കുടിയേറുന്ന വിദ്യാർഥികൾ
Wednesday, May 17, 2023 10:21 PM IST
ഡോ. കെ.വി. ജോസഫ്
കാലാകാലങ്ങളിൽ പല മാതൃകകളിലുള്ള കുടിയേറ്റങ്ങളാണ് കേരളീയർ നടത്തിയിരിക്കുന്നത്. അടുത്തകാലത്ത് വ്യാപകമായിത്തീർന്ന വിദ്യാർഥീകുടിയേറ്റമാണ് ഏറ്റവും ഒടുവിലത്തെ കുടിയേറ്റ മാത്യക. വിവിധ രാജ്യങ്ങളിലായി 29 ലക്ഷത്തിലധികം മലയാളികൾ കുടിയേറിയിട്ടുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന പ്രേരകശക്തികളും അനന്തരഫലങ്ങളും വിശദമായി പരിശോധിക്കപ്പെടേണ്ടതാണ്.
കുടിയേറ്റത്തിന്റെ വ്യാപ്തി
ഉന്നതവിദ്യാഭ്യാസത്തിനുവേണ്ടിയുളള കുടിയേറ്റം ഒരു നൂതന സംരംഭമാണെന്നു പറയാൻ വയ്യാ. പ്രഗൽഭരായ പല കേരളീയരും മുൻകാലങ്ങളിൽ ബ്രിട്ടനിൽ കുടിയേറിയാണ് ഉന്നതവിദ്യാഭ്യാസം നടത്തിയിരുന്നത്. കെ.പി. കേശവമേനോൻ, ഡോ. പി.ജെ. തോമസ്, വി.കെ. കൃഷ്ണമേനോൻ, മുൻ രാഷ്ട്രപതി കെ.ആർ. നാരായണൻ തുടങ്ങിയവർ അവരിൽ പ്രമുഖരാണ്. എന്നാൽ, വിദ്യാഭ്യാസത്തിനുവേണ്ടി വ്യാപകമായ തോതിൽ കുടിയേറ്റം ആരംഭിച്ചത് അടുത്തകാലത്തു മാത്രമാണ്.
കാനഡ, യുഎസ്, ബ്രിട്ടൻ, ഓസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലാണു വ്യാപകമായ തോതിൽ കുടിയേറ്റം നടക്കുന്നത്. വേറെ 50 രാജ്യങ്ങളിൽകൂടി വിദ്യാർഥികൾ കുടിയേറ്റം നടത്തിവരുന്നുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 11.33 ലക്ഷം ഇന്ത്യൻ വിദ്യാർഥികളാണ് ഇപ്പോൾ വിദേശരാജ്യങ്ങളിൽ ഉന്നതവിദ്യാഭ്യാസം നടത്തുന്നത്. അവരിൽ എത്രപേർ കേരളീയരാണെന്ന കാര്യം വ്യക്തമല്ല. കേരളത്തിലെ വിദ്യാഭ്യാസമന്ത്രി നൽകിയ കണക്കനുസരിച്ച് കേരളത്തിൽനിന്ന് 2017ൽ 22,093 പേരും 2018ൽ 26,4426 പേരും 2019ൽ 30,948 പേരും മാത്രമാണ് വിദേശരാജ്യങ്ങളിൽ പഠനത്തിന്നായി എത്തിച്ചേർന്നത്.
2020ൽ കൊറോണ പൊട്ടിപുറപ്പെട്ടതിന്റെ ഫലമായി കുടിയേറ്റത്തിൽ ഇടിവുണ്ടായി. എന്നാൽ അതിനുശേഷം കുടിയേറ്റം വൻതോതിൽ പുനരാരംഭിച്ചിട്ടു. മന്ത്രിയുടെ അഭിപ്രായത്തിൽ, ഇന്ത്യയിൽനിന്നു കുടിയേറിയവരിൽ നാലു ശതമാനം മാത്രമാണ് കേരളീയർ. അത് അത്രകണ്ട് ഉയർന്നതല്ലെന്നാണ് അവരുടെ ഭാഷ്യം. എന്നാൽ കേരളത്തിലെ ജനസംഖ്യ ഇന്ത്യൻ ജനസംഖ്യയുടെ 2.76 ശതമാനം മാത്രമാണ്. അപ്പോൾ ആനുപാതികമായി കേരളത്തിന് ഉയർന്ന പങ്കാളിത്തമുണ്ടെന്ന കാര്യം സ്പഷ്ടമാണ്. അതേയവസരത്തിൽ കേരളത്തിൽ ഒരു വർഷം ബിഎ, ബിഎസ്സി, ബികോം, എൻജിനിയറിംഗ് തുടങ്ങിയ കോഴ്സുകൾക്ക് പ്രവേശനം നേടുന്ന വിദ്യാർഥികളുടെ എണ്ണം ഒരു ലക്ഷത്തോളം മാത്രമാണ്. അതിന്റെ 30 ശതമാനം പേരാണ് വിദേശരാജ്യങ്ങളിൽ ഉന്നതവിദ്യാഭ്യാസത്തിന് പോകുന്നതെന്നർഥം. തീർച്ചയായും ഇത് ഉയർന്ന നിരക്കുതന്നെ.
