ഭ്രാന്ത് പിടിക്കുന്ന തലച്ചോറുകൾ!
Tuesday, May 16, 2023 10:44 PM IST
മയക്കുമരുന്ന് മരണം -1 / ജോൺസൺ പൂവന്തുരുത്ത്
"അച്ഛനെയും അമ്മയെയും കുറേനേരമായി ഫോണിൽ വിളിച്ചിട്ടു കിട്ടുന്നില്ല, വീട്ടിൽ ഒന്നുപോയി നോക്കാമോ?..’ 2022 ജനുവരി 11ന് പാലക്കാട് പുതുപ്പരിയാരം ഒട്ടൂർക്കാവിൽ മയൂരം വീടിന്റെ തൊട്ട് അയൽപക്കത്തെ വീട്ടിലേക്കായിരുന്നു ഈ ഫോണ്വിളിയെത്തിയത്. എറണാകുളത്തു താമസിക്കുന്ന മകൾ സൗമിനിയായിരുന്നു ഫോണിന്റെ അങ്ങേത്തലയ്ക്കൽ. ഇതു കേട്ടപാടെ അയൽവാസികൾ മയൂരം വീട്ടിലേക്ക് അന്വേഷിച്ചു ചെന്നു. വീട്ടിൽനിന്ന് ആളനക്കമൊന്നും കേൾക്കുന്നില്ല. ഇതിനിടെ ചില ബന്ധുക്കളുമെത്തി.
തുടർന്നു വീടിനുള്ളിൽ കയറി നോക്കി. സ്വീകരണമുറിയിലേക്കു കയറിയവർ ഞെട്ടിത്തരിച്ചുപോയി. സൗമിനിയുടെ അമ്മ ദേവി (55) ദേഹമാസകലം വെട്ടേറ്റ് രക്തത്തിൽ കുളിച്ചു കിടക്കുന്നു. മുറിയിലെന്പാടും ചോര. നടുവിനു പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന അച്ഛൻ ചന്ദ്രന്റെ (65) കാര്യം അപ്പോഴാണവർ ഒാർത്തത്. കിടപ്പുമുറിയിലേക്ക് ഒാടിച്ചെന്നതും ഹൃദയം പിളർക്കുന്ന കാഴ്ചയായിരുന്നു കാത്തിരുന്നത്. നിരവധി വെട്ടുകളേറ്റു ചോരയിൽ മുങ്ങി ചന്ദ്രനും മരിച്ചുകിടക്കുന്നു. ചോരനിറഞ്ഞ തറയിൽ ഒരു സിറിഞ്ച് ഒടിഞ്ഞ നിലയിൽ കിടപ്പുണ്ടായിരുന്നു. ഒറ്റ നിമിഷംകൊണ്ട് നാടു നടുങ്ങി.
ചോരയിൽ അരിവാൾ
നാട്ടുകാർ വീട്ടിലും പരിസരത്തുമെല്ലാം അന്വേഷിച്ചിട്ടും വീട്ടിലുണ്ടായിരുന്ന മകൻ സനലിനെ കാണാനില്ലായിരുന്നു. ഇതോടെ സനൽ ആകും സംഭവത്തിനു പിന്നിലെന്നു പോലീസ് ഏകദേശം ഉറപ്പിച്ചു. ഇതിനിടെ, സഹോദരനെക്കൊണ്ട് പോലീസ് സനലിനെ വിളിപ്പിച്ചു. മോഷ്ടാക്കൾ കടന്നുകയറി അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയെന്നും മരണാനന്തര കർമങ്ങൾ നടത്താൻ നീ വരണമെന്നും പറയിച്ചു. ഇതു കേട്ടതോടെ തന്നെ ആരും സംശയിക്കുന്നില്ലെന്നു കരുതി ഇയാൾ തിരികെ എത്തിയതും പോലീസ് പിടിയിലായി.
പിടിയിലായതിനു ശേഷം സനൽ പറഞ്ഞ കഥകളാണ് ശരിക്കും നാടിന്റെ ഉറക്കം കെടുത്തിയത്. ദേവിയുടെ ശരീരത്തിൽ മുപ്പത്തിമൂന്നും ചന്ദ്രന്റെ ശരീരത്തിൽ ഇരുപത്താറു വെട്ടുകളേറ്റിരുന്നു. അമ്മ ദേവിയെയാണ് താൻ ആദ്യം വെട്ടിയതെന്നു സനൽ പറഞ്ഞു. അല്പം വെള്ളമെടുത്തു തരുന്നതു സംബന്ധിച്ച തർക്കമായിരുന്നു പ്രകോപനം. സ്വീകരണമുറിയിലിരിക്കുകയായിരുന്ന അമ്മയെ അടുക്കളയിൽനിന്നെടുത്ത അരിവാൾകൊണ്ടാണ് തലങ്ങും വിലങ്ങും വെട്ടിയത്. കൈയിലും മുഖത്തും തലയിലുമെല്ലാം വെട്ടേറ്റു.
