ഫാ. പ്ലാസിഡ് പൊടിപാറ മലബാർ സഭയുടെ പുനരുദ്ധാരണത്തിന് വിത്തുപാകിയ വ്യക്തി
Wednesday, April 26, 2023 11:02 PM IST
ബിഷപ് മാർ തോമസ് പാടിയത്ത്
(ഷംഷാബാദ് രൂപത സഹായമെത്രാൻ)
വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കും ആത്മബോധവും ചരിത്രബോധവും നഷ്ടപ്പെടുന്നത് അവയുടെ നാശത്തിലേക്കു കടക്കുന്നതിന്റെ ആദ്യപടിയായിരിക്കും.
ഇപ്രകാരം ആത്മബോധവും സ്വത്വബോധവും നഷ്ടപ്പെടുകയോ ബോധപൂർവം അവഗണിക്കുകയോ ചെയ്ത ഒരു കാലഘട്ടത്തിൽ അത് സീറോമലബാർ സഭാമക്കളിലും സഭാമേലധ്യക്ഷന്മാരിലും ജനിപ്പിക്കാൻ നിയോഗം സ്വീകരിച്ച വ്യക്തിയാണ് പ്ലാസിഡ് പൊടിപാറയച്ചൻ.
ചങ്ങനാശേരി അതിരൂപതയിലെ കുടമാളൂർ ഇടവകയിൽ 1899ൽ ജനിച്ച് സുറിയാനി കർമലീത്താ സഭയിൽ (സിഎംഐ) വൈദികനായി തന്റെ പ്രതിഭ മുഴുവൻ സഭയുടെ നന്മയ്ക്കായി ഉപയോഗിച്ച ഈ ആചാര്യൻ 1985ൽ ഈ ലോകത്തോടു യാത്രപറഞ്ഞ് ഇന്നു ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിൽ അന്ത്യവിശ്രമംകൊള്ളുന്നു.
അറിവിന്റെ ബലവും ജീവിതത്തിന്റെ ആധികാരികതയും
പ്ലാസിഡച്ചനെ വ്യത്യസ്തനാക്കിയത് അദ്ദേഹത്തിന്റെ അതുല്യപ്രതിഭയാണ്. റോമിൽനിന്നു ദൈവശാസ്ത്രത്തിലും തത്വശാസ്ത്രത്തിലും കാനൻ നിയമത്തിലും ഡോക്ടറേറ്റുകൾ നേടിയ പ്ലാസിഡച്ചൻ തന്റെ ജീവിതം മുഴുവൻ പഠനത്തിനും പ്രബോധനത്തിനും അതിന്റെ പ്രചാരണത്തിനും ഉപയോഗിച്ചു. അറിയുക, അറിയുന്നത് ആചരിക്കുക, അതു കൈമാറുക എന്ന ഭാരതീയ പാരന്പര്യത്തിന്റെ പകരക്കാരനില്ലാത്ത സാക്ഷ്യമാണ് അദ്ദേഹം തലമുറയ്ക്കു കൈമാറിയത്. നാട്ടിലും വിദേശത്തുമായി ഏതാണ്ട് 50 വർഷം അദ്ദേഹം അധ്യാപനത്തിലായിരുന്നു. അറിവിന്റെ വിശാലലോകത്തിന്റെ ഉടമ
1953ൽ റോമിലേക്കു ക്ഷണിക്കപ്പെട്ട പ്ലാസിഡച്ചൻ കത്തോലിക്കാ സഭയുടെ സിരാകേന്ദ്രത്തിലായിരുന്നുകൊണ്ടു നടത്തിയ പ്രവർത്തനങ്ങൾ 20-ാം നൂറ്റാണ്ടിൽ മലബാർ സഭയുടെ ഉയിർത്തെഴുന്നേൽപ്പിനു ദീപം തെളിച്ചു. പൗരസ്ത്യ തിരുസംഘത്തിന്റെ കൺസൾട്ടർ, രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പേപ്പൽ എക്സ്പർട്ട്, പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രഫസർ, മലബാർ കോളജ് റെക്ടർ, പൗരസ്ത്യ-പാശ്ചാത്യ കാനൻ നിയമ ക്രോഡീകരണത്തിനുള്ള പൊന്തിഫിക്കൽ കമ്മീഷനുകളിലെ അംഗം തുടങ്ങിയ ഔദ്യോഗിക പദവികളെല്ലാം തന്റെ മാതൃസഭയുടെ വളർച്ചയ്ക്കു നിമിത്തമാക്കിയ ധീഷണാശാലിയാണ് അദ്ദേഹം. അതുകൊണ്ടാണ് സഭാമക്കൾ സ്വന്തം പൈതൃകം മറന്ന കാലഘട്ടത്തിൽ ഒരു കെടാവിളക്കായിരുന്നു പ്ലാസിഡച്ചൻ എന്നു ചരിത്രം അടയാളപ്പെടുത്തിയിരിക്കുന്നത്.