ഭവിഷ്യത്തുകൾ
വിദ്യാർഥീ കുടിയേറ്റത്തിൽ ചില ഭവിഷ്യത്തുകൾ പതിയിരിക്കുന്നുണ്ടെന്ന കാര്യം വിസ്മരിക്കാവുന്ന ഒന്നല്ല. ബാങ്കുകളിൽനിന്നു ലോണ് എടുത്താണ് ഭൂരിഭാഗം വിദ്യാർഥികളും പുറപ്പെടുന്നത്. എന്നാൽ അന്യരാജ്യങ്ങളിൽ യഥാസമയം ജോലി ലഭിച്ചില്ലായെങ്കിൽ വൻ ദുരിതത്തിലേക്കായിരിക്കും വഴുതിപ്പോകുന്നത്. യുക്രെയിനിൽ നടന്നതുപോലെയുളള അപൽസാധ്യതകൾ കുടിയേറിയ വിദ്യാർഥികളെ പ്രതിസന്ധിയിലേയ്ക്കാനയിച്ചുവെന്നും വരാം.
വിദ്യാർഥിപ്രവാഹം കേരളത്തെ സംബന്ധിച്ചിടത്തോളം പല ദോഷഫലങ്ങൾക്കും ഇടം നൽകിയേക്കാം. ഒന്നാമതായി, ഇവിടെനിന്നു പോകുന്ന വിദ്യാർഥികൾ വിദേശരാജ്യങ്ങളിൽ സ്ഥിരതാമസക്കാരാകാനാണ് സാധ്യത. അങ്ങനെ വരുന്പോൾ കേരളത്തിലേക്കൊഴുകുന്ന പ്രവാസിപ്പണത്തിന്റെ അളവിലും ഇടിവുണ്ടാകും.
രണ്ടാമതായി ചെറുപ്പക്കാരുടെ കുടിയേറ്റം കേരളത്തിലെ ജനസംഖ്യയുടെ ഘടനയിലും വൻ മാറ്റങ്ങൾ സൃഷ്ടിച്ചുവരികയാണ്. ചെറുപ്പക്കാരുടെ എണ്ണത്തിൽ വരുന്ന ഇടിവ് പ്രായമായവരുടെ എണ്ണത്തിൽ ആനുപാതികമായ വർധനയ്ക്ക് ഇടം നൽകിവരികയാണിപ്പോൾ. എന്നുതന്നെയുമല്ല ചെറുപ്പക്കാരുടെ രാജ്യാന്തര കുടിയേറ്റം കേരളത്തിലേക്ക് ഇതര സംസ്ഥാനത്തൊഴിലാളികളുടെ ആഗമനത്തിന് ആക്കം കൂട്ടാനിടയുണ്ട്. അത് ഇതരഭാഷ സംസാരിക്കുന്നവരുടെ സാന്നിധ്യം കൂടുതൽ കരുത്താർജിക്കുന്നതിനും കാരണമാണ്.
ഇങ്ങനെയൊക്കെയാണെങ്കിലും കുടിയേറ്റം ഒരു അഖിലലോക പ്രതിഭാസം തന്നെ. അതിൽനിന്നുണ്ടാകുന്ന ഗുണങ്ങൾ, ദോഷങ്ങളേക്കാൾ വളരെയേറെ ഉയർന്നതുമാണ്. ഈ കൊച്ചു കേരളത്തിലാണെങ്കിൽ തങ്ങളുടെ പ്രാഗൽഭ്യം തെളിയിക്കാനുള്ള സൗകര്യം ചെറുപ്പക്കാരടക്കമുളള എല്ലാവർക്കും തീർത്തും പരിമിതമാണ്. വിശാലലോകത്തിൽ അതിനുളള സാധ്യത അനന്തമാണ്. പുതുതായി കുടിയേറുന്ന വിദ്യാർഥികളും ഈ പാരന്പര്യം നിലനിർത്തുമെന്ന് പ്രത്യാശിക്കാം.