ഭാര്യയെ മകൻ ആക്രമിക്കുന്നതിന്റെ ശബ്ദംകേട്ട് കിടപ്പുമുറിയിലായിരുന്ന ചന്ദ്രൻ ബഹളം കൂട്ടി. ഇതോടെ അരിവാളുമായി കിടപ്പുമുറിയിലേക്ക് എത്തിയ സനൽ യാതൊരു മനഃസാക്ഷിയുമില്ലാതെ അച്ഛനെയും വെട്ടിവീഴ്ത്തി. അതുകൊണ്ടും തീർന്നില്ല, ഇരുവരുടെയും മരണം ഉറപ്പാക്കാൻ പിടയുന്ന ശരീരത്തിലെ മുറിവുകളിലേക്കു കീടനാശിനി ഒഴിച്ചു. സിറിഞ്ചിലെടുത്ത കീടനാശിനി അമ്മയുടെ ശരീരത്തിലേക്കു കുത്തിവയ്ക്കുകയും ചെയ്തു. ഇതിനിടെ, മുറിയിലെ രക്തത്തിൽ ചവിട്ടി തെന്നിവീണ ഇയാളുടെ കൈയിലിരുന്ന സിറിഞ്ച് ഒടിഞ്ഞു.
മറഞ്ഞിരുന്ന വില്ലൻ
തുടർന്ന് ഒന്നും സംഭവിക്കാത്തതുപോലെ കുളിമുറിയിൽ കയറി കുളിച്ച ഇയാൾ മാതാപിതാക്കളുടെ മൃതശരീരത്തിനു സമീപത്തിരുന്നുകൊണ്ട് ആപ്പിൾ തിന്നു. പിന്നീട് പിന്നിലെ വാതിൽവഴി പുറത്തിറങ്ങി ബംഗളൂരുവിലേക്കു തിരിച്ചു. ബിടെക് ബിരുദം നേടിയിരുന്ന സനൽ മുംബൈയിൽ ജ്വല്ലറിയിൽ ജോലി ചെയ്യുകയായിരുന്നു. ഇതിനിടെ, കോവിഡ് വന്നതോടെ നാട്ടിലേക്കു മടങ്ങി മാതാപിതാക്കൾക്കൊപ്പം കഴിഞ്ഞുവരുന്നതിനിടെയാണ് ഈ കൊടുംക്രൂരത അരങ്ങേറിയത്. ഒരു കുടുംബവഴക്കിന്റെ പരിണതഫലം എന്ന രീതിയിലാണ് മാധ്യമങ്ങളും നാട്ടുകാരും ഈ സംഭവത്തെ കണ്ടത്. എന്നാൽ, സ്വന്തം മാതാപിതാക്കളെ യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ വെട്ടിയരിയാൻ സനലിനെ പ്രേരിപ്പിച്ച യഥാർഥ വില്ലൻ അണിയറയിൽ മറഞ്ഞിരിപ്പുണ്ടായിരുന്നു, മയക്കുമരുന്ന്! മയക്കുമരുന്നിന് അടിമയായിരുന്നു സനൽ എന്നു പോലീസ് വെളിപ്പെടുത്തി. യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ എന്തു ക്രൂരതയും ചെയ്യാൻ ആരെയും മെരുക്കിയെടുക്കുന്ന അതീവ അപകടകാരി.
ആരുമാകാം ഇരകൾ
മയക്കുമരുന്ന് പാകപ്പെടുത്തിയെടുക്കുന്ന ക്രിമിനൽ മനസിനു മുന്നിൽ മാതാപിതാക്കളില്ല, സഹോദരങ്ങളില്ല, കുഞ്ഞുങ്ങളില്ല, സുഹൃത്തുക്കളില്ല... എന്തിന്, മനുഷ്യൻ പോലുമുണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ടല്ലേ, മുന്പ് ഒരിക്കലും കണ്ടിട്ടില്ലാത്ത, ഒരു വാക്കുകൊണ്ടുപോലും വേദനിപ്പിച്ചിട്ടില്ലാത്ത, തനിക്ക് ഒരു ദ്രോഹവും ചെയ്തിട്ടില്ലാത്ത, നിസഹായയായ ഒരു പെണ്കുട്ടിയെ ഒരാൾ നിഷ്കരുണം കുത്തിവീഴ്ത്തി മരണത്തിലേക്കു തള്ളിയത്. അതും തന്റെ മുറിവുകൾ വച്ചുകെട്ടി ശുശ്രൂഷിച്ച ഒരു ഡോക്ടറെ. മയക്കുമരുന്ന് വീണ്ടും അതിന്റെ രാക്ഷസഭാവം പ്രകടിപ്പിച്ചതിന്റെ ഞെട്ടിക്കുന്ന കാഴ്ചയാണ് ഏതാനും ദിവസംമുന്പ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കണ്ടത്.