സ്വയാധികാര സഭയിലേക്കുള്ള വളർച്ച
സീറോമലബാർ സഭ ഒരു സ്വയാധികാര സഭയായി വളരുന്നതിനും നിലനിൽക്കുന്നതിനും സഭയുടെ ആരാധനക്രമം, ദൈവശാസ്ത്രം, ആധ്യാത്മികത, ഭരണക്രമം എന്നിവ വീണ്ടും കണ്ടെത്തേണ്ടതുണ്ടായിരുന്നു. ഇവയെക്കുറിച്ചു തികഞ്ഞ ബോധ്യമുണ്ടായിരുന്ന പ്ലാസിഡച്ചൻ പൗരസത്യ തിരുസംഘത്തിന്റെ സെക്രട്ടറിയായി കേരളം സന്ദർശിച്ച കർദിനാൾ ടിസറാങിനു സമർപ്പിച്ച മെമ്മോറാണ്ടം സഭയുടെ ചരിത്രത്തിൽ വഴിത്തിരിവായ ചരിത്രരേഖയാണ്. അതിൽ പ്ലാസിഡച്ചൻ ഉന്നയിച്ച കാര്യങ്ങൾ ഒന്നൊന്നായി പൂർത്തീകരിക്കപ്പെട്ടതിന്റെ സാക്ഷ്യമാണ് ഇന്നു കാലം അടയാളപ്പെടുത്തുന്നത്.
ഒന്നാമതായി സീറോമലബാർ സഭയുടെ റീത്ത് പുനരുദ്ധാരണമാണ് പ്ലാസിഡച്ചൻ ആവശ്യപ്പെട്ടത്. സഭയുടെ ആരാധനക്രമം അതിന്റെ പൈതൃകത്തനിമയോടെ പുനരുദ്ധരിക്കാതെ സഭയ്ക്കു തനിമ കാത്തുസൂക്ഷിക്കാൻ സാധിക്കില്ലെന്ന തികഞ്ഞ ബോധ്യമാണ് അച്ചനെ ഇതിലേക്കു നയിച്ചത്.
സഭയുടെ ചരിത്രവും ദൈവശാസ്ത്രവും ആധ്യാത്മികതയും ഭരണക്രമവുമെല്ലാം അറിയുന്ന ഭാവിവൈദികരെ സജ്ജമാക്കുന്ന മേജർ സെമിനാരി വേണമെന്നതും മലബാർ സഭയ്ക്കു ഭാരതം മുഴുവനുമുണ്ടായിരുന്ന അജപാലനാധികാരം വീണ്ടെടുക്കണമെന്നുള്ളതുമായിരുന്നു മറ്റു രണ്ടു പ്രധാന ആവശ്യങ്ങൾ.
രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ദർശനത്തിന്റെയും സഭ, സഭകളുടെ കൂട്ടായ്മയാണെന്ന ദൈവശാസ്ത്ര ചിന്താധാരയുടെയും പ്രചാരകനും പ്രബോധകനുമായിരുന്നു പ്ലാസിഡച്ചൻ. ക്രാന്തദർശിത്വത്തോടെ മുന്നിൽ കണ്ടതും തീവ്രമായി ആഗ്രഹിച്ചതുമായ ഇക്കാര്യങ്ങളുടെ സാക്ഷാത്കാരമാണ് എൺപതുകൾക്കുശേഷം ഭാരതസഭ കാണുന്നത്.
