്ററിനറി, ആംബുലൻസ്, കുങ്കിയാനകൾ, പാപ്പാന്മാർ, ആനലോറികൾ ഉൾപ്പെടെ വൻ സന്നാഹം വേറെ. മാസങ്ങൾ നീണ്ട നടപടികളിൽ അരിക്കൊന്പനെ മുന്തിയ പരിഗണനയിൽ നാടുകടത്താൻ ചെലവായത് അര കോടിയോളം രൂപ. പടയപ്പ, ചക്കക്കൊന്പൻ, മുറിക്കൊന്പൻ, മുറിവാലൻ, ചില്ലിക്കൊന്പൻ, ഗണേശൻ തുടങ്ങിയ പേരുകളിൽ ഇടുക്കിയിലെ ജനവാസകേന്ദ്രങ്ങളിൽ വേറെയുമുണ്ട് കാട്ടാനകൾ. പല ഘട്ടങ്ങളിലായി മൂന്നാറിലെ കടകളിൽനിന്ന് ലക്ഷക്കണക്കിന് രൂപയുടെ പഴവർഗങ്ങൾ തിന്ന പടയപ്പയും കരിക്ക് കച്ചവടക്കാരെ നിലയ്ക്കുനിറുത്താത്ത ചില്ലിക്കൊന്പനുമൊക്കെ വരുത്തിയ നഷ്ടങ്ങൾ എത്രയോ വലുതാണ്.
കാക്കയെ കൈചൂണ്ടരുത്
കാക്ക, എലി, പഴംതീനി വവ്വാൽ എന്നിവയെ സംരക്ഷിത ജന്തുവിഭാഗമായി ഷെഡ്യൂൾ രണ്ടിൽപ്പെടുത്തി ജനുവരിയിൽ കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കിയിരിക്കുന്നു. ഇവയെ കൊന്നാൽ മൂന്നു വർഷം വരെ തടവും കാൽ ലക്ഷം രൂപവരെ പിഴയുമാണ് ശിക്ഷ. വിളനാശത്തിനും രോഗങ്ങൾക്കും കാരണമാകുന്ന വെർമിൻ ജീവികൾ അടങ്ങിയ അഞ്ചാം ഷെഡ്യൂളിലായിരുന്നു ഇവ. ക്ഷുദ്രജീവികളായി പ്രഖ്യാപിക്കപ്പെട്ടാലേ ജന്തുക്കളെ കൊല്ലാൻ അനുമതിയുള്ളൂ. പാന്പ് ഉൾപ്പെടെ നാട്ടിൽ പെരുകുന്ന അൻപതോളം ജീവികൾക്കു നേരെ വടിയെടുക്കുന്നതുപോലും കുറ്റകരമാണ്. കാട്ടുപന്നിയെ കൊല്ലാമെന്നു ഹൈക്കോടതി വിധിയുണ്ടായിട്ടും കേന്ദ്രം ഇവയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചിട്ടില്ല. ഒറ്റ വർഷത്തിൽ രണ്ടു പ്രസവം. ഇരുപതിലേറെ കുഞ്ഞുങ്ങൾ. ഈ നിരക്കിൽ നാട്ടിൽ പെരുകുകയാണ് കാട്ടുപന്നി. ഏറ്റവും കൃഷിനാശം വരുത്തുന്ന ഈ ജന്തുവിനെ കൊല്ലാനുള്ള തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിന് വർഷങ്ങളോളം ആലോചനകൾ വേണ്ടിവന്നു. ഒരു വർഷം കാലാവധിയിൽ തദ്ദേശസ്ഥാപന അധ്യക്ഷന്മാർക്ക് അനുമതി നൽകിയെങ്കിലും ഇവയെ എങ്ങനെ കൊല്ലണമെന്ന് നിർദേശമില്ല. വിഷം, സ്ഫോടകവസ്തുക്കൾ, വൈദ്യുതി ഷോക്ക് എന്നിവ ഉപയോഗിക്കരുതെന്നും ജഡം ശാസ്ത്രീയമായി മറവുചെയ്യണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കൃത്യം നടത്തുന്നയാൾക്ക് ആയിരം രൂപ പ്രതിഫലം തദ്ദേശസ്ഥാപനം നൽകുകയും വേണം.
