സിദ്ധയ്ക്കു രണ്ടാമൂഴം
Friday, May 19, 2023 12:34 AM IST
ബിജോ മാത്യു
കാൽ നൂറ്റാണ്ടിലേറെക്കാലം താൻ എതിർത്തിരുന്ന പാർട്ടിയിലേക്കു കടന്നുവന്ന് ഏഴു കൊല്ലത്തിനകം മുഖ്യമന്ത്രിയാകുക. അതാകട്ടെ, സ്ഥാനമോഹികൾക്കു പഞ്ഞമില്ലാത്ത കോണ്‍ഗ്രസിലും. കർണാടക മുഖ്യമന്ത്രിസ്ഥാനത്തേക്കു രണ്ടാമൂഴം ലഭിച്ച സിദ്ധരാമയ്യയാണ് ആ നേതാവ്. ഡോ. രാം മനോഹർ ലോഹ്യയുടെ ആശയങ്ങളിൽ ആകൃഷ്ടനായി രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ സിദ്ധരാമയ്യ കർണാടക കോണ്‍ഗ്രസിൽ ഏറ്റവും ജനപ്രീതിയുള്ള നേതാവായി മാറി. അഴിമതി തൊട്ടുതീണ്ടാത്ത നേതാവ് എന്ന പ്രതിച്ഛായയാണ് രാഷ്ട്രീയചാണക്യനായ സിദ്ധയ്ക്കുള്ളത്.
2006ലാണു സിദ്ധരാമയ്യ കോണ്‍ഗ്രസിലെത്തിയത്. അതിനു മുന്‍പു രണ്ടു തവണ കർണാടക ഉപമുഖ്യമന്ത്രിപദത്തിൽ സിദ്ധ എത്തിയിരുന്നു. കോണ്‍ഗ്രസിലെത്തിയ സിദ്ധരാമയ്യ വൈകാതെതന്നെ മുൻനിര നേതാവായി വളർന്നു. 2008ൽ പ്രതിപക്ഷനേതാവായി. 2010ൽ അനധികൃത ഖനനത്തിനെതിരേ ബംഗളൂരുവിൽനിന്നു ബെല്ലാരിയിലേക്കു സിദ്ധരാമയ്യ നയിച്ച 320 കിലോമീറ്റർ പദയാത്രയാണ് 2013-ലെ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് ഭരണത്തിന് അടിത്തറയായത്. അന്നു കേന്ദ്രമന്ത്രിയായിരുന്ന മല്ലികാർജുൻ ഖാർഗെയെ വെട്ടി സിദ്ധരാമയ്യ മുഖ്യമന്ത്രിമായി. പിന്നീട് അഞ്ചു വർഷം കർണാടക കോൺഗ്രസിൽ സിദ്ധയ്ക്ക് എതിരാളികളേയില്ലായിരുന്നു. അഴിമതിരഹിതവും ജനക്ഷേമകരവുമായ ഭരണമായിരുന്നു സിദ്ധരാമയ്യ സർക്കാരിന്റേതെന്ന് എതിരാളികൾപോലും സമ്മതിക്കുന്നു.
ഇതു തന്റെ അവസാന തെരഞ്ഞെടുപ്പാണെന്നും തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽനിന്നു വിരമിക്കുമെന്നും ഇത്തവണ പ്രചാരണവേളയിൽ സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു. നാട്ടുംപുറത്തുകാരന്റെ രൂപവും ഭാവവുമുള്ള സിദ്ധരാമയ്യ മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം ഒരിക്കലും മറച്ചുവച്ചിട്ടില്ല. സംസ്ഥാനം ഒട്ടാകെ സ്വാധീനമുള്ള സിദ്ധരാമയ്യയ്ക്കാണ് എംഎൽഎമാരിൽ ഭൂരിപക്ഷമെന്നു കോണ്‍ഗ്രസ് ഹൈക്കമാൻഡ് തിരിച്ചറിഞ്ഞു. തങ്ങളുടെ മണ്ഡലത്തിൽ സിദ്ധ പ്രചാരണത്തിനെത്തണമെന്ന് ഓരോ കോൺഗ്രസ് സ്ഥാനാർഥിയും ആവശ്യപ്പെട്ടിരുന്നു.
