മാലിന്യ സംസ്കരണത്തിൽ വിട്ടുവീഴ്ചയരുത്
Monday, May 15, 2023 10:36 PM IST
പ്രഫ. എം.ജി. സിറിയക്
പട്ടണങ്ങളിലുണ്ടാകുന്ന ഖരമാലിന്യം യാതൊരു ശുദ്ധീകരണവുമില്ലാതെ കുന്നുകൂട്ടിയിട്ടതിന്റെ അനന്തരഫലമാണ് ബ്രഹ്മപുരത്ത് ഖരമാലിന്യ ശേഖരത്തിനു തീപിടിച്ച് എറണാകുളം പട്ടണമുൾപ്പെടെയുളള പ്രദേശങ്ങളിൽ ജനജീവിതം ദുസ്സഹമാക്കിയത്. നമ്മുടെ സംസ്ഥാനത്ത് നടമാടുന്ന ശുചിത്വമില്ലായ്മയുടെ ഒരു ഉദാഹരണം മാത്രമാണിത്. ശുചിത്വം ജീവിതത്തിന്റെ എല്ലാ തലത്തിലും അത്യന്താപേക്ഷിതമാണ്. ജനസാന്ദ്രത കൂടുതലുളള കേരളം പോലെയുളള പ്രദേശത്ത് ശുചിത്വം പാലിക്കുകയെന്നത് കൂടുതൽ ശ്രമകരവുമാണ്.
കേരളത്തിൽ ഖരമാലിന്യം സംസ്കരിച്ച് ഫലപ്രദമായ രീതിയിൽ പുനരുപയോഗം ചെയ്യാത്ത ഒരു പ്രദേശം എറണാകുളം മാത്രമല്ല. ഇതു പോലെയുളള മറ്റു മാലിന്യമലകൾ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നിലവിലുണ്ട്. ജൈവ മാലിന്യങ്ങൾ കൂടുതൽ ആഴത്തിൽ കൂട്ടിയിടുമ്പോൾ അടിഭാഗത്ത് ഓക്സിജന്റെ അഭാവമുണ്ടാകുകയും മീതേൻ ഗ്യാസ് ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നതിനാൽ ഡന്പിംഗ് യാർഡുകളിലൊക്കെ തീപിടിക്കാനുളള സാധ്യത എപ്പോഴും നിലവിലുണ്ട്. കേരളം ജനസാന്ദ്രതയും പരിസരമലിനീകരണ പ്രശ്നങ്ങളും അധികമുളള പ്രദേശമായതിനാൽ ഇക്കാര്യത്തിൽ നാം കൂടുതൽ ജാഗ്രത പുലർത്തണം.
ആർക്കാണ് ഖരമാലിന്യ സംസ്കരണ ഉത്തരവാദിത്വം?
ഖരമാലിന്യ സംസ്കരണ മേഖലയിൽ നമ്മുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഏറേ പുരോഗതി നേടാനുണ്ട്. എന്നാൽ പലരും പ്രചരിപ്പിക്കുന്നതുപോലെ തദ്ദേശഭരണ സ്ഥാപനങ്ങളോ സർക്കാരോ മാത്രമല്ല ഇതിന്റെ ഉത്തരവാദികൾ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് നിയമപരമായി ഖരമാലിന്യസംസ്കരണത്തിന്റെ ബാധ്യത. എങ്കിലും താഴെപ്പറയുന്ന അനുബന്ധ കാര്യങ്ങൾ ശ്രദ്ധിക്കണം.
1. ഒരു വീട്ടിലോ സ്ഥാപനത്തിലോ ഉത്പാദിപ്പിക്കപ്പെടുന്ന ഖര, ജൈവ, അജൈവമാലിന്യങ്ങൾ വേർതിരിച്ച് ജൈവമാലിന്യങ്ങൾ വീടിന്റെയോ സ്ഥാപനത്തിന്റെ പരിസരത്തുതന്നെ സംസ്ക്കരിക്കണം. അതുപോലെ അജൈവമാലിന്യങ്ങൾ യൂസർ ഫീ അടച്ച് തദ്ദേശസ്വയംഭരണസ്ഥാപനത്തിന് കൈമാറണം.