അതേസമയം ക്ഷുദ്രജീവി ലിസ്റ്റിൽപ്പെടുത്തിയാൽ വനമേഖലയ്ക്കു പുറത്ത് എപ്പോൾ വേണമെങ്കിലും ഇവയെ കൊല്ലാം. ജഡം മറവുചെയ്യാൻ വനംവകുപ്പിന്റെ അനുമതിയും വേണ്ട. നിലവിൽ സംസ്ഥാനത്ത് 406 വില്ലേജുകളിലാണ് കാട്ടുപന്നിയുടെ ശല്യം നേരിടുന്നത്. സ്ഫോടകവസ്തുക്കളും റബർ ബുള്ളറ്റും ഉപയോഗിച്ചു കാട്ടുമൃഗങ്ങളെ നിയന്ത്രിച്ചാൽ മതിയെന്നാണു സുപ്രീംകോടതിയുടെ 2020 ജൂലൈയിലെ ഉത്തരവ്. മാൻ വർഗത്തിൽപ്പെട്ട നീൽഗെയ് അഥവാ നീലക്കാളയെ കൊല്ലുന്നതിനെതിരേ അനുഭവ് മൊഹന്തി എംപി നൽകിയ ഹർജിയിലാണു റബർ ബുള്ളറ്റും മറ്റും ഉപയോഗിച്ചാൽ മതിയെന്ന നിർദേശം. ഇതോടെയാണു ക്ഷുദ്രജീവി പ്രഖ്യാപന ആവശ്യവുമായി സംസ്ഥാനങ്ങൾ നൽകുന്ന ശിപാർശകൾ കേന്ദ്രം നിരസിച്ചുതുടങ്ങിയത്.
തോക്കുണ്ടായിട്ടും കാര്യമില്ല
ആത്മരക്ഷാർഥം തോക്ക് ലൈസൻസ് വാങ്ങിയെടുത്തിട്ട് സംസ്ഥാനത്ത് കാര്യമില്ല. അവശ്യസാഹചര്യത്തിൽ കാട്ടുപന്നിയെ വെടിവയ്ക്കാമെന്നല്ലാതെ മറ്റേതു ജീവിയെ നേരിട്ടാലും കേസിൽപ്പെടുമെന്നതാണ് സ്ഥിതി. കൈവശം വയ്ക്കാവുന്ന തോക്കുകൾക്ക് കർശനമായ മാനദണ്ഡങ്ങളുമുണ്ട്. ഇലക്ഷൻ കാലത്ത് ലൈസൻസുള്ള തോക്കുകൾ പൊതുസുരക്ഷയുടെ പേരിൽ പോലീസ് വാങ്ങിവച്ചാൽ തിരികെ വാങ്ങുക ദുഷ്കരവുമാണ്. തോക്ക് ലൈസൻസ് എങ്ങനെ നൽകാതിരിക്കാം എന്നതിലാണ് വനംവകുപ്പിന്റെ ശ്രദ്ധ. വനാതിർത്തിയിലുള്ളവർക്ക് ലൈൻസ് കൊടുക്കാതിരിക്കുകയും പത്തു കിലോമീറ്റർ പുറത്തുള്ളവർക്ക് ലൈസൻസ് നൽകുകയും ചെയ്യുന്ന നയമാണ് കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിൽ വനംവകുപ്പിന്റേത്.
വയനാട്ടിലെ ചീരാലും മുണ്ടക്കൊല്ലിയും മുന്പ് അറിയപ്പെടുന്ന ക്ഷീരഗ്രാമങ്ങളായിരുന്നു. കർഷകരേറെയും ആദിവാസികൾ. ഇവിടത്തെ പശുക്കളെയും ആടുകളെയും കടുവ പിടിച്ചതിൽ ഒരാൾക്കും നഷ്ടപരിഹാരം ലഭിച്ചില്ല. പരിക്കേറ്റ നാൽക്കാലികൾക്ക് ചികിത്സാ സഹായം പ്രഖ്യാപിച്ചെങ്കിലും അവയെല്ലാം വൈകാതെ ചത്തൊടുങ്ങി. കർഷകർക്ക് ഇവയെ ചികിത്സിച്ചതിലുണ്ടായ സാന്പത്തികച്ചെലവും കഷ്ടപ്പാടും മിച്ചം. വനാതിർത്തിയിലുള്ളവരുടെ ജീവനും സ്വത്തും ജീവനോപാധിയും നിലനിൽപ്പും പരിഗണിച്ച് 1927ലെ ഇന്ത്യൻ ഫോറസ്റ്റ് ആക്ട്, 1972 ലെ വന്യജീവി സംരക്ഷണ നിയമം, 1980 ലെ വനസംരക്ഷണ നിയമം, 2006 ലെ വനാവകാശ നിയമം എന്നിവ കാലോചിതമായി പരിഷ്കരിക്കാതെ മൃഗവാഴ്ചയുടെ ദുരവസ്ഥയ്ക്ക് പരിഹാരമുണ്ടാവില്ല.
കൃഷി നിലച്ച ഗ്രാമങ്ങൾ
“മണ്ണിലൊരു വകയും വളരാൻ അനുവദിക്കില്ല. ആനകളെ തുരത്താൻ ശ്രമിച്ചാൽ അവ വീടു തകർക്കും. പന്നികൾ വീടിനുള്ളിൽ വരെ ശല്യംചെയ്യുന്നു.” ഗതികെട്ട് വട്ടവടയിൽനിന്ന് മൂന്നാറിലേക്ക് താമസം മാറ്റിയ മുത്തുവേലിന് പറയാൻ നഷ്ടങ്ങളുടെ കഥകൾ മാത്രം. കാബേജും വെളുത്തുള്ളിയും കാരറ്റും വിളയിച്ചിരുന്ന വട്ടവടയിൽ മ്ലാവും കേഴയും കാട്ടുപോത്തും പട്ടാപ്പകൽ വരെ മേയുകയാണ്. അടിമാലി, മാങ്കുളം, മറയൂർ, കാന്തല്ലൂർ, വട്ടവട, സേനാപതി ഗ്രാമങ്ങളിൽ കൃഷി ഉപേക്ഷിച്ചവർ ഏറെപ്പേരാണ്. കാട്ടുമൃഗങ്ങളെക്കൊണ്ട് പൊറുതിമുട്ടി കൃഷിയിടം തരിശാക്കിയിടുന്നതും കൈയൊഴിയുന്നതും ഭക്ഷ്യോത്പാദനത്തിൽ ഗണ്യമായ ഇടിവുണ്ടാക്കും. ഈ പോക്കുപോയാൽ വിലക്കയറ്റവും ക്ഷാമവുമാണ് ആസന്നഭാവിയിൽ നേരിടേണ്ടിവരിക.
പന്നി കുത്തിമറിക്കുന്നത് കപ്പയും ചേനയും ചേന്പുമാണ്. കുരങ്ങ് നാളികേരം പിഴുതെറിയും. മലയണ്ണാനു പ്രിയം കരിക്കും കൊക്കോയുമാണ്. മയിലുകൾ ഒറ്റ വരവിൽ തോട്ടം വെളുപ്പിച്ചേ മടങ്ങൂ. റബറും തെങ്ങും വാഴയും ചേനയുമൊക്കെ മാനുകൾ കുത്തിമറിക്കും. നാട്ടിലിറങ്ങി കാട്ടാന ചക്ക പറിച്ചുതിന്നുന്നത് വയനാട്ടിലെ പതിവ് കാഴ്ച. ഇര തേടുന്ന കടുവകൾക്ക് മനുഷ്യരെന്നോ ആടുമാടുകളെന്നോ വ്യത്യാസമില്ല. കുറുക്കനും നരിക്കും തീറ്റ കോഴികളാണ്. കാട്ടുപന്നികളും ആനകളും കാട്ടുപോത്തും മുള്ളൻപന്നിയും ഒരുമിച്ചു വിഹരിക്കുന്ന സാഹചര്യമാണ് മൂന്നാർ മലകളിലുള്ളത്.
വനക്കണക്കിലെ പൊള്ളത്തരം
കേരളത്തിന്റെ ഭൂപ്രദേശത്തിന്റെ 29 ശതമാനം വനമാണെന്ന് സംസ്ഥാന സർക്കാർ. അതേ സമയം ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ കണക്കിൽ കേരളത്തിന്റെ 50 ശതമാനവും വനമാണ്. അതായത് കേരളത്തിലെ റബർ, കശുമാവ്, കാപ്പിത്തോട്ടങ്ങളൊക്കെ കേന്ദ്ര വനംവകുപ്പിന്റെ ആകാശസർവേയിൽ കടുംപച്ചപ്പുള്ള കൊടുംവനമാണ്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ കുറ്റിക്കാടുകളും വിജനസ്ഥലങ്ങളും വനപരിധിയിൽപ്പെടുന്പോൾ പശ്ചിമഘട്ടത്തിലെ കൃഷിയിടങ്ങളെല്ലാം കേന്ദ്രത്തിന് വനമാണ്.
ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യ വനവിസ്തൃതി എന്നല്ല കനോപ്പി കവർ എന്നാണു പറയുന്നത്. ഏരിയൽ ഫോട്ടോഗ്രാഫുകളും ജിയോഗ്രഫിക്കൽ ഇൻഫർമേഷൻ ടെക്നോളജിയും ഉപയോഗിച്ചാണ് കനോപ്പി കവർ രീതിയിൽ ഇന്ത്യയൊട്ടാകെ സർവേ നടത്തുന്നത്. ആകാശസർവേയിൽ റബറും തെങ്ങും കമുകും ജാതിയും കാപ്പിയും തേയിലയുമൊക്കെ വനപരിധിയിൽ ഉൾപ്പെടും. കാടിറങ്ങി നാട് മുടിക്കുന്ന വന്യമൃഗങ്ങൾക്കെതിരേ പരാതി ഉയരുന്പോൾ കേരളം 50 ശതമാനം വനമേഖല എന്ന അശാസ്ത്രീയ സർവേയാണ് കേന്ദ്രം മുന്നോട്ടുവയ്ക്കുന്നത്.
ആനയ്ക്കു വേണ്ട യൂക്കാലി
കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യജല ശോഷണം, അധിനിവേശ സസ്യങ്ങളുടെ വ്യാപനം തുടങ്ങിയവ കാടിന്റെ ആവാസ്ഥവ്യവസ്ഥയിൽ മാറ്റം വരുത്തുന്നു. പരന്പരാഗത കാട്ടുമരങ്ങൾക്കു പകരം യൂക്കാലി, അക്കേഷ്യ, മാഞ്ചിയം, തേക്ക് തുടങ്ങിയവ നട്ടുവളർത്തിയതോടെ വനത്തിൽ തീറ്റ കുറഞ്ഞു. കുടമരം, ഇലപ്പുള്ളി തുടങ്ങിയവയുടെ വ്യാപനവും ആഘാതമായി. പുൽമേടുകളെ ഇല്ലാതാക്കി മഞ്ഞക്കൊന്ന അതിവേഗം പടർന്നുകൊണ്ടിരിക്കുന്നു. മഞ്ഞക്കൊന്ന അലങ്കാര സസ്യമായി സോഷ്യൽ ഫോറസ്റ്ററിയുടെ ഭാഗമായി വച്ച മരമാണ്. സസ്യഭുക്കുകൾ ഇത് ഭക്ഷണമാക്കാറില്ല. വെട്ടിക്കളഞ്ഞാൽ വീണ്ടും മുളയ്ക്കുകയും പിഴുതെടുത്താൽ വേരുകളിൽനിന്നും കിളിർക്കുകയും ചെയ്യുന്ന മരമാണിത്. പിഴുതെടുത്താൽ അത് കാടിനെ മുഴുവൻ ബാധിക്കും.
പെരുകുന്ന വന്യമൃഗങ്ങൾ
പല വന്യമൃഗങ്ങളുടെയും സ്വാഭാവിക പെരുകൽനിരക്കിൽ കേരളം ഒന്നാമതാണ്. ആനയുടെ പെരുകൽ കർണാടകത്തിൽ 3.5 ശതമാനവും തമിഴ്നാട്ടിൽ 19.7 ശതമാനവുമാണ്. കേരളത്തിലാവട്ടെ 63 ശതമാനം. കാട്ടാനകളുടെ എണ്ണത്തിൽ രണ്ടാമതുള്ള ആസാമിൽ 3.5 ശതമാനം മാത്രമാണ് വളർച്ച. കടുവ, പുലി എന്നിയുടെ എണ്ണത്തിലും വലിയ വർധനയുണ്ട്. കേരളത്തിൽ കാട്ടുപോത്തുകളുടെ എണ്ണം നാല്പതിനായിരത്തിലേറെയാണ്. കാട്ടുപന്നിയും കുരങ്ങും ഏറ്റവുമധികം പെരുകുന്ന സംസ്ഥാനമാണ് കേരളം.
വന്യജീവികളുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഫെബ്രുവരിയിൽ പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു. പുള്ളിപ്പുലികളുടെ എണ്ണം 2014ൽ 8,032ൽനിന്നും 60 ശതമാനം ഉയർന്ന് 2023ൽ 12,852 ആയി. 2014ൽ കടുവകളുടെ എണ്ണം 2,226 ആയിരുന്നത് 2,967 ആയി. ഒറ്റക്കൊന്പൻ കാണ്ടാമൃഗം 2,600ൽനിന്ന് മൂവായിരം കവിഞ്ഞു. ആനകളുടെ എണ്ണം 2007ൽ 27,694 ആയിരുന്നത് 2021ൽ 30,000. സിംഹം 2010 ലെ 411ൽനിന്ന് 674 ൽ എത്തി. മൃഗങ്ങൾ ഇത്തരത്തിൽ പെരുകുന്പോഴാണ് വിദേശത്തുനിന്നും പുതിയ ഇനങ്ങളെ എത്തിച്ചുകൊണ്ടിരിക്കുന്നത്.
(തുടരും)