കുടിയേറ്റം തകൃതി; കാരണങ്ങൾ പലത്
വളരെയേറെ വിദ്യാഭ്യാസ സൗകര്യങ്ങളുളള കേരളത്തിൽനിന്ന് തികച്ചും അപരിചിത രാജ്യങ്ങളിലേക്ക് പോകുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം ന്യായമായമാണ്. എണ്ണത്തിൽ സമൃദ്ധമെങ്കിലും ഗുണത്തിൽ കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖല അത്ര ശ്രേയസ്കരമല്ല. കേരളത്തിൽനിന്ന് അന്യരാജ്യങ്ങളിലേക്കു മാത്രമല്ല ഇതര സംസ്ഥാനങ്ങളിലേക്കും ധാരാളം കുട്ടികൾ പഠനാർഥം കുടിയേറുന്നുണ്ട്.
ഏകദേശം 20,000 കുട്ടികളാണ് ഓരോ വർഷവും ഇതരസംസ്ഥനങ്ങളിലേക്ക് കുടിയേറുന്നത്. ഇത്തരുണത്തിൽ എന്തുകൊണ്ടു വിദ്യാഭ്യാസ നിലവാരം താഴ്ന്നിരിക്കുന്നുവെന്ന ചോദ്യം വളരെ പ്രസക്തമാണ്. രാഷ്ട്രീയത്തിന്റെ അതിപ്രസരം കടന്നുകയറിയിരിക്കുന്ന ഒന്നാണ് കേരളത്തിലെ വിദ്യാഭ്യാസ മേഖല. രാഷ്ട്രീയപ്രവർത്തനങ്ങൾ വിദ്യാഭ്യാസ നിലവാരത്തെ ഹനിക്കുമെന്നു മാത്രമല്ല, വിദ്യാർഥികളുടെ ഭാവിയെപ്പോലും അവതാളത്തിലാക്കുമെന്ന കാര്യം സംശയാതീതമാണ്.
കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കുമെന്നത് കേരളത്തിലെ ഭരണാധികാരികൾ ഉരുവിടുന്ന ഒരു പല്ലവിയാണ്. എന്നാൽ വിദ്യാഭ്യാസ ഹബ്ബാക്കുന്നതിനു പകരം കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ ഒരു രാഷ്ട്രീയ ഹബ്ബായി രൂപാന്തരപ്പെടുത്തിയിരിക്കുകയാണെന്നതാണ് യാഥാർഥ്യം. ഇങ്ങനെ അലങ്കോലപ്പെട്ടിരിക്കുന്ന വിദ്യാഭ്യാസമേഖലയിൽനിന്നു മോചനം കിട്ടുന്നതിനുംകൂടിയാണ് വിദ്യാർഥികൾ അന്യരാജ്യങ്ങളിലേക്ക് കുടിയേറുന്നത്. കുടിയേറുന്നതിന്റെ കാരണങ്ങളെപ്പറ്റി നടത്തിയ ഒരു സർവേയനുസരിച്ച് 29 ശതമാനം വിദ്യാർഥികളും വിദേശരാജ്യങ്ങളിലെ ഉയർന്ന വിദ്യാഭ്യാസ നിലവാരമാണ് അവരെ അങ്ങോട്ടാകർഷിക്കുന്നത് എന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്.
സാന്പത്തികനില മെച്ചപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ് ഇന്ന് ഏവരും കുടിയേറ്റം നടത്തുന്നത്. പഠനത്തോടൊപ്പം ജോലി ചെയ്യാനും പഠനശേഷം സ്ഥിരം ജോലി ലഭിക്കാനും സാധ്യമാണെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് കുടിയേറ്റം നടക്കുന്നത്. കേരളത്തിലാണെങ്കിൽ ഉന്നതവിദ്യാഭ്യാസം ലഭിച്ചവർക്ക് തൊഴിൽ ലഭിക്കുന്നതിനുള്ള സാധ്യത വിരളവുമാണ്.
ഇന്ന് കേരളത്തിൽ 29 ലക്ഷത്തോളം തൊഴിൽരഹിതരാണുള്ളത്. കൂടാതെ, ഒരു ലക്ഷത്തോളം ബിരുദധാരികളാണ് ഓരോ വർഷവും തൊഴിലിന് അർഹരായി പഠനം പൂർത്തിയാക്കുന്നത്. ഇവർക്കൊക്കെ തൊഴിൽ നൽകാൻ ഉതകുന്ന തൊഴിലവസരങ്ങൾ കേരളത്തിൽ വളർന്നിട്ടില്ല. ഇങ്ങനെയുള്ള സാഹചര്യത്തിൽ അന്യരാജ്യങ്ങളിൽ തൊഴിലവസരങ്ങൾ ലഭിക്കുകയെന്നത് ഒരു സുവർണാവസരമായിട്ടാണു വിദ്യാർഥികൾ കാണുന്നത്. ഒരു സർവേയനുസരിച്ച് കുടിയേറുന്നവരിൽ 33.71 ശതമാനം പേരും തൊഴിലിനുവേണ്ടിയാണ് കുടിയേറുന്നത്.