2. ജനങ്ങളെ ബോധവത്കരിച്ച് ഈ പ്രക്രിയയുടെ ഭാഗമാക്കാനുളള നടപടികൾ കൂടുതൽ ഊർജസ്വലമായി നടപ്പാക്കണം.
3. അപൂർവം ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളൊഴികെ മിക്ക സ്ഥലങ്ങളിലും ഖരമാലിന്യനിർമാർജനത്തിന് ആവശ്യമായ ഭൗതികമായ സൗകര്യങ്ങളൊരുക്കാൻ സാധിച്ചിട്ടില്ല. ആവശ്യമായ സാങ്കേതിക വിദ്യ യഥാസമയത്ത് സ്വായത്തമാക്കിയില്ല എന്നു മാത്രമല്ല, അറിയാവുന്ന കാര്യങ്ങൾ തന്നെ യഥാതഥമായി നടപ്പിലാക്കിയുമില്ല.
4. ശക്തമായ കേന്ദ്ര നിയമങ്ങൾ നിലവിലുണ്ടെങ്കിലും സംസ്ഥാനത്ത് നിയമനിർമാണം ഫലപ്രദമായ രീതിയിൽ നടപ്പിലാക്കാൻ സാധിച്ചില്ല. ജനങ്ങളുടെ അവബോധം ഗണ്യമായി വർധിച്ചില്ല. നല്ലൊരുവിഭാഗം ജനങ്ങളും നിസ്സഹകരണ മനോഭാവമാണ് ഇക്കാര്യത്തിൽ ഇപ്പോഴും വച്ചുപുലർത്തുന്നത്.
എല്ലാ വിഭാഗം ജനങ്ങളും സഹകരിച്ചാൽ മാത്രമേ ഇതിനൊരു പരിഹാരമുണ്ടാക്കാൻ സാധിക്കുകയുളളൂ. വീടുകൾ, സ്ഥാപനങ്ങൾ ഹൗസിംഗ് സൊസൈറ്റികൾ തുടങ്ങിയവയൊക്കെ അവരവരുടെ മാലിന്യങ്ങൾ സംസ്ക്കരിക്കാതെ പുറത്തെറിഞ്ഞ് എല്ലാം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശരിയാക്കട്ടെ എന്ന മനഃസ്ഥിതി വച്ചുപുലർത്തുന്നതു ശരിയല്ല.
കേരളാ സോളിഡ് വേസ്റ്റ് മാനേജ്മെന്റ്
ലോക ബാങ്കിന്റെയും ഏഷ്യൻ ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിന്റെയും സഹായത്തോടെ കേരളാ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട് നടപ്പാക്കിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിപ്പോൾ. ഈ പ്രോജക്ടിന് 2100 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഈ പദ്ധതി യഥാരീതിയിൽ നടപ്പിലാക്കുകതന്നെവേണം. സംസ്ഥാനത്ത് നിലവിലുളള ഡന്പിംഗ് യാർഡുകളിൽനിന്ന് ഖരമാലിന്യം നീക്കം ചെയ്ത് (ബയോമൈനിംഗ്) ശുദ്ധീകരണം നടപ്പാക്കി ആ സ്ഥലങ്ങളെ യഥാരീതിയിലുളള ഖരമാലിന്യ സംസ്കരണത്തിനുപയോഗിക്കേണ്ടതുണ്ട്. അതിനുശേഷം പദ്ധതിയിൽ വിഭാവനം ചെയ്ത എല്ലാ സംവിധാനങ്ങളും യഥാ രീതിയിൽ നടപ്പിലാക്കിയാൽ ഇന്നത്തെ ഖരമാലിന്യ പ്രശ്നങ്ങൾക്ക് സ്ഥായിയായ പരിഹാരം പ്രതീക്ഷിക്കാം. ഇങ്ങനെ ചെയ്യുന്പോൾ ഏറ്റവും നല്ല സാങ്കേതികവിദ്യ ഉപയോഗിച്ച് അഴിമതി രഹിതമായി നടപ്പാക്കണം.
