സുപ്രീംകോടതിയുടെ ബൂസ്റ്റർ ഡോസുകൾ
Saturday, May 13, 2023 1:18 AM IST
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ
കോവിഡിനെ പ്രതിരോധിക്കാൻ ബൂസ്റ്റർ ഡോസ് വേണ്ടിവന്നു. ജനാധിപത്യത്തെയും ഫെഡറലിസത്തെയും പ്രതിരോധിക്കാൻ രണ്ടു ബൂസ്റ്റർ ഡോസുകളാണ് സുപ്രീംകോടതി നൽകിയത്. ഡൽഹി സർക്കാരും ലെഫറ്റനന്റ് ഗവർണറും തമ്മിലുണ്ടായിരുന്ന അധികാരത്തർക്കത്തിലും മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സർക്കാരിനെ താഴെയിറക്കാനുള്ള രാഷ്ട്രീയക്കളികളിലെ ഗവർണറുടെ വിവാദ നടപടികളിന്മേലും സുപ്രീംകോടതിയുടെ നിർണായക വിധികൾ ചരിത്രപരമാണ്.
ഭരണഘടനയുടെ സാരാംശത്തിനും നിയമം അനുശാസിക്കുന്നതിനും വിരുദ്ധമായാണ് അന്നത്തെ മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരിയുടെ നടപടിയെന്ന കടുത്ത വിമർശനമാണ് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് നടത്തിയത്. ഉദ്ധവ് താക്കറെ സർക്കാരിനെ താഴെയിറക്കാനുള്ള ശിവസേനയിലെ ഏക്നാഥ് ഷിൻഡെ വിഭാഗത്തിന്റെയും ബിജെപിയുടെ നീക്കങ്ങളെ സഹായിക്കാൻ തെറ്റായ തീരുമാനങ്ങളെടുത്ത ഗവർണറുടെയും നടപടികളെ രൂക്ഷമായാണു കോടതി വിമർശിച്ചത്.
ഡൽഹിയിൽ മന്ത്രിസഭയുടെ നിർദേശാനുസരണം ആയിരിക്കണം ലെഫ്റ്റനന്റ് ഗവർണറുടെ പ്രവർത്തനമെന്നു പരമോന്നത കോടതി അർഥശങ്കയ്ക്കിടിയില്ലാതെ തീർപ്പു കൽപ്പിച്ചതും ശ്രദ്ധേയമായി. ഡൽഹിയിൽ ഭരണപരമായ അധികാരം ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനാണെന്നും ലെഫ്. ഗവർണർക്കല്ലെന്നും അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ദേശീയ തലസ്ഥാനമെന്ന നിലയിൽ പോലീസ്, പൊതുക്രമം, ഭൂമി എന്നിവയിൽ കേന്ദ്രസർക്കാരിനുള്ള അധികാരം തുടരുകയും ചെയ്യും.
ധാർമിക വിജയം പ്രതിപക്ഷത്തിന്
മഹാരാഷ്ട്രയിൽ ശിവസേന, കോണ്ഗ്രസ്, എൻസിപി പാർട്ടികളുടെ മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തിനും ഡൽഹിയിലെ ആം ആദ്മി പാർട്ടിക്കും വലിയ ധാർമിക വിജയമാണ് രാജ്യത്തെ പരമോന്നത കോടതിയുടെ അന്തിമതീർപ്പ്. കേന്ദ്രത്തിനും ബിജെപിക്കും അമിതാധികാരം ഉപയോഗിച്ച ഗവർണർമാരുടെ അതിമോഹത്തിനും ഏറ്റ കനത്ത തിരിച്ചടിയുമാണിത്. രാഷ്ട്രീയ കൂറുമാറ്റത്തിനും കുതിരക്കച്ചവടത്തിനും പണക്കൊഴുപ്പിനും എതിരേയുള്ള സൂചനകളും കോടതിവിധിയിലുണ്ട്. ഇന്നു പുറത്തുവരുന്ന കർണാടക ജനവിധിയിലെ ചൂണ്ടുപലകകളും ഭരണ, പ്രതിപക്ഷങ്ങൾക്കുള്ള മുന്നറിയിപ്പാകും.
