നദികൾ ഒഴുകട്ടെ...
Tuesday, May 9, 2023 10:51 PM IST
സിസ്റ്റർ ഡൊമിനിക് എസ്എബിഎസ്
നദികള്‍ മരിക്കുന്നു.... വേനല്‍ക്കാലം എത്തുന്നതോടെ എല്ലാവര്‍ഷവും എവിടെയും ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണിത്. നദീസംരക്ഷണ സമിതികള്‍ പല സ്ഥലങ്ങളിലും രൂപീകരിക്കപ്പെടുന്നു. നദികളിലെ മാലിന്യമെല്ലാം മാറ്റി ഒഴുകാന്‍ സൗകര്യങ്ങളൊരുക്കുന്നു. ഇതുകൊണ്ടുമാത്രം നദി ഒഴുകുമോ എന്നതാണു സംശയം.
വെള്ളമുണ്ടെങ്കിലേ നദി ഒഴുകൂ. നദികള്‍ക്ക് ജലം ലഭിക്കുന്നത് ചെറിയ ഉറവകള്‍, കൊച്ചരുവികള്‍, ചെറുതും വലുതുമായ അനേകം തോടുകള്‍ ഇവയെല്ലാം ഒന്നിച്ചുചേര്‍ന്ന് വലിയ തോടുകളായിത്തീര്ന്ന് നദികളില്‍ ചേരുമ്പോഴാണല്ലോ. ഇന്ന് മഴ മാറിയാലുടന്‍ ഇവയെല്ലാം വറ്റിവരണ്ടു പോകുന്നതിനാല്‍ പുഴകള്‍ക്കും ജലം ലഭിക്കുന്നില്ല. ഇതിനു പല കാരണങ്ങളുണ്ട്. അവയില്‍ രണ്ടു കാരണങ്ങള്‍ മാത്രമാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഏകദേശം 80-100 വര്‍ഷങ്ങള്‍ക്കുമുമ്പ് നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്ന ഉറവകളും കൊച്ചരുവികളും തോടുകളും വേനല്‍ക്കാലത്തും വറ്റിവരണ്ടുപോയിരുന്നില്ല. അതുകൊണ്ട് പുഴകള്‍ക്കും ജലം ലഭിച്ചിരുന്നു.
അന്ന് ചെറുതും വലുതുമായ എല്ലാ തോടുകളിലും അവിടവിടെയായി ചിറകള്‍ ഉണ്ടായിരുന്നു. സമീപസ്ഥരായ സ്ഥലമുടമകളല്ലാം അവരവരുടെ പുരയിടങ്ങള്‍ക്കു സമീപം തോട്ടില്‍ ചിറ കെട്ടുക പതിവായിരുന്നു. വലിയതോടുകളില് വലിയ ചിറകള്‍ നിര്‍മിച്ചിരുന്നു. വളരെ പ്രശസ്തമായ ചിറകളുടെ പേരില്‍ അനേകം സ്ഥലനാമങ്ങള്‍ തന്നെ ഉണ്ടായിട്ടുണ്ട്.
നീന്തല്‍ പഠിക്കുക, ജലസേചനം നടത്തുക, വസ്ത്രങ്ങള്‍ കഴുകുക, മൃഗങ്ങളെ കുളിപ്പിക്കുക മുതലായ അനേകം കാര്യങ്ങള്‍ക്ക് ഈ ചിറകള്‍ ഉപകരിച്ചിരുന്നു. കിണറുകളില്‍നിന്നുള്ള ജലത്തിന്റെ ഉപയോഗം വളരെ കുറഞ്ഞുമിരുന്നു. ചിറകള്‍ നീരൊഴുക്ക് പൂര്‍ണമായി തടയുന്നില്ല. കല്ല്, തടി, തെങ്ങോല മുതലായവയുപയോഗിച്ചു നിര്‍മിക്കപ്പെടുന്നതിനാല്‍ കുറേ വെള്ളം ചോര്‍ന്നുകൊണ്ടിരിക്കും. തോട് സുഗമമായി ഒഴുകിക്കൊണ്ടേയിരിക്കും. അതുകൊണ്ട് ഇന്നത്തെ ചെക്കുഡാമുകളേക്കാള് പരിസ്ഥിതിക്ക് യോജിച്ചവയായിരുന്നു. ഇതിനെല്ലാമുപരിയായി വെള്ളം മണ്ണിനടിയിലേക്ക് അരിച്ചിറങ്ങുന്നതിനും ഭൂഗര്‍ഭജലത്തിന്റെ ലെവല്‍ ഉയരുന്നതിനും സഹായകമാണിവ. വെള്ളം സംഭരിക്കപ്പെടുന്നതിനു പുറമേ ചിറകള്‍ കവിഞ്ഞൊഴുകുമ്പോള് ഉണ്ടാകുന്ന വെള്ളച്ചാട്ടം രൂപപ്പെടുത്തുന്ന വലിയ കുഴികളിലും വെള്ളം ശേഖരിക്കപ്പെടുന്നു. ഇവിടെ ജലജീവികള്‍ വേനല്‍ക്കാലത്തും സുരക്ഷിതരായി കഴിയുന്നു. ചുറ്റുപാടുമുള്ള സ്ഥലം നനവുള്ളതായിത്തീരുന്നതിനാല് ചെടികളും വൃക്ഷങ്ങളും തഴച്ചുവളരുന്നു.
ഒഴുകുന്ന ജലം അവിടവിടെയായി ചിറകള്കൊണ്ട് തടഞ്ഞുനിര്ത്തപ്പെടുന്നതിനാല് അതിവേഗം വെള്ളം ഒഴുകിപ്പോകാതിരിക്കാനും ചുറ്റുമുള്ള മണ്ണ് നനവുള്ളതാക്കാനും വെള്ളം മണ്ണിലേക്ക് അരിച്ചിറങ്ങുന്നതിനും സഹായിക്കുന്നു. മണ്ണ് ജലസമ്പുഷ്ടമാകുമ്പോള് ഉറവകളും ഉണ്ടാകും. മഴക്കാലം കഴിഞ്ഞാലുടന്‍ തോടുകള്‍ വരണ്ടുപോകുകയില്ല. എല്ലാ തോടുകളിലും ധാരാളം ചിറകള്‍ നിര്‍മിക്കാന്‍ സന്നദ്ധഭടന്മാരെ കണ്ടെത്താം. ഒരു വര്‍ഷം കൊണ്ട് പൂര്‍ണഫലം ഉണ്ടായെന്നു വരില്ല. ഏതാനും വര്‍ഷം പരിശ്രമിച്ചാല്‍ നദികള്‍ മരിക്കുകയില്ല.
നദികള്‍ മരിക്കാനുള്ള മറ്റൊരു കാരണം മ്യാൽപാടങ്ങള് മിക്കവാറും നശിപ്പിക്കപ്പെട്ടതാണ്. നാട്ടില്‍ പലയിടങ്ങളിലുമുണ്ടായിരുന്ന മ്യാലുകള് നാടിന്റെ ജലസംഭരണികളായിരുന്നു. ഇവ മിക്കവാറും നികത്തപ്പെട്ടു കഴിഞ്ഞതിനുശേഷമാണ് നാം അതേപ്പറ്റി ചിന്തിച്ചതും നിരോധനനിയമങ്ങളുണ്ടാക്കിയതും.
ചാലുകള്‍ കീറി മ്യാലുകളിലെ വെള്ളം ഒഴുക്കിക്കളഞ്ഞ് അവയെ കരഭൂമിയാക്കിയത് അപരിഹാര്യമായ ഒരു തെറ്റായിപ്പോയി. ഇനി ചെയ്യാവുന്ന ഒരു കാര്യം ഇതാണ്. മ്യാലുകളുടെയെല്ലാം ആരംഭഭാഗത്ത് വലിയ കുളങ്ങള്‍ കുഴിച്ച് ജലം സംഭരിക്കുക. മിക്കവാറും രണ്ടു കുന്നുകള്‍ ചേരുന്ന മടക്കുകളിലൂടെ മഴക്കാലത്ത് ഒഴുകിയിറങ്ങുന്ന വെള്ളത്തിന്റെ സൃഷ്ടിയായിരുന്നിരിക്കാം മ്യാല് പാടവും അതോടു ചേര്‍ന്നുള്ള ഒരു തോടും.