ഇപ്പോൾ നാം കാണുന്ന അപകടകരമായ ഒരു കാഴ്ച സ്വന്തം വീടിന്റെ പരിസരം ടൈൽ വിരിച്ച് വൃത്തിയായി സൂക്ഷിച്ചതിനുശേഷം വീട്ടിലെ മാലിന്യങ്ങൾ സഞ്ചിയിൽ കെട്ടി റോഡിന്റെ സൈഡിലേക്ക് വലിച്ചെറിയുന്നതാണ്. പ്ലാസ്റ്റിക് പോലെയുളള മാലിന്യങ്ങൾ വീടിന്റെ പരിസരത്ത് കത്തിക്കുന്നവരും കുറവല്ല. വീടുകളിലെയും സ്ഥാപനങ്ങളിലെയും ഖരമാലിന്യസംസ്കരണ രീതികളിൽ സമഗ്രമായ പുരോഗതി ഉണ്ടാകണം.
ഖരമാലിന്യങ്ങളെല്ലാംതന്നെ പണമായി മാറ്റാൻ സാധിക്കുന്നതാണ്. അജൈവ മാലിന്യങ്ങളുടെ സിംഹഭാഗവും വരുന്ന പ്ലാസ്റ്റിക് പുനഃചക്രമണം നടത്തി വിൽക്കാനും കഴിയും. അതിലൂടെ വരുമാനമുണ്ടാക്കുന്ന മുനിസിപ്പാലിറ്റികളും നമ്മുടെ നാട്ടിലുണ്ട്. വിസ്തൃതമായ സ്ഥലത്ത് ഖരമാലിന്യങ്ങൾ ഡന്പ് ചെയ്യുന്നത് ഒരു കാരണവശാലും അനുവദിക്കരുത്. ഖരമാലിന്യസംസ്കരണം ഫലപ്രദമാക്കുന്നതിനുവേണ്ടി താഴെ പറയുന്ന കാര്യങ്ങൾ നിർബന്ധമായും നടപ്പിലാക്കേണ്ടതാണ്.
1. കേരളാ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട് ഏറ്റവും ഫലപ്രദമായി നടപ്പിലാക്കുക. അതിനാവശ്യമായ ഭരണപരവും സാങ്കേതികവുമായ പിന്തുണ ഉറപ്പാക്കണം.
2. നിലവിലുളള മാലിന്യമലകളെ ബയോമൈനിംഗ് നടത്തി ഉപയുക്തമായ സ്ഥലമായി രൂപപ്പെടുത്തുക.
3. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മാലിന്യങ്ങൾ ആധുനിക രീതിയിൽ ശേഖരിക്കുകയും സംസ്കരിക്കുകയും ചെയ്യുക.
4. പുനഃചംക്രമണത്തിന് വിധേയമാകാത്ത മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി പ്രാദേശിക ഡംബിഗ് സൗകര്യങ്ങൾ ഏർപ്പെടുത്തുക.
6. ഖരമാലിന്യ വിഷയത്തിൽ ആവശ്യമായ നിയമനിർമാണങ്ങൾ കാലാകാലങ്ങളിൽ നടപ്പിലാക്കുക.
7. സ്ഥല ലഭ്യത കുറവുളള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക് സ്ഥലം വാങ്ങുന്നതിനുളള സൗകര്യങ്ങൾ ഏർപ്പെടുത്തുക.
8. അപകടകരമായ ഖരമാലിന്യങ്ങൾ സംസ്കരിക്കുന്നതിനാവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തുക.
9. ഗാർഹികതലത്തിൽ ഖരമാലിന്യസംസ്കരണം ശക്തിപ്പെടുത്തുന്നതിനാവശ്യമായ നടപടികൾ അത്യന്താപേക്ഷിതമാണ്. വീടുകൾ, സ്ഥാപനങ്ങൾ തുടങ്ങിയവയിൽ ഖരമാലിന്യസംസ്കരണം ഫലപ്രദമാക്കുക.
10. ഖരമാലിന്യങ്ങളുടെ ട്രാൻസ്പോർട്ടേഷൻ സൗകര്യങ്ങൾ ഫലപ്രദമാക്കുക.
ദ്രവ മാലിന്യം
ഖരമാലിന്യസംസ്കരണം പോലയോ അതിൽ കൂടുതലോ സങ്കീർണമാണ് ദ്രവ മാലിന്യപ്രശ്നം. ഓരോ ദിവസവും ഒരാൾ 100 ലിറ്ററോളം മലിനജലം ഉത്പാദിപ്പിക്കുന്നു. ഇങ്ങനെയുത്പാദിപ്പിക്കപ്പെടുന്ന മലിനജലം, ഗാർഹിക, സ്ഥാപന, നഗരതലത്തിൽ യഥാരീതിയിൽ സംസ്കരിക്കാത്തതിന്റെ പ്രശ്നങ്ങൾ ഇന്ന് വ്യാപകമാണ്. ചിലയാളുകൾ വീടും പരിസരവും ടൈലിട്ട് ഭംഗിയായി സംരക്ഷിച്ചതിനുശേഷം തങ്ങളുടെ വീടുകളിലെ മലിനജലം സമീപത്തുളള കാനയിലേക്ക് ഒഴുക്കിവിടുന്നു. ആ മലിനജലം താഴ്ന്ന പ്രതലത്തിലേക്കൊഴുകി അവിടെയുളള ജലസ്രോതസുകളെ മലിനപ്പെടുത്തുന്നു. വെളളം കിട്ടാതെ വരുന്ന കിണറുകളെ പലരും മാലിന്യമിടുന്നതിന് ഉപയോഗിക്കുന്നു. അതിലൂടെ ഭൂഗർഭജലം മലിനമാകാൻ കാരണമാകുന്നു. നമ്മുടെ പട്ടണങ്ങളിലെ ധാരാളം കിണറുകൾ ഇപ്പോൾത്തന്നെ മലിനമായിട്ടുണ്ട്.
കേന്ദ്രീകൃത മലിനജല സംസ്കരണം ദുഷ്കരമാണ്. വീടുകൾ, സ്ഥാപനങ്ങൾ, ഹൗസിംഗ് സൊസെെറ്റികൾ തുടങ്ങിയവർ അവരുടേതായ മലിനജലംസംസ്കരണ സംവിധാനങ്ങളൊരുക്കി ശുദ്ധീകരണം കൂടുതൽ ഫലപ്രദമാക്കണം. അതുപോലെ പട്ടണത്തെയാണെങ്കിലും പല മേഖലകളായി വേർതിരിച്ച് ഓരോ മേഖലയ്ക്കും ഉതകുന്ന മലിനജലസംസ്കരണ സംവിധാനങ്ങൾ ഏർപ്പെടുത്തി സംസ്കരിച്ച മലിനജലം വീണ്ടും ഉപയോഗിക്കണം. വീടിനോടനുബന്ധിച്ച് കുടിവെളളസ്രോതസ്, മലമൂത്ര വിസർജന സൗകര്യം, മലിനജല നിർമാർജന സംവിധാനം, ഖരമാലിന്യ നിർമാർജന സംവിധാനങ്ങൾ തുടങ്ങിയവ ഫലപ്രദമായി ഉണ്ടാകണം. മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് പ്രകൃതിയിലുളള സംവിധാനങ്ങളായ ബാക്ടീരിയ, മണ്ണിര എന്നിവയെ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാൻ കഴിയണം.
(തൃശൂർ ചെറുതുരുത്തി ജ്യോതി എൻജിനിയറിംഗ് കോളജ് സിവിൽ എൻജിനിയറിംഗ് വിഭാഗത്തിൽ അസോസിയേറ്റ് പ്രഫസറാണ് ലേഖകൻ)