സന്ദീപ് എന്ന ലഹരിഭ്രാന്തൻ യാതൊരു പ്രകോപനവുമില്ലാതെ ആശുപത്രിയിൽ അഴിഞ്ഞാടിയപ്പോൾ കൂടുതൽ പേർക്കു ജീവൻ നഷ്ടപ്പെടാതിരുന്നതു ഭാഗ്യംകൊണ്ടു മാത്രം. രാജ്യത്തെ മുഴുവൻ നടുക്കിയ ഈ സംഭവത്തെ ഡോക്ടർ-രോഗി വിഷയം എന്ന നിലയിലാണ് പലരും കൈകാര്യം ചെയ്തത്. എന്നാൽ, യഥാർഥത്തിൽ ഇതു ഡോക്ടർ-രോഗി സംഘർഷമെന്നോ ആശുപത്രി ആക്രമണമെന്നോ ലേബൽ നൽകിയൊതുക്കേണ്ട ഒന്നല്ല. കാരണം ഇത് ഇനി എവിടെയും സംഭവിക്കാം.
കേരളം നേരിടാൻ തുടങ്ങിയിരിക്കുന്ന അതീവഗുരുതരമായ ഒരു സാമൂഹ്യപ്രശ്നത്തിലേക്കാണ് കൊട്ടാരക്കര സംഭവം വിരൽചൂണ്ടുന്നത്. ലഹരി തിന്നു ഭ്രാന്തുപിടിച്ചു തുടങ്ങിയ തലച്ചോറുകൾ അതിന്റെ വിശ്വരൂപം കാട്ടിത്തുടങ്ങിയിരിക്കുന്നു. ആരുമാകാം ഇരകൾ. ഇന്നലെ മാതാപിതാക്കൾ. ഇന്നു ചികിത്സ നൽകിയ ഡോക്ടർ, നാളെയോ? പരിക്കേറ്റു ചികിത്സയ്ക്കെത്തിയ സന്ദീപ് യാതൊരു പ്രകോപനവും കൂടാതെയാണ് ആശുപത്രിയിലെ കത്രിക കൈക്കലാക്കി ഡോക്ടറെയും പോലീസുകാരെയും അടക്കം കുത്തിവീഴ്ത്തിയത്.
ഉറക്കമില്ലാത്തവർ
മയക്കുമരുന്നു ഭരിക്കുന്ന തലച്ചോറുകളുടെ എണ്ണം കേരളത്തിൽ ദിനംപ്രതി പെരുകിവരികയാണ്. അതുപോലെ, മയക്കുമരുന്നു തലയ്ക്കുപിടിച്ചു നടത്തുന്ന അതിക്രമങ്ങളും. പലപ്പോഴും ലഹരിയാണ് യഥാർഥ വില്ലൻ എന്നു തിരിച്ചറിയാതെ പോകുന്നു. പുറത്തറിയുന്ന സംഭവങ്ങൾ പലതും ഒറ്റപ്പെട്ടത് എന്നു കരുതി നമ്മൾ ആശ്വസിക്കുകയും ചെയ്യുന്നു. ഇപ്പോൾ നിരപരാധിയായ ഒരു വനിതാ ഡോക്ടർ ലഹരിയുടെ കൊലക്കത്തിക്ക് ഇരയായപ്പോഴാണ് പലരും ഇതിന്റെ ഗൗരവത്തെക്കുറിച്ചു ചിന്തിച്ചുതുടങ്ങിയിരിക്കുന്നത്.
കേരളത്തിൽ നൂറുകണക്കിനു കുടുംബങ്ങളിലാണ് ലഹരി ഭീതിയും ആശങ്കയുമായി വളർന്നുകഴിഞ്ഞിരിക്കുന്നത്. ലഹരിക്ക് അടിമയായ മക്കളിൽനിന്ന് ആക്രമണം നേരുന്ന മാതാപിതാക്കൾ, പ്രാണഭയത്തോടെ ഉറങ്ങുന്ന സഹോദരങ്ങൾ, ഭീതിയോടെ കഴിയുന്ന അയൽവാസികൾ... ഇത്തരം കാഴ്ചകളൊന്നും ഇപ്പോൾ നമ്മുടെ നാട്ടിൽ അപരിചിതമല്ല. പലരും പലതും പുറത്തുപറയുന്നില്ലെന്നു മാത്രം.
ഇതൊക്കെ കുടുംബങ്ങളിൽനിന്ന് ഒറ്റയും പെട്ടയുമായി സമൂഹത്തിലും പ്രതിഫലിച്ചുതുടങ്ങിയിരിക്കുന്നു. കേരളസമൂഹത്തെ ഗ്രസിച്ചിരിക്കുന്ന ഈ ആപത്തിന്റെ വ്യാപ്തി ഇനിയും നമ്മൾ വേണ്ട രീതിയിൽ മനസിലാക്കിയിട്ടുണ്ടോ? ഇന്നലെ ആശുപത്രിയിൽ നടന്നത് നാളെ ബസ് സ്റ്റാൻഡിൽ നടക്കില്ലെന്ന് ആർക്ക് ഉറപ്പുപറയാൻ കഴിയും? ആരും സുരക്ഷിതരല്ല എന്ന ഭീതിജനകമായ അവസ്ഥയിലേക്കാണോ നമ്മുടെ യാത്ര?
(തുടരും)