ദേവഗൗഡ ജെഡി-എസിൽനിന്നു പുറത്താക്കി
1996 മുതൽ 1999 വരെ ജെ.എച്ച്. പട്ടേൽ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സിദ്ധരാമയ്യ ഉപമുഖ്യമന്ത്രിയായിരുന്നു. 2004ലെ തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യമുണ്ടായപ്പോൾ അധികാരത്തിനായി കോണ്‍ഗ്രസും ജെഡി-എസും കൈകോർത്തു. കോണ്‍ഗ്രസിലെ എൻ. ധരം സിംഗ് മുഖ്യമന്ത്രിയും സിദ്ധരാമയ്യ ഉപമുഖ്യമന്ത്രിയുമായി. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകാനുള്ള സാധ്യതയുണ്ടായിരുന്നെങ്കിലും എച്ച്.ഡി. ദേവഗൗഡ താത്പര്യമെടുത്തില്ല .
ദേവഗൗഡയുടെ മകൻ എച്ച്.ഡി. കുമാരസ്വാമി ജെഡി-എസിൽ പിടിമുറുക്കുന്ന കാലമായിരുന്നു അത്. പുത്രവാത്സല്യത്തിന്റെ ആന്ധ്യം ബാധിച്ച ദേവഗൗഡ സിദ്ധരാമയ്യയെ പാർട്ടിയിൽനിന്നു പുറത്താക്കി. സിദ്ധയെപ്പോലുള്ള നേതാവിനെ പുറത്താക്കിയതാണ് ജെഡി-എസിന്റെ ഇന്നത്തെ തകർച്ചയ്ക്കു കാരണമെന്നു മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്ണ ചൂണ്ടിക്കാട്ടുന്നു.
ജെഡി-എസിൽനിന്നു പുറത്താക്കപ്പെട്ട സിദ്ധരാമയ്യ രാഷ്ട്രീയം ഉപേക്ഷിക്കുന്നതിനെക്കുറിച്ചുപോലും ചിന്തിച്ചു. പ്രാദേശികപാർട്ടി രൂപീകരിക്കുന്നില്ലെന്ന നിലപാടെടുത്ത അദ്ദേഹം അഭിഭാഷകവൃത്തിയിലേക്കു തിരിച്ചുപോയാലോ എന്നുപോലും ആലോപിച്ചു. സിദ്ധരാമയ്യയുടെ കഴിവുകൾ തിരിച്ചറിഞ്ഞ കോണ്‍ഗ്രസും ബിജെപിയും അദ്ദേഹത്തെ സമീപിച്ചു. എന്നാൽ, ബിജെപിയുടെ ആശയങ്ങളോട് ഒരുകാലത്തും സമരസപ്പെടാൻ കഴിയാത്ത സിദ്ധ, 2006ൽ അനുയായികൾക്കൊപ്പം കോണ്‍ഗ്രസിൽ ചേർന്നു.
കർണാടകയിലെ ലിംഗായത്ത്- വൊക്കലിഗ രാഷ്ട്രീയത്തിനു ബദലായി പിന്നാക്ക വിഭാഗങ്ങളെ ഏകോപിപ്പിക്കാൻ സിദ്ധരാമയ്യ മുൻകൈയെടുത്തു. "അഹിന്ദ'എന്ന പേരിൽ ന്യൂനപക്ഷങ്ങളുടെയും പിന്നാക്കക്കാരുടെയും ദളിതരുടെയും കൂട്ടായ്മയ്ക്ക് അദ്ദേഹം രൂപം നല്കി. ഗുജറാത്തിൽ മാധവ് സിംഗ് സോളങ്കി വളർത്തിയെടുത്ത ഖാം(ക്ഷത്രിയ, ഹരിജൻ, ആദിവാസി, മുസ്ലിം) സോഷ്യൽ എൻജിനിയറിംഗിനു സമാനമായിരുന്നു അഹിന്ദ. കർണാടകയിലെ മൂന്നാമത്തെ വലിയ സമുദായമായ കുറുബ വിഭാഗക്കാരനാണ് ഇദ്ദേഹം. സിദ്ധരാമയ്യയ്ക്കു പിറകിൽ ഈ സമുദായം ഒന്നടങ്കമുണ്ട്.