1992ൽ സീറോമലബാർ സഭ സ്വയാധികാര സഭയായപ്പോഴും പ്രവാസികൾക്കായി കല്യാൺ രൂപത സ്ഥാപിക്കപ്പെട്ടപ്പോഴും 2017ൽ ഫ്രാൻസിസ് പാപ്പാ സീറോമലബാർ സഭയ്ക്കു ഭാരതം മുഴുവനുമായുള്ള അജപാലനാധികാരം തിരികെ നൽകിയപ്പോഴും തുടർന്ന് ഷംഷാബാദ് രൂപതയുടെ സ്ഥാപനത്തിലുമെല്ലാം പ്ലാസിഡച്ചന്റെ സ്വപ്നങ്ങളും പരിശ്രമങ്ങളും ഫലമണിയുന്നതാണ് നാം കാണുന്നത്. ഇക്കാരണങ്ങളാലാണ് കാലംചെയ്ത ഇമ്മാനുവൽ പോത്തനാമൂഴി പിതാവ് പ്ലാസിഡച്ചനെക്കുറിച്ച് ഇപ്രകാരം എഴുതിയത്, “നമ്മുടെ സഭയുടെ പൈതൃകവും തനിമയും ചരിത്രവും പാരന്പര്യവും നന്നായി മനസിലാക്കിയ ഈ മഹാത്മാവ് മലബാർ സഭയുടെ അന്തരാത്മാവിനെ ആ സത്യം സഭാമക്കൾക്കായി പങ്കുവയ്ക്കാനായി ആഗ്രഹിച്ചു, പരിശ്രമിച്ചു, ചിലപ്പോൾ അങ്കംവെട്ടുകയും ചെയ്തു. ചില അവസരങ്ങളിൽ അദ്ദേഹം ഒറ്റയാൾ പട്ടാളംപോലെയായിരുന്നു.”
സീറോമലബാർ സഭയുടെ അതിർത്തി കേരളത്തിൽ പന്പയ്ക്കും ഭാരതപ്പുഴയ്ക്കും ഇടയിൽ ഒതുക്കപ്പെട്ടിരുന്ന കാലഘട്ടത്തിൽ അതിർത്തി വ്യാപനത്തിനുള്ള അച്ചന്റെ പരിശ്രമങ്ങളാണ് 1953ൽ കേരളത്തിന്റെ തെക്കോട്ടും വടക്കോട്ടുമുള്ള മലബാർ സഭയുടെ വ്യാപനത്തിലും തലശേരി രൂപതയുടെ സ്ഥാപനത്തിലും ഫലമണിഞ്ഞത്. അതുകൊണ്ടാണ് പന്പയ്ക്കും ഭാരതപ്പുഴയ്ക്കും മുകളിലൂടെ സുവിശേഷ പ്രഘോഷണത്തിനായി സുറിയാനിക്കാരനു മുറുകര കടക്കാൻ പണിത പാലത്തിന്റെ മുഖ്യശില്പി പ്ലാസിഡച്ചനാണെന്നു ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്.
സഭാവിജ്ഞാനീയത്തിലെ അതുല്യ പ്രതിഭയും ദാർശനികനും
ജന്മംകൊണ്ടും കർമംകൊണ്ടും സീറോമലബാർ സഭയുടെ പിതാക്കന്മാരുടെ നിരയിലാണ് പ്ലാസിഡച്ചന്റെ സ്ഥാനം. മലബാർ സഭയുടെ ചരിത്രത്തിൽ അതുല്യസ്ഥാനം അലങ്കരിക്കുന്ന വ്യക്തി. ഇക്കാരണത്താലാണ് ഒരു നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം അല്ലെങ്കിൽ ഒരു സഹസ്രാബ്ദത്തിൽ ഒരിക്കൽ മാത്രം കാണാറുള്ള അസാധാരണ വ്യക്തികളിൽ ഒരുവനായിരുന്നു പ്ലാസിഡച്ചനെന്ന് മാതൃസഭയുടെ നവീകരണത്തിന്റെ ബാറ്റൺ പ്ലാസിഡച്ചനിൽനിന്നു സ്വീകരിച്ച അഭിവന്ദ്യ ജോസഫ് പവ്വത്തിൽ പിതാവ് കുറിച്ചത്.
ക്രാന്തദർശിയായ പ്ലാസിഡച്ചൻ സഭയുടെ നന്മയെപ്രതി മുൻകൂട്ടി പറഞ്ഞതും പഠിപ്പിച്ചതും ഗ്രഹിക്കുന്നതിൽ നാം പരാജയപ്പെട്ടു. ഇന്ന് അദ്ദേഹത്തിന്റെ 38-ാം ചരമവാർഷികത്തിൽ നാം പുനർവായന നടത്തുന്പോൾ അദ്ദേഹം ഉയർത്തിപ്പിടിച്ച സഭാത്മക ദർശനം സ്വന്തമാക്കുകയും അതു മറ്റുള്ളവരിലേക്ക് കൈമാറുകയും ചെയ്യുന്നതായിരിക്കും സഭ ഇന്ന് അഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാർഗം.