അസ്ഥിരമാവുന്ന മണിപ്പുർ
Saturday, May 13, 2023 1:27 AM IST
റൂബെൻ കിക്കോൺ, ഇംഫാൽ
ശ്മശാനമൂകത തളംകെട്ടിനിൽക്കുന്നു ഇംഫാൽ നഗരത്തിൽ. കർഫ്യൂവിൽ നഗരമാകെ നിശ്ചലമാണ്. കത്തിമയർന്ന പള്ളികളുടെയും എണ്ണമില്ലാത്ത കുക്കിവീടുകളുടെയും സ്ഥാപനങ്ങളുടെയും പുകച്ചുരുളുകൾ ഇപ്പോഴും അന്തരീക്ഷത്തിലുണ്ട്. അത് വേദനയുടെയും ഭയത്തിന്റെയും നിരാശയുടെയും ഇരുൾ പടർത്തുന്നു. ലക്ഷ്യമില്ലാതെ പായുന്ന പോലീസ്, മിലിട്ടറി പെട്രോളിംഗ് വാഹനങ്ങളുടെ സൈറൺ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു. ഇപ്പോഴും വിദ്വേഷവും വിഭജനവും പകയും പ്രതികാരവും സമുദായങ്ങളിൽ വിതച്ച് വെടിമരുന്ന് നിറയ്ക്കുന്നുണ്ട്. കത്തിയമർന്ന മനുഷ്യശരീരങ്ങളുടെയും ഞെരിഞ്ഞമർന്ന സ്ത്രീ ഉടലുകളുടെയും ഘനീഭവിച്ച വിലാപം അന്തരീക്ഷത്തിൽ ഉയരുന്നു. മണിപ്പുരിന്റെ തലസ്ഥാനമായ ഇംഫാലെന്ന താഴ്വരയും മലനിരകളും ഇപ്പോഴും അശാന്തമാണ്. മണിപ്പുരിലെ അടങ്ങാത്ത അസ്വസ്ഥതകൾ വടക്കുകിഴക്കൻ മേഖലയിലാകെ ഭീതിവിതച്ചിട്ടുണ്ട്. രാജ്യത്തെ പരമോന്നത നേതാക്കൾ യുക്തമായ തീരുമാനങ്ങളെടുത്തില്ലെങ്കിൽ ഈ അശാന്തി മേഖലയിലാകെ പടരുമെന്നുറപ്പാണ്.
കുക്കിയെ കണ്ടാൽ...
തന്റെ അമ്മായിയെ കാണാൻ, അവധികഴിഞ്ഞ് എത്തിയതായിരുന്നു മിൻലുൺ (പേര് യഥാർഥമല്ല). സെന്റ് ജോസഫ്സ് സ്കൂളിൽ 11-ാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥി ഡൽഹിയിൽ പോയി വിമാനത്തിലെത്തി തന്റെ അമ്മായിയുടെ വീട്ടിലെത്തിയതാണ്. സ്കൂളിന്റെ തൊട്ടടുത്തുള്ള ഇവിടെ കലാപം പടർന്നുപിടിച്ചത് മിൻലുൺ അറിഞ്ഞിരുന്നില്ല. വീടിന്റെ അടുത്തെത്തിയപ്പോൾ അവിടെ മുഴുവൻ ലഹളയും ബഹളവും. ലഹളക്കാരിൽ ചിലർ അവനെ പിടികൂടി ചോദ്യംചെയ്തു. നിരപരാധിയും നിസഹായനുമായ അവൻ കുക്കിയാണെന്നു തിരിച്ചറിഞ്ഞ് അടിച്ചുകൊന്നു. ശരീരം കത്തിച്ച് ചാരമാക്കണമെന്ന ഉദ്ദേശ്യത്തോടെ ലഹളക്കാർ കൊള്ളയടിക്കപ്പെട്ട വസ്തുക്കളിട്ട് പെട്രോളൊഴിച്ച് കത്തിച്ചു. ശരീരം മുഴുവൻ കത്താതെ കിടന്നതു പട്ടാളക്കാരാണു മാറ്റിയത്. രാവിലെ കർഫ്യൂ ഒഴിഞ്ഞനേരത്ത് ഈ പ്രദേശം സന്ദർശിച്ചപ്പോൾ അവിടെയുള്ളവർ ലേഖകനോടു പറഞ്ഞതാണിത്.
ഗവൺമെന്റ് ആശുപത്രിയിലെത്തിച്ച രണ്ടു യുവതികളുടെ മൃതശരീരങ്ങളിൽ നിരവധിപ്പേർ കാമാർത്തി തീർത്തതിന്റെ ശേഷിപ്പുകളുണ്ടായിരുന്നു. യൂണിവേഴ്സിറ്റിയിൽ പഠിക്കാനെത്തിയവരോ ജോലി ചെയ്തിരുന്നവരോ ആയിരിക്കാം ഇവർ. അവർ ആരാണെന്നോ എവിടത്തുകാരാണെന്നോ ഇതുവരെയും കണ്ടെത്തിയിട്ടില്ല. മിക്കവാറും കുക്കി യുവതികളാണെന്നു ലഹളക്കാർ കണ്ടെത്തിയിട്ടുണ്ടാവണം.
ഈ മാസം മൂന്നിന് രാത്രി 8.30ന്, ഇരുന്പുകന്പികളും കല്ലുകളും മറ്റു മാരകായുധങ്ങളുമായി ലഹളക്കാർ കാഞ്ചിപ്പുർ കാത്തലിക് സ്കൂൾ ആക്രമിച്ച് അവിടത്തെ ചാപ്പലും പ്രിൻസിപ്പലിന്റെ വസതിയും ബഥനി സിസ്റ്റേഴ്സിന്റെ കോൺവെന്റും നശിപ്പിച്ചു. പ്രിൻസിപ്പലച്ചൻ ഒരു കുക്കിയാണ്. അഡ്മിഷനിൽ തിരിമറി നടത്തി സാന്പത്തികതട്ടിപ്പ് നടത്തിയ നാല് സ്റ്റാഫംഗങ്ങളെ പിരിച്ചുവിട്ടിരുന്നു. അവസരം മുതലാക്കി ഒരുപക്ഷേ പിരിച്ചുവിടപ്പെട്ട മെയ്തേയ് സ്റ്റാഫിന്റെ നേതൃത്വത്തിലാവണം രണ്ടുമൂന്നു പ്രാവശ്യമായി ലഹളക്കാർ പ്രിൻസിപ്പലച്ചന്റെ മുറിയും പള്ളിയും കത്തിച്ചതും സ്കൂളിന്റെ ജനാലകൾ അടിച്ച് തകർത്തതും എന്നാണ് സംശയിക്കുന്നത്. പലപ്രാവശ്യം അച്ചനെ വധിക്കാൻ ലഹളക്കാർ എത്തിയെങ്കിലും അദ്ദേഹം രക്ഷപ്പെട്ടിരുന്നതിനാൽ അതിന്റെ പകകൂടി അവർ കെട്ടിടങ്ങളുടെ മേൽ തീർത്തു. നാലുമാസം മുന്പ് ഭാരത ക്രൈസ്തവ യുവജനതയുടെ അയ്യായിരത്തോളം വരുന്ന അംഗങ്ങൾ പങ്കെടുത്ത ക്യാന്പ് ഈ സ്കൂളിൽ നടത്തിയിരുന്നതാണ്. അതിൽ ഈ ലേഖകനും പങ്കെടുത്തിരുന്നു. മെയ്തേയ്കളായ ഒട്ടേറെ പ്രദേശവാസികൾ ഇപ്പോൾ സ്കൂളിനും കോൺവെന്റിനും സംരക്ഷണം നൽകുന്നുണ്ട്.
ഇംഫാൽ അതിരൂപതയുടെ പാസ്റ്ററൽ ട്രെയിനിംഗ് സെന്ററാണ് സാംഗയിപ്രൂവിലേത്. അവിടെ റിട്ടയർ ചെയ്ത കോഹിമ ബിഷപ് ഡോ. ജോസ് മുകാലയുണ്ടായിരുന്നു. അദ്ദേഹമുള്ളപ്പോൾത്തന്നെയാണ് ലഹളക്കാർ മേയ് മൂന്നിനും നാലിനുമായി അവിടം കൊള്ളയടിച്ചത്. എടുത്തുകൊണ്ടുപോകാവുന്നവയെല്ലാം കൊണ്ടുപോയി. ബാക്കിയെല്ലാം കത്തിച്ച് ചാന്പലാക്കി. അവിടെയും അവർ കുക്കികളെ തെരയുന്നുണ്ടായിരുന്നു. പക്ഷേ ആരെയും കണ്ടെത്താതിരുന്നതുമൂലം എല്ലാം അടിച്ചു നിലംപരിശാക്കി കത്തിച്ച് നാമാവശേഷമാക്കി. പൊട്ടിച്ചിതറിയ ഗ്ലാസുകളും കത്തിയമർന്ന അൾത്താരയും വിണ്ടുകീറിയ ടൈലുകളും തീവച്ച ജീപ്പുമെല്ലാം അക്രമത്തിന്റെ രൂക്ഷത വെളിവാക്കുന്നു. ഇതിനടുത്തുതന്നെയുള്ള ഒരു കുക്കി സ്കൂളിന്റെ ബസുകൾ കത്തിക്കുകയും സ്കൂളിനു മുഴുവൻ തീയിടുകയും സമീപത്തുള്ള ഒത്തിരിയേറെ കുക്കി വീടുകൾ തെരഞ്ഞുപിടിച്ച് കത്തിക്കുകയും ചെയ്തു. ഈ വിവരിച്ചതെല്ലാം ചെറിയ സംഭവങ്ങൾ മാത്രം. ഇരുന്നൂറിലേറെ പള്ളികളും മറ്റനേകം സ്ഥാപനങ്ങളും വീടുകളും അഗ്നിക്കിരയാക്കി ഇംഫാലിനെ ഒരു പ്രേതനഗരമാക്കി മാറ്റിയിരിക്കുകയാണ് അക്രമികൾ.
അധികാരത്തിന്റെ അന്ധത
ഇംഫാൽ നിരപ്പിലെ മെയ്തേയ്കളും മലനിരകളിലെ കുക്കികളും നാഗന്മാരും ഇതിനിടെ അധിവസിക്കുന്ന മുസ്ലിംകളുമാണ് മണിപ്പുരിലെ പ്രധാന ജനവിഭാഗക്കാർ. സംശയവും തെറ്റിദ്ധാരണയും ഭിന്നതയും മൂലം പരസ്പരമുള്ള ആക്രമണത്തിലേക്കു മണിപ്പുർ പലപ്പോഴും വഴുതിവീഴാറുണ്ട്. 1990കളിൽ നടന്ന കുക്കി-നാഗ പോരാട്ടം ഒട്ടേറെപ്പേരുടെ ജീവനും സ്വത്തിനും നാശംവരുത്തി. ഇപ്പോഴാവട്ടെ നിരപ്പ് വാസികളായ മെയ്തേയ്കളും ഗിരിവാസികളായ കുക്കികളും തമ്മിലാണ് പ്രധാന പോരാട്ടം. നാഗന്മാരുടെ നിശബ്ദസഹായവും കുക്കികൾക്കുണ്ട്. കുക്കിളെ മ്യാൻമറിൽനിന്ന് കുടിയേറിയവരെന്നും മയക്കുമരുന്ന് കൃഷിചെയ്യുന്നവരെന്നും കൈയേറ്റക്കാരെന്നും വിളിച്ച് ഭരണകൂടം താറടിച്ചിക്കുന്നു.
2017ൽ ഭരണത്തിലേറിയ ബിരേൻ സിംഗ് എന്ന മുഖ്യമന്ത്രി ‘മലമുകളിലേക്ക് മന്ത്രിസഭ’ എന്ന മുദ്രാവാക്യം മുഴക്കി ഗിരിനിരവാസികളെ കൈയിലെടുത്തിരുന്നു. പക്ഷേ 2022ൽ നല്ല ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ ബിരേൻ സിംഗ് ആളാകെ മാറി. ക്രൈസ്തവരായ കുക്കികളെ മയക്കുമരുന്നു കൃഷിക്കാരെന്നും വ്യാപാരികളുമെന്നുമൊക്കെ അടച്ചാക്ഷേപിക്കാൻ അദ്ദേഹത്തിനു മടിയുണ്ടായിരുന്നില്ല. 2022 ക്രിസ്മസിനു ക്ഷണിക്കാൻ ചെന്ന കാത്തലിക് ആർച്ച്ബിഷപ് ഡൊമിനിക് ലുമോണിനെയും സംഘത്തെയും, നിങ്ങൾ മയക്കുമരുന്ന് കൃഷിക്കാരാണെന്നും കുടിയേറ്റക്കാരാണെന്നും ആക്ഷേപിക്കാൻ മുഖ്യമന്ത്രിക്ക് യാതൊരു വിഷമവുമുണ്ടായിരുന്നില്ല. നാഗാ വിഭാഗക്കാരനായ ആർച്ച്ബിഷപ് അത് ശരിയല്ലെന്നു പറയാൻ മുതിർന്നെങ്കിലും അത് ശ്രവിക്കാനുള്ള അവധാനത മുഖ്യമന്ത്രി കാണിച്ചില്ല. മാത്രവുമല്ല റിസർവ് ഫോറസ്റ്റ്, സംരക്ഷിത വനം തുടങ്ങിയ പുതിയ പേരുകളിട്ട് ഹിൽ കൗൺസിലിന്റെ അനുമതി കൂടാതെ മലനിരകൾ സർവേ ചെയ്യാൻ മുഖ്യമന്ത്രി മുതിരുകയും അവിടെയുണ്ടായിരുന്ന ജനങ്ങളെ വിശിഷ്യ കുക്കികളെ കുടിയൊഴിപ്പിക്കുകയും ചെയ്ത് കലാപത്തിനുള്ള വഴിമരുന്നിട്ടു.
മെയ്തേയ്കൾ
ബംഗാളിൽനിന്നെത്തിയ വൈഷ്ണവ ഗൗഡിയ മിഷണറിമാർ സമതലനിവാസികളായ മെയ്തേയ്കളെ ഹിന്ദുമതവിശ്വാസികളാക്കി മാറ്റി. രാജാവിനെ വൈഷ്ണവ വിശ്വാസിയാക്കി; അദ്ദേഹംവഴി ഇംഫാൽ താഴ്വരയിലുള്ള മെയ്തേയ് വർഗത്തെ മുഴുവൻ വൈഷ്ണവരാക്കി. അതിനു മുന്പ് സോനാമഹി എന്ന സൂര്യചന്ദ്ര ആരാധകരായിരുന്ന ഇവരെ വൈഷ്ണവരാക്കിയതിൽ ഇപ്പോഴും ഒരുവിഭാഗം ഖിന്നരാണ്. തങ്ങളുടെ പഴയ വിശ്വാസത്തെ പുനരുജ്ജീവിപ്പിക്കണമെന്നും സോനാമഹി ആരാധനക്രമത്തിലേക്കും വിശ്വാസത്തിലേക്കും പിന്തിരിയണമെന്നും ഒരു കൂട്ടർ ശക്തമായി വാദിക്കുന്നു. കാങ്ങല രാജാവിന്റെ പിൻഗാമികളായ ‘അറാംബോയി’ എന്നറിയപ്പെടുന്നവർ തങ്ങളുടെ പൂർവിക പാരന്പര്യത്തെ മണിപ്പുരിലാകെ പടർത്തണമെന്ന് ആഗ്രഹിക്കുന്നവരാണ്. ലീപുൺ എന്ന മെയ്തേയ് ഗ്രൂപ്പാവട്ടെ തികച്ചും യാഥാസ്ഥിതികരല്ല. എല്ലാം പഴയ സോനാമഹി സന്പ്രദായത്തിലേക്കു പോവേണ്ട എന്ന അഭിപ്രായക്കാരാണ്. മണിപ്പുരിന് രണ്ട് എംപിമാരാണുള്ളത്. പഴയ കാങ്ങല രാജാവ് ഇംഫാലിൽനിന്നുള്ള എംപിയും യാഥാസ്ഥിതികനായ അറാംബോയി ഗ്രൂപ്പിന്റെ നേതാവുമാണ്.
മറ്റൊരു ഭാഗിക മെയ്തേയ് ഗ്രൂപ്പ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച്, സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുക എന്ന ആശയക്കാരാണ്. 2022ൽ രണ്ടാം പ്രാവശ്യം മുഖ്യമന്ത്രിയായ ബിരേൻ ഈ മെയ്തേയ് സ്വത്വാന്വേഷണവും അധിനിവേശ പദ്ധതിയും നടപ്പാക്കുകയെന്ന ലക്ഷ്യത്തിലേക്കു നീങ്ങിയതാണ് ഇപ്പോഴത്തെ അസ്വസ്ഥതകൾക്കു പ്രധാന കാരണം. മലനിരകളിൽ വസിക്കുന്ന കുക്കികളെ തെരഞ്ഞെടുത്ത് അവരുടെ സ്ഥലം കൈയേറുക, വനങ്ങളിൽനിന്ന് അവരെ ഇറക്കിവിടുക, അവരെ മയക്കുമരുന്നു കൃഷിക്കാരും വ്യാപാരികളുമാക്കി തേജോവധം ചെയ്യുക, കുക്കി മിലിട്ടൻസുമായുള്ള സന്ധിസംഭാഷണം അവസാനിപ്പിക്കുക തുടങ്ങിയ നടപടികളിലേക്കു ശക്തമായി നീങ്ങിയപ്പോൾ കാര്യങ്ങൾ കൈവിട്ടുപോകുകയായിരുന്നു. മെയ്തേയ്കൾക്ക് എസ്ടി അവകാശം നൽകുകയെന്ന നിർദേശം വരികയും കലാപത്തീ മണിപ്പുരിലാകെ പടരുകയുമായിരുന്നു.
പരിഹാരം അധികാര മാറ്റം
അധികാരം ഇപ്പോഴും ബിരേന്റെ കൈയിലാണ്. ലീപുൺ നേതാക്കൾ അദ്ദേഹത്തിന്റെ വസതിയിൽ തന്പടിക്കുകയും ഉപദേശകനായി സ്ഥാനമേറ്റ കുൽദീപ് സിംഗിനൊപ്പം പ്രവർത്തിക്കുകയും ചെയ്ത് നിഷ്പക്ഷമായ പോലീസ് നടപടിക്രമത്തിന് ഭംഗംവരുത്തുന്നതായി നിരീക്ഷകർ അഭിപ്രായപ്പെടുന്നു. മണിപ്പുരിലെ ചില മുൻ മന്ത്രിമാരും കുക്കി നേതാക്കളും, മണിപ്പുർ ശാന്തതയിലേക്കു പിൻവാങ്ങണമെങ്കിൽ മുഖ്യമന്ത്രിയായ ബിരേൻ സിംഗ് മാറിയേ തീരൂ എന്ന അഭിപ്രായക്കാരാണ്. മാത്രവുമല്ല കേന്ദ്രത്തിലെ ഒരു നേതാവിന്റെ ശക്തമായ പിന്തുണകൂടി ബിരേനുണ്ടെന്നത് ഇംഫാലിൽ അങ്ങാടിപ്പാട്ടാണ്. കുക്കികൾ കൈയേറ്റക്കാരും മയക്കുമരുന്ന് കൃഷിക്കാരും വ്യാപാരികളുമാണെന്നും അവർക്കെതിരേ നടപടിയെടുത്തതുകൊണ്ടാണ് കുക്കികൾ ബിരേനെതിരേ തിരിഞ്ഞതെന്നുമുള്ള പ്രചാരണങ്ങൾങ്ങൾ പടർത്തിവിടുന്നുണ്ട് തത്പരകക്ഷികൾ. ഈ കുക്കികളുടെ പിന്നിൽ ക്രൈസ്തവസഭയുണ്ടെന്നും അതിനാൽ അവരെ തകർക്കണമെന്നുമുള്ള അഭിപ്രായമാണ് ക്രൈസ്തവസഭയുടെ പള്ളികളും സ്കൂളുകളും സ്ഥാപനങ്ങളും നശിപ്പിക്കുന്നതിലേക്ക് എത്തിയത്.
സ്വത്വമന്വേഷിക്കുന്ന മെയ്തേയ്കളും അവർക്ക് പിന്തുണ നൽകുന്ന നേതാക്കളും മണിപ്പുരിനെ മാത്രമല്ല, നോർത്ത് - ഈസ്റ്റ് മേഖലയിലാകെ അസമാധാനത്തിന്റെയും അക്രമത്തിന്റെയും അസഹിഷ്ണുതയുടെയും വിളനിലമാക്കുകയാണ്. ഇതിന് ഒരുപക്ഷേ അതിർത്തികൾ കടന്നുള്ള പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം. ഒരുപക്ഷേ അത് സ്വപ്നത്തിൽപ്പോലും പ്രതീക്ഷിക്കാത്തതുമാവും.