ഒന്‍പതു തവണ എംഎൽഎ; അവതരിപ്പിച്ചത് 13 ബജറ്റ്
ഒന്‍പതു തവണ എംഎൽഎയും രണ്ടു തവണ ഉപമുഖ്യമന്ത്രിയും അഞ്ചു വർഷം മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയ്ക്കു ഭരണപരിചയം വേണ്ടുവോളമുണ്ട്. 1983ൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽനിന്നു ലോക്ദൾ ടിക്കറ്റിലാണ് ആദ്യമായി നിയമസഭാംഗമായത്. അഞ്ചുതവണ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ച സിദ്ധരാമയ്യ മൂന്നു തവണ ഇവിടെ തോറ്റു. മൂന്നു തവണ വരുണയിലും ഒരു തവണ ബദാമിയിലും ജയിച്ചു. ധനമന്ത്രിയെന്ന നിലയിൽ 13 ബജറ്റുകൾ അവതരിപ്പിച്ചു റിക്കാർഡിട്ടു. 1983ൽ രാമകൃഷ്ണ ഹെഗ്ഡെ മന്ത്രിസഭയിൽ അംഗമായ സിദ്ധരാമയ്യ 1985ലും ഹെഗ്ഡെ മന്ത്രിസഭയിൽ ഇടം കണ്ടു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയ 1989, 1999 തെരഞ്ഞെടുപ്പുകളിൽ സിദ്ധരാമയ്യ പരാജയപ്പെട്ടു. ലോക്ദൾ, ജനതാ പാർട്ടി, ജനതാദൾ-എസ് എന്നിങ്ങനെ ജനതാ പരിവാർ പാർട്ടികളിലൂടെയായിരുന്നു 25 വർഷം സിദ്ധയുടെ രാഷ്ട്രീയം.
മൈസൂരു ജില്ലയിലെ സിദ്ധരാമനഹുണ്ടി ഗ്രാമത്തിൽ പാവപ്പെട്ട കർഷകകുടുംബത്തിൽ1948 ഓഗസ്റ്റ് 12നാണു സിദ്ധരാമയ്യ ജനിച്ചത്. മൈസൂർ സർവകലാശാലയിൽനിന്നു ബിഎസ്സി ബിരുദവും നിയമബിരുദവും നേടി. ഭാര്യ പാർവതി. അന്തരിച്ച രാകേഷ്, യതീന്ദ്ര എന്നിവരാണു മക്കൾ. രാഷ്ട്രീയത്തിൽ സിദ്ധയുടെ അനന്തരാവകാശിയാകുമെന്നു കരുതിയ മൂത്ത മകൻ രാകേഷ് 2016ൽ, മുപ്പത്തിയെട്ടാം വയസിൽ മരിച്ചു. യതീന്ദ്ര 2018ൽ എംഎൽഎയായിരുന്നു. ഇത്തവണ രണ്ടു സീറ്റിൽ മത്സരിക്കാനാണു സിദ്ധരാമയ്യ ആഗ്രഹിച്ചത്. എന്നാൽ, മകൻ യതീന്ദ്രയുടെ വരുണയാണു ലഭിച്ചത്.
2013-18 കാലത്ത് കർണാടക സർക്കാരിനെ വിജയകരമായി നയിച്ച സിദ്ധരാമയ്യയ്ക്കു 2018ൽ കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തിലെത്തിക്കാനായില്ല. എങ്കിലും 80 സീറ്റുമായി കോണ്‍ഗ്രസ് ഭേദപ്പെട്ട പ്രകടനം നടത്തി. ചാമുണ്ഡേശ്വരി, ബദാമി സീറ്റുകളിൽ മത്സരിച്ച സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയിൽ 36,000 വോട്ടിനാണു തോറ്റത്. ബദാമിയിൽ കഷ്ടിച്ചു കടന്നുകയറി. ലിംഗായത്ത് വിഭാഗത്തെ പ്രത്യേക മതമാക്കാൻ നടത്തിയനീക്കമാണ്, മികച്ച ഭരണം നടത്തിയിട്ടും കോണ്‍ഗ്രസിന്റെ തോൽവിക്കിടയാക്കിയത്. ലിംഗായത്ത് മേഖലകളിൽ കോണ്‍ഗ്രസ് തോറ്റന്പി. 104 സീറ്റ് ലഭിച്ച ബിജെപി ബി.എസ്. യെദിയൂരപ്പയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ചെങ്കിലും മൂന്നു നാൾ മാത്രമാണു ഭരണം നീണ്ടത്. തുടർന്ന് കോണ്‍ഗ്രസ്-ജെഡിഎസ് സർക്കാർ അധികാരമേറ്റു. 17 എംഎൽഎമാരുടെ കൂറുമാറ്റത്തോടെ 14 മാസം നീണ്ട സർക്കാർ നിലംപൊത്തി. യെദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി; സിദ്ധരാമയ്യ പ്രതിപക്ഷനേതാവും.