ഗവർണർമാരെ ഉപയോഗിച്ച് രാഷ്ട്രീയക്കളി നടത്തുന്ന കേന്ദ്രസർക്കാരുകൾക്കു വ്യക്തമായ മുന്നറിയിപ്പാണു കോടതിയുടേത്. ജനാധിപത്യത്തിനും ഫെഡറലിസത്തിനും കരുത്തുപകരുന്ന വിധി. നേരത്തേ ഉത്തരാഖണ്ഡ് സർക്കാരിനെ പിരിച്ചുവിട്ട കേന്ദ്ര നടപടി റദ്ദാക്കിയ സുപ്രീംകോടതി വിധിയുടെ തുടർച്ച കൂടിയാകുമിത്.
മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിസ്ഥാനം ഉദ്ധവ് താക്കറെ സ്വയം രാജിവച്ചതിനാൽ ഗവർണറുടെ തെറ്റായ നടപടിക്കു നിയമപരമായ പരിഹാരം ഉണ്ടാക്കാനായില്ലെന്നു കോടതി ചൂണ്ടിക്കാട്ടിയതു പ്രതിപക്ഷത്തിനു ധാർമിക നേട്ടമാണ്. സ്വമേധയാ സമർപ്പിച്ച രാജി അസാധുവാക്കാൻ കോടതിക്കു കഴിയില്ലെന്നും വ്യക്തമാക്കി. ഏക്നാഥ് ഷിൻഡെയുടെ ശിവസേനയും ബിജെപിയും ചേർന്നുണ്ടാക്കിയ സർക്കാരിനു തുടരാമെന്നത് അതിനാൽത്തന്നെ സാങ്കേതികമാണ്.
വിധിയിലെ സന്ദേശം വ്യക്തം
ശിവസേനയിൽ പിളർപ്പുണ്ടാക്കി 2022 ജൂണിൽ അധികാരത്തിലേറിയ ഷിൻഡെ സർക്കാർ പിരിച്ചുവിടലിൽനിന്നു രക്ഷപ്പെട്ടെങ്കിലും സുപ്രീംകോടതിയുടെ സന്ദേശം വ്യക്തമാണ്. ഗവർണറുടെ നടപടികൾക്കെതിരേയുളള രൂക്ഷവിമർശനം കേന്ദ്രസർക്കാരിനേറ്റ തിരിച്ചടിയാണ്. ഷിൻഡെ പക്ഷത്തിന്റെ ആവശ്യം പരിഗണിച്ച് ഉദ്ധവ് സർക്കാരിനോട് ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെട്ട ഗവർണറുടെ നടപടി തീർത്തും തെറ്റായിരുന്നു എന്നാണു ഭരണഘടനാ ബെഞ്ചിന്റെ വിധിയിൽ വ്യക്തമാക്കിയത്.
ഉദ്ധവ് താക്കറെ സർക്കാരിനു ഭൂരിപക്ഷം നഷ്ടമായെന്ന ഗവർണറുടെ തീർപ്പ് തീർത്തും തെറ്റാണ്. ഡെപ്യൂട്ടി സ്പീക്കറായി അജയ് ചൗധരിയെ നിയമിച്ച നടപടികളിലും ഗവർണർക്കു തെറ്റുപറ്റിയെന്നു കോടതി ചൂണ്ടിക്കാട്ടി. ഉൾപാർട്ടി തർക്കം പരിഹരിക്കാൻ വിശ്വാസ വോട്ടെടുപ്പ് ഒരിക്കലും പരിഹാര മാർഗമായിരുന്നില്ല. രാഷ്ട്രീയവേദിയിലേക്കു കടന്നു പ്രവർത്തിക്കാൻ ഒരു ഗവർണറെ ഭരണഘടനയോ നിയമമോ അനുവദിക്കുന്നില്ലെന്നും ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്രയ്ക്കും ഡൽഹിക്കും പുറമെ കേരളം, തമിഴ്നാട്, തെലുങ്കാന അടക്കം പ്രതിപക്ഷം ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും ഗവർണമാർ പരിധി വിടുന്നുവെന്ന ആക്ഷേപമുണ്ട്. മലയാളിയായ ഡോ. സി.വി. ആനന്ദബോസ് ചെല്ലുന്നതു വരെ പശ്ചിമബംഗാളിലും ഗവർണർ-മുഖ്യമന്ത്രി പോരു പതിവായിരുന്നു. ഭരണത്തെ ബാധിക്കുന്ന നിലയിലേക്കുള്ള കടന്നുകയറ്റങ്ങളാണു വിവേചനാധികാരം എന്നതിന്റെ മറവിൽ ഗവർണർമാർ നടത്തിയത്. ഇതിനിയും തുടരാൻ പാടില്ല.
ജനങ്ങളാണ് യജമാനന്മാർ
തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾക്കാണു പാർലമെന്ററി ജനാധിപത്യത്തിൽ അധികാരവും പ്രാമുഖ്യവും. ഫലത്തിൽ ജനങ്ങളാണ് യജമാനന്മാർ. ഡൽഹിയിലെ ഐഎഎസ് ഉദ്യോഗസ്ഥരുടെ നിയമനത്തിലും സ്ഥലംമാറ്റത്തിലും സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്നാണ് കോടതി വ്യക്തമാക്കിയത്.
സംസ്ഥാന സർക്കാരിന്റെ നിയമനങ്ങളും സ്ഥലംമാറ്റങ്ങളും നയപരമായ തീരുമാനങ്ങളും റദ്ദാക്കാനോ മറികടക്കാനോ വച്ചുതാമസിപ്പിച്ചു തടസപ്പെടുത്താനോ ലെഫ്റ്റനന്റ് ഗവർണർക്ക് അധികാരമില്ലെന്ന വിധി ജനാധിപത്യത്തിന്റെ വിജയംകൂടിയാണ്. സർക്കാരിന്റെ ഉപദേശം പാലിക്കാൻ ലെഫ്. ഗവർണർ ബാധ്യസ്ഥനാണെന്ന 2018ലെ ഭരണഘടനാ ബെഞ്ചിന്റെ വിധി അഞ്ചംഗ ബെഞ്ച് ആവർത്തിച്ചതും ശ്രദ്ധേയമായി. രാജ്യതലസ്ഥാനത്തെ ഭരണനിർവഹണത്തിൽ നിയമനിർമാണ, എക്സിക്യൂട്ടീവ് അധികാരങ്ങൾ കേജരിവാൾ സർക്കാരിനുണ്ടെന്നാണു സുപ്രീംകോടതി വിധി.
സംസ്ഥാനങ്ങൾക്കു ചങ്ങല വേണ്ട
ലെഫ്റ്റനന്റ് ഗവർണറുടെ അധികാരം നിർവചിക്കുന്പോൾ സംസ്ഥാന സർക്കാരിനുമേൽ പൂർണ അധികാരം ഉണ്ടെന്ന് ഒരിക്കലും വ്യാഖ്യാനിക്കാനാകില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി. കേന്ദ്രത്തിലെ ബിജെപി സർക്കാരും ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാരും തമ്മിലുള്ള എട്ടു വർഷം നീണ്ട നിയമപോരാട്ടത്തിനാണു സുപ്രീംകോടതി വിധി വിരാമമിട്ടത്.
ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ എം.ആർ. ഷാ, കൃഷ്ണ മുരാരി, ഹിമാ കോഹ്ലി, പി.എസ്. നരംസിംഹ എന്നിവരടങ്ങുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. 2023 ഫെബ്രുവരി 14 മുതൽ ഹർജിയിൽ വാദം കേൾക്കാൻ ആരംഭിച്ചിരുന്നു. ചീഫ് ജസ്റ്റീസാണ് വിധി എഴുതിത്തയാറാക്കിയത്.
ഡൽഹിയുടെ യഥാർഥ അധികാരം തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്ന് 2019ൽ അന്നത്തെ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നതാണ്. പക്ഷേ തുടർന്നും സംസ്ഥാന ഭരണത്തിൽ ലെഫ്. ഗവർണറുടെ കൈകടത്തലുകൾ തുടർന്നതാണു ഞെട്ടിക്കുന്നത്.
ദൂരവ്യാപക പ്രത്യാഘാതങ്ങൾ
രാഷ്ട്രീയ പാർട്ടിയുടെ തീരുമാനങ്ങൾക്കാണു നിയമസഭാകക്ഷിയേക്കാൾ പ്രാമുഖ്യമെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ പുതിയ വിധിയും ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. നിയമസഭകളിലും പാർലമെന്റിലും നടക്കുന്ന വോട്ടെടുപ്പിൽ എവിടെ വോട്ട് ചെയ്യണമെന്നതോ വോട്ടിംഗിൽനിന്നു വിട്ടുനിൽക്കുന്നതോ അതാതു പാർട്ടികളുടെ തീരുമാനമാകും. എംപിമാർ, അല്ലെങ്കിൽ എംഎൽഎമാരുടെ നിയമസഭാകക്ഷിക്ക് ഇക്കാര്യത്തിൽ പാർട്ടി നിർദേശം അംഗീകരിക്കുകയേ വഴിയുള്ളൂ. സാമാജികർക്ക് വിപ്പു നൽകാൻ അധികാരമുള്ള ചീഫ് വിപ്പിന്റെ നിയമനവും പാർട്ടിക്കാണ്.
വിശ്വാസ വോട്ടെടുപ്പിനുള്ള ഗവർണറുടെ തീരുമാനവും വിപ്പിനെ നിയമിക്കാനുള്ള സ്പീക്കറുടെ തീരുമാനവും തെറ്റായെന്നു ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി. ഷിൻഡെ പക്ഷത്തെ ഗോഗാവാലെയെ ശിവസേനയുടെ വിപ്പായി നിയമിക്കാനുള്ള സ്പീക്കറുടെ തീരുമാനം നിയമവിരുദ്ധമാണ്.
ഇതേസമയം, സമാജികരെ അയോഗ്യരാക്കുന്നതിൽ സ്പീക്കർക്കുള്ള അധികാരത്തിലേക്കു കോടതി കടന്നുകയറിയില്ലെന്നതു ശ്രദ്ധേയമാണ്. സ്പീക്കർമാർ ഏകപക്ഷീയമായ തീരുമാനമെടുത്താൽ അതിനെ കോടതിയിൽ ചോദ്യം ചെയ്യുകയും ചെയ്യാം. സ്വയം അവിശ്വാസപ്രമേയം നേരിടുന്പോൾ കൂറുമാറ്റ നിയമപ്രകാരം എംഎൽഎമാരെ പുറത്താക്കാൻ സ്പീക്കർക്കു സാധിക്കില്ല എന്നായിരുന്നു 2016ലെ നബാം റെബിയ കേസിലെ വിധി. സ്പീക്കറുടെ അധികാരം സംബന്ധിച്ച ഇക്കാര്യങ്ങളെല്ലാം ഇനി സുപ്രീംകോടതിയുടെ ഏഴംഗ ബെഞ്ച് പരിശോധിക്കും.
രക്ഷ ഫെഡറലിസം, ജനാധിപത്യം
ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിന് അന്തർലീനമായ കേന്ദ്ര പക്ഷപാതം ഉണ്ട്. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും ഉണ്ടാകേണ്ടതു രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും അനിവാര്യമാണ്. സംസ്ഥാനങ്ങളെ ദുർബലപ്പെടുത്തുന്നത് ആപത്താകും. ഭരണപരവും സാന്പത്തികവുമായ സ്വാതന്ത്ര്യം സംസ്ഥാനങ്ങൾക്ക് ഉണ്ടാകണം. പക്ഷേ രാഷ്ട്രീയ ഭിന്നതകൾ മൂലം നീതി ആയോഗ്, ജിഎസ്ടി കൗണ്സിൽ, അന്തർസംസ്ഥാന കൗണ്സിൽ തുടങ്ങിയ ഫോറങ്ങളെല്ലാം ദുർബലമായിക്കഴിഞ്ഞു.
രാഷ്ട്രീയ എതിരാളികൾ ഭരിക്കുന്ന സംസ്ഥാന സർക്കാരുകളെ ദുർബലപ്പെടുത്തുന്ന ശ്രമങ്ങൾക്കേറ്റ തിരിച്ചടിയാണ് സുപ്രീംകോടതിയുടെ നിർണാകയ വിധി. ജനാധിപത്യവും ഫെഡറൽ സഹകരണവും സംരക്ഷിക്കപ്പെടുമെന്ന വെള്ളിവെളിച്ചമാണു ഭരണഘടനാ ബെഞ്ചിന്റെ പുതിയ രണ്ടു വിധികൾ. ഭരണഘടന വിഭാവനം ചെയ്ത ഫെഡറലിസവും ജനാധിപത്യവും സംരക്ഷിക്കാനും വേണം ഇനി ജനകീയ ബൂസ്റ്ററുകൾ.